രാവിലെ തന്നെ ഉറക്കമെഴുന്നേറ്റ സലീഷേട്ടൻ ആയിരുന്നു ഇന്ന് ഞങ്ങളെ പൊക്കിയെഴുന്നേൽപ്പിച്ചത്. റിസോർട്ടിലെ ഞങ്ങളുടെ റൂമിൽ നിന്നുള്ള കാഴ്ചകൾ അതിമനോഹരം തന്നെയായിരുന്നു. ഞങ്ങൾ വേഗം എഴുന്നേറ്റു റെഡിയായി പുറത്തേക്ക് ഇറങ്ങി. ആ സമയത്ത് അവിടെ രണ്ടു മൂന്നു ബസ്സുകളിലായി ആളുകൾ എത്തിച്ചേർന്നിരുന്നു. ഭൂരിഭാഗവും ഇന്ത്യക്കാർ തന്നെ. ഞങ്ങൾ അവരെയെല്ലാം പരിചയപ്പെടുകയുണ്ടായി. അവിടെ പുറത്തുള്ള കെട്ടിടങ്ങളിൽ കണ്ട ബോർഡിൽ നിന്നും ആ സ്ഥലത്തിന്റെ പേര് നോർബീഡിംഗ് എന്നാണെന്നു മനസിലാക്കി.
ഞങ്ങൾ താമസിച്ചിരുന്ന റിസോർട്ടിലെ റെസ്റ്റോറന്റിൽ രാവിലെ ബ്രേക്ക്ഫാസ്റ്റിനു ഓംലറ്റും ബ്രഡുമൊക്കെയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഞങ്ങൾക്ക് രാവിലെ തന്നെ അൽപ്പം ചോറ് കഴിക്കണമെന്ന മോഹം ഉണ്ടായിരുന്നതിനാൽ ഞങ്ങൾ അവിടെ നിന്നും ചോറ് കിട്ടുന്ന കട അന്വേഷിച്ചു ഇറങ്ങി. ഞങ്ങളെക്കാളും മുൻപേ തന്നെ സലീഷേട്ടൻ അവിടെ അടുത്തുള്ള ഒരു ഹോട്ടലിൽ ചെന്ന് ഞങ്ങൾക്കായുള്ള റൈസും കറികളുമെല്ലാം ഓർഡർ ചെയ്തിരുന്നു.
രാവിലെ തന്നെ മുളക് കറിയും കൂട്ടി ഞങ്ങൾ ചോറ് കഴിച്ചു. ഒപ്പം മുളക് ബജിയും ഓംലറ്റുമൊക്കെ ഓർഡർ ചെയ്തു സ്വാദോടെ കഴിക്കുകയുണ്ടായി. നല്ല ഉയരത്തിൽ നിൽക്കുന്നത് കൊണ്ടാണോ എന്തോ ഞങ്ങൾക്ക് രാവിലെ തന്നെ നല്ല വിശപ്പ് അനുഭവപ്പെട്ടിരുന്നു. നല്ല കിടിലൻ ഫുഡും കഴിച്ചു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. അപ്പോഴേയ്ക്കും ചെറുതായി മഴ പെയ്യുവാൻ തുടങ്ങിയിരുന്നു. മഴയെ വകവെയ്ക്കാതെ ഞങ്ങൾ അടുത്ത സ്ഥലം അന്വേഷിച്ചു യാത്ര തുടങ്ങി.
കാട്ടിലൂടെയുള്ള മലഞ്ചെരിവിലെ ചുരം റോഡിൽക്കൂടി ആയിരുന്നു ഞങ്ങളുടെ പ്രയാണം. കുറച്ചു ദൂരം ചെന്നപ്പോൾ അന്തരീക്ഷത്തിൽ മൊത്തം കോടമഞ്ഞു മൂടി. ഭൂട്ടാന്റെ സ്വിറ്റ്സർലാൻഡ് എന്നറിയപ്പെടുന്ന പോബ്ജിക്കാ വാലി എന്ന സ്ഥലത്തേക്കായിരുന്നു ഞങ്ങളുടെ യാത്ര. പോകുന്ന വഴിയിൽ അധികം ആരെയും ഞങ്ങൾ കണ്ടിരുന്നില്ല. ഇന്ത്യൻ ടൂറിസ്റ്റുകൾ അധികമാരും വരാത്ത ഏരിയയാണെന്നു തോന്നുന്നു. എന്തായാലും ഞങ്ങൾ അവിടേക്ക് തന്നെ യാത്ര ഉറപ്പിച്ചു.
പോകുന്ന വഴിയിൽ ഒരിടത്ത് നമ്മുടെ വാഗമണിലെ പോലെ മൊട്ടക്കുന്നുകൾ കാണപ്പെടുകയുണ്ടായി. അവിടുന്ന് പോബ്ജിക്ക വാലിയിലേക്ക് 13 കിലോമീറ്ററോളം ദൂരമുണ്ടെന്നു ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ ഞങ്ങൾക്ക് മനസ്സിലായി. അവിടെ നല്ല തണുപ്പും കാറ്റുമൊക്കെ അനുഭവപ്പെട്ടിരുന്നതിനാൽ ഞങ്ങൾ തണുപ്പിനെ ചെറുക്കാനുള്ള ജാക്കറ്റും കൈയുറകളും ഒക്കെ എടുത്തു ധരിച്ചു. അവിടെ താഴ്വാരത്ത് ഒരു യാക്ക് മേഞ്ഞു നടക്കുന്ന കാഴ്ച ഞങ്ങൾക്ക് പുതിയ ഒരനുഭവമായി മാറി.
അവിടെ നിന്നും വീണ്ടും ഞങ്ങൾ യാത്ര തുടർന്നു. പിന്നീടുള്ള റോഡിന്റെ കണ്ടീഷൻ അൽപ്പം മോശമായിരുന്നു. റോഡിനിരുവശത്തും സൈപ്രസ് മരങ്ങൾ നിന്നിരുന്നതിനാൽ ആ റോഡ് വളരെ ഫോട്ടോജെനിക് ആയിരുന്നു. ഞങ്ങൾ അവിടെ വണ്ടി നിർത്തി വണ്ടിയുടെയും ഞങ്ങളുടേയുമൊക്കെ ഫോട്ടോകൾ എടുത്തു. പിന്നീട് ഞങ്ങൾ അവിടെ നിന്നും നടന്നുകൊണ്ട് കയറുവാൻ ആരംഭിച്ചു. കുറച്ചു നേരം നടന്നുകൊണ്ട് അവിടത്തെ കാഴ്ചകളൊക്കെ ആസ്വദിച്ച ശേഷം ഞങ്ങൾ വീണ്ടും കാറിൽക്കയറി യാത്രയായി.
അങ്ങനെ ഞങ്ങൾ പോബ്ജിക്കാ വാലിയിൽ എത്തിച്ചേർന്നു. ഭൂട്ടാന്റെ സ്വിറ്റ്സർലൻഡ് എന്നു വിളിക്കുന്നതിൽ തെറ്റൊന്നും ഇല്ലെന്നു ഞങ്ങൾക്ക് മനസ്സിലായി അവിടം കണ്ടപ്പോൾ. താഴെ താഴ്വരയിൽ പച്ചപ്പാർന്ന പാടങ്ങളും അതിനടുത്തായി ചെറിയ ചെറിയ വീടുകളുമൊക്കെ നല്ല കിടിലൻ ഫ്രെയിം തന്നെയായിരുന്നു. ഞങ്ങൾ അവിടെ നിന്നുകൊണ്ട് കുറെ ഫോട്ടോകൾ എടുത്തു. അങ്ങനെ ഫോട്ടോകൾ എടുത്തുകൊണ്ട് നിൽക്കുന്നതിനിടെ വഴിയരികിൽ നിന്നിരുന്ന ചെടികൾക്കിടയിലെ പഴങ്ങളിൽ ഞങ്ങളുടെ ശ്രദ്ധ പെട്ടു. അത് എന്താണെന്നു നോക്കിയപ്പോഴാണ് സ്ട്രോബറി പഴങ്ങളാണ് അവയെന്ന് മനസ്സിലായത്. സലീഷേട്ടൻ ഒരെണ്ണം എടുത്തു രുചിച്ചു നോക്കുകയും ചെയ്തു. താഴെ താഴ്വാരത്തുള്ള കൃഷികളിൽ പ്രധാനവും സ്ട്രോബറി ആണെന്നു തോന്നുന്നു. അങ്ങനെ ഞങ്ങൾ താഴേക്ക് സഞ്ചരിച്ചു.
താഴ്വാരത്തെത്തിയപ്പോൾ ആയിരുന്നു ആ സ്ഥലത്തിന്റെ മനോഹാരിത ഞങ്ങൾക്ക് പൂർണ്ണമായും ബോധ്യമായത്. ഞങ്ങൾ അവിടെയൊരിടത്ത് വണ്ടി നിർത്തി ഗ്രാമക്കാഴ്ചകൾ കണ്ടുകൊണ്ട് നടന്നു. അവിടത്തെ ആളുകളുടെ വീടുകൾ കല്ലും തടിയും ഉപയോഗിച്ച് നിർമ്മിച്ചതായിരുന്നു. അവിടത്തുകാരെല്ലാം പാവപ്പെട്ട ആളുകളായിരുന്നതിനാൽ വീടുകളെല്ലാം സാധാരണ രീതിയിലുള്ളവയായിരുന്നു. പക്ഷെ അവയുടെ ഭംഗി ഒന്നു വേറെ തന്നെയായിരുന്നു.
ഞങ്ങൾ കാഴ്ചകൾ കണ്ടുകൊണ്ട് അവിടെ നിൽക്കുന്നതിനിടെ സ്കൂൾ കുട്ടികളുമായി മൂന്നു സ്കൂൾ ബസ്സുകൾ അതുവഴി കടന്നുപോയി. എവിടെയൊക്കെയോ എന്തൊക്കെയോ മത്സരങ്ങളിൽ വിജയിച്ചു ട്രോഫിയൊക്കെയായി വളരെ സന്തോഷത്തോടെയായിരുന്നു അവർ പോയിരുന്നത്.
മുകളിലെ വഴിയരികിൽ സ്ട്രോബറി പഴങ്ങൾ കണ്ടതിനാൽ താഴെയുള്ള കൃഷിയിടങ്ങളിൽ സ്ട്രോബറി തന്നെയായിരിക്കും എന്നായിരുന്നു ഞങ്ങൾ വിചാരിച്ചിരുന്നത്. എന്നാൽ ഞങ്ങളുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് അവിടത്തെ കൃഷി ഉരുളക്കിഴങ്ങ് ആയിരുന്നു എന്ന് മനസിലാക്കി. അവിടെ ധാരാളം ഹോംസ്റ്റേകൾ സ്ഥിതി ചെയ്യുന്നുണ്ടായിരുന്നു. കൃഷിത്തോട്ടങ്ങൾക്ക് നടുവിലായുള്ള ആ ഹോം സ്റ്റേകളിൽ താമസിക്കുന്നത് വളരെ രസകരമായിരിക്കും.
ചെറിയൊരു ഗ്രാമമായിരുന്നെങ്കിലും അവിടെ ആരെയും പുറത്ത് കാണുന്നുണ്ടായിരുന്നില്ല. ഞങ്ങൾ കാഴ്ചകളൊക്കെ കണ്ടതിനു ശേഷം പോബ്ജിക്ക വാലിയിൽ നിന്നും ട്രോംഗ്സ എന്ന സ്ഥലത്തേക്ക് യാത്രയായി. കിഴക്കൻ ഭൂട്ടാനിലൂടെയായിരുന്നു ഞങ്ങളുടെ സഞ്ചാരം. അവിടേക്കുള്ള യാത്രയ്ക്കിടെ മോശമായ കണ്ടീഷനിലുള്ള വഴികളിലൂടെയൊക്കെ ഞങ്ങൾ കടന്നുപോകുകയുണ്ടായി. നല്ല പറപ്പിക്കൽ വീരനായിരുന്ന എമിൽ വളരെ പതുക്കെയായിരുന്നു അതുവഴി വണ്ടിയോടിച്ചിരുന്നത്.
ചിലയിടങ്ങളിലൊക്കെ റോഡ് ഇല്ലായെന്നു തന്നെ പറയാം. മഴ പെയ്താൽ അതിലൂടെയുള്ള യാത്ര അതികഠിനം തന്നെയായിരിക്കും എന്നു ഞങ്ങൾ മനസ്സിലോർത്തു. അങ്ങനെ പോകുന്നതിനിടെ വഴിയരികിൽ മനോഹരമായ ഒരു വെള്ളച്ചാട്ടം ഞങ്ങൾ കാണുകയുണ്ടായി. ഞങ്ങൾ അവിടെ വണ്ടി നിർത്തി ഫോട്ടോസും വീഡിയോയുമൊക്കെ എടുത്തു. നല്ല തണുപ്പായിരുന്നു ആ വെള്ളത്തിന്. അതുകൊണ്ട് അവിടെ കുളിക്കുവാനുള്ള മോഹം ഞങ്ങൾ മനസ്സിലൊതുക്കി വീണ്ടും യാത്രയായി.
അങ്ങനെ പോയിപ്പോയി ഞങ്ങൾ ഒരു പാലത്തിലൂടെ ഭയാനകമായ രീതിയിൽ ഒഴുകിയിരുന്ന നദി മുറിച്ചു കടന്നു. അവിടെ ഒരു ചെക്ക്പോസ്റ്റ് ഉണ്ടായിരുന്നു. ഞങ്ങൾ ആ ചെക്ക്പോസ്റ്റിൽ വണ്ടി നിർത്തി പെർമിറ്റ് ഒക്കെ കാണിച്ചു എന്റർ ചെയ്യുകയുണ്ടായി. പിന്നീടുള്ള വഴി മൊത്തം ചെളിയായിരുന്നു. എങ്ങാനും തെന്നിമാറിയാൽ താഴെ കൊക്കയിലേക്കായിരിക്കും പതിക്കുക. വളരെ കഷ്ടപ്പെട്ടുകൊണ്ട് സുരക്ഷിതമായി എമിൽ വാഹനമോടിച്ചു.
ട്രോംഗ്സ നഗരത്തിൽ എത്തിയപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു. അവിടെ കണ്ട ഒരു നല്ല ഗസ്റ്റ് ഹൗസിൽ ഞങ്ങൾ താമസിക്കുവാനായി റൂമെടുത്തു. 2500 രൂപ ഡബിൾ റൂമിനും, മൂന്നാമത്തെയാൾക്ക് എക്സ്ട്രാ 700 രൂപയുമായിരുന്നു അവർ ചാർജ്ജ് പറഞ്ഞിരുന്നത്. ഞങ്ങൾ ഹോട്ടലുകാരുമായി സംസാരിച്ചു മൊത്തം 2700 രൂപയ്ക്ക് സംഭവം ഉറപ്പിച്ചു. ചുരങ്ങളിലൂടെയുള്ള കഠിനമായ യാത്രകൾ ഞങ്ങളെ വളരെയധികം ക്ഷീണിതരാക്കിയിരുന്നു. അതിനാൽ വേഗം ഡിന്നർ കഴിച്ചിട്ട് ഞങ്ങൾ ഉറങ്ങുവാൻ കിടന്നു. ട്രോംഗ്സയിലെ പകൽക്കാഴ്ചകളൊക്കെ അടുത്ത ദിവസം കാണണം. ആ വിശേഷങ്ങളൊക്കെ അടുത്ത എപ്പിസോഡിൽ വായിക്കാം.
Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.