മുതുമലയിലെ അഭയാരണ്യം ഗസ്റ്റ് ഹൗസിലെ താമസം കഴിഞ്ഞു ഞങ്ങൾ പിന്നീട് തിരിച്ചത് ആനക്കട്ടിയിലേക്ക് ആയിരുന്നു. ആനക്കട്ടിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ? സഹ്യപർവതത്തിനരികത്തുള്ള ഒരു മലയോര പ്രദേശമാണ് ആനക്കട്ടി. കേരള – തമിഴ്നാട് അതിർത്തിയിലാണ് ഈ സ്ഥലം. പാലക്കാട് ജില്ലയാണ് ആനക്കട്ടിയ്ക്ക് അപ്പുറത്തുള്ള കേരളത്തിലെ ഏരിയകൾ. പാലക്കാട്, മണ്ണാർക്കാട് എന്നിവിടങ്ങളിൽ നിന്നും ഇവിടേക്ക് കെഎസ്ആർടിസി, പ്രൈവറ്റ് ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. എന്നാൽ ഞങ്ങൾ പോകാൻ പോകുന്നത് മുതുമല കാട്ടിനുള്ളിലെ തെപ്പക്കാട് നിന്നും മസിനഗുഡി, ഊട്ടി, മഞ്ഞൂർ, മുള്ളി വഴിയാണ്. മൊത്തത്തിൽ നൂറിലധികം ഹെയർപിൻ വളവുകൾ താണ്ടി വേണം ഈ റൂട്ടിലൂടെ ഇവിടെയെത്തിച്ചേരുവാൻ.
മുതുമലയിൽ നിന്നും ഏകദേശം എട്ടരയോടെ ഞങ്ങൾ യാത്രയാരംഭിച്ചു. യാത്രയ്ക്കിടെ കാട്ടിൽവെച്ച് ഒരു ആൺമയിൽ പീലി നിവർത്തി ആടുന്ന മനോഹരമായ കാഴ്ച കാണുവാൻ ഇടയായി. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു കാഴ്ച നേരിൽക്കാണുന്നത്. ആ കാഴ്ചയും കണ്ടുകൊണ്ട് ഞങ്ങൾ മസിനഗുഡി റോഡിലേക്ക് കയറി. വളരെ വീതികുറഞ്ഞ ഒരു വഴിയായിരുന്നു അത്. അതുകൊണ്ട് ബസ്, ലോറി മുതലായ വാഹനങ്ങൾക്ക് അതുവഴി പ്രവേശനം നിരോധിച്ചിട്ടുണ്ട്. വീതി കുറവാണെങ്കിലും റോഡിന്റെ അവസ്ഥ സൂപ്പറാണ്. പോകുന്ന വഴിയിൽ മാനുകളെയും മറ്റും ഞങ്ങൾ കണ്ടു. ഏകദേശം രാവിലെ 8.45 ഓടെ ഞങ്ങൾ മസിനഗുഡി ടൗണിൽ എത്തിച്ചേർന്നു. അവിടെ എത്തിയപാടെ ജീപ്പ് ഡ്രൈവർമാർ ട്രെക്കിംഗ്, ഓഫ് റോഡിംഗ് യാത്ര എന്നൊക്കെ പറഞ്ഞുകൊണ്ട് ഞങ്ങളുടെ ചുറ്റും കൂടി. പുഞ്ചിരിയോടെ അവയൊക്കെ നിരസിച്ച് ഞങ്ങൾ വീണ്ടും യാത്രയായി. മസിനഗുഡി കഴിഞ്ഞയുടനെ കണ്ട ഒരു ചെറിയ ഹോട്ടലിൽ കയറി ഞങ്ങൾ ബ്രെക്ക് ഫാസ്റ്റ് കഴിച്ചു. ഉഴുന്നുവട അസാധ്യ രുചിയായിരുന്നുവെങ്കിലും മസാലദോശ വളരെ മോശം തന്നെയായിരുന്നു. പക്ഷെ ഓർഡർ ചെയ്തുപോയില്ലേ.. കഴിക്കുകയല്ലാതെ എന്തു ചെയ്യാനാ?
ഭക്ഷണത്തിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. പിന്നീട് അങ്ങോട്ട് വഴി ഇറക്കമായിരുന്നു. കുറച്ചകലെ ഒരു വലിയ മല കാണാമായിരുന്നു. ആ മല കയറിയായിരിക്കും ഊട്ടിയിലേക്ക് എത്തുന്നത് എന്ന് ഞങ്ങൾ മനസ്സിൽ കണക്കുകൂട്ടി. ഊട്ടിയിൽ ചെന്നിട്ടു ഞങ്ങൾക്ക് പ്രത്യേകിച്ച് പ്ലാനുകൾ ഒന്നുംതന്നെയുണ്ടായിരുന്നില്ല. ഊട്ടിയിൽ നിന്നും ലവ്ഡെൽ എന്ന സ്ഥലത്ത് ചെന്നിട്ട് മഞ്ഞൂർ, മുള്ളി വഴിയിലൂടെ ആനക്കട്ടിയിലേക്ക് പോകുവാൻ ആണ് ഞങ്ങളുടെ പ്ലാൻ. ഇറക്കത്തിനു ശേഷം പിന്നെ നല്ല കയറ്റം തുടങ്ങി. ഒപ്പം ഹെയർപിൻ വളവുകളും. എല്ലാ വളവുകളിലും മിറർ വെച്ചിട്ടുണ്ടായിരുന്നതിനാൽ ഡ്രൈവർമാർക്ക് അത് വളരെ ഉപകാരപ്രദമായിരുന്നു. 36 ഹെയർപിൻ വളവുകൾ കയറിയശേഷം ഞങ്ങൾ ഗൂഡല്ലൂർ – ഊട്ടി റോഡിൽ ചെന്ന് കയറി. പുറത്ത് 19 ഡിഗ്രിയായിരുന്നു കാലാവസ്ഥ. മുതുമലയിൽ നിന്നും ഏകദേശം ഒന്നരമണിക്കൂർ കൊണ്ടാണ് ഞങ്ങൾ ഇവിടെയെത്തിച്ചേർന്നത്.
കാടും മലയും താണ്ടി പ്രകൃതിയുടെ മടിത്തട്ടിലൂടെ ഈ വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ കാണുക.
ഊട്ടി ടൗണിൽ കയറാതെ ഗൂഗിൾ മാപ്പ് കാണിച്ചു തന്നെ ഒരു വഴിയിലൂടെ ഞങ്ങൾ ഊട്ടിയിലെ പ്രശസ്തമായ തടാകത്തിനു പിന്നിലെത്തി. അവിടെ അഞ്ചു മിനിറ്റു വിശ്രമിച്ച ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. അങ്ങനെ ഞങ്ങൾ ലവ്ഡെൽ എന്ന സ്ഥലത്തെ റെയിൽവേ സ്റ്റേഷനിൽ എത്തി. നല്ല തണുപ്പ് ആയിരുന്നു അവിടെ. റെയിൽവേ സ്റ്റേഷനിൽ ഒട്ടുംതന്നെ തിരക്കുണ്ടായിരുന്നില്ല. വളരെ നല്ലൊരു റൊമാൻറിക് സ്ഥലമായിരുന്നു അത്. പിന്നീട് മുള്ളി റൂട്ട് ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. വളരെ മനോഹരമായ കാഴ്ചകളായിരുന്നു തുടർന്നങ്ങോട്ട് ഞങ്ങളെ സ്വാഗതം ചെയ്തത്. എവിടെ ക്യാമറ വെച്ചാലും നല്ല കിടിലൻ ദൃശ്യം പകർത്താവുന്ന തരത്തിൽ… പിന്നെ ഞങ്ങൾ ഹെയർപിന് വളവുകൾ ഇറങ്ങുവാൻ തുടങ്ങി. മഞ്ഞൂർ എന്ന സ്ഥലത്തേക്ക് ആണ് ഈ ഹെയർപിൻ വളവുകൾ കടന്നു ഞങ്ങൾ എത്തിച്ചേരുവാൻ പോകുന്നത്. ഇതുവഴി യാത്ര ചെയ്യുന്നവർ ഊട്ടിയിൽ നിന്നും വാഹനങ്ങളിൽ ഇന്ധനം നിറച്ചിട്ടുവേണം വരുവാൻ. കാരണം വരുന്ന വഴിയൊന്നും വേറെ പെട്രോൾ പമ്പുകൾ ഒന്നുംതന്നെ കണ്ടിരുന്നില്ല.
പൊയിപ്പോയി ഞങ്ങൾ ഒരു ഡാമിന് മുകളിൽ എത്തി. ഡാമിനു മുകളിൽ നിന്നാൽ താഴെ നല്ല കാഴ്ചകൾ കാണുവാൻ സാധിച്ചു. താഴെ റിസർവോയർ ചെളിവെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. കുറച്ചു സമയം ഞങ്ങൾ അവിടെ കാഴ്ചകളും കണ്ടുകൊണ്ട് നിന്നു. സഹയാത്രികനായ ആന്റണി തന്റെ DSLR ക്യാമറയിൽ ചിത്രങ്ങൾ ഒപ്പിയെടുക്കുന്ന തിരക്കിലായിരുന്നു. അങ്ങനെ കുറച്ചു സമയത്തിന് ശേഷം ഞങ്ങൾ വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്തു. പിന്നീട് അവിടുന്ന് വീണ്ടും ഹെയർപിൻ തുടങ്ങി. ഈ റൂട്ടിൽ ബസ്സുകളൊക്കെ പോകുന്നത് കാണാമായിരുന്നു. അങ്ങനെ ഞങ്ങൾ മഞ്ഞൂർ എന്ന സ്ഥലത്തെത്തിച്ചേർന്നു. മഞ്ഞൂരിൽ നിന്നും 43 ഹെയർപിന് വളവുകൾ ഇറങ്ങിയിട്ടു വേണം താഴെയെത്തുവാൻ. വലിയ ഭയാനകമായ ഹെയർപിൻ വളവുകൾ ഒന്നുമല്ലാത്തതിനാൽ ഇതുവഴി അത്യാവശ്യം ഈസിയായി ഡ്രൈവ് ചെയ്യുവാൻ സാധിക്കും. അതിനിടെ രണ്ടു തമിഴ് പോലീസുകാർ കയ്യിൽ തോക്കൊക്കെ പിടിച്ച് ഞങ്ങളുടെ കാറിൽ ലിഫ്റ്റ് ചോദിച്ചു കയറി. അവർക്ക് താഴെ ചെക്ക്പോസ്റ്റിലേക്ക് ആയിരുന്നു പോകേണ്ടിയിരുന്നത്. പോലീസ് അണ്ണന്മാർ നല്ല കമ്പനിയായിരുന്നു. ആ സ്ഥലങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അവരിൽ നിന്നും അറിയുവാൻ സാധിച്ചു.
വളരെ വീതികുറഞ്ഞ റോഡായിരുന്നു പിന്നീട് അങ്ങോട്ടുണ്ടായിരുന്നത്. അതിനിടെ ഞങ്ങളുടെ എതിരെ ഒരു തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് വന്നു. രണ്ടു വണ്ടികൾക്ക് കടന്നുപോകുവാൻ വളരെ ബുദ്ധിമുട്ടായിരുന്നതിനാൽ ഞങ്ങൾ അൽപ്പം പിന്നിലേക്ക് എടുക്കേണ്ടി വന്നു. അങ്ങനെ ഞങ്ങൾ ചുരമൊക്കെ ഇറങ്ങി താഴെയെത്തി. മുള്ളി ചെക്ക്പോസ്റ്റിൽ പോലീസ് അണ്ണന്മാരെ ഡ്രോപ്പ് ചെയ്തു. പോലീസുകാർ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നതിനാൽ ചെക്ക്പോസ്റ്റിൽ ഞങ്ങൾക്ക് കാത്തുകിടക്കേണ്ട അവസ്ഥയൊന്നും ഉണ്ടായിരുന്നില്ല. തമിഴ്നാട് ചെക്ക്പോസ്റ്റിൽ നിന്നും കേരള അതിർത്തിയിലേക്ക് നൂറു മീറ്ററോളം റോഡ് കുറച്ചു മോശമായിരുന്നു. രണ്ടു സംസ്ഥാനങ്ങളുടെ ഇടയിൽക്കിടക്കുന്നതിനാൽ “നീ ടാർ ചെയ്യ്..നീ ടാർ ചെയ്യ്..” എന്നു പറഞ്ഞു കേരളവും തമിഴ്നാടും ഷട്ടിൽ കോർക്ക് പോലെ തട്ടിക്കളിക്കുന്നതു കൊണ്ടായിരിക്കണം ഈ നൂറു മീറ്റർ റോഡ് മാത്രം ഇങ്ങനെ.
ഈ കുഞ്ഞൻ ഓഫ്റോഡ് കഴിഞ്ഞു ഞങ്ങൾ എത്തിച്ചേർന്നത് കേരള ചെക്ക് പോസ്റ്റിലേക്ക് ആയിരുന്നു. അങ്ങനെ ഞങ്ങൾ സംഭവബഹുലമായ യാത്രയ്ക്കു ശേഷം കേരളത്തിൽ എത്തിച്ചേർന്നു. ഇനി ഇന്നു ഞങ്ങൾ താമസിക്കുവാൻ പോകുന്നത് ആനക്കട്ടിയിലുള്ള ഒരു കിടിലൻ ജംഗിൾ റിസോർട്ടിലാണ്. അവിടത്തെ വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ കാണാം…