വിവരണം – Tino Joy.
ഞാൻ ഇവിടെ പറയൂന്നത് ഞാൻ അനുഭവിച്ച ഒരിക്കലും ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത ഒരു യാത്രയൂടെ അനുഭവം ആണ്. യാത്രകളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ യാത്രചെയ്യാൻ ഉള്ള ഒരു അവസരവും ഞാൻ നഷ്ട്ടപെടുത്താറില്ല. 2021 ജനുവരി 5 തിയതി ഓഫീസിലെ ഒരു ആവശ്യത്തിന് തമിഴ്‌നാട് പോകേണ്ടിവന്നു. പിന്നെ ഒന്നും നോക്കിയില്ല, സന്തോഷത്തോടെ വണ്ടിയെടുത് ഇറങ്ങാൻ ഉള്ള പരിപാടി നോക്കി.
രാത്രി തന്നെ പാസ്സ് എടുക്കാനായുള്ള കാര്യങ്ങൾ നോക്കി. അപ്പോൾ അറിയുന്നത് തമിഴ്‌നാട് ബൈക്കിനു ഒരാൾക്ക് മാത്രം പാസ്സ് കൊടുക്കു എന്ന്. ഞങ്ങൾ 2 പേർക്ക് പോണം. പണികിട്ടി എന്ന് ഓർത്തു ഇരിക്കുന്പോൾ പാലക്കാടുനിന്നു Siruvani ഡാം വഴി പോകുമ്പോൾ ആണ് പാസ്സ് വലിയ പ്രശ്നം ഉണ്ടാവില്ല എന്ന് അറിഞ്ഞത്. എങ്കിലും ഒരാൾക്കുള്ള പാസ് എടുത്തു.
അങ്ങനെ രാവിലെ തന്നെ എഴുന്നേറ്റു ആലുവ നിന്ന് പാലക്കാട് വച്ചുപിടിച്ചു. പാലക്കാട് നിന്ന് ആണ് കൂടെ ഉള്ള അഖിൽ കയറുന്നത്. 5 മണി ടൈം ആയതു കൊണ്ട് റോഡ് ഒട്ടും തിരക്ക് ഉണ്ടായിരുന്നില്ല. രാവിലത്തെ തണുപ്പ് ഒക്കെ ആസ്വദിച്ചു അടിപൊളി യാത്ര. ലോക്‌ഡോൺ കഴിഞ്ഞു ഉള്ള ഒരു ലോങ്ങ് യാത്ര ആയതു കൊണ്ട് മനസ്സിൽ ഒരുപാടു പ്രതിക്ഷ ഉള്ള ഒരു യാത്ര തന്നെ ആയിരുന്നു. ഏകദേശം 2.5 മണിക്കൂർ കൊണ്ട് പാലക്കാട് എത്താൻ പറ്റി. പാലക്കാട് അഖിലിനെ കൂട്ടി വീണ്ടും ശിർവാനി ഡാം ലക്ഷ്യമകി യാത്ര തുടർന്നു.
കുറച്ചു കുടി മുന്പോട്ടു പോയപ്പോൾ വിശപ്പു അതിന്റെ മൂർത്തി ഭാവം എടുത്തു. അടുത്ത് കണ്ട ഒരു ചെറിയ കടയിൽ കയറി നല്ല ആവി പാർക്കുന്ന ഇഡ്‌ലി കൂടെ അടിപൊളി വടയും അകത്താക്കി വീണ്ടും യാത്ര തുടർന്നു. കരിമ്പ എത്തി മെയിൻ വഴിയിൽ നിന്നും മാറി നാട്ടിൻപുറത്തിന്റെ മുഴുവൻ ഭംഗിയും ആസ്വദിച്ചു മുൻപോട്ടു. ഒരുവിധം നല്ല കയറ്റം ഉള്ള വഴി ആണ്. ഒരു ഇടുക്കി ഹൈറേഞ്ച് കയറുന്ന പ്രതീതി. വളരെ ആസ്വദിച്ചു ബൈക്ക് ഓടിക്കാൻ പറ്റിയ വഴി. ശേരിക്കും പാലക്കാടിന്റ്റെ മറ്റൊരു വേർഷൻ.
പാലക്കയം എത്താറായപ്പോൾ വണ്ടി ഒന്ന് നിർത്തി. അവിടെ നിന്ന് കുറച്ചു ഫോട്ടോ ഒക്കെ എടുത്തു. അവിടെ നിന്നാണ് യാത്രയൂടെ മൂഡ് മാറി തുടങ്ങിയത്. പാലക്കാട് യാത്രയിൽ പലരും ഒരു ഈച്ച കടിച്ച കഥ പറഞ്ഞു തന്നതിനാൽ ഞാൻ ഫുൾസ്ലീവ് ജാക്കറ്റ് ആണ് ഇട്ടതു. അതുപോലെ ഫുൾഫേസ് ഹെൽമെറ്റ്. ചുരുക്കത്തിൽ ഒരു ചെറിയ ഗ്യാപ്പ് പോലും ഇല്ലാത്ത രീതിയിൽ ആയിരുന്നു എൻ്റെ ഡ്രസ്സിങ്.
അങ്ങനെ ഫോട്ടോ ഒക്കെ എടുത്തു വീണ്ടും വണ്ടി എടുത്തപ്പോൾ കുറച്ചു കാറ്റ് കയറിക്കോട്ടെ എന്ന് വിചാരിച്ചു ഹെൽമെറ്റിന്റെ വൈസർ കുറച്ചു തുറന്നു വച്ചു. കുറച്ചു മുന്പോട്ടു നീങ്ങിയപ്പോൾ ഒരു ചെറിയ ഈച്ച ഹെൽമെറ്റിന്റെ ഉള്ളിൽ പെട്ടു പെട്ടന്ന് വണ്ടി നിർത്തി. അതിന്നു മുൻപ് തന്നെ അവൻ എനിക്കിട്ടു നല്ല ഒരു കടി തന്നിട്ട് സമാധി അടഞ്ഞു. മുഖത്തു നല്ല വേദന .അപ്പോളും ഞാൻ ഓർത്തത് എന്തകിലും തേനീച്ച കടിച്ചത് ആയിരിക്കും എന്ന്. കൂടെ ഉണ്ടായിരുന്ന അഖിലിനെ കൊണ്ട് ഈച്ചയുടെ കൊമ്പു എടുത്തുകളയിപ്പിച്ചു. ഇതോക്കെ എന്ത് എന്ന് വിചാരിച്ചു വണ്ടി എടുത്തു.
പിന്നെ ഒരു 2 KM കഴിഞ്ഞു വീണ്ടും ഫോട്ടോ എടുക്കാൻ പറ്റിയ ഒരു സ്ഥലം കണ്ടു വണ്ടി അവിടെ നിർത്തി. കുറച്ചു ഫോട്ടോ എടുത്തു കഴിഞ്ഞപ്പോൾ മുഖത്തു എന്തോ ഒരു ചെറിയ മാറ്റം. ഹെൽമെറ്റ് ഒന്ന് ഉരിനോക്കാം എന്ന് വച്ചു. ഹെൽമെറ്റ് ഉരിയതും ശരീരം മുഴുവൻ ചൊറിയാൻ തുടങ്ങി വല്ലാണ്ട് തടിക്കാനും. പണി കിട്ടി എന്ന് മനസ്സിലായി. നിന്നനിപ്പിൽ ശരീരം മുഴുവൻ തടിച്ചു വീർത്തു. ഈച്ച പണി തന്നു. പണ്ട് ഒരു കൂട്ടുകാരനു ഇതേ അനുഭവം വന്നത് ഞാൻ ഓർത്തു. അപ്പോൾ തന്നെ അവനെ വിളിച്ചു എന്താ ചെയ്യണ്ടത് എന്ന് ചോദിച്ചു. “ഒന്നും നോക്കണ്ട 10 മിനിറ്റിനുള്ളിൽ ഹോസ്പിറ്റലിൽ എതാൻ നോക്ക് അല്ലെങ്കിൽ പ്രോബ്ലം ആകും” എന്ന് പറഞ്ഞു.
അടുത്ത് എങ്ങും ഒരു മനുഷ്യനെ പോലും കാണാൻ ഇല്ല. അഖിലിനോട് വണ്ടി എടുക്കാൻ പറഞ്ഞു. കുറച്ചു മുമ്പിൽ വന്നപ്പോൾ ഒരു ചേട്ടനെ കണ്ടു ഹോസ്‌പിറ്റൽ നിങ്ങൾ വന്ന വഴി 2KM പുറകോട്ടു പോകണം എന്ന് പറഞ്ഞു. വണ്ടി പുറകോട്ടു എടുത്തു തുടങ്ങിയപ്പോൾ തന്നെ എൻ്റെ കണ്ണ് മങ്ങി തുടങ്ങി. മുമ്പിലോട്ടു പോക്കും തോറും കാഴ്ച കുറഞ്ഞു കുറഞ്ഞു വരുന്നു. ശരിരം വല്ലാണ്ട് തടിക്കാനും തുടങ്ങി. വണ്ടി ഓടിക്കുന്ന അഖിലിനെ മുറുക്കെ പിടിക്കാൻ നോക്കുന്നുണ്ടാകിലും ശരീരം കുഴഞ്ഞു തുടങ്ങി. കണ്ണിന്റെ കാഴ്ച മുഴുവൻ ഇല്ലാതായി. മരണം മുമ്പിൽ കണ്ടു തുടങ്ങി. ഇനി ഒന്നും ചെയ്യാൻ ഇല്ല എന്നതോന്നൽ.
അഖിലിനോട് വണ്ടി നിർത്താൻ പറഞ്ഞു റോട്ടിലേക്കു വീണു. വണ്ടി നിർത്തി അവന് മുമ്പിൽ വന്ന ഒരു ബൈക്ക്കാരൻ ചേട്ടനോട് ഒരു ഓട്ടോ വിളിച്ചു തരാൻ പറയൂന്നത് കേൾക്കുന്നുണ്ട്. എനിക്ക് ഒന്നും തന്നെ കാണാൻ കഴിയൂന്നില്ല. എങ്കിലും ചുറ്റും നടക്കുന്നത് എല്ലാം മന്സ്സിലാക്കുന്നുണ്ട്. പെട്ടന്ന് ഒരു ഓട്ടോ വരുന്നതും അതിൽ എന്നെ കിടത്തുന്നതും മന്നസ്സിലാക്കുന്നുണ്ട്. അവിടെ നിന്ന് ഹോസ്പിറ്റലിയിലേക്കു.
ഹോസ്പിറ്റലിൽ എത്തിയതും ഞാൻ പൂർണമായി കുഴഞ്ഞു തുടങ്ങിയിരുന്നു. കൊറോണ ആയതിനാൽ ക്ലിനിക് മുന്നിലെ വാതിൽ പൂർണമായി തുറന്നിരുന്നില്ല. ഒരു ചെറിയ ക്ലിനിക് ആയിരുന്നു അത് (Palakkayam Primery Helth Center). എന്റെ അവസ്ഥ മനസ്സിലാക്കിയ ഹോസ്പിറ്റൽ സ്റ്റാഫ് ഡോർ വലിച്ചു തുറക്കുന്ന സൗണ്ട് ഇപ്പോളും എന്റെ മനസ്സിൽ ഉണ്ട്. അവിടെ ആണ് ഞാൻ ശരിക്കും ഭൂമിയിലെ ദൈവങ്ങളെ അറിയുന്നത്. അവിടെ ഞാൻ ഒരു ഡോക്ടറുടെ മനസ്സു കണ്ടു. നിന്നനിപ്പിൽ തന്നെ എനിക്ക് 7,8 ഇൻജെക്ഷൻ എടുത്തു. അപ്പോളേക്കും കുറച്ചേ കാഴ്ച വന്നു തുടങ്ങി. അപ്പോൾ ഞാൻ മങ്ങിയ കാഴചയിൽ കാണുന്നത് ഒരു ഡോക്ടറുടെ മുഖത്തെ ആശ്വാസം ആയിരുന്നു.
ജീവിതത്തിലേക്ക് തിരിച്ചുള്ള യാത്ര. എന്ക്കിലും അത് പൂർണമായില്ല. അപ്പോളേക്കും ബിപി കുറഞ്ഞു തുടങ്ങി. എത്രയും പെട്ടന്ന് മറ്റൊരു ഹോസ്പിറ്റലിൽ എത്തിക്കാൻ ഡോക്ടർ പറയൂന്നത് കേൾക്കാം. ഉടൻതന്നെ വന്ന ഓട്ടോയിൽ അടുത്തുള്ള ഹോസ്പ്പിറ്റലിയിലേക്കു (ESAF Hospital). അവിടെ എത്തിയപ്പോളേക്കും ബിപി വീണ്ടും കുറഞ്ഞു കൊണ്ടിരിക്കുന്നു. അവിടെ ICU കൊറോണ ആയതു കൊണ്ട് വർക്ക് ചെയൂനില്ല. പിന്നെ അവിടെ നിന്ന് ഓട്ടോയിൽ നിന്നും മാറി ആംബുലൻസിൽ മണ്ണാർക്കാട് ഉള്ള ഒരു ഹോസ്പിറ്റലിലേക്ക് (Mother Care Hospital).
പോകുന്ന വഴിയിൽ എല്ലാം ട്രിപ്പ് ഇടുന്നുണ്ടായിരുന്നു. മണ്ണാർക്കാട് എത്തിയപ്പോൾ കുറച്ചു മരുന്നുകൾ കുടി ഇൻജെക്റ്റ് ചെയ്തു. അതോടെ ഏകദേശം നോർമൽ ആയിത്തുടങ്ങി. പിന്നെ കുറെ നേരംകൂടി കഴിഞ്ഞപ്പോൾ ബിപി ഓക്കേ ആയിത്തുടങ്ങി. അങ്ങനെ വീണ്ടും ജീവിതത്തിലേക്ക്.
ഒരുപാടുപേരുടെ നല്ല മനസ്സു ഒന്ന് കൊണ്ട് മാത്രമാണ് ഞാൻ ഇപ്പോൾ ഇത് എഴുതാൻ ബാക്കി ഉള്ളത്. എല്ലാവരുടേം പേര് എനിക്ക് അറിയില്ല. ഒരു ഡോക്ടർ എങ്ങനെ ആയിരിക്കണം എന്ന് പഠിപ്പിച്ചു തന്ന Dr ഹണി റോസ്, പിന്നെ ആ ഹോസ്‌പിറ്റലിലെ എല്ലാ സ്റ്റാഫിനോടും എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. പിന്നെ ആട്ടോ ഓടിച്ച ചേട്ടൻ എനിക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് ഉറപ്പായത്തിന്നു ശേഷം ആണ് പോയത്. പിന്നെ ചങ്ക് അഖിൽ… എല്ലാവരോടും എൻ്റെ മനസു നിറഞ്ഞ നന്ദി.
പഠിച്ച പാഠങ്ങൾ : ഒരുകാരണവശാലും ഹെൽമെറ്റിന്റെ വൈസർ കാട്ടിലൂടെ പോകുമ്പോൾ തുറന്നു ഇടരുത്. പരിചയം ഇല്ലാത്ത വഴികളിലൂടെ പോകുമ്പോൾ സൂക്ഷിച്ചു മാത്രം വണ്ടി നിർത്തുക. അതുപോലെ തന്നെ ആരെയെങ്കിലും കൂടെ കൂട്ടുക. ഒരു ഈച്ച വിചാരിച്ചാൽ തീരാവുന്ന അത്ര ചെറിയ ഒരു ജീവിതമേ നമുക്കുള്ളൂ.