ഒരു കൊച്ചു മിടുക്കനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. നമ്മുടെ കേരളത്തിൽ നിന്നല്ല അങ്ങ് മിസോറാമിൽ നിന്നുമാണ് ഡെറക്ക് സി ലല്‍ക്കനിമ എന്നു പേരുള്ള ഈ ആറു വയസ്സുകാരൻ ബാലൻ എല്ലാവരുടെയും കണ്ണിലുണ്ണിയായത്. സൈക്കിൾ ഓടിക്കുന്നതിനിടെ അയൽക്കാരുടെ കോഴിക്കുഞ്ഞുങ്ങളിൽ ഒന്നിനെ ഇടിക്കുകയും ഇടികൊണ്ട് വീണ കോഴിക്കുഞ്ഞിനു മേൽ സൈക്കിൾ കയറിയിറങ്ങുകയും ചെയ്തു. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ ഒന്നുമറിയാത്ത പോലെ മുങ്ങാറാണ് എല്ലാവരും പതിവ്. എന്നാൽ ഡെറക്ക് ആ കോഴികുഞ്ഞിനെയും എടുത്ത് തൻ്റെ കയ്യിലുണ്ടായിരുന്ന മുഴുവൻ സമ്പാദ്യമായ പത്തു രൂപയും കൊണ്ട് നേരെ അടുത്തുള്ള ഹോസ്പിറ്റലിലേക്കാണ് ഓടിയത്.
ഒരു കയ്യിൽ പത്തു രൂപയും മറുകയ്യിൽ കോഴിക്കുഞ്ഞുമായി വിഷമം നിറഞ്ഞ, നിഷ്കളങ്കമായ മുഖത്തോടെ വന്ന ഡെറക്കിന്റെ ആവശ്യം കേട്ട് ആശുപത്രി അധികൃതർ ആദ്യം അത്ഭുതപ്പെടുകയാണുണ്ടായത്. സൈക്കിൾ കയറിയപാടെ കോഴിക്കുഞ്ഞു ചത്തുപോയിരുന്നു. ഇതറിയാതെയാണ് ഈ ബാലൻ ആശുപത്രിയിലേക്ക് എത്തിച്ചത്. വലതു കയ്യിൽ പത്തു രൂപയും ഇടതു കൈയിൽ കോഴിക്കുഞ്ഞുമായി നിഷ്കളങ്ക മുഖത്തോടെ നിൽക്കുന്ന ഡെറക്കിന്റെ ചിത്രം ആരോ പകർത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയായിരുന്നു.
ഷെയർ ചെയ്ത ഈ ഫോട്ടോ അതിർത്തികൾ കടന്നു വൈറലായി മാറി. പത്ത് രൂപക്കൊപ്പം പരുക്കേറ്റ കോഴിയുമായി നില്‍ക്കുന്ന ബാലന്‍റെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകൾ ഈ ചിത്രം കണ്ട് ഒരു നിമിഷം ചിരിക്കുകയും അതേസമയം തന്നെ ആ നിഷ്കളങ്കമായ കുഞ്ഞു മനസിന്റെ നന്മയോർത്ത് കണ്ണീർ പൊഴിക്കുകയും ചെയ്യുകയുണ്ടായി. എല്ലാവരും ഡെറിക്കിനെ അഭിനന്ദനങ്ങൾ കൊണ്ട് പൊതിഞ്ഞു. സംഭവം വൈറലായതോടെ ഡെറക്ക് പഠിക്കുന്ന സ്‌കൂളിലെ അധികൃതർ ആദരിക്കുകയുമുണ്ടായി. സ്കൂളിന്‍റെ ആദരവുമായി നില്‍ക്കുന്ന ഡെറക്കിന്‍റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം.
ഇതുപോലുള്ള വാർത്തകൾ വ്യാപകമായി വൈറലാകുന്നത് ഇന്നും നമ്മുടെ സമൂഹത്തിലെ നന്മകൾ മരിച്ചിട്ടില്ല എന്നതിന് ഒരുദാഹരണമാണ്. ഇതിനു ഒരു പരിധിവരെ എല്ലാവരെയും സഹായിക്കുന്നതും ബോധവാന്മാരാക്കുന്നതും സോഷ്യൽ മീഡിയ തന്നെയാണ്. ഇനിയും നമ്മുടെ നാട്ടിൽ ഡെറക്കിനെ പോലുള്ള കുഞ്ഞുമക്കൾ വളർന്നു വരട്ടെ.. നന്മയുടെ പൂക്കൾ ഈ ലോകത്ത് വസന്തം തീർക്കട്ടെ… ഡറക്കിനും, ഈ വാർത്ത ഷെയർ ചെയ്തു വൈറലാക്കിയ എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി അറിയിച്ചു കൊള്ളുന്നു.