പാവം ആനകൾക്കും പറയാനുണ്ട് നമ്മളോട് കുറെ കാര്യങ്ങൾ, പരാതികൾ, വിഷമങ്ങൾ…

നമ്മൾ കാട്ടിലൂടെയുള്ള വഴികളി സഞ്ചരിക്കുമ്പോൾ ആനകളെ കാണാറുണ്ട്. കണ്ടാൽ എന്താണ് സാധാരണയായി ആളുകൾ ചെയ്യുക? ഉടൻ വണ്ടി നിർത്തി ഫോട്ടോയെടുക്കലും കൂക്കിവിളിയുമൊക്കെയായിരിക്കും. ഇതൊന്നും ചെയ്യാതെ മാന്യമായി പോകുന്നവരും ഉണ്ട്. എങ്കിലും കാട്ടുവഴികളിലൂടെ സഞ്ചരിക്കുന്നതിനിടയിൽ വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നവർ ധാരാളമാണ്. കാഴ്ചക്കാർക്ക് ഇതൊക്കെയൊരു രസമാണെങ്കിലും ആനകളുടെ ഭാഗത്തു നിന്നുകൊണ്ട് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവരുടെ വാസ സ്ഥലത്തു കടന്നുചെന്നു അവരെ പ്രകോപിപ്പിക്കുന്നതിലെ ഔചിത്യം ആരെങ്കിലും ഓർക്കാറുണ്ടോ?

മേൽപ്പറഞ്ഞവയ്ക്കെല്ലാം ഒരു കുട്ടിയാന നമുക്ക് ഉത്തരം നൽകിയാൽ എങ്ങനെയുണ്ടാകും? അത്തരത്തിൽ ഒരു കുറിപ്പ് എഴുതി ശ്രദ്ധേയയായിരിക്കുകയാണ് യാത്രാപ്രേമിയും പരിസ്ഥിതിസ്നേഹിയുമായ ലിജ സുനിൽ. ലിജയുടെ ആ കുറിപ്പ് നമുക്കൊന്നു വായിച്ചു നോക്കാം, മനസ്സിൽ ഗ്രഹിക്കാം…

“വയനാടൻ കാടുകളിൽ ജീവിക്കുന്ന ഒരു ആനകൂട്ടത്തിലെ കുട്ടിയാനയാണ് ഞാൻ. ഞാനും ഒരു സഞ്ചാരിയാണ്. നമ്മൾ തമ്മിൽ ഇടയ്ക് കണ്ടുമുട്ടാറുണ്ട്. നിങ്ങൾ സഞ്ചരിക്കുന്ന റോഡിനിരുപുറവുമാണ് ഞങ്ങളുടെ യാത്രാപദങ്ങൾ. നിങ്ങൾ പറയുന്ന പോലെ ആനത്താരകൾ. നമുക്കു രണ്ടു കൂട്ടർക്കും സഞ്ചരിച്ചേ മതിയാകൂ…

കാലാകാലങ്ങളായി പോയ വഴിയിലൂടെ ഞങ്ങൾ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ഒരു വഴി ബ്ലോക്ക് ആയാൽ മറ്റൊരു വഴിയിലൂടെ ഉദ്ദേശിച്ച സ്ഥലത്തെത്താൻ ഞങ്ങൾക്കറിയില്ല. പോയ വഴിയിലൂടെ പിന്നെയും പോകേണ്ടിവരിക മാസങ്ങൾ കഴിഞ്ഞാവും. അപ്പോഴേക്കും വീടുകളും തോട്ടങ്ങളും ഒകെ യായി വഴി ഏതെന്നറിയാത്ത രീതിയിൽ ഞങ്ങളുടെ കാട് നഷ്ടപെട്ടിരിക്കും. ഞങ്ങൾക് പാരാതി പറയാൻ ആരുമില്ല. ചെറുതായി ഒന്നു പ്രെതികരിച്ചാൽ സംഘം ചേർന്ന് നിങ്ങൾ ഞങ്ങളെ തുരത്തുകയും ചെയ്യും.

എത്ര ക്ഷമയോടെ യോടെയാണ് ഞങ്ങൾ നിങ്ങൾക്ക് കടന്നു പോകാൻ വേണ്ടി റോഡോരം ചേർന്നു നിൽക്കുന്നത്. എന്നിട്ടും വലിയ ഹോണ് മുഴക്കി പേടിപ്പിക്കും. കുടിക്കാനിത്തിരി വെള്ളം തേടി അലയുമ്പോഴാവും ഫോട്ടോയെടുക്കാൻ നിങ്ങൾ മുന്നിൽ വരിക. അപ്പൊ ദേഷ്യം വരാതിരിക്കുമോ. ന്നാലും ചെറിയ വാണിംഗ് ഒകെ തന്നിട്ടല്ലേ ഞങ്ങൾ ആക്രമിക്കാൻ മുതിരാറുള്ളൂ. ഒരു നിശ്ചിത ദൂരത്തു നിന്നാൽ അക്രമിക്കാറും ഇല്ല.

കാഴ്ച കുറവാണ്. എന്നാലും ഘ്രാണശക്തി കൂടുതൽ ആണു കേട്ടോ. വളരെ വേഗത്തിൽ ഓടാനും കുന്നുകൾ നിരങ്ങിയിറങ്ങാനും ഞങ്ങൾക്കു കഴിയും. സസ്യാഹാരം മാത്രം കഴിക്കുന്ന ഞങ്ങൾക്ക് ഇത്തിരി ഭക്ഷണമൊന്നും പോര. വെള്ളവും 200 ലിറ്ററിൽ കൂടുതൽ വേണം. ജനിച്ചു ആഴ്ചകൾ മാത്രമായ എനിക്കു തന്നെ വേണം 11 ലിറ്ററോളം പാൽ. അതുകൊണ്ട് തന്നെ ഞങ്ങളുടെ യാത്രകൾ മിക്കപ്പോഴും ഭക്ഷണത്തിനു വേണ്ടിയാണ്. അതു തേടി പലപ്പോഴും ഞങ്ങൾ എത്തിച്ചേരുന്നത് നിങ്ങളുടെ വാസസ്ഥലത്തായിരിക്കും (ഞങ്ങളുടെ ആയിരുന്നു പണ്ട്. അത് വേറെ കാര്യം.). പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും മുൾവേലി കെട്ടിയും കിടങ്ങു താഴ്‌ത്തിയും ദേഹത്തേയ്ക്ക് തീ എറിഞ്ഞും വരെ നിങ്ങൾ ഞങ്ങളെ അകറ്റാൻ നോക്കുന്നു.

നിങ്ങളുടെ നാട്ടിലെ (ഞങ്ങളോടൊപ്പം നടന്നവർ) ആനകൾക് 80 വയസ്സ് ഓളം ആയുസ്സ് ഉള്ളപ്പോൾ ഞങ്ങൾക് 60 വയസ്സ് വരെയൊക്കെയാണ് ജീവിക്കാൻ ആവുക. കൊമ്പുകൾ ഉണ്ടെങ്കിൽ ആയുസ്സിന്റെ നീളം പിന്നെയും കുറയും.

22 മാസമാണ് ഞാൻ അമ്മയുടെ വയറിനുള്ളിൽ ഉറങ്ങികിടന്നത്. ഈ കാട്ടിൽ പിറന്ന് വീണു, കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ യാത്രയും തുടങ്ങി. എന്റെ വലിയ കുടുംബത്തോടൊപ്പം. മനുഷ്യരെ പോലെ തന്നെ കുടുംബമായി കൂട്ടത്തോടെ ജീവിക്കാനാണ് ഞങ്ങൾക്കും ഇഷ്ടം. പലപ്പോഴായി കുടുംബാഗങ്ങളെ ഞങ്ങൾക്ക് നഷ്ടപ്പെടുന്നു. അതിൽ പലതും നിങ്ങൾ കാരണം ആണെന്ന് പറയുന്നതിൽ വിഷമം ഉണ്ട്.

കഴിഞ്ഞ ദിവസം ചരക്കുവണ്ടി ഇടിച്ചു ഒരാളെ നഷ്ടപെട്ടു. കുറച്ചു ശ്രെദ്ധ ചെലുത്തി ഓടിച്ചിരുന്നു വെങ്കിൽ അവനെ ഞങ്ങൾക്കു നഷ്ടപെടില്ലായിരുന്നു. പൊതുവെ കാട്ടിൽ കൊമ്പനാനകൾ പിടിയാനകളെ അപേക്ഷിച്ചു കുറവാണ്. 60 ആനകളെ എടുത്താൽ അതിൽ ഒന്നാണ് കൊമ്പനായി ഉണ്ടാവുക. സഹജീവികളിൽ പലരെയും ഞങ്ങൾക് ഇതുപോലെ നഷ്ടമാവുന്നുണ്ട്. സഞ്ചാരികള്‍ എന്ന നിലക്ക് ഇത്തരം കാര്യങ്ങളില്‍ കുറെ കൂടെ ജാഗ്രത പാലിച്ചുകൂടെ??”

Photo – Respected Photographers.