ബുർജ്ജ് ഖലീഫയും, ദുബായ് മാളും കറങ്ങിയതിനു ശേഷം ഞങ്ങൾ പിന്നീട് പോയത് ഡെസേർട്ട് സഫാരിയ്ക്കായാണ്. അതായത് മരുഭൂമിയിലൂടെയുള്ള യാത്ര. ദെയ്റ ട്രാവൽസ് ആയിരുന്നു ഞങ്ങൾക്കായി ഈ പ്രോഗ്രാം സംഘടിപ്പിച്ചത്. ദുബായിൽ വരുന്നവർ തീർച്ചയായും അനുഭവിച്ചറിയേണ്ട ഒരു സംഭവം തന്നെയാണ് ഡെസേർട്ട് സഫാരി. ലാൻഡ് ക്രൂയിസർ ആയിരുന്നു ഞങ്ങൾ ഡെസേർട്ട് സഫാരിയ്ക്ക് പോകുവാനായി തിരഞ്ഞെടുത്ത വാഹനം. അങ്ങനെ വൈകുന്നേരത്തോടെ ഞങ്ങൾ ഡെസേർട്ട് സഫാരിയ്ക്കായി യാത്രയാരംഭിച്ചു.
കണ്ണൂർ സ്വദേശിയായ രജിത്ത് ആയിരുന്നു ഞങ്ങളുടെ ലാൻഡ് ക്രൂയിസറിന്റെ സാരഥി. പ്രത്യക്ഷത്തിൽ ചിരിക്കാത്ത മുഖഭാവമാണെങ്കിലും രജിത്ത് ആള് ഒരു പുലിയാണ്. അത് മനസ്സിലാക്കിയത് പിന്നീടായിരുന്നു. 45 മിനിറ്റോളം യാത്ര ചെയ്തു വേണം മരുഭൂമിയിൽ എത്തിച്ചേരുവാൻ. ഡെസേർട്ട് സഫാരിയ്ക്കായി പ്രത്യേകം തയ്യാറാക്കിയതായിരുന്നു ഞങ്ങളുടെ വണ്ടി.
വാഹനത്തിന്റെ അകത്ത് മുകൾ ഭാഗത്തായി സേഫ്റ്റി കണക്കിലെടുത്ത് കുറെ എക്സ്ട്രാ ഫിറ്റിങ്സ് ഒക്കെയുണ്ടായിരുന്നു. അബദ്ധവശാൽ മറിയുകയോ അപകടത്തിൽപ്പെടുകയോ ചെയ്താൽ യാത്രക്കാർക്ക് പരിക്കേൽക്കാതിരിക്കുവാൻ വേണ്ടിയാണിത്.
അങ്ങനെ മുക്കാൽമണിക്കൂറോളം നീണ്ട യാത്രയ്ക്കു ശേഷം ഞങ്ങൾ മരുഭൂമിയിൽ എത്തിച്ചേർന്നു. മരുഭൂമി ദൃശ്യമായപ്പോൾ എൻ്റെ മനസ്സിൽ ഒരു അറബിക് മ്യൂസിക് തനിയെ വന്നു. ഡെസേർട്ട് സഫാരി തുടങ്ങുന്നയിടത്ത് ധാരാളം ടൂറിസ്റ്റുകളെ ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. കുറച്ചു സമയം ഇനി അവിടെ റെസ്റ്റ് ഉണ്ട്. ആ സമയത്ത് നമ്മുടെ വണ്ടി മരുഭൂമിയിലെ യാത്രയ്ക്കു വേണ്ട തയ്യാറെടുപ്പുകൾ നടത്തും. ടയറുകളിലെ കാറ്റ് കളയലാണ് പ്രധാന പണി. ആ സമയത്ത് ഞങ്ങൾ മണൽപ്പരപ്പിൽ പൊളാരിസ് ബൈക്കുകൾ ഓടിച്ചു രസിച്ചു. ചെറിയ പൊടിക്കാറ്റ് ഉണ്ടായിരുന്നതിനാൽ കണ്ണിൽ പൊടി പോകാതിരിക്കുവാൻ കൈയിലുണ്ടായിരുന്ന സൺഗ്ളാസ് ഉപകരിച്ചു.
ഏകദേശം 15 മിനിട്ടുകൾക്ക് ശേഷം ഞങ്ങളുടെ വണ്ടി സഫാരിയ്ക്കായി തയ്യാറായി. അങ്ങനെ ഞങ്ങൾ മരുഭൂമിയിലേക്ക് ഡ്രൈവ് ചെയ്തു. അവിടെ ഞങ്ങളെക്കൂടാതെ വേറെയും വണ്ടികൾ ഉണ്ടായിരുന്നു. മരുഭൂമിയിലെ ചെറിയ മണൽക്കുന്നുകളിൽക്കൂടി ഉയർന്നും താഴ്ന്നുമൊക്കെ ഞങ്ങളുടെ ലാൻഡ്റോവർ അവൻ്റെ പ്രകടനം പുറത്തെടുക്കുവാൻ തുടങ്ങി. സീറ്റ് ബെൽറ്റ് ഇട്ടിരുന്നതുകൊണ്ടു മാത്രമായിരുന്നു ഞങ്ങൾ സീറ്റിൽ നിന്നും വീണു പോകാതിരുന്നത്. ഞങ്ങളുടെ സാരഥി രജിത്ത് ആളൊരു പുലിയാണെന്നു ഈ അപാര ഡ്രൈവിംഗിലൂടെ തെളിയിച്ചു.
ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഒരു വാഹനത്തിൽക്കയറി ഇത്രയും ആടിയുലഞ്ഞുകൊണ്ടുള്ള യാത്ര. ധാരാളം ഓഫ്റോഡ് യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും ഇതുപോലൊരെണ്ണം ഇതാദ്യം. മണൽക്കുന്നുകളിലേക്ക് വണ്ടി പാഞ്ഞുകയറിയിട്ട് താഴേക്ക് കുത്തനെ ഇറങ്ങുമ്പോഴെല്ലാം ഞങ്ങൾ ഉറക്കെ അലറിവിളിച്ചിരുന്നു. എമിൽ മാത്രം ചിരിച്ചുകൊണ്ട് ഇരുന്നു. ലവൻ മുൻപേ ഇതൊക്കെ ട്രൈ ചെയ്തിരിക്കണം. അല്ലാതെ ഇതുപോലെ കൂളായി ഇരിക്കാൻ സാധ്യതയില്ല. ഡ്രൈവർ ചേട്ടനാണെങ്കിൽ നിർവികാരനായായിരുന്നു വണ്ടിയോടിച്ചിരുന്നത്. അങ്ങനെ സൂര്യൻ അസ്തമയത്തോടടുത്തപ്പോഴേക്കും ഡെസേർട്ട് സഫാരി അവസാനിപ്പിച്ച് ഞങ്ങൾ അടുത്ത പരിപാടിയ്ക്കായി നീങ്ങി.
കിടിലനൊരു ഡെസേർട്ട് ക്യാമ്പ് ആയിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. ‘റോയൽ അഡ്വഞ്ചർ’ എന്നു പേരുള്ള ഡെസേർട്ട് ക്യാമ്പിലായിരുന്നു ഞങ്ങൾ കയറിയത്. അവിടെ ഞങ്ങൾ പ്രശസ്തമായ ബെല്ലി ഡാൻസും, കിടിലൻ അറേബ്യൻ ഫുഡും ഒക്കെയാണ് ഇനി. ബെല്ലി ഡാൻസ് എന്നൊക്കെ കേട്ട് ആരും നെറ്റി ചുളിക്കേണ്ട. അത് കാണാൻ വരുന്നവരിൽ ഭൂരിഭാഗവും ഫാമിലികളാണ്. ബെല്ലി ഡാൻസിന്റെ സമയത്തുള്ള അറബിപ്പാട്ട് കേട്ടാൽ ആരുമൊന്നു ശരീരം വിറപ്പിച്ചു ഡാൻസ് കളിച്ചു പോകും. ബെല്ലി ഡാൻസിനു ശേഷം ഞങ്ങൾ ഭക്ഷണം കഴിക്കുവാനായി നീങ്ങി. ആ സമയത്ത് ഫയർ ഡാൻസ് പോലുള്ള മറ്റു പരിപാടികൾ അവിടെ അരങ്ങേറുകയായിരുന്നു. എന്തായാലും പരിപാടികളും ഭക്ഷണവും കിടിലൻ തന്നെ. എല്ലാറ്റിനുമൊടുവിൽ അറബി വേഷത്തിൽ ഞാനും ശ്വേതയും കൂടി ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.