ലേഖകൻ – രാജേഷ് സി.
അകാലത്തിൽ പൊലിഞ്ഞ ധ്രുവ താരകം – ഒരു കാലത്തും പ്രതിഭകൾക്കു പഞ്ഞമുണ്ടാവാതിരുന്ന ഇന്ത്യൻ ക്രിക്കറ്റിനു ചില പ്രതിഭാനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ പ്രതിഭയുടെ മിന്നലാട്ടങ്ങൾ പ്രദർശിപ്പിച്ച ചില കളിക്കാർക്ക് പിന്നീട് തങ്ങളുടെ കഴിവിനോട് നീതി പുലർത്താൻ കഴിഞ്ഞില്ല. അതിനു പല കാരണങ്ങൾ ഉണ്ടാകാം. നരി കോൺട്രാക്ടർക്ക് ബൗൺസർ കൊണ്ട് കണ്ണിനു പരിക്ക് പറ്റിയത് മൂലം ആണ് കളിക്കളം വിടേണ്ടി വന്നെതെങ്കിൽ, വിനോദ് കാംബ്ലിക്കു വില്ലനായത് അച്ചടക്ക പ്രശ്നമാണ്. കൊള്ളിയാൻ പോലെ ഇന്ത്യൻ ക്രിക്കറ്റിൽ ഉദിച്ചുയർന്ന ഇർഫാൻ പഠാനാകട്ടെ, വളരെ വേഗം തന്നെ പ്രതിഭ വറ്റിതീർന്നു. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ കഥയാണ് ധ്രുവ് പാണ്ഡോവിന്റേത്.
ധ്രുവിന്റെ ജീവിതം – എം.പി പാണ്ഡോവ് എന്ന മുൻകാല രഞ്ജി ക്രിക്കറ്റ് കളിക്കാരന്റെ മകനായി 1974-ഇൽ പഞ്ചാബിലാണ് ധ്രുവ് ജനിച്ചത്. ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പകർന്നു നൽകിയത് അച്ഛൻ തന്നെയായിരുന്നു. ധ്രുവും സഹോദരൻ കുനാലും പട്യാലയിലെ തെരുവുകളിൽ ക്രിക്കറ്റ് കളിച്ചു വളർന്നു. വെറും പതിമൂന്നു വയസ്സുള്ളപ്പോൾ പഞ്ചാബിന്റെ 15 വയസ്സിനും (U-15), 17 വയസ്സിനും (U-17) താഴെയുള്ളവർക്കു വേണ്ടിയുള്ള ക്രിക്കറ്റ് ടീമുകൾക്ക് വേണ്ടി ഈ മിടുക്കന് കളിക്കാൻ കഴിഞ്ഞു.
1987–88 ലെ 17 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ഒരു ദേശീയ ടൂർണമെന്റിൽ, ജമ്മു കാശ്മീരിനെതിരെ ഈ പതിമൂന്നുകാരൻ പയ്യൻ അടിച്ചു കൂട്ടിയത് 159 റൺസ് ആണ്. അതെ കൊല്ലം തന്നെ രഞ്ജി ട്രോഫിയിൽ പഞ്ചാബിന് വേണ്ടി കളിക്കാൻ അവസരം കിട്ടിയ ധ്രുവ്, 94 റൺസ് ആണ് തന്റെ ആദ്യ ഇന്നിങ്സിൽ അടിച്ചത്. തന്റെ മൂന്നാമത്തെ രഞ്ജി ട്രോഫി മത്സരത്തിൽ സെഞ്ച്വറി (137 റൺസ്) അടിക്കുമ്പോൾ ധ്രുവിന്റെ പ്രായം 14 വയസ്സും 294 ദിവസവും! അതേ ടൂർണമെന്റിൽ ഒരു പതിനഞ്ചു വയസ്സുകാരനും സെഞ്ച്വറി അടിച്ചിരുന്നു, പേര് സച്ചിൻ ടെണ്ടുൽക്കർ!
ധ്രുവിന്റെ സ്വപ്ന സമാനമായ ഉയർച്ച അവിടം കൊണ്ടൊന്നും തീർന്നില്ല. അതേ കാലത്തു തന്നെ U -15 വിജയ് മർച്ചന്റ് ട്രോഫിയിൽ വടക്കൻ മേഖലയെ കിരീടവിജയത്തിലേക്ക് നയിക്കുമ്പോൾ ധ്രുവിന്റെ തൊപ്പിയിലെ പൊൻതൂവലായി സെമി ഫൈനലിൽ നേടിയ ഡബിൾ സെഞ്ച്വറിയും ഉണ്ടായിരുന്നു. 1988-ഇൽ ഇന്ത്യ യൂത്ത് ഏഷ്യ കപ്പ് നേടിയപ്പോൾ ധ്രുവും ആ ടീമിലെ അംഗമായിരുന്നു. U -19 കുച് ബീഹാർ ട്രോഫിയിൽ പഞ്ചാബിനെ നയിച്ച അദ്ദേഹം, അടുപ്പിച്ചു നേടിയ സെഞ്ച്വറികളിലൂടെ ക്യാപ്റ്റന്റെ കളി കാഴ്ച വെച്ചു.
1991 ഡിസംബറിൽ നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ പഞ്ചാബിനു വേണ്ടി തന്റെ മികച്ച സ്കോർ ആയ 170 റൺസ് കണ്ടെത്തിയ പാണ്ഡോവ്, ടൂർണമെന്റിൽ 1000 റൺസ് പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞ തരാം എന്ന റെക്കോഡും സ്വന്തമാക്കി. അന്ന് അദ്ദേഹത്തിന് വെറും 17 വയസ്സും 341 ദിവസവും മാത്രമായിരുന്നു പ്രായം. ധ്രുവിന്റെ അവസാന രഞ്ജി മാച്ചായിരുന്നു അത്!
ധ്രുവ നക്ഷത്രം പൊലിയുന്നു – 1992 ജനുവരിയിൽ നടന്ന U -19 സി.കെ നായിഡു ട്രോഫിയിൽ വടക്കൻ മേഖലയുടെ ക്യാപ്റ്റനായിരുന്ന ധ്രുവ്, ടീമിനെ കിരീട നേട്ടത്തിലേക്ക് നയിച്ചു. സെമി ഫൈനലിൽ 73 റൺസും ഫൈനലിൽ 87 റൺസും ആയിരുന്നു ധ്രുവിന്റെ സംഭാവന. അതേ മാസം അവസാനം വടക്കൻ മേഖല സീനിയർ ടീമിന് വേണ്ടി, ദേവ് ധർ ട്രോഫി ക്വാർട്ടർ ഫൈനലിൽ കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.
ജനുവരി 28 നു നടന്ന ആ 50 ഓവർ മത്സരത്തിൽ ദക്ഷിണ മേഖലയ്ക്കെതിരെ ധ്രുവ് 73 റൺസടിച്ചു. തെക്കൻ മേഖലയുടെ ബൗളർമാർ ആരായിരുന്നു എന്നറിഞ്ഞാലേ ആ 73 റൺസ് നമ്മുടെ 18 വയസ്സുകാരന് എത്ര വിലപ്പെട്ടതായിരുന്നു എന്നു മനസ്സിലാവൂ. ഇന്ത്യൻ ദേശീയ ടീമിലെ ബൗളർമായിരുന്ന അനിൽ കുംബ്ലെ, വെങ്കിടേഷ് പ്രസാദ്, അർഷാദ് അയൂബ്, ആശിഷ് കപൂർ എന്നിവരായിരുന്നു അന്നു തെക്കൻ മേഖലക്ക് വേണ്ടി പന്തെറിഞ്ഞത്. ആ കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും ധ്രുവിനായിരുന്നു.
ഒഡിഷയിലെ സമ്പൽപ്പൂരിൽ നടന്ന ആ മത്സരം തോറ്റതോടെ വടക്കൻ മേഖല ടൂർണമെന്റിൽ നിന്ന് പുറത്തായി. പഞ്ചാബ് രഞ്ജി ട്രോഫി ടീമിലും ഉള്ളതിനാൽ ധ്രുവ് ഉടനെ തന്നെ പഞ്ചാബിലേക്കു മടങ്ങാൻ തയ്യാറെടുത്തു. അന്നു ടീമിലുണ്ടായിരുന്ന സീനിയർ ബൗളർ ചേതൻ ശർമ്മ ധ്രുവിനെ ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും ധ്രുവ് വഴങ്ങിയില്ല. അദ്ദേഹം വരാനിരിക്കുന്ന കളികൾ ‘മിസ്’ ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ല. പരമാവധി മത്സരങ്ങളിൽ പങ്കെടുത്തു, ഇതുവരെ കിട്ടാക്കനിയായി തുടരുന്ന ഇന്ത്യൻ ദേശീയ ടീമിലെ സ്ഥാനം കയ്യിലൊതുക്കാൻ അദ്ദേഹം ആഗ്രഹിച്ചു.
ധ്രുവ് ട്രെയിനിലാണ് പഞ്ചാബിലെ അംബാലയിലേക്ക് പോകുന്നത്. മാച്ച് ഫീ ആയി കിട്ടിയ കനത്ത തുക കയ്യിലിരിക്കുന്നത് സുരക്ഷിതമല്ല എന്ന് കരുതി അത് ക്രിക്കറ്റ് കിറ്റിലെ ലെഗ് പാഡിൽ ഒളിപ്പിക്കാൻ നിർദേശിച്ചത് ചേതൻ ശർമ്മ തന്നെയായിരുന്നു. ജനുവരി 31 രാത്രി അംബാലയിൽ ട്രെയിൻ ഇറങ്ങിയ ധ്രുവ് സ്വദേശമായ പട്ട്യാലയിലേക്കു പോകാൻ ഒരു കാർ വാടകക്കെടുത്തു. പക്ഷെ ധ്രുവ് തന്റെ വീട്ടിൽ എത്തിയില്ല. യാത്ര തുടങ്ങി അധികം താമസിയാതെ തന്നെ ആ കാർ അപകടത്തിൽപ്പെട്ടു. ധ്രുവ് പാണ്ഡോവും കാറിന്റെ ഡ്രൈവറും അപകടത്തിൽ കൊല്ലപ്പെട്ടു.
ധ്രുവിന്റെ മരണം മാതാപിതാക്കളെ ആകെ തകർത്തു കളഞ്ഞു. ധ്രുവിന്റെ ‘അമ്മ തന്റെ ഇളയ മകൻ ഇനിയൊരിക്കലും ക്രിക്കറ്റ് കളിക്കാതിരിക്കാൻ അവന്റെ ക്രിക്കറ്റ് കിറ്റ് കത്തിച്ചു കളഞ്ഞു. അച്ഛൻ എം.പി പാണ്ഡോവ് ക്രിക്കറ്റ് ഭരണചുമതലകളിൽ നിന്ന് വിട്ടു നില്ക്കാൻ തീരുമാനിച്ചു. പിന്നീട് സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം തിരിച്ചു വന്നു. ധ്രുവിനോടുള്ള ആദര സൂചകമായി പട്ട്യാലയിലെ ക്രിക്കറ്റ് ഗ്രൗണ്ടിന് ‘ധ്രുവ് പാണ്ഡോവ് സ്റ്റേഡിയം’ എന്ന് പേര് നൽകി. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ 2011 മുതൽ ‘ധ്രുവ് പാണ്ഡോവ് ട്രോഫി’ എന്ന പേരിൽ ഒരു U -19 ടൂർണമെന്റ് നടത്തി വരുന്നു.
ധ്രുവിന്റെ മരണം സംഭവിച്ചു കുറച്ചു കാലത്തിനു ശേഷം ചേതൻ ശർമ്മ ധ്രുവിന്റെ ഭവനം സന്ദർശിച്ചു. ധ്രുവിന്റെ ക്രിക്കറ്റ് കിറ്റ് ആ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നു എന്നറിഞ്ഞ അദ്ദേഹം അതിന്റെ ലെഗ് പാഡിൽ വെറുതെ ഒന്ന് തപ്പി നോക്കി. അതിൽ ധ്രുവിന്റെ അവസാനത്തെ മാച്ച് ഫീ ഭദ്രമായി ഇരിക്കുന്നുണ്ടായിരുന്നു!