വിവരണം – ശ്രീഹരി.
നമ്മുടെ നാട്ടിലെ എയർപോർട്ടിൽ ചെക്കിൻ കൗണ്ടറിൽ ഇരിക്കുന്നവർക്കാണ് എമിഗ്രെഷൻ ഓഫിസറെക്കാൾ പവർ. അരമണിക്കൂർ എന്നെയവിടെ നിർത്തിച്ച് വേണ്ടതും വേണ്ടാത്തതും എല്ലാം ചെക് ചെയ്താണ് ബോർഡിങ് പാസ് തന്നത്. ദുഫായിൽ ചെന്ന് ചൂടുവെള്ളത്തിൽ കുളിക്കുന്നോണ്ട് കുഴപ്പമുണ്ടോ സേട്ടാ എന്ന് ചോദിയ്ക്കാൻ നാവു പൊങ്ങിയതാണ്. പിന്നെ വേണ്ടെന്ന് വെച്ച്.
വിമാനങ്ങളുടെ രാജാവായ എമിറേറ്റ്സിൽ ആയിരുന്നു യാത്ര. ഒറ്റ പോക്ക് മുതലാക്കാൻ വേണ്ടി ദുഫായ് വഴി ഒമാൻ കയറി ഖത്തറും ഓടിച്ചിട്ടൊന്നു കണ്ട് ഒരു ത്രിരാഷ്ട്ര ഗൾഫ് ട്രിപ്പാണ് ഒപ്പിച്ചെടുത്തത്. ആദ്യമായിട്ടാണ് ഇത്രയും സംഭവബഹുലമായ ബല്യ വിമാനത്തിൽ കേറുന്നത്. ഇതുവരെ പച്ചവെള്ളംപോലും കിട്ടാത്ത എയർഏഷ്യ കൂതറ ക്ലാസിലെ യാത്ര ചെയ്തിട്ടുള്ളൂ. ലോകോത്തരനിലവാരമുള്ള അതിസ്വാദിഷ്ട ഭക്ഷണവും, എന്റർടൈമെന്റ് സ്‌ക്രീനിൽ മലയാളമുൾപ്പെടെയുള്ള സിനിമകൾ, പാട്ട്, ഫ്‌ളൈറ്റ് പോകുന്ന ലൈവ് മാപ് ഒക്കെ മുതലാക്കി ദുബായ് എത്തിയതറിഞ്ഞില്ല. ഐശ്വര്യമായി ഇടതുകാലെടുത്തുവെച്ച് ദുബായ് മണ്ണിൽ കാലുകുത്തി. അവിടെയെല്ലാം ഇടത്തോട്ടാണല്ലോ.
വളരെ അടുത്ത കുറച്ച് സുഹൃത്തുക്കളും, ഫേസ്ബുക് വഴിയുള്ള ഒരുലോഡ് സ്നേഹിതരും നാട്ടിലുള്ളവരും ബന്ധുക്കളും മറ്റനേകം മലയാളികളും വസിക്കുന്ന വേറൊരു കേരളത്തിലേക്കാണ് കുറ്റീംപറിച്ച് വന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ താമസവും ഭക്ഷണവും കുറച്ച് കറക്കവുമെല്ലാം സുഹൃത്തുക്കൾ സ്വമേധയാ ഏറ്റെടുത്തിരുന്നു. വരും ദിവസങ്ങളിൽ മെട്രോ യാത്രയ്ക്കായി ‘NOL’ എന്നറിയപ്പെടുന്ന കാർഡ് ആദ്യംതന്നെ സംഘടിപ്പിച്ച് പൈസ നിറച്ചുവെച്ചു. ഇതേ കാർഡുപയോഗിച്ച് സിറ്റിയിലെ ബസുകളിലും കയറാം.
ബഡ്ജറ്റ് യാത്രികർ ദുബായിൽ ടാക്സിയെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്. എയർപോർട്ടിലെ രണ്ട് ടെർമിനലുകളും ബന്ധിപ്പിച്ച് അത്യാവശ്യം വിപുലമായ മെട്രോ സർവീസ് ഉള്ളതിനാൽ കീശകാലിയാവാതെ മറ്റു സ്ഥലങ്ങളിലേക്കെത്താം. ഉച്ചയോടെ എത്തിച്ചേർന്ന എന്നെ വരവേൽക്കാൻ സുഹൃത്തുക്കൾ കാറുമായി എത്തിയിരുന്നു. അവിടുത്തെ ദേശീയ പാനീയമായ അറബ് മോരുംവെള്ളവും കുടിച്ച് (Leben) അബുദാബി ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി.
ഇടയ്ക്കൊരു പെട്രോൾ സ്റ്റേഷനിലെ മലയാളീടെ റെസ്റ്റോറെന്റിൽകയറി ബിരിയാണിയും തട്ടി. ദുബായിലൊരു കല്ല് മേലേക്ക് എറിഞ്ഞാൽ ഉറപ്പായും ഒരു മലയാളിയുടെ ദേഹത്താരിക്കും വീഴുക. (ഇത് പരീക്ഷിച്ച് അടികിട്ടിയിട്ട് എന്നെ തെറിവിളിക്കരുത്). അതിമനോഹരമായ അബുദാബി ഗ്രാൻഡ് മോസ്‌ക് കാണാൻ വേണ്ടിയുള്ള പടപ്പുറപ്പാടാണ്. എക്സ്പ്രസ്സ് ഹൈവേയിലൂടെ രണ്ടു മണിക്കൂറോളം സഞ്ചരിച്ചുവേണം അവിടേക്കെത്താൻ. അല്ലാതെ പോകുന്നവർക്ക് 25 ദിർഹം (500 രൂപ) കൊടുത്താൽ നല്ല കിടിലൻ ബസിലും അബുദാബിയിലെത്താം.
ടൂറിസ്റ്റുകളുടെ അമിത തിരക്കായിരുന്നു അവിടെ ഞങ്ങളെ വരവേറ്റത്. എൻട്രൻസ് ഫീസ് ഒന്നുംതന്നെയില്ലാത്ത പള്ളിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി ഒരാവശ്യവുമില്ലാതെ രജിസ്ട്രേഷൻ എന്നപേരിൽ ഒന്നൊന്നര മണിക്കൂറോളം ക്യൂ നിക്കണം. മാന്യമായതും തല മറയ്ക്കാൻ പറ്റിയതും അല്ലാത്ത വസ്ത്രം ധരിച്ചെത്തുന്ന സ്ത്രീകൾക്ക് ഫ്രീയായി പർദ്ദ ലഭിക്കും.
ഉടനീളം മാർബിൾ പാകി തൂവെള്ള നിറത്തിൽ പ്രഭതൂകിനിൽക്കുന്ന ഈ പള്ളിയുടെ ഓരോ തൂണിലും തുരുമ്പിലും കരവിരുത് തീർത്തിരിക്കുന്ന ആർകിടെക്ച്ചറൽ വിസ്മയമാണ് എടുത്ത് പറയേണ്ടത്. ചുവരുകളിലെ പലവർണങ്ങളിലുള്ള ചിത്രപ്പണികൾ കണ്ടാൽ അന്തംവിട്ടുപോകും. കൂടാതെ പള്ളിക്കുള്ളിലെ അഴകേറും പച്ചപരവതാനിയും അതിമനോഹര ഡിസൈനുകളിലുള്ള ഭീമൻ ഷാൻഡ്ലിയർ വിളക്കുകളും എല്ലാമായി ഏതോ അത്ഭുതലോകത്തെത്തിയ പ്രതീതി ഉളവാക്കും.
സിംഗിൾ പീസ് ആയുള്ള ഇവിടുത്തെ പരവതാനി മുഴുവനായും കൈകൾകൊണ്ട് തുന്നിയെടുത്ത് ഇറാനിൽനിന്നും കൊണ്ടുവന്നതാണ്. ദുബായിൽ പോകുന്ന ഏതൊരാളും വെറും അരദിവസം ചിലവാക്കി തീർച്ചയായും ഗ്രാൻഡ് മോസ്‌ക് സന്ദർശിക്കണം. വൈകുന്നേരസമയം ആണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. മറ്റൊരു മ്യാരക ട്വിസ്റ്റ് കൂടി അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.
ഗ്രാൻഡ് മോസ്‌കിന് മുന്നിലൂടെയുള്ള ഹൈവേയുടെ മറുവശത്ത് അധികമാർക്കുമറിയാത്ത അല്ലെങ്കിൽ ആരും ഗൗനിക്കാതെ പോകുന്നൊരു സ്ഥലമുണ്ട്. UAE ആർമിയിലെ രക്തസാക്ഷികൾക്കുവേണ്ടിയുള്ള ശാന്തമായ ഒരു മെമ്മോറിയൽ ആണത്. പക്ഷെ ട്വിസ്റ്റ് എന്തെന്നാൽ മറുവശത്തുള്ള ഗ്രാൻഡ് മോസ്‌ക് കൃത്യമായി പ്രതിഫലിക്കാൻ പാകത്തിന് പണിത മനുഷ്യനിർമിതമായ ചെറിയ തടാകമാണ്. സൂര്യാസ്തമനസമയത്താണ് കണ്ണുതള്ളിപ്പോകുന്നത്. മിനാരങ്ങൾ തഴുകി പുറകിലേക്കൊളിക്കുന്ന സൂര്യന്റെ ഓറഞ്ച് പ്രഭയിൽ കുളിച്ചുനിൽക്കുന്ന പള്ളിയുടെ പല ഭാഗങ്ങളിലേക്ക് മേമ്പൊടിയായി ലൈറ്റുകൾ കൂടിയാവുന്നതോടെ പറഞ്ഞറിയിക്കാനാവാത്ത കാഴ്ചയായി മാറും.
അങ്ങനെ ഗ്രാൻഡ് മോസ്‌ക് കണ്ട് സായൂജ്യമടഞ്ഞ് ദുബായിൽ തിരിച്ചെത്തി. അവിടുത്തെ ഉഗ്രനൊരു ടർക്കിഷ് റെസ്റ്റോറന്റിൽനിന്നായിരുന്നു രാത്രിഭക്ഷണം. ദുബായിലെ ഭക്ഷണവൈവിധ്യങ്ങൾ എന്റെ പൊന്നോ ഒരു രക്ഷയുമില്ല. പല പല രാജ്യങ്ങളിലെ കൊതിയൂറും വിഭവങ്ങൾ. എന്തിനേറെ നമ്മുടെ കേരളത്തിലുള്ളതിനേക്കാൾ പലതരം നാടൻ വെറൈറ്റികൾ ദുബായിലുണ്ട്, അതും നല്ല കിണ്ണൻ ക്വാളിറ്റിയിൽ. ഇവിടെ ക്വാളിറ്റിയിൽ തരികിട കാണിച്ചാൽ ഫൈനും ജയിലുമൊക്കെയായി അങ്ങനെ സുഖിക്കാമെ അതുകൊണ്ടാ.
പള്ളനിറച്ചശേഷം വെറുതെ കിടന്ന് ഉറങ്ങി സമയം കളയാൻ അല്ല പദ്ധതി, ആകെ 3 ദിവസേ ഉള്ളേ. അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കമായ ഗ്ലോബൽ വില്ലേജിലേക്കെത്തി. ദുബായുടെ മുക്കിലും മൂലയിൽനിന്നും പബ്ലിക് ബസ് സംവിധാനം ഒരുക്കിയിട്ടുണ്ട് ഇവിടേക്ക്. 15 ദിർഹം ആണ് എൻട്രൻസ് ഫീ. ഒരു നാലഞ്ച് മണിക്കൂറെങ്കിലും മിനിമം വേണം എല്ലാമൊന്നും മനസറിഞ്ഞ് കണ്ടുതീർക്കാൻ. ഏവരെയും ആശ്ചര്യപ്പെടുത്തുന്ന ഒരു വിസ്മയലോകം തന്നെയാണിത്. പലപല രാജ്യങ്ങളുടെ ഷോപ്പിംഗ് പവലിയനുകൾ കൂടിച്ചേർന്ന് ഏതാണ്ട് 10 ഉത്സവം ഒരുമിച്ചുകണ്ട പ്രതീതി.
ഓരോ രാജ്യങ്ങളുടെ കവാടം പണിതിരിക്കുന്നതുതന്നെ കാണേണ്ട കാഴ്ചയാണ്. അകത്തേക്ക് കയറിയാലോ ശരിക്കും ആ രാജ്യത്തെത്തിയ പ്രതീതി, അവരുടെ കലാരൂപങ്ങളും, തനതു ഉത്പന്നങ്ങളും, സുഗന്ധവും, ആളുകളും അതാത് ഭാഷയിലുള്ള കലപില ഒക്കെയായി ഒരു സംഭവം തന്നെയാണ്. ഇന്ത്യയുടെ പവലിയനും ഇവിടെയുണ്ട്, പക്ഷെ മുഴുവനും നോർത്ത് ഇന്ത്യൻ ആളുകളാണ്. ഇത്രയധികം മലയാളികൾക്കുള്ള ഇവിടെ കേരളത്തെ പ്രതിനിധീകരിച്ച് ഒരു തട്ടുകടയെങ്കിലും ഇടാമായിരുന്നു. ലോകാത്ഭുതങ്ങളുടെയെല്ലാം മിനിയേച്ചർ ഉണ്ടാക്കി വെച്ചിട്ടുണ്ടിവിടെ. കൂട്ടത്തിൽ നമ്മുടെ താജ് മഹലും മസില് പെരുപ്പിച്ച് അങ്ങനെ നിക്കണു. രാത്രി 12 മണിക്ക് കട പൂട്ടുന്ന സമയംവരെ അവിടെ തത്തിക്കളിച്ച് ഫ്രണ്ടിന്റെ കൂടെ റൂമിലേക്ക് പോയി.
അടുത്ത രണ്ടു ദിവസങ്ങളിൽ ഇവിടെയുള്ള കൂട്ടുകാർക്ക് വർക്കിങ് ഡേ ആയതിനാൽ അവരെയൊന്നും ബുദ്ധിമുട്ടിപ്പിക്കാതെ സ്വയം കറങ്ങാൻ ആണ് പ്ലാൻ. രാവിലെ കുളിച്ചൊരുങ്ങി തലചായ്ക്കാൻ ഇടംതന്ന സുഹൃത്തിനെ ഓഫീസിൽ വിട്ട് മെട്രോ പിടിച്ച് ഓൾഡ് ദുബായ് എന്ന വിസ്മയലോകത്തേക്ക് എത്തി. Al Fahidi മെട്രോ സ്റ്റേഷനിറങ്ങി നടന്നെത്താവുന്ന ദൂരത്തിൽ ആണിത്. എന്നെപ്പോലെതന്നെ നാട്ടിൽനിന്നും ദുഫായ് കാണാൻ എത്തിയിട്ടുള്ള തലതെറിച്ച കൂട്ടുകാരി ഇവിടേക്കെത്തി. പിന്നെ ഞങ്ങളൊരുമിച്ചായി കറക്കം.
ഓൾഡ് ദുബായ് അഥവാ ബർദുബായ് എന്ന ഈയൊരു ഏരിയ തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ്. ചരിത്രം ഇഷ്ടപ്പെടുന്ന ആളല്ലെങ്കിൽക്കൂടി ഇവിടം ഉറപ്പായും ഇഷ്ടപ്പെടും. പഴയ രീതിയിലുള്ള ഒരുപിടി കെട്ടിടങ്ങളും കച്ചവടങ്ങളുമൊക്കെയായി പണ്ടത്തെ ദുബായിയെക്കുറിച്ച് ഏകദേശ ധാരണ ഇവിടുന്ന് നേടിയെടുക്കാം. എടുത്തുപറയേണ്ടത് ഏവരെയും ആകർഷിക്കുന്ന ദുബായ് മ്യൂസിയം ആണ്. മുൻപുണ്ടായിരുന്ന ഒരു കോട്ടയെ മ്യൂസിയമാക്കിമാറ്റി എത്ര മനോഹരമായിട്ടാണ് പണ്ടുകാലത്തെ ജീവിതരീതികളും സാധനസാമിഗ്രികളും ഒരുക്കിയിരിക്കുന്നത്. വെറും 3 ദിർഹം മാത്രമാണ് ഇവിടം സന്ദർശിക്കാനുള്ള ടിക്കറ്റ് നിരക്ക്.
ബർദുബായിയോട് ചേർന്നുതന്നെ ദെയ്‌റ എന്ന മറ്റൊരു ഭാഗവും ഇവ രണ്ടിനെയും തമ്മിൽ വേർതിരിക്കുന്ന അറബിക്കടലിന്റെ കൈവഴിയായ ദുബായ് ക്രീക്കും നിലകൊള്ളുന്നു. പാലവും മെട്രോയുമൊക്കെ വരുന്നതിനുമുമ്പ് പണ്ടുകാലത്ത് കടത്ത് മാത്രമായിരുന്നു ദുബായിയുടെ പ്രധാനപ്പെട്ട ഈ രണ്ടു സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരുന്നത്. അന്നത്തെ ആ കടത്ത് അതേ പൊലിമയോടെ ദുബായ് RTA (Road & Transport Authority) ഇന്നും നടത്തിക്കൊണ്ടുപോകുന്നു. സാധാരണക്കാർക്കും ടൂറിസ്റ്റുകൾക്കും ഒരേപോലെ പ്രിയങ്കരമായ, ‘അബ്ര’ എന്നപേരിൽ തടികൊണ്ടുള്ള ഈ മോട്ടോർ ബോട്ടിലെ യാത്രയ്ക്ക് വെറും ഒരു ദിർഹം മാത്രമാണുള്ളത്.
ദുബായിൽ ഇത്ര ചിലവുകുറവുള്ള ഒരേയൊരു പൊതുഗതം ആണിത്. സാദാ വള്ളത്തിന്റെ വലിപ്പമുള്ള തുറന്ന ബോട്ടിൽ കസേരകളിയിലെപോലെ പുറംതിരിഞ്ഞിരുന്ന് കാഴ്ചകൾ കണ്ടുള്ള യാത്ര തീർച്ചയായും ഒരനുഭൂതി തന്നെയാണ്. കടലിൻറെ ഓളംതല്ലുന്ന ജലപ്പരപ്പുകളിൽ തത്തിക്കളിച്ച്, ലോക്കൽ ജനജീവിതങ്ങളൊക്കെ കണ്ട്, ബർദുബായിയുടെയും ദെയ്റയുടെയും മനോഹാരിത ഒപ്പിയെടുത്തൊരു യാത്ര. ഇറങ്ങുമ്പോ ബോട്ടിന്റെ സ്രാങ്കിനാണ് യാത്രാക്കൂലിയായ ഒരു ദിർഹം കൊടുക്കേണ്ടത്.
വെറും ബോട്ട് യാത്രയ്ക്ക് വേണ്ടിമാത്രം ഇപ്പുറത്ത് ദെയ്റയിൽ എത്തിയതായിരുന്നില്ല. ലോകപ്രശസ്തമായ ഗോൾഡ് സൂഖ്, സ്‌പൈസ് സൂഖ് എന്നിവ കാണാനെത്തിയതാണ്. സൂഖ് എന്നാൽ അറബിയിൽ മാർക്കറ്റ് എന്നർത്ഥം. ആരെയും മോഹിപ്പിക്കുന്ന വർണശബളമായ മാർക്കറ്റുകളാണ് ദുബായിയുടെ പ്രത്യേകത. ഗ്രാൻഡ് സൂഖ് എന്നെഴുതിയ കവാടം കടന്ന് ആ അത്ഭുതലോകത്തേക്കെത്തി. സ്‌പൈസ് സൂഖ് ആണ് ആദ്യം. എണ്ണിയാലൊടുങ്ങാത്ത പലതരം സുഗന്ധവ്യഞ്ജനങ്ങളുടെ മത്തുപിടിപ്പിക്കുന്ന സുഗന്ധമാണ് ഈ മാർക്കറ്റിലൂടെ നടക്കുമ്പോൾ മൂക്കിലേക്ക് തുളച്ചുകയറുക. സ്പൈസസിന്റെയും ഡ്രൈ ഫ്രൂട്ടുകളുടെയും വിശാലമായ ഒരു ലോകം.
അവിടുന്ന് തൊട്ടടുത്തുള്ള ഗോൾഡ് സൂഖിലേക്ക്. ഇരുവശങ്ങളിലും നൂറുകണക്കിന് ചെറുതും വലുതുമായ സ്വർണക്കടകൾ നിറഞ്ഞൊരു നീണ്ട ഇടനാഴി. കാൽക്കുലേറ്ററുകൾ സംഗീതം മുഴക്കുന്ന സ്വർണത്തിളക്കമുള്ള ഇങ്ങനെയൊരു തെരുവ് ലോകത്ത് വേറെയുണ്ടാവില്ല. വനിതാരത്‌നങ്ങളെയും കൂട്ടി വന്നാൽ അവരുടെ കണ്ണുതള്ളി വാപൊളിക്കുന്നത് നേരെയാക്കാൻ കഠിനപ്രയത്‌നം വേണ്ടിവരും. കൂടാതെ പലവിധ സന്ദർഭങ്ങളിൽ രാഷ്ട്രീയക്കാരെപ്പോലെ നൽകിയിട്ടുള്ള വെറും വാഗ്ദാനങ്ങൾ നടപ്പാക്കി പാപ്പരാവേണ്ടതായും വന്നേക്കാം. ഇനിയും പെർഫ്യൂം, ടെക്സ്റ്റയിൽ അങ്ങനെ പലതരം സൂഖുകൾ കാണാൻ ബാക്കിയുണ്ടെങ്കിലും ഇതുരണ്ടും മാത്രം ഓടിച്ചിട്ട് കണ്ട് അവിടുന്നിറങ്ങി.
ഉച്ചയ്ക്കുശേഷം ഡെസേർട്ട് സഫാരിക്ക് പോകാൻ ബുക് ചെയ്തിട്ടുണ്ട്. ഞങ്ങൾ രണ്ടുപേരും, പിന്നെ ദുബായിൽ തന്നെയുള്ള ഫ്രണ്ടിന്റെ ചേച്ചിയും കൂടിയാണ് പോകുന്നത്. പിക്അപ് ചെയ്യുമെന്ന് അവർ പറഞ്ഞ സ്ഥലത്തെക്ക് മെട്രോ പിടിച്ച് എത്തിച്ചേർന്നു. ഏകദേശം 3 മണിയോടെ മരുഭൂമിയിലെ പുലിക്കുട്ടനായ ടൊയോട്ട ലാൻഡ് ക്രൂയിസർ വന്നു ഞങ്ങളെ കോരിയെടുത്ത് കൊണ്ടോയി.
മണൽ കൂമ്പാരങ്ങളിലേക്ക് കയറുന്നതിന് തൊട്ടുമുൻപ് ടയറിലെ കാറ്റു കുറയ്ക്കുന്ന ചടങ്ങുണ്ട്. എങ്കിലേ സുഗമമായി ഓടൂ. ഇനിയാണ് കാര്യപരിപാടികൾ ആരംഭിക്കുന്നത്. മരുഭൂമിയിലൂടെ ഭ്രാന്തമായി വണ്ടിയോടിച്ചും ചിലയവസരങ്ങളിൽ മലക്കം മറിഞ്ഞ് അപകടമാവുന്നതുമൊക്കെ കണ്ടിട്ടില്ലേ, അതിന്റെ പേരാണ് ഡൂൺ ബാഷിങ്. മണലൊക്കെ തെറിപ്പിച്ച് തെന്നിക്കളിച്ച് ചെയ്യുന്നത് പുറമെന്ന് കാണാൻ രസമാണെങ്കിലും ഉള്ളിലിരുന്നാൽ ചമ്മന്തിയരയ്ക്കാൻ മിക്സിയിലിട്ട അവസ്ഥയാണ്.
പാകിസ്താനിയായ ഡ്രൈവർ അദ്ദേഹത്തിന്റെ സകല കഴിവും പുറത്തെടുത്ത അതിസമർത്ഥമായ എന്നാൽ ഞങ്ങളെ സംബന്ധിച്ച് കുറച്ചൊന്നു പേടിപ്പെടുത്തിയ ഒരു ത്രില്ലിംഗ് അനുഭവമായിരുന്നു. ഡെസേർട്ട് സഫാരി എന്നാൽ ഡിന്നറും മറ്റു പലവിധ വിനോദങ്ങളും ഉൾപ്പെടുത്തിയുള്ള പാക്കേജ് ആയിരിക്കും മിക്കതും. അങ്ങനെ മരുഭൂമിയിലുള്ള ഒരു തട്ടിക്കൂട്ട് കോളനി പോലുള്ള സ്ഥലത്തെത്തി. മണൽക്കൂനകളിൽ കളിച്ചും സൂര്യാസ്തമയം കണ്ടും ഫോട്ടോയെടുപ്പ് ഒക്കെയായി കുറച്ചുസമയം ചിലവഴിച്ചു.
രാത്രി ബെല്ലി ഡാൻസ് കണ്ടുകൊണ്ടുള്ള ബാർബിക്യൂ ഡിന്നറിനുമുൻപായി മണലിലൂടെയുള്ള 4 വീൽ ATV ബൈക് റൈഡ്, ഒട്ടകസവാരി, ഹെന്ന പെയിന്റിംഗ് അങ്ങനെ പലതും നടക്കുന്നുണ്ട്. ഒട്ടകസവാരി മാത്രമായിരുന്നു ഞങ്ങളുടെ പാക്കേജിൽ ഫ്രീയായി ഉണ്ടായിരുന്നത്. ഒട്ടകത്തിന്റെ കുണുങ്ങി കുണുങ്ങിയുള്ള നടപ്പുകാണാൻ ചേലാണെങ്കിലും അതിന്റെ മണ്ടേലിരുന്ന് പോകുന്നത് അത്ര സുഖമുള്ള ഏർപ്പാടല്ല. അത് മാത്രമല്ല ആശാൻ നമ്മള് കയറിയിട്ട് എഴുന്നേൽക്കാൻ മുന്നിലെ കാല് മടക്കി പുറകീന്ന് ഒരു പൊക്കലുണ്ട്, പിടിച്ചിരുന്നില്ലെങ്കിൽ ടിപ്പർലോറീന്ന് സാധനം അൺലോഡ് ചെയ്തവസ്ഥ ആവും.
അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുമെന്നുള്ള അറിയിപ്പ് വന്നതോടെ മണലിൽ ഒരുക്കിയിട്ടുള്ള ഓപ്പൺ സ്റ്റേജിനടുത്തുതന്നെ സീറ്റ് പിടിച്ചു. തറയിൽ പുൽപായ വിരിച്ചാണ് ഇരിപ്പ്, ഒരു കുഞ്ഞി ടേബിളും. ബൊഫെ സെറ്റപ്പിൽ ഡിന്നറിനുള്ള ക്യൂവും അപ്പോഴേക്കും രൂപപ്പെട്ടിരുന്നു. ഫുഡ് അത്ര നല്ലത് പറയാനുംമാത്രം ഇല്ലെങ്കിലും അവിടെ നടന്ന മാസ്മരികഷോകൾ വേറിട്ട അനുഭമായിരുന്നു.
ബെല്ലി ഡാൻസ് എന്ന് കേട്ടിട്ടുള്ളതല്ലാതെ നേരിട്ടുകാണുന്നത് ഇതാദ്യം. ഒരു മാദകസുന്ദരി എന്നുവിളിക്കാവുന്ന പെൺകൊടി സംഗീതത്തിന്റെ താളത്തിനൊത്ത രീതിയിൽ ശരീരഭാഗങ്ങളുടെ അത്ഭുത ചലനങ്ങളിലൂടെ, തെന്നിക്കളിച്ചുള്ള ചുവടുകളിലൂടെ കാഴ്ചക്കാരനെ അമ്പരപ്പിക്കും.
ഇതുകൂടാതെ അറബിക് നാടോടി നൃത്തമായ തണ്ടോറ ഡാൻസും അരങ്ങേറി; ആകർഷകമായ പ്രത്യേക വസ്ത്രം ധരിച്ച നർത്തകൻ പ്രകടനത്തിലുടനീളം പമ്പരം പോലെയാണ് നിന്നുകറങ്ങുന്നത്. ആൾക്ക് ഒരു കൂസലുമില്ലെങ്കിലും കാണുന്ന നമുക്ക് തലകറങ്ങും. ഇതിനുശേഷം വേറൊരാൾ തീകൊണ്ടുള്ള കുറച്ച് പ്രകടനങ്ങളും കാഴ്ചവെച്ചു.
ദുബായിലെത്തിയാൽ ഉറപ്പായും ട്രൈ ചെയ്യണമെന്ന് കരുതിയിരുന്ന ഷീഷ അഥവാ ഹുക്ക വലിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരുന്നു. ഒരു മാന്ത്രികകുടംപോലെ തോന്നിക്കുന്ന പാത്രത്തിൽനിന്നും നീളുന്ന പൈപ് വെച്ചുള്ള രാജകീയമായ പുകവലി കണ്ടിട്ടില്ലേ, അതാണ് സംഭവം. ഇത് പുകയില മാത്രമല്ല, സാധാരണക്കാർക്കും ട്രൈ ചെയ്യാവുന്ന രീതിയിൽ മിന്റ്, ആപ്പിൾ, ഓറഞ്ച് അങ്ങനെ പലവിധ ഫ്ലേവറുകളുണ്ട്. ഏതാണ്ട് അരദിവസത്തോളമെടുത്ത് മൊത്തത്തിൽ മനസ്സുനിറച്ച ഡെസേർട്ട് സഫാരിക്കുശേഷം 9 മണിയോടെ മരുഭൂമിയോട് വിടപറഞ്ഞു. അവിടെത്തന്നെ ടെന്റുകളിൽ രാത്രി താമസമുൾപ്പെടെയുള്ള പാക്കേജുകളുമുണ്ട്.
അടുത്തദിവസം രാവിലെ കുളിച്ചൊരുങ്ങി ബുർജ് ഖലീഫയിലേക്കാണ് പോയത്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ നിർമിതി, അംബരചുംബി എന്ന് അക്ഷരംതെറ്റാതെ വിളിക്കാൻ പറ്റുന്ന മുതൽ. ബുർജ് ഖലീഫ കാണാതെ ഒരാളുടെയും ദുബായി സന്ദർശനം പൂർണമാവില്ല. ഇതിന്റെ താഴെനിന്ന് കാണുന്നത്തിനും വൈകുന്നേരങ്ങളിൽ മുന്നിലുള്ള ദുബായ് ഫൗണ്ടനിൽ ഓരോ മണിക്കൂർ ഇടവിട്ട് നടക്കുന്ന ഷോയും കാണാൻ പ്രത്യേകിച്ച് പൈസയൊന്നും മുടക്കേണ്ട.
എന്നാൽ ഒരു ഫീൽ കിട്ടണമെങ്കിൽ അങ്ങ് മുകളിൽ സന്ദർശകർക്കായുള്ള നിലകളിൽ കേറണം. അതിനായുള്ള മിന്നൽ ലിഫ്റ്റ് ആണ് എടുത്ത് പറയേണ്ടത്. ഒരൊറ്റ മിനിറ്റ് മതി 125 ആം നിലയിലെ ഒബ്‌സർവേഷൻ ഡെക്കിലെത്താൻ. ഏതാണ്ട് ഒരു കിലോമീറ്ററിനടുത് ഉയരമുള്ള ബുർജ് ഖലീഫയുടെ 555 മീറ്ററിലുള്ള നില മാത്രമാണിതെന്നോർക്കണം. ഏറ്റവും വേഗമുള്ളതും, ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്നതുമായ എലിവേറ്റർ, ഏറ്റവും ഉയരത്തിലുള്ള ഒബ്‌സർവേഷൻ ഡെക്ക് തുടങ്ങി ഒരു ഡസനിൽപരം ലോകറെക്കോഡുൾ ബുർജ് ഖലീഫയ്ക് സ്വന്തമായുണ്ട്.
ഒബ്‌സർവേഷൻ ഡെക്കിലേക്ക് പ്രത്യേകം ടൈം സ്ലോട്ട് ഒക്കെവച്ച് നിശ്ചിത ആളുകളെയേ ദിവസവും കയറ്റൂ എന്നതിനാൽ മുൻകൂട്ടി ടിക്കറ്റെടുക്കുന്നതാണുചിതം. അവരുടെ ഒഫീഷ്യൽ സൈറ്റിൽനിന്നോ അല്ലെങ്കിൽ www.klook.com പോലെയുള്ള മറ്റുപല സൈറ്റുവഴിയും ബുക്ക് ചെയ്യാം 135 ദിർഹം ആണ് ടിക്കറ്റിന് ആയത്.
ബുർജ് ഖലീഫയോട് ചേർന്നുതന്നെയുള്ള മറ്റൊരു ആകർഷണമാണ് ദുബായ് മാൾ. ശെരിക്കും മാളിനുള്ളിലൂടെത്തന്നെയാണ് ബുർജ് ഖലീഫയിലേക്ക് കയറുന്നതും. എത്ര നടന്നു കണ്ടാലും തീരാത്തൊരു വിശാലമായ ലോകമാണ് ദുബായ് മാൾ. ഇതിനുള്ളിൽ ഒരുക്കിയിരിക്കുന്ന വമ്പൻ അക്വേറിയവും മനുഷ്യനിർമിത വെള്ളച്ചാട്ടവുമൊക്കെ കാണേണ്ട കാഴ്ചയാണ്. നടന്നു മടുത്ത് അവസാനം അവിടുന്നിറങ്ങി. വേറെ കുറച്ച് കറക്കത്തിനുശേഷം രാത്രി വീണ്ടും ഇവിടേക്കുവരണം, ന്യൂയർ നൈറ്റിന്റെ മായകാഴ്ചകൾ ആസ്വദിക്കാൻ.
ജുമൈറ എന്നറിയപ്പെടുന്ന ദുബായിയുടെ മറ്റൊരു ലോകത്തേക്കാണ് പോകുന്നത്. ആഡംബരനഗരിയായ ദുബായിലെ ഏറ്റവും പോഷ് ഏരിയ ആണ് ജുമൈറ. ഇവിടെ ഏറ്റവും സവിശേഷമായ സംഭവം പാം ജുമൈറ (palm jumeirah) എന്ന സ്ഥലമാണ്. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ പനമരത്തിന്റെ ആകൃതിയിൽ കടൽ നികത്തി ഉണ്ടാക്കിയെടുത്ത മനുഷ്യനിർമിത ദ്വീപാണിത്.
ദുബായ് മെട്രോയിൽ കയറി DAMAC അല്ലെങ്കിൽ Jumeirah lake tower എന്നീ സ്റ്റേഷനിൽ ഏതിലെങ്കിലും ഇറങ്ങിയാൽ ജുമൈറ ഏരിയയിൽ ചെറിയദൂരം വലംവെച്ചുകൊണ്ടിരിക്കുന്ന ട്രാമിൽ കയറാം. എന്നിട്ട് Palm Jumeirah സ്റ്റേഷനിൽ ഇറങ്ങി വീണ്ടുമൊരു മോണോ റെയിൽ പിടിക്കണം ഈ ഐലന്റിലേക്കു പോവാൻ. മോണോറെയിലിൽ മാത്രം NOL കാർഡ് ഉപയോഗിക്കാൻ സാധിക്കില്ല. ദിർഹംസ് കൊണ്ട് അമ്മാനമാടുന്നവർക്ക് സിമ്പിളിയായി ടാക്സി പിടിച്ചും ഇവിടേക്കെത്താം.
പാം ജുമൈറയുടെ അങ്ങേ തലയ്ക്കലുള്ള ആഡംബര ഹോട്ടലായ അറ്റ്ലാന്റിക്സ് ആണ് ഈ ദ്വീപിന്റെ ഹൈലൈറ്റ്. മോണോ റെയിലിൽ കൂടി വരുമ്പൊത്തന്നെ ദൂരെനിന്നേ ഇതിങ്ങനെ നെഞ്ചുവിരിച്ച് നില്കുന്നതുകാണാം. ദുബായിലെ പ്രധാന ആക്റ്റിവിറ്റികളിലൊന്നായ സ്‌കൈ ഡൈവിങ് ചെയ്യുന്നത് ഈ പാം ഐലന്റിന്റെ മുകളിൽനിന്നാണ്. ഇങ്ങനെയൊരു വെറൈറ്റി നിർമിതി കാണുന്നതിനപ്പുറം പ്രത്യേകിച്ചിവിടെ ചെയ്യാനൊന്നുമില്ല.. സന്ധ്യയോടെ എത്തിയതിനാൽ കടൽത്തീരത്തുകൂടി നിർമിച്ചിട്ടുള്ള തടിപ്പാതയിലൂടെ വെറുതെ നടത്തവും സൂര്യാസ്തമയവും കണ്ട് അവിടുന്ന് സ്ഥലംവിട്ടു.
ഇതിനടുത്തുതന്നെയാണ് മറ്റൊരു മനുഷ്യനിർമിത ദ്വീപുണ്ടാക്കി പായ്കപ്പലിന്റെ മാത്രകയിൽ നിർമിച്ചിട്ടുള്ള ബുർജ് അൽ അറബ് ഹോട്ടൽ സമുച്ചയം. കാശുള്ളവനുമാത്രം പോകാൻ പറ്റുന്നിടമായതിനാൽ അങ്ങോട്ടൊന്നും പോയില്ല. JBR അഥവാ ജുമൈറ ബീച്ച് റെസിഡൻസ് എന്നറിയപ്പെടുന്ന ഭാഗത്തേക്കാണ് അടുത്തതായി എത്തിയത്. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടൊരു ബീച്ച് റെസിഡൻസ് ഏരിയ ആണിത്.
രാത്രിയായാൽ മാരക ഓളം ആണിവിടെ. The walk എന്നപേരിൽ കല്ലുപാകിയ ഇടവഴികളിലുടനീളം ഷോപ്പിങ്ങും തട്ടുകടകളും ഒക്കെയായി ബഹളമയമാണ്, ഇതിനു സമാന്തരമായി The beach എന്ന ഓമനപ്പേരിൽ അതിമനോഹരമായ കടൽത്തീരവുമുണ്ട്. ബീച്ചിൽ കളിക്കാനും തിരമാലയെണ്ണനും വരുന്നവർ ഇരുട്ടുന്നതിനു മുൻപേ എത്തണം. ഇങ്ങനൊരു പോഷ് ഏരിയ പബ്ലിക്കിന് ഫ്രീയായി തുറന്നുകൊടുത്ത മനസ് ആരും കാണാതെ പോവരുത്. ഉറപ്പായും ഒരു വൈകുന്നേരം ഇവിടം സന്ദർശിക്കാനായി മാറ്റിവെക്കണം എന്ന്.
ജുമൈറ കറക്കം അവസാനിപ്പിച്ച് വീണ്ടും തിരിച്ച് ബുർജ് ഖലീഫയിലെത്തി. ദുബായിലെ ന്യൂയർ ഫയർവർക്സ് ഒരു വൻ സംഭവം തന്നെയാണ്. ഇതിന്റെ തിരക്ക് കുറയ്ക്കാൻ ഉച്ചയ്ക്കുശേഷം അടുത്തുള്ള മെട്രോ സ്റ്റേഷനുകൾ അടയ്ക്കുന്നതുൾപ്പെടെ പലവിധ നിയന്ത്രണങ്ങളുമുണ്ട്. ദുബായിലെ പല വിശേഷസദിവസങ്ങളിലും ബുർജ് ഖലീഫയെ ഉടനീളം അണിയിക്കുന്ന ലൈറ്റിങ് വിസ്മയങ്ങൾ കാണേണ്ട കാഴ്ചയാണ്.
ന്യൂയർ രാത്രിയിൽ ലൈറ്റിങ് ഷോയ്‌ക്കൊപ്പം കെട്ടിടത്തിന്റെ പല നിലകളിൽനിന്നും വർണശബളമായ വെടിക്കെട്ടിനും തിരികൊളുത്തുന്നതോടെ അത്യപൂർവമായൊരു കാഴ്ചയായി മാറും. പതിനായിരങ്ങളാണ് ഇതിനായി അന്നേദിവസം പലയിടങ്ങളിലായി തടിച്ചുകൂടുന്നത്. വൈകിട്ടോടെത്തന്നെ ആളുകളെക്കൊണ്ട് നിറയുന്ന ബുർജ് ഖലീഫയുടെ ഏറ്റവുമടുത്ത സ്ഥലങ്ങൾ പോലീസ് ബ്ളോക് ചെയ്യും. രാത്രി വൈകിയെത്തിയതിനാൽ കണ്ണായ സ്ഥലങ്ങളൊക്കെ ആൺപിള്ളേര് കൈയേറി അങ്ങോട്ടേക്ക് കടക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.
കുറച്ച് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് നടന്ന് പണ്ടാരമടങ്ങി പോലീസിന്റെ കൈയും കാലും പിടിച്ചും ബാരിക്കേഡ് നുഴഞ്ഞു കയറിയും കഷ്ടപ്പെട്ട് ഒരു സ്ഥലം ഒപ്പിച്ചു അവസാനം. അവിടെയാണെങ്കിൽ സൂചി കുത്താൻ പറ്റാത്ത അത്ര തിരക്കും. ആവശ്യം നമ്മുടെ ആയതുകൊണ്ട് ഞാൻ ക്ഷമിച്ച്.
കൃത്യം 12 മണിക്കുതന്നെ കൗണ്ട് ഡൗണും അതിനുപിന്നാലെ കോരിത്തരിപ്പിക്കുന്നരീതിയിൽ ബുർജ് ഖലീഫയെ അണിയിക്കുന്ന ലേസർ മാന്ത്രികങ്ങളും നൂതനമായ ഫയർവർക്കസും അരങ്ങേറി. ആണ്ടവാ ഇതൊക്കെയാണ് വെടിക്കെട്ട്, കണ്ട് മനസ്സുനിറഞ്ഞ് തുള്ളിചാടിപ്പോയി. പതിനായിരക്കണക്കിന് ആളുകളുടെ ആർപ്പുവിളിയും മ്യൂസിക്കും എല്ലാമായി ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയാത്തൊരു പുതുവർഷം.
ദുബായിലെ അവസാനരാത്രിയാണ്. ചുരുങ്ങിയ സമയംകൊണ്ട് പ്രധാനപ്പെട്ട ചിലതൊക്കെമാത്രം കണ്ടും അനുഭവിച്ചും മനസ്സുനിറച്ചൊരു ട്രിപ്പ്. ഒരുപാടൊരുപാട് കാണാകാഴ്ചകൾ നിറഞ്ഞ സഞ്ചാരികളുടെ പറുദീസയാണ് ഇവിടം. എല്ലാം വിശദമായി കാണാൻ ഒരു വരവൂടി വരേണ്ടി വരും.