ശാരീരിക അസ്വസ്ഥതകളുമായി ഡ്രൈവ് ചെയ്‌താൽ വരുന്ന അപകടങ്ങൾ

നമ്മളിൽ പലരും ഡ്രൈവിംഗ് അറിയാവുന്നവരാണ്. പക്ഷെ നിങ്ങൾക്ക് എന്തെങ്കിലും ശാരീരിക അസ്വസ്ഥതകൾ (ഉദാഹരണത്തിന് പനി) ഉണ്ടെങ്കിൽ ഡ്രൈവ് ചെയ്യാറുണ്ടോ? ഉണ്ടെങ്കിൽ അത് അപകടകരമാണ്. ഇക്കാര്യം പലർക്കും അറിയാമെങ്കിലും വകവെയ്ക്കാതെ ഡ്രൈവ് ചെയ്യാറുള്ളവരായിരിക്കും കൂടുതൽ. എന്നാൽ ഇത്തരം പ്രവണതകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം നാം മനസ്സിലാക്കേണ്ടതുണ്ട്.

അസുഖമുള്ളപ്പോൾ സ്വയം ഡ്രൈവ് ചെയ്‌താൽ ഉണ്ടാകുന്ന അപകടം നേരിട്ടു മനസ്സിലാക്കിയ ആറ്റിങ്ങൽ സ്വദേശി തേജസ് വിജയൻ ഫേസ്‌ബുക്കിലെ വണ്ടിഭ്രാന്തന്മാർ എന്ന ഗ്രൂപ്പിൽ പങ്കുവെച്ച അനുഭവക്കുറിപ്പ് താഴെ കൊടുക്കുകയാണ്. അതൊന്നു വായിച്ചു മനസിലാക്കുക.

തേജസിന്റെ പോസ്റ്റ് ഇങ്ങനെ – “എന്തെങ്കിലും അസുഖം ഉള്ളപ്പോ വണ്ടി ഓടിക്കരുത് എന്ന് പറയുന്നത് എന്ത് കൊണ്ട് എന്ന് ഇന്ന് മനസ്സിലായി. ചെറിയ പനി ആയിട്ട് ഹോസ്പിറ്റൽ പോണ വഴി ആയിരുന്നു. ട്രാഫിക് ബ്ലോക്കിൽ വച്ച് മുന്നിൽ നിന്ന ടിപ്പർ ലോറി മുന്നോട്ടെടുത്തു, കൂടെ ഞാനും. ഉടനെ ലോറി സഡ്ഡൻ ആയി ബ്രേക്ക് ഇട്ടു. കൂടെ ഞാനും ബ്രേക്ക് ഇട്ടു. ഇടിക്കാതെ നിന്നു എന്ന് കരുതി. പക്ഷേ ഞാൻ ബ്രേക്ക് ചെയ്യാൻ വൈകിയിരുന്നു. ലോറിയുടെ സൈഡിൽ എന്റെ മിറർ തട്ടി പോട്ടിപ്പോയി. ലോറിക്കാരൻ ഇത് അറിഞ്ഞത് പോലും ഇല്ല. ഇതൊക്കെ സംഭവിച്ചത് ജസ്റ്റ് ഒരു സെക്കൻഡ് അല്ലെങ്കിൽ 2 സെക്കൻഡ് കൊണ്ട് ആണ്.

4 വർഷം ആയി തുടർച്ചയായി ഞാൻ ഓടിക്കുന്ന വണ്ടിയിൽ ആണ് എനിക്ക് ഇത് സംഭവിച്ചത്. ഇതുവരെ ഇങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല. പക്ഷേ ഇന്നത്തെ കേസിൽ എനിക്ക് പനി ആയിരുന്നു. എന്റെ തലച്ചോർ പ്രവർത്തിച്ച പോലെ ശരീരം പ്രവർത്തിച്ചില്ല. Reflex Action ന്റെ വേഗത കുറഞ്ഞു. കാരണം ബോഡി വീക്ക് ആയിരുന്നു.

ഇത് ജസ്റ്റ് ഒരു ട്രാഫിക് ബ്ലോക്കിൽ വച്ച് സംഭവിച്ചത് കൊണ്ട് മിററിൽ ഒതുങ്ങി. ഇതിന് ശേഷം ഞാൻ വളരെ അധികം കരുതലോടെ വണ്ടി ഓടിച്ചു. മിനിമം ഒരു 10 അടി ദൂരം എങ്കിലും മുന്നിലുള്ള വണ്ടിയുമായി അകലം പാലിച്ചു. വേഗത 45 ഇൽ കൂടാതെ നോക്കി. ഇതും ശരിയായ ഒരു പ്രവർത്തി അല്ല. പക്ഷേ എനിക്ക് വേറേ ചോയ്സ് ഇല്ലായിരുന്നു.

നമുക്ക് എന്തെങ്കിലും വയ്യായ്കയോ മറ്റോ ഉണ്ടെങ്കിൽ, ഇനിയത് തലവേദന ആയാൽ പോലും ഡ്രൈവ് ചെയ്യാതിരിക്കാൻ ശ്രമിക്കുക. ചിലപ്പോൾ നമ്മൾ എല്ലാം ശരിയായി തന്നെയാവും ചെയ്തത്. പക്ഷേ അതിനു ചിലപ്പോ 1 സെക്കന്റിന്റെ താമസം ഉണ്ടായേക്കും. ചിലപ്പോ അത് മതിയാകും നമ്മുടെ ജീവൻ തന്നേ അപകടത്തിൽ ആകാൻ.”