കർണാടക – ഗോവ അതിർത്തിയിലെ പാൽക്കടൽ കാണുവാൻ

വിവരണം – Shamsu Polnnath.

ചില യാത്രകൾ ആകസ്മികമാവാം അല്ലെങ്കിൽ പ്ലാനിങ് ആവാം. ഒരു മാസം മുമ്പ് പ്ലാൻ ചെയ്ത മറ്റൊരു ടീമിന്റെ കൂടെയുള്ള യാത്രയിൽ അവസാന നിമിഷം പോവാൻ പറ്റാത്ത നിരാശയിൽ ഇരിക്കുമ്പോൾ നമ്മുടെ യാത്ര ചങ്ക് രാഹുൽ ബേപ്പൂരിന്റെ ഒരു കോളിൽ പ്ലാൻ ചെയ്ത യാത്രയാണിത്.

ഗോവ – കർണാടക അതിർത്തിയിൽ മാണ്ഡവി നദിയിൽ സ്ഥിതി ചെയ്യുന്ന 1017 അടി ഉയരമുള്ള ഈ വെള്ളചാട്ടം ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ അഞ്ചാമത്തെയും, ലോകത്തിലെ 227 സ്ഥാനത്തും നിൽക്കുന്നു. ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്നും 60 km അകലെയാണിത്. മൂന്ന് മാർഗ്ഗങ്ങളാണു ഇങ്ങോട്ട് എത്തിപെടാനുള്ളത്. ഒന്നാമത്തെ ട്രെയിനിൽ യാത്ര ചെയ്ത് ദുധ്‌സാഗറിന്റെ അടുത്ത് ഇറങ്ങുക, രണ്ടാമത്തെ ഗൈഡിന്റെ സഹായത്തോടെ കാട്ടിലൂടെയുള്ള ട്രെക്കിങ്, അവസാനത്തെ കുലേം സ്റ്റേഷനിൽ നിന്നും ജീപ്പിലുള്ള യാത്ര (ഇതിനു ഒക്ടോബർ വരെ കാത്തിരിക്കണം. ജീപ്പ് മുറിച്ചു കടക്കുന്ന നദിയിൽ മൺസൂൺ സമയത്തു വെള്ളം അധികമായതിനാൽ ട്രെക്കിങ് അനുവദിക്കുകയില്ല). രണ്ടാമത്തെ നമ്മുടെ കീശ കാലിയാകുന്ന ഏർപ്പാടാണ്. ഞങ്ങൾ പോകുന്നത് ആദ്യത്തെ മാർഗമാണ്. ഇത് നിയമ വിരുദ്ധമാണെന്നു ഓർമിപ്പിക്കട്ടെ.

രണ്ട് ആഴ്ചത്തെ പ്ലാനിങ്ങിന് ശേഷം ആഗസ്ത് 3 എത്തി. നേരത്ത തന്നെ ടിക്കറ്റ് റിസർവ് ചെയ്തതിനാൽ തിരക്ക് പിടിക്കാതെ കോഴിക്കോട് എത്തി. തിരുവനന്തപുരത്തു സ്ഥിരതാമസമാക്കിയ മലപ്പുറം സ്വദേശി രൂപേഷ് നേരത്തെ തന്നെ ഞങ്ങളെയും കാത്തു അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം നല്ലൊരു വൈൽഡ് ഫോട്ടോഗ്രാഫറും കൂടിയാണ്. പിന്നെ നമ്മുടെ മുഫി, യാത്ര പ്രാന്തൻ രാഹുൽ, മറ്റൊരു യാത്ര പ്രാന്തൻ മുസ്തഫയും അവന്റെ സുഹൃത് ലിബാനും പിന്നെ യാത്രയെ ഒരുപാട് ഇഷ്ട്ടപെടുന്ന എന്റെ വൈഫും. ഒരാളും കൂടി ഉണ്ടായിരുന്നു പക്ഷെ അദ്ദേഹത്തിന് അവസാനനിമിഷം ഹോസ്പിറ്റൽ കേസ് വന്നു വരാൻ പറ്റിയില്ല.

5.15 ന്റെ ദിവസേനയുള്ള നേത്രാവതിയിലാണ് ഞങ്ങൾ കയറിയത്. ഇതിന്റെ ശേഷം 6.30 ന് സ്‌പെഷ്യൽ ട്രെയിൻ ഉണ്ട്‌. ബുധനാഴ്ച്ച മാത്രമുള്ളത്. ഇനി മഡ്‌ഗോണിലേക്കു… അവിടെ യിറങ്ങിയതിനു ശേഷമാണ് പാൽകടലിലേക്കുള്ള യാത്ര. കേരളത്തിൽ നിന്ന് യാത്ര പോകുന്നവർക്കുള്ള നല്ല മാർഗ്ഗം നേത്രാവതി കയറിയിട്ട് മഡ്‌ഗോണിൽ എത്തുന്നതാണ്. ട്രയിനിൽ കയറി രാജകീയമായി ഇരിക്കുമ്പോൾ ttr വന്നു ടിക്കറ്റ് ചോദിച്ചു. പോക്കറ്റിൽ ടിക്കറ്റില്ല. രാഹുൽ ടിക്കറ്റ് വീട്ടിൽ നിന്ന് എടുക്കാൻ മറന്നു. ആകെ പുലിവാല്. അവസാനം ttr കുറെ ഉപദേശം തന്നു പോയി. പിന്നെ പരസ്പരം മിണ്ടിയും തമാശ പറഞ്ഞും യാത്ര. നാളയുടെ യാത്ര സ്വപ്നം കണ്ട് ഉറക്കത്തിലേക്ക്.

ലേറ്റായിട്ട് വന്നതെങ്കിലും മൂപ്പര് കൃത്യ ടൈമിന് തന്നെ ഞങ്ങളെ മഡ്‌ഗോണിൽ എത്തിച്ചു. ഇനി 7 മണിക്കാണ് ട്രെയിൻ. സമയം ഒരു പാട് ഉണ്ട്‌. ഒന്ന് എല്ലാവരും ഫ്രഷാവാൻ പോയി. സ്റ്റേഷനിൽ തന്നെയുള്ള ഹോട്ടലിൽ നിന്നും രാവിലത്തെ ഫുഡ് കഴിച്ചു കാത്തിരിപ്പായി.

രാവിലെ 7 മണിക്കുള്ള അമരാവതിക്കുള്ള ടിക്കറ്റ് എടുത്ത്, മൂന്നാം പ്ലാറ്റഫോമിൽ പോയപ്പോൾ ഭയങ്കര തിരക്ക്. ഇതൊക്ക അങ്ങോട്ട് ഉള്ളവരാണോ? ഒന്ന് ശങ്കിച്ചെന്ക്കിലും ഏതായാലും ട്രെയിൻ വന്നു. അടിപിടി കൂടി ട്രെയിനിൽ കയറിപറ്റി. ഇനി സ്വപ്നത്തിലേക്കുള്ള യാത്ര. മഡ്‌ഗോണിൽ നിന്നും ഏകദേശം 60 km അപ്പുറത്തുള്ള castle rock സ്റ്റേഷനിലേക്കാണ് ടിക്കറ്റ് എടുത്തത്. ഒരാൾക്കു 50രൂപ. ദൂദ്‌സാഗർ സ്റ്റേഷൻ അല്ലത്തതുകൊണ്ടാണ് ഇങ്ങനെ എടുക്കുന്നത്. യാത്ര തുടങ്ങി പോകുമ്പോൾ തന്നെ വെസ്റ്റേൺ ഘട്ടിന്റെ സൗന്ദര്യം നമ്മുക്ക് ആസ്വദിക്കാം.

ദുധ്‌സാഗറിന്റെ ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ കുലേം എത്തി. ഇവിടെ നിന്ന് 11 km ദൂരമുണ്ട് വെള്ളച്ചാട്ടത്തിലേക്ക്. ഇനി സൊനാലിയം, അത്‌ സ്റ്റേഷൻ അല്ല. എന്നാലും അവിടെ ഒരു മിനിറ്റ് നിറുത്തും .കുറെ പേർ അവിടെ ഇറങ്ങി. ഞങ്ങളോട് ഇറങ്ങിക്കോളി ദുധ്‌സാഗർ നിറുത്തില്ല എന്ന് പറഞ്ഞു അവർ ഇറങ്ങി. അവർക്കു ഇനി മൂന്ന് കിലോമീറ്റർ നടക്കണം വെള്ളച്ചാട്ടത്തിലേക്ക്. പ്രതീക്ഷകൾ അല്ലെ നമ്മെ നയിക്കുന്നത്. നിറുത്തും എന്ന വിശ്വാസത്തിൽ ഞങ്ങൾ കാത്തിരുന്നു.

കുറെ ദൂരം പോയപ്പോൾ പാൽക്കടലിന്റെ ദൂര കാഴ്ച്ച ഞങ്ങളെ ആവേശത്തിലാക്കി. പിന്നെ കാത്തിരുന്ന സമയമെത്തി. വെള്ളച്ചാട്ടത്തിന്റെ അടുത്തുകൂടെ പോയപ്പോൾ ആവേശം കൊടുമുടിയിലെത്തി. ട്രെയിനിന്റെ വേഗത കുറഞ്ഞു വരുന്നത് ഞങ്ങളെ സന്തോഷിപ്പിച്ചു. ഇടക്ക് വരുന്ന ടണലുകളെ പിന്നീട് ദൂദ്സാഗർ എന്ന് എഴുതിയ പഴയ ബിൽഡിങ് കണ്ടപ്പോൾ ആവേശം കൊണ്ട് എല്ലാവരും ഇറങ്ങാൻ റെഡിയായിരുന്നു. പക്ഷെ ട്രെയിൻ നിറുത്തുന്നില്ല പണി പാളിയോ പടച്ചോനെ? അവസാനം നിരങ്ങി നിരങ്ങി അവൻ നിന്നു. സമയം കളയാതെ തന്നെ പുറത്തേക്കു ഇറങ്ങി. ഉടനെ തന്നെ ഞങ്ങളെ യാത്രയാക്കി അമരാവതി എക്സ്പ്രസ്സ് കടന്നു പോയി.

വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് ആവേശത്തോടെ നടക്കുമ്പോൾ മുന്നിൽ RPF കുറേ പേരെ തടഞ്ഞു നിറുത്തി ചോദ്യം ചെയ്യുന്നു. നിരാശയോടെ നോക്കി നിന്നു. പിന്നെ രണ്ടും കല്പിച്ചു അങ്ങോട്ട് നടന്നു. അതിനിടക്ക് ഞങ്ങൾ മലയാളിയായ ജീവനക്കാരനെ അവിടെ കണ്ടു. കുറെ സംസാരിച്ചപ്പോൾ കുഴപ്പമില്ല നിങ്ങൾ കാത്തിരിക്കൂ എന്ന് പറഞ്ഞു. എല്ലാവരുടെയും മുഖത്ത് ആശ്വാസത്തിന്റെ ചിരി വന്നതിനു അൽപ്പ ആയുസു മാത്രമേ ഉള്ളു എന്ന് പിന്നെയാണ് മനസിലായത്.

RPF ഞങ്ങളോട് ഹിന്ദിയിൽ എന്തൊക്കയോ ചോദിച്ചു. അറിയാവുന്ന ഭാഷയിൽ ഞങ്ങളും പറഞ്ഞു. ഞങ്ങളുടെ ഭാഷ അങ്ങേർക്കും അദ്ദേഹത്തിന്റെതു തിരിച്ചും മനസിലാവാത്തകൊണ്ടാവും ഞങ്ങളോട് പിന്നെ ഒന്നും പറഞ്ഞില്ല. മുന്നിലുള സംഘത്തോട് എന്തൊക്കയോ പറഞ്ഞു അവരെ വിട്ടു. പിന്നെ ഞങ്ങളോട് 5 മിനിറ്റ് അവിടെ നിൽക്കാം പിന്നെ വേഗം പോകണം എന്ന് പറഞ്ഞു. ഞങ്ങൾക്ക് ഒരു പുഞ്ചിരിയും സമ്മാനിച്ച് ഞങ്ങളെയും പോവാൻ അനുവദിച്ചു.

അങ്ങനെ ദുധ്‌സാഗറിന്റെ കാഴ്ചയിലേക്ക് നടത്തം തുടങ്ങി. ആദ്യം തന്നെ നമ്മുക്ക് ഇടിഞ്ഞു പൊളിഞ്ഞ മേൽക്കൂരയില്ലാത്ത കരിങ്കല്ലിൽ പണിത ദുധ്‌സാഗർ എന്ന് എഴുതിയ കെട്ടിടം കാണണം. അവിടെ നിന്ന് ഫോട്ടോ പിടുത്തം കഴിഞ് നമ്മൾ ഒരു ടണലിലേക്കു പ്രവേശിക്കുന്നു. നല്ല നീളമുള്ള, കൂരിരുട്ട് നിറഞ്ഞ ടണലിലൂടെ നടത്തം പേടി പെടുത്തുന്നതാണ്. ഇടയ്ക്കു മുകളിൽ നിന്ന് വീഴുന്ന വെള്ള തുള്ളികൾ കുളിര് പകർന്നു,ദൂരെ വെള്ളച്ചാട്ടത്തിന്റെ സൗണ്ട് കേട്ടപ്പോൾ നടത്തത്തിന്റെ വേഗത കൂടി. അല്പം ദൂരം കൂടി പോയപ്പോൾ കോടയിൽ മുങ്ങിയ പാൽകടലിനെ ഞങ്ങൾ കണ്ടു ,ഒരുപാട് പേർ അവിടെ നില്കുന്നത് കണ്ടു ആവേശത്തോടെ ഞങ്ങൾ അവിടെക്കുനടന്നു..

1017 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന പാൽ വെള്ളം വാക്കുക്കൾക്കു അപ്പുറത്തുള്ള കാഴ്ചയാണ് സമ്മാനിച്ചത് .കോടയും ,വെള്ള തുള്ളികളും ഞങ്ങളുടെ ക്യാമറക്കും ,ഫോണിനും ഒരുപാട് സമയം ഫോട്ടോ പിടുത്തം അനുവദിച്ചില്ല .എന്നാലും കുറെയൊക്കെ എടുത്തു ,അവിടെ സാമാന്യം നല്ല തിരക്കുള്ളതിന്നാൽ അവിടെ നിന്ന് വേഗം പോവാൻ എല്ലാവരോടും rpf ക്കാർ പറയുന്നുണ്ടായിരുന്നു.ഞങ്ങൾ കുറച്ചു നേരം അവിടെ നിന്ന് ,സൊണാലിയത്തിലേക്കു നടത്തം തുടങ്ങി .അവിടേക്കു 3km ദൂരമുണ്ട് ,അതിനിടയ്ക്കാണ് നമ്മൾ ഒരുപാട് വിഡിയോയിൽ കണ്ട വെള്ളച്ചാട്ടത്തിന്റെ ആ അതിമനോഹരമായ ദൂര കാഴ്ച്ച. ഒന്നര കിലോമീറ്റർ നടന്നപ്പോൾ തന്നെ ഞങ്ങൾക്ക് ആ മനോഹര കാഴ്ച്ച കിട്ടി .ഒരു ഗുഡ്സ് ട്രെയിനിന്റെ പഴച്ചാത്തലത്തിൽ മനോഹരമായ വെള്ളച്ചാട്ടത്തിന്റെ ഫ്രെയിം …ഇനി സൊനാലിയം ലക്ഷ്യമാക്കി നടത്തം .

ഞങ്ങൾ ട്രെയിൻ ഇറങ്ങി 4km നടന്നതിന് ശേഷം സൊനാലിയം എത്തി .11.30ന് castl rock വഴി വരുന്ന ട്രെയിനിന് വേണ്ടി കാത്തിരുന്നു ,ഇത് സ്റ്റേഷൻ ഒന്നുമല്ല പക്ഷെ ഇവിടെ ട്രെയിനുകൾ എല്ലാ ഒരു മിനുട്ട് നിറുത്തും അതിൽ കയറി നമുക്ക് മഡ്‌ഗോണിലേക്കോ ,കുലേമിലേക്കോ പോവാം.ഒരു പാട് ഗുഡ്സ് ട്രെയിനും ഇത് വഴി പോവുന്നുണ്ട് .

11.30 ന്റെ ട്രെയിൻ 1.30കഴിഞ്ഞിട്ടും വരാത്തതിനാൽ ഞങ്ങൾ കുലേം സ്റ്റേഷനിലേക് നടക്കാൻ തീരുമാനിച്ചു 5.30ന്റെ മംഗളയിൽ കോഴിക്കോട് പോവാൻ ടിക്കറ്റ് റിസർവ് ചെയ്തിട്ടുണ്ട് .അതു മിസ്സാവുമോ എന്ന് സംശയം കാരണം നടത്തം തുടങ്ങി ,ഇവിടെ നിന്ന് 8km ദൂരമുണ്ട് ഞങ്ങൾക്കു നടക്കാൻ .കുറെ പേർ അവിടെത്തന്നെ നിന്നു ,ഞങ്ങൾക്ക് മുൻപ് കുറെ പേർ നടത്തം തുടങ്ങിയിരുന്നു അവരെ പിന്നിലാക്കി നടത്തം തുടങ്ങി.ഇടക്ക് കുലേം സ്റ്റേഷനിൽ ഇറങ്ങി ദൂദസാഗറിലേക്കു നടക്കുന്നവരെയും കണ്ടു. അവർക്കു ഒരു പുഞ്ചിരി നൽകി ,അവരൊക്കെ എപ്പോ എത്തുമെന്ന് ആലോചിച്ചു ഞങ്ങൾ നടന്നു .

റെയിൽ പാലത്തിലൂടെ നടക്കുന്നതും ,മുറിച്ചു കടക്കുന്നതും ശിക്ഷാഹാർഹമാണ് .നമ്മൾ വിചിരിക്കുന്നതുപോലെ എളുപ്പമല്ല ട്രാക്കിലൂടെ നടക്കുന്നത് എന്ന് അൽപ്പം ദൂരം പിന്നിട്ടപ്പോൾ തന്നെ മനസിലായി.ട്രാക്കിന്റെ ഇടക്കുള്ള പാളം ഉറപ്പിച്ച കോൺക്രീറ്റ് അടുത്ത് വെച്ചത് കൊണ്ട് സ്പീഡിൽ നടക്കാൻ ഭയങ്കര ബുദ്ധിമുട്ട് .ഇടയ്ക്കു ട്രാക്കിന്റെ പുറത്തു കൂടെയുള്ള നടത്തം കാലിന്റെ വേദന കുറച്ചു ,അനുകൂല കാലാവസ്ഥ ഞങ്ങളെ ഒരുപാട് സഹായിച്ചു .ആശ്വാസത്തിന് കിലോമീറ്റർ അടയാളപെടുത്തിയ സൂചന ബോർഡുകളിലേക്കു നോക്കി അതു മാത്രമാണ് ദൂരം എത്രയാണന്നു മനസിലാക്കാനുള്ള ഏക മാർഗം.

അതിനിടക്ക് ദൂരെ നിന്നും ട്രെയിനിന്റെ സൗണ്ട് കേട്ടപ്പോൾ പണി പാളിയോ എന്ന് തോന്നി .പിന്നെ സൗണ്ട് കേൾക്കാത്തതുകൊണ്ടു ആശാസ്വമായി .ഇടയ്ക്കു ഞങ്ങളെ കടന്നു കാസിൽ റോക്കിലേക്കു ഗുഡ്സ് ട്രെയിൻ പോയി. നടത്തം തുടങ്ങി ഏകദേശം 1.15 മണിക്കൂർ പിന്നിട്ടപ്പോൾ ദൂരെ നിന്നും വീണ്ടും ട്രെയിനിന്റെ സൗണ്ട്. അതു പിന്നെ അടുത്ത് അടുത്ത് വരുന്നു. കുലേം സ്റ്റേഷനിൽ നിന്ന് ഏകദേശം അരകീലോമീറ്റർ അകലെയാണ് അപ്പോൾ ഞാനും വൈഫും. മറ്റുള്ളവരൊക്കെ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു.

മനസ് കൊണ്ട് ഞങ്ങൾ ഒരിക്കലും ഈ ട്രെയിൻ കിട്ടില്ല എന്ന് ഉറപ്പിച്ചു. പിന്നെ ട്രെയിൻ പതുക്കെ ഞങ്ങളെ കടന്നു പോയി. ഞങ്ങളെ കാരണം കൊണ്ട് മറ്റുള്ളവർക്ക്‌ കൂടി ട്രെയിൻ മിസ്സാവുമോ എന്ന സങ്കടത്തിൽ ഞങ്ങൾ വീണ്ടും ഓടി കൊണ്ടിരുന്നു. കടന്നു പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റ് നിസ്സഹമായി ഞങ്ങളെ നോക്കി ചിരിച്ചു. അതു ഒരു പ്രതീക്ഷയുടെ സൂചന നൽകി. സൊനാലിയത്തിൽ ഞങ്ങൾ കൂടെ നടക്കാത്ത കുറെ പേർ ആ ട്രെയിനിൽ നിന്നും ഞങ്ങളെ നോക്കി ചിരിക്കുകയും വേഗം നടക്കാൻ പറയുകയും ചെയ്യുന്നുണ്ടായിരുന്നു.

നടന്നു തളർന്നു ഒരു പടി മുന്നോട്ടു നടക്കാൻ വയ്യാത്ത അവസ്ഥയായി അവൾ. ട്രെയിൻ സ്റ്റേഷനിൽ തന്നെയുണ്ട്. ഓടിയും നടന്നും ഒരു വിധം അവിടെയെത്തിയപ്പോൾ അവൾ ട്രെയനിന്റെ വാതിലെക്കു വീഴാറായിരുന്നു. താങ്ങി പിടിച്ചു ട്രെയിനിലേക്ക് കയറ്റിയപ്പോഴാണ് ശ്വാസം നേരെ വന്നത്. ഞങ്ങളെ കാത്തു നിന്നതുപോലെ മെല്ലെ മെല്ലെ ട്രെയിൻ ഇളകി തുടങ്ങി മഡ്‌ഗോണ് ലക്ഷ്യമാക്കി.

ഞങ്ങൾ പോയ വഴി എല്ലാ ദിവസവും കോഴിക്കോട് നിന്നും 5.15ന് പുറപ്പെടുന്ന നേത്രാവതിയിൽ 3.30 ന് മഡ്‌ഗോണിൽ എത്തി ചേരും. അവിടെ നിന്ന് വ്യാഴാഴ്ചത്തെ രാവിലെ 7 മണിക്കുള്ള അമരാവതിയിൽ കാസിൽ റോക്ക് സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുത്തു. ദൂദ് സാഗർ വെള്ളച്ചാട്ടത്തിന്റെ ഒരു കിലോമീറ്റർ അപ്പുറത്തുള്ള ദുദ് സാഗർ ഇറങ്ങുക. എന്നിട്ട് വന്ന വഴി തന്നെ നടന്നാൽ ഒരു കിലോമീറ്റർ കഴിയുമ്പോൾ വെള്ളച്ചാട്ടം കാണാം. പിന്നെ 3 km ദൂരമുണ്ട് സൊണാലിയത്തിലേക്ക്. അവിടെ ചില ട്രെയിനുകൾ നിറുത്താറുണ്ട്. അല്ലെങ്കിൽ കുലേം വരെ നടക്കണം. 8 km ദൂരമുണ്ട് അങ്ങോട്ട്. അവിടെ നിന്ന് മഡ്‌ഗോണിലെക് ഇടക്ക് ട്രെയിനുണ്ട്.