ഞങ്ങളുടെ നാലു ദിവസത്തെ ദുബായ് സന്ദർശനത്തിനു ഇന്ന് അവസാനം കുറിക്കുകയാണ്. കുറെ നാളത്തെ സ്വപ്ന സാക്ഷാത്കാരത്തിനു ശേഷം ഞങ്ങൾ ഇനി നാട്ടിലേക്ക് യാത്ര തിരിക്കുകയാണ്. അവിടം വിട്ടു തിരികെ പോരുവാൻ വല്ലാത്ത വിഷമം പോലെ. നാലു ദിവസത്തെ പരിചയം മാത്രമേയുള്ളൂവെങ്കിലും ദുബായിയോട് ഞങ്ങൾ അത്രയ്ക്ക് അടുത്തിരുന്നു. ഞങ്ങളുടെ സ്പോൺസർമാരായ ‘ലിവാനിയോ’ ഗ്രൂപ്പുകാർ ഞങ്ങളെ വളരെ ഗംഭീരമായാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ ട്രീറ്റ് ചെയ്തത്. ഒരിക്കലും മറക്കാൻ പറ്റാത്ത ദിനങ്ങളായിരുന്നു അവ.
അങ്ങനെ ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടി ഞങ്ങൾ എല്ലാം പാക്ക് ചെയ്ത് ഹോട്ടൽ റൂമിൽ നിന്നും വെക്കേറ്റ് ചെയ്തു. കൂടെയുള്ള ഇബാദ് ഇക്ക വീട്ടിലേക്ക് കുറെ സാധനങ്ങൾ അവിടെനിന്നും വാങ്ങിയിരുന്നു. അങ്ങനെ ഹോട്ടലിലെ റിസ്പഷനിൽ എത്തിയപ്പോൾ ലിവ്നിയോ ടീമിലെ ആളുകൾ ഞങ്ങളെ കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു. അവരിൽ ചിലർ ഞങ്ങളെ എയർപോർട്ടിലേക്ക് ഡ്രോപ്പ് ചെയ്യുവാനായി കൂടെ വരുന്നുണ്ട്. മറ്റുള്ളവർ ഞങ്ങളെ യാത്രയാക്കുവാനായി വന്നതാണ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഹോട്ടലിലെ ജീവനക്കാരും ഞങ്ങളുമായി നല്ല പരിചയത്തിലായിരുന്നു. ബെൽ ബോയ് ആയ ഫിലിപ്പീൻസ് സ്വദേശിയോട് അടക്കം ഞങ്ങൾ യാത്ര പറഞ്ഞുകൊണ്ട് ഹോട്ടലിൽ നിന്നും ഇറങ്ങി.
ഇനി നേരെ ദുബായ് എയർപോർട്ടിലേക്ക്. ഹാ.. പറയാൻ മറന്നു. ഞങ്ങളുടെ മടക്കയാത്ര നമ്മുടെ സ്വന്തം ‘എയർ ഇന്ത്യ എക്സ്പ്രസ്സി’ൽ ആണ്. എയർപോർട്ടിൽ എത്തിയപ്പോൾ ഇബാദ് ഇക്കയുടെ എക്സ്ട്രാ ലഗ്ഗേജ്, ലിവാനിയോ ടീമിലെ മൻസൂർ ഭായ് വലിയൊരു പെട്ടിയിൽ ഭദ്രമായി പാക്ക് ചെയ്തു തന്നു. അങ്ങനെ അവരോടെല്ലാം യാത്രപറഞ്ഞുകൊണ്ട് ഞങ്ങൾ എയർപോർട്ട് ടെർമിനലിനുള്ളിലേക്ക് നീങ്ങി. ചെക്ക് ഇൻ, ലഗ്ഗേജ് ഡ്രോപ്പിംഗ് എല്ലാം കഴിഞ്ഞു ഞങ്ങൾ വീണ്ടും ടെർമിനലിന് പുറത്തേക്ക് ഇറങ്ങി. സാധാരണ ഇതുപോലെ ചെയ്യാൻ സാധിക്കാത്തതാണ്. എന്നാൽ ദുബായ് എയർപോർട്ടിൽ ഇങ്ങനെയൊക്കെ സാധിക്കും എന്നത് ഞങ്ങളിൽ അത്ഭുതമുളവാക്കി. നേരത്തെ യാത്ര പറഞ്ഞതാണെങ്കിലും ലൈവാണിയോ ടീം എയർപോർട്ടിന് വെളിയിൽ നിൽക്കുന്നുണ്ടായിരുന്നു. കുറച്ചു സമയം കൂടി ഞങ്ങൾ അവരുമായി ചെലവഴിച്ചു.
ബോർഡിംഗിന് മുൻപേ ഞങ്ങൾ വീണ്ടും എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് തിരികെ ടെര്മിനലിലേക്ക് കയറി. ടെർമിനൽ 2 ലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ പ്രത്യേകിച്ച് കാര്യമായി ഒന്നും കാണാൻ കഴിഞ്ഞില്ല. സാധനങ്ങൾ കൊച്ചിയിൽ ഇറങ്ങിയിട്ടു വാങ്ങാമെന്ന പ്ലാനിൽ ഞങ്ങൾ ഉറച്ചു നിന്നു. വിശപ്പിനെ ശമിപ്പിക്കാൻ എയർപോർട്ടിലെ KFC യിൽ നിന്നും ഫ്രൈഡ് ചിക്കൻ വാങ്ങി ഞങ്ങൾ കഴിച്ചു. പിന്നീട് കുറച്ചു സമയം ഡ്യൂട്ടി ഫ്രീയിലും മറ്റും കറങ്ങിയശേഷം ഫ്‌ളൈറ്റിൽ കയറുന്നതിനു മുൻപ് ഞങ്ങളുടെ കയ്യിൽ ബാക്കിയുണ്ടായിരുന്ന UAE ദിർഹംസ് ഞങ്ങൾ ഇന്ത്യൻ റുപ്പീ ആക്കി മാറ്റിയിരുന്നു. ബോർഡിംഗ് സമയമായപ്പോൾ ഞങ്ങൾ ഗേറ്റിനരികിലേക്ക് നീങ്ങി. പിന്നീട് അവിടെ നിന്നും ബസ്സിൽ കയറി വിമാനത്തിന് സമീപത്തേക്ക്.
കെഎസ്ആർടിസി ബസ്സുകളിലെപ്പോലത്തെ റെക്സിൻ സീറ്റുകൾ ആയിരുന്നു ഞങ്ങളുടെ വിമാനത്തിൽ. എന്തായാലും എയർ ഏഷ്യയെക്കാളും ഉഗ്രനായിരുന്നു നമ്മുടെ എയർ ഇന്ത്യ. വിമാനത്തിൽ നല്ല ചൂട് ആയിരുന്നു അനുഭവപ്പെട്ടത്. എസിയൊന്നും ഓൺ ചെയ്തിട്ടില്ലായിരുന്നു എന്നു തോന്നുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വിമാനത്തിലെ അനൗൺസ്‌മെന്റ് ആരംഭിച്ചു. ഇത്തവണ ഞങ്ങൾ ഞെട്ടിയത് വിമാനത്തിലെ മലയാളം അനൗൺസ്മെന്റ് കേട്ടായിരുന്നു. ഇത് ഒരു പുതുമയായി എനിക്ക് തോന്നി. മുൻപ് മലേഷ്യയിൽ പോയപ്പോൾ എയർ ഏഷ്യ വിമാനത്തിൽ തമിഴ് അനൗൺസ്മെന്റ് കേട്ടിരുന്നു. എന്നാൽ ഒരു വിമാനത്തിൽ മലയാളം അനൗൺസ്മെന്റ് കേൾക്കുന്നത് ഇതാദ്യമായാണ്. ഒരു മലയാളി എന്നതിൽ അഭിമാനം തോന്നിയ ഒരു നിമിഷമായിരുന്നു അത്.
വിമാനത്തിലെ ജീവനക്കാർ മലയാളികൾ തന്നെയായിരുന്നു. അവർ യാത്രക്കാരോട് വളരെ സൗഹൃദപരമായിട്ടായിരുന്നു ഇടപെട്ടിരുന്നത്. കരയുന്ന കുട്ടികളെ എടുത്ത് അവരുടെ കരച്ചിൽ മാറ്റുന്നതിനും കളിപ്പിക്കുന്നതിനുമൊക്കെ അവർ മുൻപന്തിയിൽ ആയിരുന്നു. പറന്നുയർന്ന് കുറച്ചു സമയത്തിനു ശേഷം വിമാനജീവനക്കാർ എല്ലാ യാത്രക്കാർക്കും ഭക്ഷണപ്പൊതി വിതരണം ചെയ്തു. പഫ്സ്, കായ വറുത്തത്, കേക്ക്, സാൻഡ് വിച്ച്, ഒരു കുപ്പി വെള്ളം ഇതൊക്കെയായിരുന്നു എയർ ഇന്ത്യ ഞങ്ങൾക്ക് തന്ന സ്നാക്സ് കോക്സിൽ ഉണ്ടായിരുന്നത്. ആദ്യം കുറച്ചു ചൂടൊക്കെ ഉണ്ടായിരുന്നു എങ്കിലും പിന്നീട് വിമാനത്തിൽ എസി പ്രവർത്തിക്കുവാൻ തുടങ്ങിയതോടെ തണുപ്പായി. മറ്റുള്ളവർ പറയുന്ന പോലെ മോശം അനുഭവങ്ങൾ ഒന്നുംതന്നെ ഞങ്ങൾക്ക് എയർ ഇന്ത്യയിൽ നിന്നും ഉണ്ടായില്ല. എയർ ഏഷ്യയെക്കാളും എനിക്ക് ഇഷ്ടപ്പെട്ടത് എയർ ഇന്ത്യ തന്നെയായിരുന്നു. എ
അങ്ങനെ ഞങ്ങൾ കൊച്ചി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. ചെറിയ പർച്ചേസ് ഒക്കെ കഴിഞ്ഞു ഞങ്ങൾ ടെര്മിനലിനു പുറത്തേക്ക് ഇറങ്ങി. എൻ്റെ കാർ എയർപോർട്ടിലെ പാർക്കിംഗ് ഏരിയയിൽ ഇട്ടിരുന്നു. ഇബാദ് ഇക്കയെ ഇനി പോകുന്ന വഴി അരൂരിലെ വീട്ടിൽ ഡ്രോപ്പ് ചെയ്യണം. എന്നിട്ടു വേണം എനിക്ക് പത്തനംതിട്ടയിലേക്ക് പോകുവാൻ. എന്തായാലും ഞങ്ങളുടെ ദുബായ് ട്രിപ്പ് പൊളിച്ചു.. ദുബായ് ഓർമ്മകളുമായി ഞങ്ങൾ കാറിൽ കയറി വീട്ടിലേക്ക് യാത്രയായി.