കാറിനോടൊപ്പം നിഗൂഢതയിലേക്ക് അപ്രത്യക്ഷരായ ദമ്പതികൾ

എഴുത്ത് – Ashly Varanathu.

1970 മെയ് മാസത്തിൽ ആണ് ഇന്നും ചുരുളഴിയാത്ത ഈ സംഭവം നടക്കുന്നത്. ചിക്കാഗോയിൽ താമസിക്കുന്ന Edward എന്നും Stephania Andrews എന്നും പേരുള്ള ദമ്പതികൾ അത്യാവശ്യം നല്ല സാമ്പത്തിക ജീവിത സാഹചര്യത്തിൽ ജീവിക്കുന്നവരും സന്തോഷപരമായ ജീവിതം നയിക്കുന്നവരും ആയിരുന്നു. പറയത്തക്ക ശത്രുക്കളോ സാമ്പത്തിക പരാധീനതയോ അവർക്കില്ല. 63 വയസ്സ് പ്രായമുള്ള അവർ 2 പേരും ഒരേ സ്ഥാപനത്തിൽ വ്യത്യസ്ത തസ്തികകളിൽ ജോലി ചെയ്യുന്നവരുമായിരുന്നു.

എല്ലാ വർഷവും നടക്കുന്നത് പോലെ അക്കൊല്ലവും ജീവനക്കാർക്കുവേണ്ടി ഒരു പാർട്ടി നടത്താൻ അവരുടെ കമ്പനി തീരുമാനിച്ചു. ഒരു മുന്തിയ ഹോട്ടലിൽ തന്നെ പാർട്ടിയും നിശ്ചയിച്ചു. കമ്പനി മുൻകൂട്ടി അറിയിച്ച പ്രകാരം നിശ്ചിത ദിവസം വൈകുന്നേരം ജോലി പാർട്ടിക്ക് വേണ്ടി അവർ തങ്ങളുടെ കാറിൽ ഹോട്ടലിലേക്ക് പുറപ്പെട്ടു. കൃത്യ സമയത്തു തന്നെ പാർട്ടി യിൽ പങ്കെടുത്തു. പാട്ടും കൂത്തും ഡാൻസും ഒക്കെ ആയി അവർ അവിടെ ആ രാത്രിയിൽ ആർത്തുല്ലസിച്ചു.

അങ്ങനെ പാർട്ടി നടക്കുമ്പോൾ ആണ്‌ എഡ്‌വാർഡിൽ നിന്നും പൊടുന്നനെ ഭാവവ്യത്യാസം കൂടെയുള്ളവർക്ക് feel ചെയ്തത്. ആദ്യം വളരെ സന്തോഷത്തോടെആയിരുന്നു പങ്കെടുത്തതെങ്കിലും ഇടയ്ക്കു Edward തനിക്കു എന്തോ ചെറിയ അസ്വസ്ഥത തോന്നുന്നു എന്ന് കൂട്ടുകാരോട് പറഞ്ഞു. പാർട്ടിയിൽ സത്കരിച്ച മദ്ധ്യം തലയ്ക്കു പിടിച്ചതാകാം എന്ന് കരുതി അത് ആരും കാര്യമാക്കി എടുത്തില്ല. അധികം വൈകാതെ അവർ പാർട്ടി തീരുന്നതിനു മുൻപ് തന്നെ തിരിച്ചു പോകാൻ തീരുമാനിച്ചു. പാർട്ടിയിൽ പങ്കെടുത്തിരുന്ന ഭാര്യയെയും കൂട്ടി പാർക്കിംഗ് ഏരിയയിൽ വന്നു കാർ എടുത്തു .

ധൃതിയിൽ വാഹനം എടുത്തു പോകുന്നതിനിടയിൽ കാറിന്റെ സൈഡ് നൈസ് ആയിട്ട് ഒന്ന് മതിലിൽ ഉരസി. എങ്കിലും, പോട്ട് പുല്ലു എന്ന രീതിയിൽ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ Edward കാർ ഓടിച്ചു കൊണ്ട് പോകുകയായിരുന്നു. “ഇതൊക്കെ എന്ത്.. ഇത് ചെറുത്‌” എന്ന ഒരു ഭാവം ഭാര്യയ്ക്കും. പിറ്റേ ദിവസം ആ ദമ്പതികളെ കുറിച്ച് കാണാനില്ല എന്ന പരാതി ആണ്‌ പോലീസിനു ലഭിച്ചത് . പോലീസ് തകൃതിയായി അന്വേഷിച്ചെങ്കിലും ദമ്പതികളെ കുറിച്ച് ഒരു അറിവും ലഭിച്ചില്ല. എന്തിനു, കാർ പോലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.

പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ഹോട്ടലിലെ ജീവനക്കാരെ ചോദ്യം ചെയ്തു. അവരിൽ നിന്നും കിട്ടിയ വിവരം ഇപ്രകാരാമായിരുന്നു: പോകാനായി കാർ എടുക്കുമ്പോൾ ഭാര്യ കരയുകയും ദയവു ചെയ്തു അങ്ങോട്ട്‌ ഡ്രൈവ് ചെയ്യരുതെന്ന് അപേക്ഷിക്കുന്നുമുണ്ടായിരുന്നു. എന്നാൽ ഭർത്താവു അത് ഒന്നും ശ്രദ്ധിക്കാതെ ഡ്രൈവ് ചെയ്യുകയായിരുന്നുവെന്ന് പാർക്കിംഗ് സെക്യൂരിറ്റി വെളിപ്പെടുത്തി. ആരോ നിയന്ത്രിക്കുന്നത് പോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ ഒരു ഭാവ വ്യത്യാസവും ഇല്ലാതെയായിരുന്നു എഡ്‌വേർഡ്‌ ഡ്രൈവ് ചെയ്തിരുന്നത് എന്നാണ് ജീവനക്കാർ പറഞ്ഞത്.

ആ സ്ത്രീ ഇടയ്ക്കു എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നെങ്കിലും അദ്ദേഹം അതൊന്നും കേൾക്കുന്നതായി പോലും തോന്നിയില്ല. വേറെ ഏതോ ഒരു ലോകത്തിൽ എത്തിപ്പെട്ട ഒരു ഭാവമായിരുന്നു അദ്ദേഹത്തിന്. ഹോട്ടൽ ഗേറ്റ് കടന്നു ഇരുട്ടിൽ ആ കാറും ദമ്പതികളും മറയുന്നതു വരെ ജീവനക്കാർ നോക്കി നിന്നു. പിന്നീട് ഒരിക്കലും ആരും ആ ദമ്പതികളെ കണ്ടിട്ടില്ല. കാർ ഓടിച്ചു കയറിയ ഇരുട്ടിൽ നിന്നും അവർ പിന്നീട് തിരിച്ചു വെളിച്ചത്തിലേകു വന്നതേയില്ല.

ഹോട്ടൽ ജീവനക്കാരിൽ നിന്നും ലഭിച്ച വിവരമനുസരിച്ചു പോലീസ് ഒരു നിഗമനത്തിൽ എത്തി. പാർട്ടിക്കിടയിൽ Edward നു ഉണ്ടായ അസ്വസ്ഥത മൂലം ആവാം അവർ നേരത്തെ പാർട്ടി തീരുന്നതിനു മുമ്പേ ഇറങ്ങിയത്. അതിലുള്ള അമർഷം കൊണ്ടാകാം ഭാര്യ കാറിൽ ഇരുന്നു തന്റെ വിഷമം പങ്കുവെച്ചത്. തനിക്കുള്ള അസ്വസ്ഥത കൊണ്ടും ടെൻഷൻ കാരണവും വാഹനം ഉരസിയത് അദ്ദേഹം കാര്യമാക്കിയില്ല.. പോകുന്നവഴി edward ന് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ സംഭവച്ചിരിക്കാം എന്നും നിയന്ത്രണം വിട്ട കാർ എന്തെങ്കിലും അപകടത്തിൽ പെട്ടിരിക്കാം എന്നും പോലീസ് ഊഹിച്ചു . അതനുസരിച്ചു അന്വേഷണം ആരംഭിച്ചു.

എന്നാൽ അന്വേഷണത്തിൽ അടുത്തുള്ള പ്രദേശങ്ങളിൽ ഒരിടത്തും ആ ദിവസം ഒരു ആക്സിഡന്റും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് മനസ്സിലായി. പാർട്ടി കഴിഞ്ഞു പോകുന്ന വഴിയിൽ ഒരു പാലം ഉണ്ട്.. ചിക്കാഗോ നദി യുടെ കുറുകെ പണിതിരിക്കുന്ന ആ പാലത്തിൽ കൂടി ആണ്‌ അവർ വീട്ടിലേക്കു പോകുന്നത്. വാഹനം പാലത്തിൽ ഇടിച്ചു നദിയിലേക്കു വീണിരിക്കാം എന്ന ഒരു സാധ്യതയും മുൻപോട്ടു വെച്ചു. എന്നാൽ പാലത്തിൽ അപകടം നടന്നതിന്റേതായ ഒരു സൂചനയും ലഭിച്ചില്ല. എങ്കിലും കാർ നദിയിൽ വീഴാൻ ആണ് സാധ്യത കൂടുതൽ എന്ന് അനുമാനിച്ചു പോലീസ് നദിയിൽ തിരച്ചിൽ നടത്തി. നദിയിൽ നിന്നും കുറെ വാഹനങ്ങൾ ലഭിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം.

നദിയിൽ നിന്നും കിട്ടിയ വാഹനങ്ങളിൽ ഇവരെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ കിട്ടുമോയെന്നു തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കൂടുതൽ ആഴത്തിൽ വരെ തെളിവിനായി തിരച്ചിൽ നടത്തി. കൂടുതൽ വ്യാപിച്ചു തിരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. അവരുടെ വീടുകളിൽ നിന്നും ഒന്നും മോഷണം പോയതായോ എന്തെങ്കിലും അസ്വാഭാവികമായി സംഭവിച്ചതായതോ ആയ ഒരു സാഹചര്യവും ഇല്ല എന്നും പോലീസ് മനസ്സിലാക്കി. ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ എന്ന് ഉള്ള സംശയത്തിനും അതോടെ പ്രസക്തി ഇല്ലാതായി.

കുറച്ചു ദിവസത്തെ അന്വേഷണത്തിന് ശേഷം ഒരു സാധാരണ മിസ്സിംഗ് കേസ് പോലെ അതും ഫയൽ ചെയ്യപ്പെട്ടു. എന്നാൽ വർഷങ്ങൾക്കു ശേഷം ഒരു സൈക്കോ ആയ ആൾ താൻ ഈ ദമ്പതികളെ കൊലചെയ്തു എന്നവകാശപ്പെട്ടുകൊണ്ട് രംഗത്തെത്തി. അതോടൊപ്പം മറ്റൊരു സൈക്കോ മനുഷ്യൻ കൂടി കൊലപാതകം നടത്തിയതായി അവകാശപ്പെട്ടു. ദമ്പതികളെ കൊന്നശേഷം കാർ ഉൾപ്പെടെ ഒരു കുളത്തിൽ തള്ളി എന്നായിരുന്നു അയാൾ പറഞ്ഞത്. എന്നാൽ ഇതുപ്രകാരം പോലീസ് നിരവധി തിരച്ചിലുകൾ നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. ഇതോടെ ഇവർ പറയുന്നത് വെറുതെയാണെന്നു ബോധ്യപ്പെട്ടു. 1978 ൽ ഈ ദമ്പതികളുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും അവർക്ക് എന്താണ് സംഭവിച്ചതെന്ന് ആർക്കും പറയാനായില്ല.

അവർ ടൈം ട്രാവലലിൽ പെട്ടു വേറെ ഏതേലും സ്ഥലകാലങ്ങളിലേക്ക് പോയിരിക്കാം എന്ന് പലരും വിശ്വസിക്കുന്നു. ശരിക്കും ആ രാത്രിയിൽ എന്താണ് സംഭവിച്ചത്? അവർ പോയത് മറ്റേതെങ്കിലും ലോകത്തേക്കായിരിക്കുമോ?പാർട്ടിയിൽ വിളമ്പിയ മദ്യം എല്ലാവരും കഴിച്ചതാണ്. വേറെ ആർക്കും ഒരു തരത്തിലും ഉള്ള പ്രശ്നം ഉണ്ടായിരുന്നില്ല. എന്ത് കൊണ്ടാണ് അദ്ദേഹം നിർവികാരൻ ആയി ഇരുന്നത്? അവർ എങ്ങോട്ടു ആണ് അപ്രത്യക്ഷർ ആയതു?

ബ്ലാക് ഹോൾ ഭൂമിയിൽ ഉണ്ടെന്നും അവർ അതിൽ അകപ്പെട്ടു മറ്റേതെങ്കിലും ലോകത്തു എത്തിപ്പെട്ടു എന്നും പോലുള്ള നിരവധി ഊഹാപോഹങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. എങ്കിലും ഈ ദമ്പതികൾ കാർ സഹിതം അപ്രത്യക്ഷരായതിന്റെ കാരണം ഇപ്പോഴും ചുരുളഴിയാത്ത രഹസ്യമായി തുടരുകയാണ്. ഇതിനെക്കുറിച്ചുള്ള വാർത്തകളുടെ ലിങ്കുകൾ –123.