ദേവാലയുടെ സൗന്ദര്യം തേടി ചുരുളിമലയിലേക്ക് ഒരു ട്രെക്കിംഗ്

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ ഗൂഡല്ലൂരിന് സമീപമുള്ള മനോഹരമായ ഒരു ഗ്രാമമാണ് ദേവാല. മലപ്പുറം ജില്ലയോട് അതിര്‍ത്തി പങ്കിടുന്ന സ്ഥലംകൂടിയാണ് ഇത്. ദേവാലയിലെ വൈൽഡ് പ്ലാനറ്റ് ജംഗിൾ റിസോർട്ടിലെ രണ്ടാമത്തെ ദിവസം ഞങ്ങൾ എഴുന്നേറ്റത് വളരെ ആവേശത്തോടെയായിരുന്നു. കാരണം അന്നാണ് ഞങ്ങളുടെ ട്രക്കിംഗ്. റിസോർട്ടിൽ നിന്നാൽ കാണുന്ന ഒരു വലിയ മലയുടെ മുകളിലേക്കാണ് ട്രെക്ക് ചെയ്ത് പോകുന്നത്. ചുരുളിമല എന്നാണു ആ മലയുടെ പേരെന്ന് ഞങ്ങളുടെ കൂടെ വന്ന റിസോർട്ട് സ്റ്റാഫായ മനോജ് പറഞ്ഞു തന്നു.

റിസോർട്ടിൽ നിന്നും വണ്ടിയിൽക്കയറി ഞങ്ങൾ ട്രെക്കിംഗ് തുടങ്ങുന്ന ഏരിയയിലേക്ക് യാത്രയായി. ഞങ്ങൾ എട്ടു പത്തു പേരോളം ഉണ്ടായിരുന്നു ട്രെക്കിംഗിനായിട്ട്. ട്രെക്കിംഗ് തുടങ്ങുന്നതിനു മുൻപ് ഞങ്ങളിൽ നിന്നും ഒരു Declaration ഫോം എഴുതി വാങ്ങിയിരുന്നു. ഇതൊന്നും കണ്ടു പേടിക്കുകയൊന്നും വേണ്ട, അത്ര കഠിനമായ ട്രെക്കിംഗ് ഒന്നുമല്ല കേട്ടോ. അത്യാവശ്യം ആരോഗ്യവന്മാരായവർക്ക് പോകാവുന്ന ഒരു സ്ഥലമാണിത്.

അങ്ങനെ ഞങ്ങൾ വടിയൊക്കെ കുത്തിക്കൊണ്ട് ട്രെക്കിംഗ് ആരംഭിച്ചു. തേയിലച്ചെടികൾക്കിടയിലൂടെയായിരുന്നു ഞങ്ങൾ ആദ്യമായി കയറ്റം ആരംഭിച്ചത്. കുറച്ചു കഴിഞ്ഞപ്പോൾ പ്രത്യേക ആകൃതിയിൽ ഒരു കല്ല് സ്ഥാപിച്ചിരിക്കുന്നതായി കണ്ടു. ഗൈഡ് മനോജിനോട് കാര്യം തിരക്കിയപ്പോഴാണ് സംഭവം എന്താണെന്നു മനസ്സിലായത്. ഫോറെസ്റ്റ് അതിർത്തി അറിയുവാനായി സ്ഥാപിച്ചിരിക്കുന്ന ഒരു അടയാളമാണത്. ഫോറസ്റ്റ് ജണ്ട എന്നാണിതിനു പറയുന്ന പേര്. ഈ കല്ലിനു അപ്പുറം ഫോറെസ്റ്റ് വകുപ്പിന്റെ സ്ഥലമാണ്.

ഫോറെസ്റ്റ് ഏരിയയിലേക്ക് കയറാതെ തേയിലത്തോട്ടത്തിലൂടെ തന്നെ ഞങ്ങൾ മുകളിലേക്ക് കയറി. പകുതിയോളം ദൂരമെത്തിയപ്പോഴേക്കും ഞങ്ങൾ ചെറുതായി ക്ഷീണിച്ചു തുടങ്ങിയിരുന്നു. വെള്ളമൊക്കെ കുടിച്ച് എനർജി വരുത്തി വീണ്ടും ഞങ്ങൾ മുകളിലേക്ക് കയറി. ഭാഗ്യം ശ്വേത കൂടെ വരാതിരുന്നത്. അല്ലെങ്കിൽ ഈ ട്രെക്കിംഗ് ഞങ്ങൾക്ക് പകുതി വെച്ച് നിർത്തി പോരേണ്ടി വന്നേനെ. മല കയറിയൊന്നും ശ്വേതയ്ക്ക് അത്ര പരിചയം പോര. സാരമില്ല, അതൊക്കെ പതിയെ ശെരിയായിക്കൊള്ളും. ഇനിയും ഉണ്ടല്ലോ യാത്രകൾ.

അങ്ങനെ കയറിക്കയറി ഞങ്ങൾ ചുരുളിമലയുടെ മുകളിലെത്തി. അവിടെ നിന്നാൽ ഞങ്ങൾ വന്ന റിസോർട്ട് കാണുവാൻ സാധിക്കുമായിരുന്നു. ചുരുളിമല സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിൽ ആണെങ്കിലും പടിഞ്ഞാറു ഭാഗത്തായി കേരളത്തിന്റെ ദൃശ്യങ്ങളാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്. അതായത് മലപ്പുറം ജില്ലയിലെ അതിർത്തി പ്രദേശങ്ങളായ വഴിക്കടവും മറ്റും.

വളരെ മനോഹരമായ കാഴ്ചയായിരുന്നു മലയുടെ മുകളിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചത്. തൊട്ടടുത്ത് വനമായതിനാൽ രാത്രികാലങ്ങളിലെ പുലർച്ചെയും ഒക്കെ ഈ മലയുടെ മുകളിൽ വന്യമൃഗങ്ങളൊക്കെ വരാറുണ്ടെന്ന് ഗൈഡ് മനോജ് പറഞ്ഞു തന്നു. അതിന്റെ ചില ലക്ഷണങ്ങൾ ഒക്കെ അവിടെ കാണുന്നുണ്ടായിരുന്നു. അധികമാരും വരാത്ത ഏരിയയായതിനാൽ ഞങ്ങൾ ചെന്നപ്പോൾ അവിടെ വളരെ നിശബ്ദതയാണ് ഫീൽ ചെയ്‌തത്‌. കാറ്റ് വീശുന്നതിന്റെയും കിളികളുടെയും ശബ്ദങ്ങൾ മാത്രമേ അവിടെ കേൾക്കുന്നുണ്ടായിരുന്നുള്ളൂ.

കുറേനേരം ഞങ്ങൾ ചുരുളിമലയുടെ മുകളിൽ ചെലവഴിക്കുകയുണ്ടായി. അങ്ങനെ മനസില്ലാമനസോടെ ഞങ്ങൾ മലയിറങ്ങുവാൻ തുടങ്ങി. കയറുന്നതിനേക്കാൾ ഇരട്ടി പാടായിരുന്നു ഇറക്കം. പണ്ട് ശബരിമലയിലൊക്കെ പൊക്കിയിരുന്ന കാലം എനിക്ക് ഓർമ്മവന്നു. അങ്ങനെ ഒരു കണക്കിന് ഇരുന്നും ചാഞ്ഞുമൊക്കെ ഞങ്ങൾ കയറിയ വഴിയിലൂടെ തന്നെ മലയിറങ്ങി. ഏകദേശം അരമണിക്കൂറോളം എടുത്തു ഞങ്ങൾ മലകയറി മുകളിലെത്താൻ. അതിലും കുറച്ചുകൂടി സമയമെടുത്തു തിരികെയിറങ്ങുവാൻ.

അങ്ങനെ ട്രെക്കിംഗ് എല്ലാം കഴിഞ്ഞു ഞങ്ങൾ റിസോർട്ടിലെത്തിച്ചേർന്നു. ഞങ്ങളുടെ ക്ഷീണം മാറ്റുവാനായി അവർ ജ്യൂസ് ഒക്കെ തന്നിരുന്നു. നല്ല വിശപ്പും ഉണ്ടായിരുന്നതിനാൽ ഒറ്റവലിയ്ക്ക് എല്ലാവരും അത് കുടിച്ചു തീർക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. പിന്നീട് ഞാൻ നേരെ കോട്ടേജിലെത്തി. അവിടെ ശ്വേതാ കുളിച്ചു റെഡിയായി നിൽക്കുന്നുണ്ടായിരുന്നു. ഞാനും വേഗത്തിൽ കുളിച്ചു ഫ്രഷായി ബ്രേക്ക് ഫാസ്റ്റ് കഴിക്കുവാനായി റെസ്റ്റോറന്റിലേക്ക് നീങ്ങി. ബ്രേക്ക് ഫാസ്റ്റിനു ശേഷം സ്വിമ്മിങ് പൂളിൽ ഒരു കുളി കൂടി ഞാൻ പാസ്സാക്കി.

എന്തായാലും ദേവാലയിലെ വൈൽഡ് പ്ലാനറ്റ് ജംഗിൾ റിസോർട്ടിലെ താമസവും ആക്ടിവിറ്റികളും ഞങ്ങൾക്ക് നന്നേ പിടിച്ചു. ലൈഫ് അടിച്ചു പൊളിക്കുവാനായി ശരിക്കും നമ്മൾ ഫാമിലിയുമായി ഇവിടെയൊക്കെ ഒരു തവണയെങ്കിലും വന്നിരിക്കണം. വൈൽഡ് പ്ലാനെറ്റ് ലക്ഷ്വറി ജങ്കിൾ റിസോർട്ട്, ദേവാല. കൂടുതൽ വിവരങ്ങൾക്ക്: 94008 32000 വിളിക്കാം. അല്ലെങ്കിൽ സന്ദർശിക്കുക: http://wildplanetresort.com/.