ദുബായ് എന്നത് അറേബ്യൻ ഐക്യ നാടുകളിലെ ഏഴു എമിറേറ്റുകളിൽ ഏറ്റവും ജനസാന്ദ്രതയുള്ള നഗരവും എമിറേറ്റുമാണ്. വലിപ്പത്തിൽ അബുദാബിയുടെ തൊട്ടടുത്ത സ്ഥാനം ഉണ്ടെങ്കിലും ചെറിയ സംസ്ഥാനമാണ് ദുബായ് അറേബ്യൻ ഐക്യനാടുകളിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ദുബായ് എമിറേറ്റ് (അബുദാബിക്കു തൊട്ടുപിറകിലായി). ലോകത്തിന്റെ വാണിജ്യതലസ്ഥാനമായി വളർന്നുകോണ്ടിരിക്കുന്ന ഒരു നഗരവും എമിറേറ്റുമാണ് ദുബായ്. ദുബായ് എമിറേറ്റിന്റെ സാമ്പത്തികവരുമാനം പ്രധാനമായും വ്യവസായം, ടൂറിസം എന്നിവയാണ്. എമിറേറ്റിന്റെ വരുമാനത്തിന്റെ ഏതാണ്ട് 10 ശതമാനത്തിൽ താഴെ മാത്രമെ പെട്രോളിയം ശേഖരത്തിൽ നിന്നും ലഭിക്കുന്നുള്ളു, പേർഷ്യൻ ഉൾക്കടലിന്റെ തെക്കുകിഴക്കൻ തീരത്താണ് ദുബായ് സ്ഥിതി ചെയ്യുന്നത്. ദുബായ്യും അബുദബിയും ആണ് ദേശീയപ്രാധാന്യമുള്ള വിഷയങ്ങളിൽ നിയമനിർമ്മാണ സഭയിൽ വീറ്റോ അധികാരമുള്ള രണ്ടു സംസ്ഥാനങ്ങൾ. ദുബായ് നഗരം സംസ്ഥാനത്തിന്റെ വടക്കൻ തീരപ്രദേശത്ത് ദുബയ്-ഷാർജ-അജ്മാൻ നഗരപ്രദേശത്തിന്റെ ശീർഷസ്ഥാനത്തായും സ്ഥിതി ചെയ്യുന്നു.
കുറച്ചുകാലങ്ങൾ കൊണ്ട് സ്ഥിരമായ വളർച്ചയിലൂടെ ദുബൈ ഇന്നൊരും ലോകനഗരമായും ഗൾഫ് രാജ്യങ്ങളുടെ സാംസ്കാരിക, വ്യാവസായികത്താവളമായും മാറിക്കഴിഞ്ഞു. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ ഇവിടെ പാർക്കുന്നു. വ്യോമമാർഗ്ഗമുള്ള ചരക്കുഗതാഗതത്തിന്റെ പ്രധാന ഇടത്താവളമാണ് ദുബൈ. 1960 കളിൽ ദുബൈയുടെ പ്രധാന വരുമാന സ്രോതസ്സുകൾ വ്യാപാരവും എണ്ണപര്യവേഷണ ഗവേഷണത്തിൽ നിന്നുള്ള നികുതിയുമായിരുന്നു. 1966 ൽ എണ്ണപ്പാടങ്ങളുടെ കണ്ടെത്തൽ ദുബൈ നഗരത്തിന്റെ ആദ്യകാല വികസനത്തിനു വഴിയൊരുക്കി. എന്നാൽ എണ്ണശേഖരം വളരെ പരിമിതവും സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 5% വും മാത്രമായി പരിമിതമാണ്. പടിഞ്ഞാറൻ ശൈലിയിലുള്ള ദുബായിലെ വ്യാപാരത്തിന്റെ ഊന്നൽ വിനോദ വ്യവസായം, വ്യോമയാനം. ഭൂവിനിമയം, ധനവിനിമയം എന്നിവയാണ്.
അറേബ്യൻ ഐക്യനാടുകൾ രൂപീകൃതമാവുന്നതിനും ഏതാണ്ട് 150 വർഷങ്ങൾക്കുമുൻപ് ദുബായ് നഗരം നിലനിന്നിരുന്നതായി എഴുതപ്പെട്ട രേഖകൾ നിലവിലുണ്ട്. നിയമം, രാഷ്ട്രീയം, സൈന്യം, സാമ്പത്തികം എന്നീ മേഖലകൾ മറ്റ് 6 എമിറേറ്റുകളുമായി ഐക്യനാടുകൾ എന്ന ചട്ടക്കൂടിനുള്ളിൽ നിന്നു കൊണ്ട് പങ്കുവയ്ക്കുന്നു. എന്നിരുന്നാലും ഓരോ എമിറേറ്റിനും അതിന്റെതായ പ്രവിശ്യാനിയമങ്ങളും, മറ്റും നിലവിലുണ്ട്. അറേബ്യൻ ഐക്യനാടുകളിൽ ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തും, വിസ്തീർണ്ണത്തിൽ രണ്ടാം സ്ഥാനത്തും ആണ് ദുബായ് നിലകൊള്ളുന്നത്. ദുബായ്, അബുദാബി എന്നീ രണ്ട് എമിറേറ്റുകൾക്കു മാത്രമേ രാജ്യത്തിന്റെ ഭരണപരവും നയപരവുമായ പരമപ്രധാന കാര്യങ്ങളിൽ “വീറ്റോ” അധികാരം നൽകപ്പെട്ടിട്ടുള്ളു. 1833 മുതൽ തന്നെ അൽ-മക്തൂം രാജകുടുംബം ആണ് ദുബായ് ഭരണനിർവ്വഹണം നടത്തിവരുന്നത്. ദുബായ് എമിറേറ്റിന്റെ ഇപ്പോഴത്തെ ഭരണകർത്താവ് മുഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂം ആണ്. ഇദ്ദേഹം അറബ് ഐക്യനാടുകളുടെ പ്രധാനമന്ത്രിപദവും ഉപരാഷ്ട്രപതിസ്ഥാനവും വഹിക്കുന്നു.
ദുബായ് എമിറേറ്റിന്റെ റവന്യുവരുമാനത്തിന്റെ സിംഹഭാഗവും വാണിജ്യം, വ്യവസായം, സാമ്പത്തിക സേവനങ്ങൾ എന്നിവയിൽ നിന്നുമാണ് ലഭിക്കുന്നത്. പെട്രോളിയം, പ്രകൃതിവാതകം എന്നിവ ദുബായ് എമിറേറ്റിന്റെ US$ 37 ബില്യൺ സമ്പദ്ഘടനയുടെ ആകെ റവന്യു വരുമാനത്തിന്റെ 6 ശതമാനത്തോളം നിർവ്വഹിക്കുന്നു.
ലോകപ്രസിദ്ധയാർജിച്ച നിർമ്മിതികൾ കൊണ്ടും മറ്റു വികസന പദ്ധതികൾ കൊണ്ടും പ്രത്യേകമായ കായികവിനോദങ്ങൾ കൊണ്ടും ദുബായ് എമിറേറ്റ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കുന്നു. ഇപ്രകാരമുള്ള ലോകശ്രദ്ധകളെല്ലാം തന്നെ ദുബായ് ലോകത്തിന്റെ ഒരു വാണിജ്യതലസ്ഥാനമായി മാറാൻ ഇടയാക്കി എങ്കിലും, നിർമ്മാണമേഖലയുമായി ബന്ധപ്പെട്ട മനുഷ്യാവകാശസംബന്ധമായ പ്രശ്നങ്ങൾ ലോകത്തിനുമുന്നിൽ ദുബായ് നിർമ്മാണമേഖലയെ കുപ്രസിദ്ധമാക്കാനും ഇടയാക്കിയിട്ടുണ്ട്.
പേര് വന്ന വഴി : ബ്രിട്ടീഷ് ചരിത്രകാരന്മാർ 1820 കളിൽ “അൽ-വാസ്ൽ” എന്നാണ് ദുബായിയെപ്പറ്റി വിവരിച്ചിട്ടുള്ളത്. എന്തുതന്നെയായാലും, ഈ മേഖലയുടെ പാരമ്പര്യങ്ങളും, മിത്തുകളും രേഖപ്പെടുത്തി കൈമാറി വന്നിരുന്നതിനാൽ, അറേബ്യൻ ഐക്യനാടുകളുടെയും, അതിന്റെ എമിറേറ്റുകളുടെയും പാരമ്പര്യങ്ങളെപ്പറ്റിയുള്ള ഏതാനും രേഖകൾ നിലവിലുണ്ട്. ദുബായ് എന്ന നാമത്തിന്റെ ഭാഷാപരമായ ആരംഭത്തെപ്പറ്റി ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നു. ചിലരുടെ അഭിപ്രായത്തിൽ പേർഷ്യനിൽ നിന്നും ഉത്ഭവിച്ചതാണെന്നും, എന്നാൽ മറ്റു ചിലർ പ്രസ്തുത നാമത്തിന്റെ വേരുകൾ അറബി ഭാഷയാണെന്നും വിശ്വസിക്കുന്നു. അറേബ്യൻ ഐക്യനാടുകളുടെ ചരിത്രവും പാരമ്പര്യവും എന്ന വിഷയത്തെപ്പറ്റി പഠനം നടത്തുന്ന ഫെദെൽ ഹന്ധൽ എന്ന ചരിത്രകാരന്റെ അഭിപ്രായത്തിൽ, ദുബായ് എന്ന നാമം “ദാബ”(സാവധാനത്തിലുള്ള ഒഴുക്ക് എന്ന അർത്ഥം വരുന്ന പദം, ദുബായ് ക്രീക്കിന്റെ ഒഴുക്കിനെയാവാം ഉദ്ദേശിച്ചത്) എന്നതിൽ നിന്നാവാം ഉണ്ടായത് എന്നാണ്.
ചരിത്രം : പശ്ചാത്യ, പൗരസ്ത്യദേശങ്ങളുമായി വ്യാപാരബന്ധത്തിലേർപ്പെട്ടിരുന്ന മേഖലയിലെ പുരാതനവ്യാപാരകേന്ദ്രങ്ങളൊഴികെ തെക്കുകിഴക്കൻ അറേബ്യൻ മേഖലയിലെ, ഇസ്ലാമിനുമുൻപുള്ള ചരിത്രത്തെപ്പറ്റി വളരെക്കുറച്ചുമാത്രമെ അറിയപ്പെട്ടിട്ടുള്ളു. 7000 വർഷങ്ങളോളം പഴക്കമുള്ള പുരാതനമായ കണ്ടൽക്കാടുകളുടെ അവശിഷ്ടങ്ങൾ,ദുബായ് ഇന്റർനെറ്റ് സിറ്റിയുടെ അഴുക്കുചാൽ നിർമ്മാണവേളയിൽ കണ്ടെടുക്കുകയുണ്ടായി. ഈ പ്രദേശം 5000 വർഷങ്ങളോളം സമുദ്രതീരം പിൻവാങ്ങിയ ഭൂപ്രദേശം എന്നരീതിയിൽ മണലിൽ പുതഞ്ഞു കിടക്കുകയായിരുന്നു എന്നു കരുതപ്പെടുന്നു. ഇന്ന് നഗരത്തിന്റെ ഇപ്പോഴത്തെ തീരപ്രദേശത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു.
ഇസ്ലാമിനുമുൻപ്, ഈ പ്രദേശത്തെ ജനങ്ങൾ “ബജിർ” അഥവാ “ബജർ” എന്ന ദേവനെയാണ് ആരാധിച്ചിരുന്നത്. ബൈസന്റിൻ, സസ്സാനിയൻ എന്നീ രാജ്യങ്ങളാണ് അക്കാലത്ത് ഈ പ്രദേശത്തിന്റെ പ്രബലശക്തികളായിരുന്നത്, അതിൽ സസ്സാനിയൻമാരായിരുന്നു കൂടുതൽ പ്രദേശങ്ങൾ നിയന്ത്രിച്ചിരുന്നത്.
ഈ മേഖലയിൽ ഇസ്ലാമിന്റെ പ്രചാരം വർദ്ധിച്ചതിനുശേഷം ഉമയ്യാദ്, കാലിഫ്, എന്നീ കിഴക്കൻ ഇസ്ലാമികലോകതലവന്മാർ തെക്കുകിഴക്കൻ അറേബ്യ കീഴടക്കുകയും, സസ്സാനിയന്മാരെ തുരത്തുകയും ചെയ്തു. ദുബായ് മ്യുസിയം, ജുമൈറ മേഖലകളിൽ നടത്തിയ പര്യവേക്ഷണങ്ങളിൽ നിന്നും ഉമയ്യാദ് കാലഘട്ടത്തിന്റെ തെളിവുകളായി വളരെയേറെ ശേഷിപ്പുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. “ദുബായ്” രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ രേഖ 1095ൽ, അൻഡലുഷ്യൻ-അരബ് ഭൗമശാസ്ത്രകാരനായിരുന്ന അബു അബ്ദുള്ള അൽ-ബക്രി എഴുതിയ “ബുക്ക് ഓഫ് ജിയോഗ്രഫി” ആണ്. വെനിഷ്യൻ പവിഴവ്യാപാരിയായിരുന്ന ഗസ്പറോ ബാൽബി 1580ൽ ഈ പ്രദേശം സന്ദർശിക്കുകയും, ദുബായ് (ദിബെയ്)അതിന്റെ പവിഴവ്യാപാരം, വ്യവസായം, എന്നിവയെപ്പറ്റി പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ “ദുബായ് നഗര”ത്തെപ്പറ്റി 1799നു ശേഷം മാത്രമേ രേഖകൾ എഴുതപ്പെട്ടിട്ടുള്ളു.
നല്ല ഈർപ്പവും ചൂടുമുള്ള കാലാവസ്ഥയാണ് ദുബായിൽ കൂടുതലും കണ്ടു വരുന്നത്. മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ഉയർന്ന അന്തരീക്ഷോഷ്മാവ് രേഖപ്പെടുത്താറുണ്ട്. ദുബായിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും ഉയർന്ന ഊഷ്മാവ് 50 °C (122 °F) ആണ്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ തണുത്ത കാലാവസ്ഥയും അനുഭവപ്പെടുന്നു. പകൽ സമയത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 7 °C (45 °F) ആണ്.
സാധാരണ രീതിയിൽ ഇവിടെ കുറഞ്ഞ മഴയാണ് ലഭിക്കുന്നത്. ഒരു വർഷത്തിൽ ശരാശരി 150 millimetres (6 in) മഴ മാത്രമാണ് ലഭിക്കാറുള്ളത്. പക്ഷേ, ജനുവരി മാസത്തിൽ ഇവിടെ താരതമ്യേന ശക്തമായ മഴ ലഭിക്കാറുണ്ട്. 2008 ജനുവരിയിൽ 24 മണിക്കൂറിനുള്ളിൽ റെക്കോർഡ് മഴ (120 mm/ 5″)) ലഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ആണ് ദുബായിലെ ഗതാഗതം നിയന്ത്രിക്കുന്നത്.
കടപ്പാട് – വിക്കിപീഡിയ.