വിവരണം – Sruthi Sreenivas.
എവിടേക്ക് എങ്കിലും പോകണം എന്ന മനസ്സേ ഉണ്ടായിരുന്നുള്ളൂ പക്ഷേ അത് വാരണാസിയിലേക്ക് ആക്കിയത് ശെരിക്കും പറഞ്ഞാൽ ഋതിക ആണ്, ‘തൂലിക’യിലെ ഋതിക ഗൗരി. അദ്യം ഋതിക തന്റെ തൂലികയിലൂടെ എന്നെ അങ്ങു കാശിയിൽ എത്തിച്ചു പിന്നെ പിടിച്ചാ കിട്ടുമോ !! ഒന്നും നോക്കിയില്ല നേരെ കാശി…
കാശിക്കു പോകണമെന്ന് പണ്ടേ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ കാശി മനസ്സിലേക്ക് ഒരിക്കലും കടന്നു വന്നിരുന്നില്ല. ഋതികയുടെ എഴുത്ത്.. അതായിരുന്നു എന്റെ മനസ്സിൽ കാശിയെ വരച്ചു ചേർത്തത്.പിന്നെ ഇരുന്നു സെർച്ച് തന്നെ.. സഞ്ചാരിയും ഗൂഗിളും കേറി ഇറങ്ങി ഒരു പ്ലാൻ ഉണ്ടാക്കി ഡൽഹി വഴി നേരെ കാശി. ദുബായ് ന്നു നേരിട്ട് വാരണസിക്ക് ഫ്ലൈറ്റ് ഇല്ല (ഷാർജയിൽ നിന്ന് ഡയറക്ട് ഫ്ലൈറ്റ് ഉണ്ട്) അതുകൊണ്ട് നേരെ ഡൽഹി. കെട്ടിയോന്റെ കസിൻ ബ്രദർ അവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയകൊണ്ട് ഒരു ടെൻഷനും വേണ്ടി വന്നില്ല. ഡൽഹി എത്തി ലഗ്ഗേജ് ഒക്കെ ഫ്ളാറ്റിൽ വച്ചു ചുമ്മാ ഒന്നു ചുറ്റാൻ ഇറങ്ങി Conaught Place & Jantar Mandir ഒക്കെ ഒന്നു കറങ്ങി വന്നു ഫ്ളാറ്റിൽ കയറി… പിറ്റേന്ന് കാലത്ത് പോകേണ്ടതിനാൽ വേണ്ട ലഗ്ഗേജ് ഒക്കെയും പായ്ക്ക് ചെയ്തു , വെളുപ്പിനെ പിക് ചെയ്യാൻ ഒല ബുക്ക് ചെയ്തു കിടന്നു.
കാശിനാഥന്റെ മണ്ണിൽ….ഇനി 4 ദിവസം ഇവിടെയാണ് എന്നത് വളരെ എക്‌സൈറ്റിങ് ആയിരുന്നു..പലരും പറഞ്ഞു മാത്രം അറിഞ്ഞ കാശി നേരിട്ടു കാണാനുള്ള ആകാംഷ.അങ്ങനെ നേരത്തെ ബുക്ക് ചെയ്ത ഹോട്ടലിൽ (Hotel Ganges Grand) എത്തി Dhasaswamedha ghat നു വളരെ അടുത്തു ആയിരുന്നു ഹോട്ടൽ. 24 മണിക്കൂറും ലൈവ് ആയിട്ടുള്ള സിറ്റി..ഫുഡ് കഴിച്ചു ഒന്നു റിലാക്സ് ആയി നേരെ ഘട്ടിലേക് പോയി. ഇത്രെയും തിരക്കുള്ള ഒരു city ഞാൻ ആദ്യമായി കാണുകയയിരുന്നു. സാധാരണ നമ്മുടെ നാട്ടിൽ ഉത്സവത്തിനും പെരുന്നാളിനും മാത്രമേ ഇത്ര തിരക്ക് കണ്ടിട്ടുള്ളൂ.ആളുകൾ ഒക്കെയും ഒരേ ദിശയിലേക്ക് ഒഴുകുന്ന പോലെ തോന്നി. ഗംഗ ആരതി കാണാൻ ഉള്ള തിരക്കു കണ്ടു ഞെട്ടിപ്പോയി,ഏറ്റവും പിന്നിൽ നിന്നു വളരെ ബുദ്ധിമുട്ടി ഒരുവിധം കാണാവുന്ന അകലത്തിൽ എത്തി ഒരു വിധം ആരതി കണ്ടു. ആ ഒരു കാഴ്ച അത് ഒരു ഫീൽ തന്നെയാ..
ഇവിടെ മാത്രേ സന്ധ്യ ആരതി നടക്കുന്നുള്ളൂ അതാണ് ഇത്രേം തിരക്ക്, ആരതി കഴിഞ്ഞു അങിനെ നിൽക്കുമ്പോൾ ഒരു ക്ഷേത്രത്തിനു മുൻപിൽ കുറെ ആളുകൾ തിരക്ക് കൂട്ടുന്നു , പോയി നോക്കിയപ്പോൾ ഭക്ഷണം കൊടുക്കുകയാണ് പൂജയ്ക്ക് ശേഷം പ്രസാദം നൽകുന്നപോലെ അന്നദാനം, എല്ലാർക്കും നല്ല പൂരി യും കറിയും മതിയാവോളം കൊടുക്കുന്നു.ഒരു പയ്യൻ ഓടിവന്നു ഞങൾക്കും തന്നു ഇല കൊണ്ട് ഉണ്ടാക്കിയ ഒരു പാത്രത്തിൽ പൂരിയും കറിയും . ഓരോരുത്തരും കഴിച്ചു കഴിയുന്നത് ശ്രദ്ധയോടെ നോക്കി, തീരും മുൻപേ വിളമ്പി കൊടുത്ത് അവിടെ ഇരുന്നു കഴിക്കണ ആർക്കും വയർ നിറയാതെ അവർ വിടില്ല .ഭക്ഷണം കഴിച്ച് പാതിരാ കഴിയും വരെ ഘട്ടിൽ ഗംഗയിലെ തണുത്ത കാറ്റും കൊണ്ട് അങ്ങുദൂരെ നഗരത്തിന്റെ എതോകോണിൽ കാണുന്ന വെട്ടവും നോക്കിയങ്ങനെ ഇരുന്നു.ഭൂതവും ഭാവിയും വർത്തമാനവും ഒന്നും ഞങളെ ബാധിക്കില്ല എന്നു തോന്നിയ നിമിഷം….
പിറ്റേന്ന് കാലത്ത് കാശി വിശ്വനാഥ ക്ഷേത്രത്തിൽ പോകേണ്ട പ്ലാൻ അയത് കൊണ്ട് റൂമിൽ പോയി അലാറം വച്ചു കിടന്നു.വെളുപ്പിനെ എണീറ്റ് കുളിച്ചു നേരെ ക്ഷേത്രത്തിലേക്ക് ,നടക്കാവുന്ന ദൂരംമാത്രമേ ഉള്ളൂ. പോകുന്ന വഴിക്ക് ( വിശ്വനാഥ ഗലി) കുറെ ലോക്കർ ഫെസിലിറ്റി യുള്ള കടകൾ ഉണ്ട് ലോക്കർ ഫ്രീ അണ് പക്ഷെ അവരുടെ കടയിൽ നിന്ന് ഒരു കൂടയിൽ തരുന്ന പൂജ സാധനങ്ങൾ നമ്മൾ വാങ്ങിക്കണം 1000 – 2000 വരെ പറഞ്ഞു രണ്ടു തട്ടിന്, നന്നായ് വിലപേശേണ്ടി വന്നു 600 രൂപക്ക് അതു കിട്ടാനും ബാഗ് ലോക്കറിൽ വക്കാനും.
ഇനി അങ്ങോട്ട് തൊഴുതു ഇറങ്ങും വരെ ആളുകളെ പറ്റിക്കാൻ ഇരിക്കുന്നവർ മാത്രമേ ഉള്ളൂ.ഒരു വിധത്തിൽ തൊഴുതു ഇറങ്ങി എന്നു പറയാം,സത്യം പറഞ്ഞാൽ ഒന്നും മനസ്സിലാകില്ല നീണ്ട ക്യൂ ഉം കനത്ത ചെക്കിങ്ങും കഴിഞ്ഞ് അകത്ത് എത്തുമ്പോൾ കയ്യിലിരിക്കുന്ന സാധനങ്ങൾ ശിവലിംഗത്തിൽ അർപ്പിക്കാൻ പറയും, ഒരു മിനിറ്റ് പോലും കിട്ടില്ല മനസ്സു ശാന്തമാക്കി ഒന്നു പ്രാർത്ഥിക്കാൻ. ഇപ്പോ ഏകദേശം കാര്യങ്ങൽ മനസ്സിലായി ഇനി ചന്തുവിനെ തോൽപ്പിക്കാനാവില്ല പോകും മുന്നേ പിന്നേം വരാം എന്നുംപറഞ്ഞു ഇറങ്ങി.
ഗംഗ ആരതി ആയിരുന്നു ലക്ഷ്യം അതുകൊണ്ട് വേറെ എവിടെയും പോയില്ല ,വൈകുന്നേരം ഘാട്ടിൽ പോയി ഗംഗയിൽ കൂടി ഒരു ബോട്ടിംഗ് നടത്തി വന്നു. ആരതി തുടങ്ങും മുൻപേ നന്നായ് കാണാൻ മുൻപിൽ തന്നെ സ്ഥലം ഒപ്പിച്ചു ഇരുന്നു. ഗംഗ ആരതി കൺകുളിർക്കെ കണ്ടു മനസ്സു നിറഞ്ഞു ,തലേന്ന് കണ്ട ക്ഷേത്രത്തിൽ പോയി അന്നദാനം കഴിച്ചു റൂമിലേക്ക് മടങ്ങി.
പിറ്റേന്ന് രാവിലെ തന്നെ BHU പോയി,ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി.ഏഷ്യയിലെ ഏറ്റവും വലിയ റസിഡൻഷ്യൽ യൂണിവേഴ്സിറ്റി.കാണണ്ട യൂണിവേഴ്സിറ്റി തന്നെ , ഏക്കർ കണക്കിന് അങ്ങനെ കിടക്കുന്നു.ചുമ്മാ കുറെ ചുറ്റിനടന്നു അവിടെയുള്ള ന്യൂ കാശി വിശ്വനാഥ ക്ഷേത്രവും കണ്ടു… പുറത്ത് ഇറങ്ങി നല്ല ഫുഡ് അടിക്കാം എന്നു കരുതി…സമയം ഉച്ച കഴിഞ്ഞിരുന്നു ആ സമയം വരെ രാവിലത്തെ ചായയിൽ ഒള്ള എനർജി കൊണ്ടു പിടിച്ചു നിന്നത്, പിന്നെ ഒന്നും നോക്കിയില്ല അവിടെ BHU ന്റെ പരിസരത്ത് കുറച്ചു ഫുഡ് കോർട്ട് കണ്ടു .. അവിടുന്ന് നല്ല ബനാന Shake യും ചോലെ ബട്ടുര യും കഴിച്ച് നേരെ Sankad Mochan Hanuman Temple പോയി.
ക്ഷേത്ര ദർശനവും കഴിഞ്ഞു അവിടെ ശ്രീരാമ കഥകൾ പറയുന്ന സ്വാമിക്ക് അരികിൽ കുറച്ചുസമയം കഥയും കേട്ടിരുന്നു. പ്രസാദമായി കിട്ടിയ അവിടുത്തെ ലഡുവും കഴിച്ചു (ഹനുമാൻ സ്വാമിയുടെ ഇഷ്ട വഴിപാട്) കുറച്ചു അവിടെ ഓടി നടക്കുന്ന വാനര പടയ്ക്കും കൊടുത്തു നേരെ പോയത് കാൽ ഭൈരവ ക്ഷേത്രത്തിലേക്ക് ആയിരുന്നു. കാശിയിൽ പൊതുവെ ഒരു ചൊല്ലുണ്ട്, കാൽ ഭൈരവ ദർശനം നടത്തിയതിനെ ശേഷമേ കാശി നാഥനെ ദർശിക്കവൂ. റിക്ഷ ചേട്ടൻ ഏതൊക്കെയോ ഊട് വഴിയിൽ കൂടി ഒരു സ്ഥലത്ത് ഇറക്കിവിട്ടു എന്നിട്ട് നടന്നോളൻ പറഞ്ഞു. മനുഷ്യന് നേരെ നടക്കാൻ വയ്യാത്ത ഇടുങ്ങിയ ഗലി..അരണ്ട വെളിച്ചം… രാത്രി ആയതുകൊണ്ട് കുറച്ചു പേടി ഒക്കെ തോന്നി ..! കാൽ ഭൈരവൻ അനുവദിച്ചാൽ മാത്രേ ഒരുവന് കാശി വിട്ടു പോകുവാൻ കഴിയൂ എന്നൊക്കെയുള്ള കേട്ടറിവുകളും !
കുറച്ചു നടന്നപ്പോൾ മണി ഒച്ചകൾ കേട്ടുതുടങ്ങി…നേരെ കേറി ചെന്നു …പൂജ നടക്കുകയാണ് അഹ് അപ്പോ ഇതു തന്നെ സ്ഥലം എന്നു കരുതി എല്ലാവരുടെയും കൂടെ കേറി നിന്നു… അങ്ങനെ കാൽ ഭൈരവ ദർശനവും കഴിഞ്ഞു നേരെ ഹോട്ടലിൽ പോയി, ഗംഗ യിൽ മുങ്ങി വരാൻ ഉള്ള ചെറിയ സെറ്റപ്പ് ആയിട്ട് നേരെ ഘട്ടിലേക്ക് വിട്ടു…(ഡ്രസ്സ് മാറാൻ ഉള്ള എല്ലാ സൗകര്യ്ങളുമുണ്ട് ഘട്ടിൽ)ഒരുവട്ടം ഗംഗയിൽ മുങ്ങി നിവർന്നു…മതിവരാത്ത പോലെ…വീണ്ടും വീണ്ടും മുങ്ങി …ഗംഗയുടെ ആഴങ്ങളിലേക്ക്… 7 വട്ടം മുങ്ങി നിവർന്നു… ശരീരത്തിൽ ബാധിച്ച തണുപ്പ് മനസ്സിലേക്കു പടർന്നു…അങ്ങനെ ഗംഗ സ്‌നാനവും കഴിഞ്ഞ് നേരെ റൂമിൽ എത്തി , നാളെ checkout ആയതുകൊണ്ട് സാധനങ്ങൾ ഒക്കെ അടുക്കി വച്ചു കിടന്നു.
പിറ്റേന്ന് കാലത്ത് 3.30 ന് എണീറ്റ് റെഡി ആയിട്ട് നേരെ അസിഘട് ൽ പോയി, അവിടെയാണ് സുബഹ് ആരതി.ഒരു ഇലക്ട്രിക് റിക്ഷ വിളിച്ചു നേരെ അവിടേക്ക് പോയി.ഒരു 2 km അത്രേ ഉള്ളൂ ഹോട്ടലിൽ നിന്ന്,അവിടെ എത്തിയപ്പോൾ ആരതിക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതെ ഉള്ളൂ.പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭവം ആയിരുന്നു, സൂര്യോദയത്തിനു മുൻപ് ഗംഗയുടെ മടിത്തട്ടിൽ തണുത്ത കാറ്റുംകൊണ്ട് ഇരുന്നപ്പോൾ എപ്പോളും ഓരോ ചിന്തകളുടെ അകമ്പടിയോടെ കൊഞ്ഞനം കുത്തി പരിഹസിക്കുന്ന മനസ്സ് തികച്ചും ശാന്തമായി തോന്നി…ഒന്നും ഓർക്കാൻ ഇഷ്ടമില്ലാത്തപോലെ ശാന്തം..
അവിടുന്ന് സുബഹ് ആരതി കണ്ടു ,പേരറിയാത്ത ഏതോ കലാകാരന്റെ ഓടക്കുഴൽ നാദവും കേട്ടു നേരെ പോയത് തലേദിവസത്തെ സങ്കടം മാറ്റാൻ വേണ്ടിയായിരുന്നു…. കാശി നാഥനെ കൺകുളിർക്കെ കാണാൻ…കയ്യും വീശിയങ്ങു പോയി…ബാഗും ഫോണും ഒന്നുമില്ലാതെ….വഴിയരികിൽ ഇരിക്കുന്ന ഒരു പെൺകുട്ടിയുടെ അരികിൽ നിന്നും അഭിഷേകത്തിന് കുറച്ചു പാലും , പൂക്കളും ,ഏരിക്കിൻ പൂവിന്റെ മാലയും വാങ്ങി…തലേന്ന് മനസ്സ് വിഷമിച്ചു ഇറങ്ങിയത് കൊണ്ടാവാം കശിനാഥൻ കൺകുളിർകകെ ദർശനം തന്നു ..ഒരു ക്യൂ ഉം ബഹളോം ഇല്ലാതെ…മനസറിഞ്ഞ് തൊഴുതു… ക്ഷേത്രത്തിനകത്ത് പല കാലഘട്ടങ്ങളിലായി പല പുണ്യത്മക്കളായ യോഗികൾ പ്രതിഷ്ഠിച്ച ചെറുതും വലുതുമായ അനേകം ശിവ ലിംഗങ്ങളും വണങി ഇറങ്ങുമ്പോൾ എന്തെന്നില്ലാത്ത നിർവൃതി തോന്നി.
പിന്നെ നേരെ പോയത് മണികർണിക ഘട്ടിലേക്ക് , പോകും വഴി കണ്ട കാഴ്ചകൾ മനുഷ്യന് അവന്റെ ജീവിതത്തെ കുറിച്ച് ലഭിക്കാവുന്ന ഏറ്റവും വലിയ ഉത്തരങ്ങൾ ആയിരുന്നു… “രാം നാം സത്യ ഹെയ്” എന്ന് ഉച്ചത്തിൽ ചൊല്ലികൊണ്ട് നല്ല നിറമുള്ള പട്ടു തുണിയിൽ പൊതിഞ്ഞ ശവ മഞ്ചവും പേറി കുറെ ആളുകൾ കടന്നുപോയി…ആ ചെറിയ വഴിയിൽ ഞങൾ അവിടെ എത്തുന്നതിന് ഇടക്ക് പല വഴിയിൽ നിന്നും ശവ മഞ്ചവും പേറി കുറെ സംഘങ്ങൾ ഒരേ ദിശയിലേക്ക് കടന്നുപോയി കൊണ്ടേയിരുന്നു. ഇഹ ലോകം വെടിഞ്ഞ ആ ജീവന്റെ ആത്മാവിന് മോക്ഷപ്രാ്തി ലഭിക്കാൻ. മണികർണികയിൽ.. ഗംഗതൻ മടിത്തട്ടിൽ ഒരുപിടി ചാരമായി അലിഞ്ഞുചേരാൻ..
മനസ്സ് ഒരുതരം മരവിച്ച അവസ്ഥയിൽ ആയിരുന്നു ഘട്ടിലേക്ക് നടന്നത്…24 മണിക്കൂറും എരിയുന്ന ചിതകൾ ഉള്ള മണികർണിക…മോക്ഷ പ്രാപ്തി നേടാൻ ഗംഗതൻ മടിത്തട്ടിൽ അലിഞ്ഞുചേർന്ന ഓരോ ജീവിതങ്ങൾ…എന്തായിരിക്കും ഇവരുടെ ഒക്കെ കഥകൾ…ഓരോന്ന് ചിന്തിച്ചു കാട് കയറും എന്നു തോന്നിയപ്പോൾ എണീറ്റ് തിരികെ നടന്നു …
തിരികെ നടക്കുമ്പോൾ കണ്ടു..വരണസിയിലെ പ്രസിദ്ധമായ ബ്ലൂ ലസ്സി ഷോപ്പ്. പിന്നെ ഒന്നും നോക്കിയില്ല നേരെ കേറി ഇരിപ്പുറപ്പിച്ചു. രണ്ടു മംഗോ ലാസിയും പറഞ്ഞു. ഒരു ചെറിയ കട രണ്ടു മൂന്നു ബഞ്ചുകൾ.. ഫ്രീ വൈഫൈ. കടയുടെ പേരുപോലെ നീല ചുവരുകളും. ചുവരിന്റെ നിറം ചിലടത്ത് മാത്രേ കാണാൻ കഴിയൂ. അതു കാണാൻ കഴയാത്തവിധം ചുവർ നിറയെ അവിടെ വന്നു ലസ്സി കുടിച്ച ആളുകളുടെ ഫോട്ടോയാണ് കൂടെ എക്സ്പീരിയൻസ് ഉം. അതൊക്കെ നോക്കിയിരുന്ന നേരത്ത് ദാ വരുന്നു നമ്മുടെ മാംഗോ ലസ്സി … നല്ല പൊരിഞ്ഞ ചൂടിൽ കുറച്ചു ലസ്സി ഉള്ളിൽ ചെന്നപ്പോൾ അത്രേം നേരം ഉണ്ടായിരുന്ന മൂഡ് ഓഫ് ഓക്കേ അങ്ങു പമ്പകടന്നു. പിന്നെ അടുത്ത പ്ലാൻ എന്താണെന്ന് ആലോചിച്ചു.
ഈവനിംഗ് flight ആണ് 3 മണിക്കൂറും കൂടെ കിട്ടും…അടുത്തായി ഭാരത് മാതാ ടെമ്പിൾ എന്നു ഗൂഗിൾ കാണിച്ചു… ചെക്കൗട് time അടുത്തിരുന്ന കൊണ്ട് ഹോട്ടൽ പോയി ചെക്കൗട് ചെയ്ത് ലഗേജ് ഒക്കെ റിസപ്ഷനിൽ കൊടുത്തു ഒരു റിക്ഷ വിളിച്ചു… ഭാരത് മാതാ ടെമ്പിൾ അന്വേഷിച്ചു പോയി…. ഒരു 4 km പോയിക്കാണും അവിടെ എത്താൻ…ഒരു മനുഷ്യനും ഇല്ലാത്ത സ്ഥലം .. റോഡ് സൈഡ് അയിട്ടുപോലും അധികം വിസിറ്റർസ് ഇല്ലായിരുന്നു…ഭാരത് മാതാ ടെമ്പിൾ എന്നു പേരു മാത്രേ ഒള്ളൂ..അമ്പലം അല്ല… വിഭജനത്തിനു മുൻപ് ഉള്ള ഭാരതം ഭൂപ്രകൃതി അനുസരിച്ച് ഒരു തറയിൽ വലിയ വലുപത്തിൽ മാർബിളിൽ നിർമിച്ചിരിക്കുന്നു…( കൂടുതൽ ഒന്നും എനിക്ക് മനസിലായില്ല).
നേരെ തിരിച്ചു ഹോട്ടലിലേക്ക്…അതുവരെ ഉണ്ടായിരുന്ന എക്സൈറ്റമെന്റ് പതിയെ കുറഞ്ഞു… വാച്ച് നോക്കുമ്പോൾ ദേഷ്യം വന്നു തുടങ്ങി.. ഫുഡ് കഴിച്ചു ഒല ബുക്ക് ചെയ്തു….റിസപ്ഷനിൽ വെയ്റ്റ് ചെയ്യുമ്പോൾ പുറത്തേക്ക് നോക്കി നിന്ന എന്നോട് അകത്തു പോയി ഇരുന്നോളു ടാക്സി വരുമ്പോൾ വിളിക്കാം എന്നു സെക്യൂരിറ്റി ചേട്ടൻ പറഞ്ഞു..പുള്ളിക് അറിയില്ലല്ലോ മടങ്ങിപ്പോകാൻ ഒള്ള മടി കൊണ്ട് പുറത്തെ കാഴ്ചകളിൽ നിന്നും കണ്ണെടുക്കാത്തതാ എന്നു…ടാക്സി കേറി നേരെ എയർപോർട്ട് ലക്ഷ്യമാക്കി പോകുമ്പോൾ മനസ്സിൽ ഒരു ഭാരം കയറികൂടിയിരുന്നു ….കാശി നാഥനോട് വിടപറയാനുള്ള സങ്കടം. ഫ്ലൈറ്റ് take off ചെയ്യുമ്പോൾ ഒന്നു കൂടി അതങ്ങ് ഉറപ്പിച്ചു….ഞങൾ ഇനിയും വരും… വീണ്ടുമൊരു അവധിക്കാലത്ത് …
കാശിയിൽ ഇനിയുമുണ്ട് കാണാൻ. രാംനഗർ ഫോർട്ടും, സാരാനാഥും ഒക്കെ. രണ്ടു ദിവസം കൊണ്ടും ഇ പറഞ്ഞ സ്ഥലങ്ങൾ ഒക്കെയും കണ്ടു തീർക്കാം. ഞങ്ങൾക്ക് ആവശ്യത്തിന് സമയം ഉണ്ടായിരുന്നു. ഓടി നടന്നു കവർ ചെയ്യാതെ പരമാവധി ആസ്വദിച്ചു കാഴ്ചകൾ കാണാൻ ആയിരുന്നു ഞങ്ങൾക്ക് താൽപര്യം. കുറച്ചൊക്കെ ബാക്കി വച്ചു അപ്പോ അതും പറഞ്ഞു പിന്നെയും വാരാല്ലോ. എഴുതുവാൻ ഇനിയുമുണ്ട് ഒരുപാട് പക്ഷേ ഞാൻ ഇനിയും നീട്ടി ബോർ അടിപ്പിക്കുന്നില്ല നിർത്തുന്നു.