എയർ ഇന്ത്യയെക്കുറിച്ച് പറയുവാൻ എല്ലാവർക്കും നൂറു നാവാണ്. കുറ്റങ്ങളായിരിക്കും കൂടുതലാളുകളും പറയുന്നതും. എന്നാല്‍ ഇന്ത്യന്‍ അഭിമാനമേന്തി ചിറക് വിടര്‍ത്തിയ ഒരു കാലമുണ്ടായിരുന്നു എയര്‍ ഇന്ത്യയ്ക്ക്. ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ആകാശത്തേക്ക് തലയുയര്‍ത്തി എയര്‍ ഇന്ത്യയെ നോക്കിയിരുന്ന ഒരു കാലം. ഇന്ന് നാം കാണുന്ന രണ്ടു വിഭാഗങ്ങളാണ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‌പ്രസും. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്ന് ചിലരെങ്കിലും ഓർത്തിട്ടുണ്ടാകും.’എയർ ഇന്ത്യ’യും ‘എയർ ഇന്ത്യ എക്‌സ്പ്രസ്സും’ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അറിയാത്തവർക്ക് മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഈ ലേഖനം കൊണ്ടുള്ള ഉദ്ദേശ്യം.
എയർ ഇന്ത്യ : സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവന ദാതാവാണ് എയർ ഇന്ത്യ. എയര്‍ ഇന്ത്യയുടെ ചരിത്രം ആരംഭിക്കുന്നത് ടാറ്റ എയര്‍ ലൈന്‍സില്‍ നിന്നുമാണ്. 1932 വരെ ടാറ്റ എയര്‍ ലൈന്‍സിന്റെ ഭാഗമായിരുന്ന എയര്‍ ഇന്ത്യയെ ഇന്ത്യന്‍ സര്‍ക്കാര്‍ വാങ്ങുകയായിരുന്നു. ഇന്ന് എയർ ഇന്ത്യ ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വിമാന സേവനം നല്കുന്നു. എയർബസ്സും ബോയിങ്ങും ആണ് ഉപയോഗിക്കുന്ന വിവിധ തരം വിമാനങ്ങൾ.
ഇന്ത്യയിൽ പ്രധാനമായും രണ്ട് പ്രധാന കേന്ദ്രങ്ങൾ എയർ ഇന്ത്യക്കുണ്ട്, അത് ഡെൽഹിയിലും മുംബൈയിലുമാണ്. കൂടാതെ അന്താരാഷ്ട്ര കേന്ദ്രം ജെർമനിയിലെ ഫ്രാങ്ക്ഫുർട്ട് വിമാനത്താവളത്തിലുമാണ്. മറ്റൊരു കേന്ദ്രം ലണ്ടനിലും ഉണ്ട് . 2007 ആഗസ്റ്റ് 13ന് സ്റ്റാർ അലയൻസ് എയർ ഇൻഡ്യയെ അവരുടെ ഒരു അംഗം ആകാനായി ക്ഷണിക്കുകയുണ്ടായി. മാർച്ച് 2011 ൽ എയർ ഇൻഡ്യ സ്റ്റാർ അലയൻസിന്റെ ഒരു മുഴുവൻ സമയ അംഗമായി.
രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എയര്‍ ഇന്ത്യ വണ്‍ (ഫ്‌ളൈറ്റ് നമ്പര്‍ AI 1) എന്ന ബോയിംഗ് 747-400 ആണ്. മോശം സര്‍വീസ് എന്നു പ്രവചനാതീതമെന്നും പരിഹാസരൂപേണ എയര്‍ ഇന്ത്യയെ നാം വിശേഷിപ്പിക്കുമെങ്കിലും, 2015 ലെ ബ്രാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട്ടില്‍ എയര്‍ ഇന്ത്യയാണ് രാജ്യത്തെ ഏറ്റവും വിശ്വസനീയമായ എയര്‍ലൈനെന്ന് കണ്ടെത്തിയിരുന്നു.
എയർ ഇന്ത്യ എക്സ്പ്രസ്സ് : കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ കുറഞ്ഞ നിരക്കിലുള്ള എയർലൈൻ അനുബന്ധമാണ് എയർ ഇന്ത്യ എക്സ്പ്രസ്സ്. മിഡിൽ ഈസ്റ്റിലേക്കും സൗത്ത് ഈസ്റ്റ് ഏഷ്യയിലേക്കും ആഴ്ച്ചയിൽ 175 സർവീസുകൾ നടത്തുന്നു. എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ ചാർട്ടേർസ് ആയിരുന്നു ഈ എയർലൈൻ സ്വന്തമാക്കിയിരുന്നത്. ഇപ്പോൾ എയർ ഇന്ത്യ നേരിട്ട് സ്വന്തമാക്കിയിരിക്കുന്നു.
2005 ഏപ്രിൽ 29-നു പ്രവർത്തനമാരംഭിച്ച എയർലൈനിൻറെ ആദ്യ വിമാനം തിരുവനന്തപുരത്തു നിന്നും അബുദാബി വരെ ആയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ്സിൻറെ ആദ്യ വിമാനം ബോല്ലിയോൺ ഏവിയേഷൻ സർവീസസിൽനിന്നും 2005 ഫെബ്രുവരി 22-നു വായ്പ അടിസ്ഥാനത്തിൽ ലഭിച്ച പുതിയ ബോയിംഗ് 737-86 വിമാനമാണ്. 2014 ഫെബ്രുവരി 20-നു എയർലൈനിനു ബോയിംഗ് 737-800 ഉൾപ്പെടെ 20 വിമാനങ്ങളുണ്ട്. എയർലൈനിൻറെ ആസ്ഥാനം കൊച്ചിയാണ്.
എയർ ഇന്ത്യ എക്സ്പ്രസ്സ് എല്ലാ യാത്രക്കാർക്കും ഉപചാരമായി ലഘു ഭക്ഷണങ്ങളും മിനറൽ വെള്ളവും നൽകുന്നു. സ്നാക്ക്സുകൾ, വായിക്കാനുള്ള പുസ്തകങ്ങൾ, മറ്റു വിനോദ കാര്യങ്ങൾ വിമാനത്തിൽനിന്നും വാങ്ങാവുന്നതാണ്. വിനീതരായ സ്റ്റാഫുകൾ നമുക്ക് നല്ല യാത്രാനുഭവം പകരാൻ സഹായങ്ങൾ നൽകാൻ സദാ തയ്യാറാണ്.
ലക്ഷ്യസ്ഥാനങ്ങൾക്കനുസരിച്ചു സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗ്ഗേജ് പരിധി നിശ്ചയിക്കുന്നു. ചെറിയ കുട്ടികൾക്ക് 10 കിലോഗ്രാം സൗജന്യ ബാഗ്ഗേജ് അനുവദിക്കും. ഓരോ യാത്രക്കാരനും കയ്യിൽ 7 കിലോഗ്രാമിൽ താഴേയുള്ള ചെറിയ ബാഗ് കൊണ്ടുപോവുന്നതും അനുവദനീയമാണ്. അതിൽ കൂടുതൽ ഹാൻഡ് ബാഗിൽ അനുവദനീയമല്ല. സൗജന്യ ബാഗ്ഗേജ് പരിധിയിൽ കൂടുതലുള്ള ബാഗ്ഗേജുകൾക്ക് അധിക പണം നൽകേണ്ടതാണ്. ഓരോ എയർ ഇന്ത്യാ എസ്ക്പ്രസ്സ് വിമാനത്തിന്റെയും ചിറകിൽ ഇന്ത്യൻ സംസ്കാരം, പാരമ്പര്യം ചരിത്രം എന്നിവ പ്രതിബിംബിക്കുന്ന വൈവിധ്യമാർന്ന ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.
കടപ്പാട് – വിക്കിപീഡിയ, വിവിധ മാധ്യമങ്ങൾ.