വയനാട്ടിൽ കെഎസ്ആർടിസി ബസ്സിനു നേർക്ക് ആനയുടെ ആക്രമണം. പെരിക്കല്ലൂരിൽ നിന്നും പുൽപ്പള്ളി വഴി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന RSA 741 എന്ന ബസ്സിനു നേർക്കായിരുന്നു ആക്രമണം. പുൽപ്പള്ളി – ബത്തേരി റൂട്ടിലെ ചെതലയം ഭാഗത്തുള്ള പാമ്പ്ര എസ്റ്റേറ്റിന് സമീപത്തു വെച്ചായിരുന്നു സംഭവം. കൽപ്പറ്റ ഡിപ്പോയുടെ കീഴിലുള്ളതാണ് സംഭവത്തിൽ ‘പരിക്കേറ്റ’ ബസ്.
വനത്തിനു നടുവിലൂടെയുള്ള റോഡിലൂടെ വൈകുന്നേരം പോകുകയായിരുന്ന ബസിനു മുന്നിൽ ഒരു ആന പ്രത്യക്ഷപ്പെടുകയായിരുന്നു. വഴിയിൽ ആനയെക്കണ്ട ബസ് ഡ്രൈവർ ബസ് നിർത്തിയിടുകയും ചെയ്തു. എന്നാൽ പെട്ടെന്നു പ്രകോപിതനായ ആന ബസ്സിനുനേർക്ക് ഓടിയടുക്കുകയും ബസ്സിനു മുന്നിലെ ഗ്രില്ലിന്റെ ഭാഗത്ത് രണ്ടു തവണ ശക്തിയായി കുത്തുകയും ചെയ്തു. ഈ സമയം ബസ്സിലെ യാത്രക്കാരെല്ലാം പരിഭ്രാന്തിയിലായി ബഹളം വെക്കുകയും ചെയ്തു. എന്നാൽ ധൈര്യപൂർവ്വം സമചിത്തതയോടെ ബസ് ഡ്രൈവർ പെരുമാറിയത് ആനയെ കൂടുതൽ ആക്രമണങ്ങളിൽ നിന്നും പിന്തിരിപ്പിച്ചു.
ആനയുടെ ആക്രമണത്തിൽ ബസ്സിന്റെ മുൻഭാഗത്തെ ഗ്രില്ലിനു കേടുപാടുകൾ സംഭവിക്കുകയും തൽഫലമായി എയർലീക്ക് ഉണ്ടാകുകയും ചെയ്തു. എന്തായാലും അപകടമൊന്നും സംഭവിക്കാതെ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് ബസ് ജീവനക്കാരും യാത്രക്കാരും. സംഭവത്തെത്തുടർന്ന് ബസ്സിന്റെ ചിത്രങ്ങൾ ആരോ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തതോടെയാണ് ഇത് പുറംലോകം അറിയുവാനിടയായത്.
ഈ റൂട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണം ഇപ്പോൾ പതിവായിരിക്കുകയാണ്. ദിവസങ്ങൾക്ക് മുൻപാണ് ഇതേ സ്ഥലത്തു വെച്ച് ബൈക്ക് യാത്രികർക്കു നേരെ കടുവ പാഞ്ഞടുത്തത്. അതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ആ വീഡിയോ തന്ന ഷോക്ക് മാറുന്നതിനു മുൻപാണ് ഇപ്പോൾ വീണ്ടും അതെ സ്ഥലത്തു തന്നെ ആനയുടെ ആക്രമണവും ഉണ്ടായിരിക്കുന്നത്. ബസ് ആയതിനാലാണ് അധികം അപകടമൊന്നും ഇല്ലാതെ രക്ഷപ്പെട്ടത്. അതേസമയം വല്ല ചെറു വാഹനങ്ങളോ മറ്റോ ആയിരുന്നെങ്കിലത്തെ കാര്യം പറയണോ?
പെരിക്കല്ലൂർ, പുൽപ്പള്ളി ഭാഗങ്ങളിൽ നിന്നും എവിടേക്കും ഒക്കെ ദിവസേന ധാരാളമാളുകളാണ് ഈ വഴിയിലൂടെ യാത്ര ചെയ്യുന്നത്. എന്തായാലും ഇതുവഴി യാത്ര ചെയ്യുന്ന ആളുകൾ പ്രത്യേകം ജാഗ്രത പുലർത്തേണ്ടതാണ്.