ആസറ്ററേഷ്യ എന്ന സസ്യ കുടുംബത്തിൽ പെടുന്ന ചെടിയാണ് ഡാലിയ.നിരവധി ഇനത്തിലുള്ള ഡാലിയ ചെടികൾ ഉണ്ട്. വിവിധ വർണ്ണത്തിലുള്ള ഡാലിയ പൂക്കൾ വീടിന് അഴക് നൽകും. സ്വീഡനിലെ പ്രമുഖ സസ്യ ശാസ്ത്രജഞനായിരുന്ന ആന്ദ്രേ ഡാലിന്റെ ഓർമ്മയ്ക്കായാണ് ഈ ചെടിയ്ക്ക് ഡാലിയ എന്ന് പേരു വന്നത്. മെക്സിക്കോ, മദ്ധ്യ അമേരിക്ക, കൊളംബിയ എന്നീ രാജ്യങ്ങൾ ആണ് ഡാലിയയുടെ ഉദ്ഭവം. വേരുകളിൽ ആഹാരം സംഭരിക്കുന്ന ചെടി ആയതു കൊണ്ട് ചില രാജ്യങ്ങളിൽ ഇവയെ ആഹാരത്തിനായും വളർത്തുന്നുണ്ട്.
ഡാലിയ ചെടി 3 രീതിയിൽ നട്ടു വളർത്താം. വിത്ത് പാകിയും, ചെടിയുടെ ചുവട്ടിൽ ഉള്ള കിഴങ്ങ് നട്ടും, തണ്ട് മുറിച്ചു മാറ്റി നട്ടും നമുക്ക് ഡാലിയ വളർത്താം. ചെടിച്ചട്ടിയിലും നിലത്തും ഡാലിയ നട്ടുവളർത്താം. നിലത്ത് നടുമ്പോഴാണ് കൂടുതൽ കരുത്തിൽ വളരുകയും നന്നായി പൂക്കുകയും ചെയ്യുന്നത്. എങ്കിലും സ്ഥലമില്ലാത്തവർക്കും, ഫ്ലാറ്റിൽ താമസിക്കുന്നവർക്കും ചെടിച്ചട്ടിയിൽ നട്ട് വളർത്താവുന്നതാണ്.
ചെടിച്ചട്ടിയിൽ നടുമ്പോൾ മണ്ണും, മണലും, ചാണകപ്പൊടിയും, ചകിരിച്ചോറും തുല്യ അളവിൽ എടുത്തു ചെടിച്ചട്ടി നിറയ്ക്കുക. അതിലേക്ക് വിത്ത് പാകുകയോ,കിഴങ്ങ് കുഴിച്ചു വയ്ക്കുകയോ, തണ്ട് മുറിച്ചു നടുകയോ ചെയ്യാം. നിലത്ത് നടുമ്പോൾ നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് വളർത്തുന്നതാണ് ഉത്തമം. ജൂൺ അവസാനം തുടങ്ങി ഡിസംബർ വരെയാണ് ഡാലിയ പൂക്കൾ കൂടുതലായി കാണുന്നത്. ചെടികൾ വേരുപിടിച്ചാൽ രണ്ടാഴ്ച കൂടുമ്പോൾ ജൈവസ്ലറി ഒഴിച്ചു കൊടുക്കയോ, ആട്ടിൻ കാഷ്ടം ഇട്ടു കൊടുക്കയും ചെയ്താൽ ചെടി നന്നായി വളരുകയും കൂടുതൽ പൂക്കുകയും ചെയ്യും.
ഏത് വളം ചേർക്കുകയാണെങ്കിലും തണ്ടിനോട് ചേർത്തിടാതെ അകത്തി ഇടുക. വളം ചേർക്കുന്ന സമയത്ത് മണ്ണ് ഇളക്കി കൊടുക്കുക. ഏകദേശം 8 ആഴ്ച ആ കുമ്പോൾ ഡാലിയ പൂവിട്ട് തുടങ്ങും. ഡാലിയ ചെടിയ്ക്ക് നന അത്യാവശ്യമാണ്. മഴയില്ലാത്തപ്പോൾ എല്ലാ ദിവസവും ഡാലിയ ചെടി നനച്ചു കൊടുക്കുക. നന്നായി നന കിട്ടിയില്ലെങ്കിൽ ഡാലിയ ചെടി ഉണങ്ങി നശിച്ചുപോകും.
ചെടികൾ പൂവിട്ടു തുടങ്ങുന്നതിന് മുമ്പ് തന്നെ ചെടിയ്ക്ക് താങ്ങ് കൊടുക്കണം. ഡാലിയ ചെടിയുടെ തണ്ടിന് ബലം ഇല്ലാത്തതു കൊണ്ട് താങ്ങ് കൊടുത്തില്ലെങ്കിൽ ചെടി ഒടിഞ്ഞ് നശിച്ച് പോകുന്നതിന് കാരണം ആകും. പൂക്കൾ കൊഴിഞ്ഞ് പോയിക്കഴിയുമ്പോൾ തന്നെ അത് മുറിച്ച് മാറ്റിക്കളഞ്ഞാൽ മാത്രമേ അതിൽ നിന്ന് പുതിയ തളിർപ്പുകൾ വരുകയും, നന്നായി പൂക്കുകയും ചെയ്യുകയുള്ളൂ.
ഡിസംബർ മാസം വരെ ഡാലിയ നന്നായി പൂക്കാറുണ്ട്. പൂവെല്ലാം കൊഴിഞ്ഞ് ഡാലിയ ചെടി ഉണങ്ങിക്കഴിയുമ്പോൾ ഇതിന്റെ കിഴങ്ങ് എടുത്ത് സൂക്ഷിച്ച് വയ്ക്കാം. ഒരു പാത്രത്തിൽ മണൽഎടുത്ത് അതിൽ ഡാലിയയുടെ കിഴങ്ങ് ഇട്ട് തണലത്ത് സൂക്ഷിച്ച് വച്ചാൽ അടുത്ത വർഷം ഉപയോഗിക്കാം. അല്ലെങ്കിൽ ചെടി നിൽക്കുന്നിടത്ത് നിന്ന് കിഴങ്ങ്പറിച്ചെടുത്തില്ലെങ്കിൽ പുതുമഴ പെയ്ത് കഴിയുമ്പോൾ കിഴങ്ങിൽ നിന്ന് പുതിയ തളിർപ്പുകൾ പൊട്ടുകയും, ഡാലിയ ചെടി വളർന്നു വരുകയും ചെയ്യും. നന്നായി പരിചരിക്കുകയാണെങ്കിൽ വളരെ മനോഹരമായ ഡാലിയ പൂക്കൾ എല്ലാവരുടെയും വീട്ടുമുറ്റത്ത് വിരിയും.
Buy Dhalia seeds – https://agriearth.com/product/balsam-double-mixed/.