എഴുത്ത് – ജോയ് സക്കറിയ.
പ്രിയ രാഷ്ട്രീയ നേതാക്കളെ പ്രവർത്തകരെ, വീണ്ടും ഒരു ഇലക്ഷന് നാം ഒരുങ്ങുന്നു. സ്ഥാനാർഥികൾ ഓരോന്ന് വന്നു കൊണ്ടിരിക്കുന്നു. ചുവർ എഴുത്തുകളും പോസ്റ്ററുകളും കൊടി തോരണങ്ങളും നിറയാൻ പോകുന്നു കോടികൾ മുടക്കി ശബ്ദ കോലാഹലങ്ങൾ, ഗതാഗത തടസങ്ങൾ പരിസര മലിനീകരണം എന്നിവ നടത്തുവാൻ പോകുന്നു. എന്തിനു വേണ്ടി? ഇങ്ങനെ ഒക്കെ ചെയ്താൽ നിങ്ങൾക്ക് വോട്ട് കൂടുതൽ കിട്ടും എന്ന് കരുതുന്നുവോ? വെറുതെ ആണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ വോട്ട് ഇല്ലാത്ത കുഞ്ഞുങ്ങൾക്ക് വരെ ടീവി,സോഷ്യൽ മീഡിയ പത്രമാധ്യമങ്ങൾ വഴി സ്ഥാനാർഥികളെ കുറിച്ചും അവരുടെ പാർട്ടികളെ കുറിച്ചും അറിയാം പിന്നെ എന്തിനാ ഈ കോലാഹലങ്ങൾ? എന്തിനാ ഈ പരിസരമലിനീകരണങ്ങൾ?
നിങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനത്തെകുറിച്ചു, നിങ്ങളുടെ സ്ഥാനാർഥിയെക്കുറിച്ച് ജനങ്ങൾക്ക് വിശാസവും പ്രതീക്ഷയും ഉണ്ട് എങ്കിൽ മാത്രം അവർക്ക് വോട്ട് ചെയ്യും അല്ലാതെ ഈ ശബ്ദകോലാഹലങ്ങളും പ്രചരണങ്ങളും കൊണ്ട് വോട്ട് കിട്ടില്ല. ദയവായി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പരിപാടികൾ ഒഴിവാക്കിയും പരിസരമലിനീകരണം കുറച്ചും മാന്യമായി പ്രചരണം നടത്തുക. ഉദാഹരണമായി കഴിഞ്ഞു വർഷം ഏപ്രിൽ മാസത്തിൽ നമ്മുടെ അയൽ രാഷ്ട്രമായ ഭൂട്ടാനിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു യാതൊരു ശബ്ദകോലാഹലങ്ങളോ, കൊടി തോരണങ്ങളോ ചുവർ എഴുത്തുകളോ ഇല്ലാതെ ഉള്ള പ്രചരണം.
ആകെ കണ്ടത് ഇലക്ഷൻ പൊതു നോട്ടീസ് ബോർഡിൽ എല്ലാ സ്ഥാനാർഥികളും അവരുടെ ചെറിയ പരസ്യം പതിച്ചിരിക്കുന്നത്. എത്ര അനുകരിക്കാൻ പറ്റിയ മാതൃക. സത്യത്തിൽ ഇതെല്ലാം നേരിട്ടുകാണുമ്പോൾ നമുക്ക് അമ്പരപ്പാണ് ഉണ്ടാകുക. കാരണം നമ്മൾ കണ്ടു ശീലിച്ചിട്ടുള്ള തിരഞ്ഞെടുപ്പും ഇലക്ഷൻ പ്രചാരണവുമെല്ലാം ഇങ്ങനെയല്ലല്ലോ. പിന്നെ ഇതുപോലെ ഇലക്ഷന് ചിലവ് കുറച്ചാൽ അഴിമതിയും ഒരു പരിധിവരെ കുറയും. നിങ്ങൾ ഈ അഭിപ്രായത്തോട് യോജിക്കുന്നു എങ്കിൽ ദയവായി പരമാവധി ഷെയർ ചെയ്യുക. പതുക്കെ ആണ് എങ്കിലും എല്ലാ രാഷ്ട്രീയ നേതാക്കളും അണികളും ചിന്തിക്കട്ടെ.
ഇത് ഒരിക്കലും രാഷ്ട്രീയപരമായ ഒരു വിമർശനമായോ ഒന്നും കാണേണ്ടതില്ല. മറ്റൊരു രാജ്യത്തു പോയപ്പോൾ കണ്ട വ്യത്യസ്തവും സമാധാനപരവുമായ ഒരു കാര്യം എല്ലാവരുടെയും മുന്നിൽ പങ്കുവെച്ചു എന്നുമാത്രം. സമാധാനപരമായ ഒരു ഇലക്ഷൻ കാലഘട്ടം എല്ലാവർക്കും ആശംസിക്കുന്നു.