ശരിക്കും എന്താണ് യുഎഇ? ഏതൊക്കെ എമിറേറ്റുകൾ കൂടിച്ചേർന്നതാണ് ഇത്?

പലർക്കുമുള്ള ഒരു സംശയമാണ് യുഎഇ എന്നാൽ ശരിക്കും ഏതു രാജ്യമാണെന്ന്. ചിലരുടെ വിചാരം ദുബായ് യുടെ മറ്റൊരു പേരാണ് യുഎഇ എന്നതെന്നാണ്. മറ്റു ചിലർ എല്ലാ ഗൾഫ് രാജ്യങ്ങളുടെയും പേരാണ് യുഎഇ എന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ ശരിക്കും എന്താണ് യുഎഇ? ഏതൊക്കെ എമിറേറ്റുകൾ കൂടിച്ചേർന്നതാണ് ഇത്? അറിയാത്തവർക്ക് ഇതെല്ലാം മനസ്സിലാക്കുന്നതിനായി ആ വിവരങ്ങളാണ് ഇനി പറയുവാൻ പോകുന്നത്.

ഏഴ് സ്വതന്ത്ര സംസ്ഥാനങ്ങളുടെ (സ്റ്റേറ്റുകളുടെ/എമിറേറ്റുകളുടെ) ഫെഡറേഷനാണ് ഐക്യ അറബ് എമിറേറ്റുകൾ അഥവാ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (United Arab Emirates, UAE). അബുദാബിയാണ് യുഎഇയുടെ തലസ്ഥാനം. 1950കളിലെ എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തലിനു മുൻപ് യു.എ.ഇ. ബ്രിട്ടീഷുകാരാൽ സംരക്ഷിക്കപ്പെട്ടുപോന്ന അവികസിതങ്ങളായ എമിറേറ്റുകളുടെ ഒരു കൂട്ടമായിരുന്നു. ട്രൂഷ്യൽ സ്റ്റേറ്റ്സ് എന്നാണ് അവ അറിയപ്പെട്ടിരുന്നത്. ഈ പ്രദേശങ്ങളിലെ എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തൽ അവിടങ്ങളിലെ ത്വരിതഗതിയിലുള്ള ആധുനികവത്കരണത്തിനും വികസനത്തിനും വഴിവച്ചു.

1971 ൽ അബുദാബിയുടെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാന്റെ നേതൃത്വത്തിൽ 6 എമിറേറ്റുകൾ ചേർന്ന് സ്വതന്ത്രമായ ഫെഡറേഷൻ രുപം കൊണ്ടു. ഒരു വർഷത്തിനു ശേഷം ഏഴാമത്തെ എമിറേറ്റായ റാസ് അൽ ഖൈമയും ഫെഡറേഷനിൽ ചേർന്നു. ‘അബുദാബി, ദുബായ്, ഷാർജ്ജ, ഫുജൈറ, അജ്‌മാൻ, ഉം അൽ കുവൈൻ, റാസ് അൽ ഖൈമ’ എന്നിങ്ങനെ ഏഴ് എമിറേറ്റുകളാണ് ഫെഡറേഷനിലെ അംഗങ്ങൾ. ഈ എമിറേറ്റുകളിൽ ഏറ്റവും വലിയ സാമ്പത്തിക ശക്തി അബുദാബി എമിറേറ്റാണ്. യു.എ.ഇ-ൽ ഏറ്റവും കൂടുതൽ എണ്ണ ഉത്പാദിപ്പിക്കുന്നതും അബുദാബിയാണ്.

യു.ഏ.ഈയുടെ വിസ്തീർണ്ണം 83,600 ചതുരശ്ര കിലോമീറ്ററുകളാണ് (ദ്വീപുകൾ അടക്കം). യു.ഏ.ഈയുടെ മരുഭൂമിയിലൂടെയുള്ള രാജ്യാന്തര അതിർത്തി കൂടുതലും തർക്കങ്ങളിൽ പെട്ട് കിടക്കുകയോ നിർണ്ണയിക്കപ്പെടാത്തതോ ആണ്. നദികളോ തടാകങ്ങളോ ഇല്ലാത്ത യു.ഏ.ഈയിൽ ഭൂഗർഭ ജലസ്രോതസ്സുകൾ അൽ ഐനിലും ലിവായിലും ഫലാജ് അൽ മൊഅല്ലയിലും മറ്റ് മരുപ്പച്ചകളിലും കണ്ടെത്തിയിട്ടുണ്ട്. കടൽ വെള്ളം ഉപ്പുനിർമ്മാർജ്ജനത്തിലൂടെ (desalination) ശുദ്ധീകരിച്ചാണ് കുടിവെള്ളമായും വ്യവസായികാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്നത്.

ഭരണ സംവിധാനം : ഏഴ് അംഗങ്ങളുള്ള സുപ്രീം ഫെഡൈറൽ കൌൺസിലാ‍ണ് രാജ്യത്തെ പരമോന്നതസഭ. ഫെഡറേഷനിലെ ഏഴ് എമിറേറ്റുകളുടെ ഭരണാധിപന്മാരാണ് അതിന്റെ അംഗങ്ങൾ. കൗൺസിൽ മൂന്നുമാസത്തിലൊരിക്കൽ യോഗം ചേരുന്നു. രൂപവൽക്കരണം മുതൽ ഫെഡറേഷന്റെ പ്രസിഡന്റായിരുന്നത് ഷെയ്‌ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹയ്യാനായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനായ ഷെയ്‌ഖ് ഖലീഫാ ബിൻ സായിദ് അൽ നഹയ്യാനെ പ്രസിഡന്റായി സുപ്രീം കൗൺസിൽ തിരഞ്ഞെടുത്തു. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നത് പ്രസിഡന്റാണ്. ആ തീരുമാനം പിന്നീട് സുപ്രീം കൗൺസിലിന്റെ അംഗീകാരത്തിനു വിടും. യു.ഏ.ഈയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ്. സുപ്രീം കൗൺസിലിന്റെ ഉപദേശക സമിതി എന്ന നിലയിൽ 40 അംഗങ്ങളുള്ള ഫെഡറൽ നാഷണൽ കൗൺസിൽ ഉണ്ട്. അതിന്റെ അംഗങ്ങളെ പ്രസിഡന്റാണ് തിരഞ്ഞെടുക്കുക. ദേശീയ താല്പര്യങ്ങളുള്ള വിഷയങ്ങളിൽ പ്രധാന തീരുമാനങ്ങളെടുക്കുന്നതിൽ ഫെഡറൽ നാഷണൽ കൗൺസിൽ മുഖ്യ പങ്ക് വഹിക്കുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥ ശരിയത്തിൽ അതിഷ്ഠിതമാണ്. പക്ഷേ, അമേരിക്കൻ,ബ്രിട്ടീഷ് നിയമങ്ങളുടെ സ്വാധീനം രാജ്യത്തെ വാണിജ്യനിയമവ്യവസ്ഥയിൽ പ്രകടമാണ്. നികുതി രഹിതമാണ് യു.ഏ.ഈ എങ്കിലും ഇൻഡയറക്റ്റ് ടാക്സസ് പലയിടത്തും ഉണ്ട്.

സാമ്പത്തികം : ലോകത്തെ മൊത്തം എണ്ണനിക്ഷേപത്തിന്റെ പത്തിലൊന്ന് യു.ഏ.ഇ യിലാണ്. അതിൽ 90%വും അബുദാബിയിലാണ്. ബാക്കി ദുബായിലും ഷാർജ്ജയിലും മറ്റ് എമിറേറ്റുകളിലുമാണുള്ളത്. പ്രകൃതിവാതക നിക്ഷേപത്തിന്റെ കാര്യത്തിൽ ആഗോളതലത്തിലെ നിക്ഷേപത്തിന്റെ 3% യു.ഏ.ഇ യിലാണ്. ഇപ്പോഴത്തെ രീതിയിൽ ഉൽ‌പ്പാദിപ്പിക്കപ്പെടുകയാണെങ്കിൽ യു.ഏ.ഇ യുടെ എണ്ണ നിക്ഷേപം 100 വർഷത്തേക്കും പ്രകൃതിവാതക നിക്ഷേപം 200 വർഷത്തേക്കും കൂടെയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. പേർഷ്യൻ ഗൾഫിലെ പ്രധാന വാണിജ്യ നഗരമാണ് ദുബായ്‌.

ദിർഹം ആണ് യു.ഏ.ഇ യുടെ നാണയം. ഒരു ദിർഹം നൂറ് ഫിൽ‍‌സായി ഭാഗിക്കപ്പെട്ടിരിക്കുന്നു. അബുദാബിയിലെ യു.ഏ.ഇ സെൻട്രൽ‍ ബാങ്കാണ് നോട്ടുകൾ വിതരണം ചെയ്യുന്നത്. ഒരു യു.ഏസ് ഡോളർ 3.674 ദിർഹമുകളായി കണക്കാക്കാം.

ഷാർജ്ജ അറേബ്യയുടെ സാംസ്കാരിക തലസ്ഥാനമെന്ന് അറിയപ്പെടുന്നു. ഔദ്യോഗിക ഭാഷ അറബിയാണ്. ഇംഗ്ലീഷ്, ഹിന്ദി, പാഴ്സി, ഉർദു, മലയാളം എന്നീ ഭാഷകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. മുസ്ലിം രാജ്യമാണെങ്കിലും യു.ഏ.ഇ യുടെ ഭരണഘടന മതസ്വാതന്ത്ര്യം അനുവദിക്കുന്നു. ക്രിസ്ത്യൻ പള്ളികളും ഹൈന്ദവ ക്ഷേത്രവും ഗുരുദ്വാരയുമൊക്കെ പല എമിറേറ്റുകളിലും ഉണ്ട്. യു.ഏ.ഈയിൽ മറ്റ് ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീകൾക്ക് ഇഷ്ടമുള്ള ജോലി ചെയ്യാനും ബിസ്സിനസ്സുകൾ നടത്താനും ഡ്രൈവ് ചെയ്യാനും സ്വാത്രന്ത്ര്യമുണ്ട്. ഈദുൽ ഫിത്വർ, ഈദ് അൽ അദ്ഹാ, മുഹമ്മദ് നബിയുടെ ജന്മദിനം,ദേശീയ ദിനം(ഡിസംബർ 2), ഹിജ്റ വർഷ ആരംഭം, അറഫ ദിനം എന്നിവയാണ് യുഎഇയിലെ പ്രധാന അവധി ദിനങ്ങൾ.

സംശയമെല്ലാം തീർന്നില്ലേ? ഇനിയിപ്പോൾ യുഎഇ എന്നു കേട്ടാൽ അത് ഏതൊക്കെ എമിറേറ്റുകൾ കൂടിച്ചേർന്നതാണെന്നു ഓർമ്മ വരില്ലേ?

കടപ്പാട് – വിക്കിപീഡിയ, Cover Photo – freestock.ca.