ധാരാളം മലയാളികൾ ഇപ്പോഴും ദുബായ് പോലുള്ള ഗൾഫ് രാജ്യങ്ങളിൽ നാട്ടിലേക്ക് തിരികെ വരാനായി വിമാനത്തിൽ സീറ്റ് ലഭിക്കുന്നതിനു വേണ്ടി കാത്തിരിക്കുന്നുണ്ട്. അതുപോലെതന്നെ
പല ആവശ്യങ്ങൾക്കായി ഇന്ത്യയിലെത്തിയിട്ട് തിരികെ പോകുവാനായി കാത്തിരിക്കുന്ന യുഎഇ പൗരന്മാരും ഏറെയാണ്. വന്ദേഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യ സർവ്വീസുകൾ നടത്തുന്നുണ്ടെങ്കിലും സീറ്റുകളുടെ ലഭ്യതക്കുറവ് മൂലം പലർക്കും യാത്ര നീണ്ടുപോകുന്ന അവസ്ഥയാണ്.
ഇത്തരത്തിൽ യാത്ര ചെയ്യാനാകാതെ പെട്ടു പോയവർക്കായി സ്പെഷ്യൽ സർവ്വീസുകൾ നടത്തുകയാണ് യുഎഇയിലെ മികച്ച എയർലൈനായ എമിറേറ്റ്സ്. ദുബായിൽ നിന്നും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് എമിറേറ്റ്സ് സ്പെഷ്യൽ ഫ്‌ളൈറ്റ് സർവ്വീസുകൾ നടത്തുന്നത്. ദുബായിലുള്ളവർക്ക് ഇന്ത്യയിലേക്ക് വരാനും, ഇന്ത്യയിലുള്ള UAE പൗരന്മാരെയും, അവിടെ സ്ഥിരതാമസമാക്കിയവരെയും തിരികെ കൊണ്ടുപോകുവാനും വേണ്ടിയാണ് ഇത്തരം സ്പെഷ്യൽ റിപാട്രിയേഷൻ സർവ്വീസുകൾ.
ഓഗസ്റ്റ് 22, 24, 27, 29, 31 തീയതികളിലാണ് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് എമിറേറ്റ്സ് വിമാനം സർവീസ് നടത്തുക. ഓഗസ്റ്റ് 23, 25, 28, 30, സെപ്തംബർ 1 തീയതികളിലായിരിക്കും കൊച്ചിയിൽ നിന്നും ദുബായിലേക്ക് മടക്കസർവ്വീസ്. അതേപോലെ ഓഗസ്റ്റ് 26 നു ദുബായിൽ നിന്നും തിരുവനന്തപുരത്തേക്കും, 27 നു തിരുവനന്തപുരത്തു നിന്നും തിരികെ ദുബായിലേക്കും സർവ്വീസ് ഉണ്ടാകും.
കേരളത്തിലേക്കുള്ള സർവ്വീസുകൾ കൂടാതെ ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കും എമിറേറ്റ്സ് ഇത്തരത്തിലുള്ള സ്പെഷ്യൽ സർവ്വീസുകൾ നടത്തും. ഡൽഹിയിലേക്കും മുംബൈയിലേക്കും ഓഗസ്റ്റ് 31 വരെ എല്ലാ ദിവസവും സർവീസുണ്ടാകും. ഓഗസ്റ്റ് 21, 23, 25, 28, 30 തീയതികളിലാണ് ബെംഗളൂരുവിലേക്കുള്ള ഫ്ലൈറ്റുകൾ.
ദുബായിൽ നിന്നും ഇന്ത്യയിലേക്കുള്ള സ്പെഷ്യൽ ഫ്‌ളൈറ്റുകളിൽ ഇന്ത്യൻ പൗരന്മാർക്ക് മാത്രമായിരിക്കും യാത്ര അനുവദിക്കുകയെന്നും, ഇന്ത്യയിൽ നിന്നും ദുബായിലേക്കുള്ള ഫ്‌ളൈറ്റുകളിൽ UAE പൗരന്മാർക്കും കൂടാതെ General Directorate of Residency and Foreign Affairs ൻ്റെ അനുമതി ലഭിച്ചിട്ടുള്ള സ്ഥിരതാമസക്കാർക്കും മാത്രമായിരിക്കും യാത്രാനുമതിയെന്നും അറിയിച്ചിട്ടുണ്ട്.
Boeing 777-300ER മോഡൽ വിമാനങ്ങൾ ഉപയോഗിച്ചായിരിക്കും എമിറേറ്റ്സ് മേൽപ്പറഞ്ഞ സർവ്വീസുകൾ നടത്തുന്നത്. എമിറേറ്റ്സിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും, ട്രാവൽ ഏജൻസി വഴിയും ഈ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കും. സുരക്ഷയെ മുൻനിർത്തി, യുഎഇ പൗരന്മാർ ഉൾപ്പെടെ ദുബായിൽ ഇറങ്ങുന്ന എല്ലാവർക്കും കോവിഡ് 19 PCR ടെസ്റ്റുകൾ നിർബന്ധമായിരിക്കും.