നമ്മൾ ഒരു സ്ഥലം പകൽ കണ്ടാസ്വദിക്കുന്നതുപോലെ തന്നെ, ചിലപ്പോൾ അതിനേക്കാൾ മനോഹരമായിരിക്കും അവിടത്തെ രാത്രിക്കാഴ്ചകളും അനുഭവങ്ങളും. ബാങ്കോക്ക്, പാട്ടായ, ക്വലാലംപൂർ തുടങ്ങിയ സ്ഥലങ്ങളിലെ നൈറ്റ്‌ലൈഫ് പ്രശസ്തവുമാണല്ലോ. അങ്ങനെ ഞങ്ങൾ ഇത്തവണ റഷ്യൻ തലസ്ഥാനമായ മോസ്‌ക്കോയുടെ ‘നൈറ്റ് ലൈഫ്’ആസ്വദിക്കുവാൻ തീരുമാനിച്ചു.
നേരമിരുട്ടിയതോടെ ഞങ്ങൾ താമസിച്ച ഹോട്ടലിനു മുന്നിൽ നിന്നും ഒരു ടാക്സി പിടിച്ച് അവിടത്തെ ഒരു പ്രധാന നൈറ്റ് ലൈഫ് കേന്ദ്രമായ അർബാത് സ്ട്രീറ്റിലേക്ക് യാത്രയായി. അർബാത് സ്ട്രീറ്റ് എന്നുവെച്ചാൽ കാൽനടക്കാർക്ക് മാത്രമായുള്ള ഒരു ഏരിയയാണ്. ഏകദേശം ഒരു കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ഒരു സ്ട്രീറ്റ്. നമ്മൾ മണാലിയിലും മറ്റുമൊക്കെ കണ്ടിട്ടുള്ള മാൾ റോഡ് പോലെത്തന്നെ. ആളുകൾ രാത്രി നടക്കുവാനും, ഷോപ്പിംഗിനുമൊക്കെയായിട്ടാണ് അർബാത് സ്ട്രീറ്റിലേക്ക് വരുന്നത്.
കൊറോണക്കാലമായതുകൊണ്ടായിരിക്കണം അർബാത് സ്ട്രീറ്റിൽ വലിയ തിരക്കുകൾ അനുഭവപ്പെട്ടില്ല. എങ്കിലും ആളുകളൊക്കെയുണ്ടായിരുന്നു. അത്യാവശ്യം നല്ല തണുപ്പുണ്ടായിരുന്നതിനാൽ എല്ലാവരും ജാക്കറ്റൊക്കെ ധരിച്ചായിരുന്നു കാണപ്പെട്ടത്. സ്ട്രീറ്റിൽ പാട്ടുപാടുന്നവരും, അതിനൊത്ത് ഡാൻസ് കളിക്കുന്നവരും, മാജിക് കാണിക്കുന്നവരും, ചിത്രങ്ങൾ ലൈവായി വരയ്ക്കുന്നവരും ഒക്കെയുണ്ടായിരുന്നു.
അങ്ങനെ കാഴ്ചകൾ കണ്ടു നടക്കുന്നതിനിടെയാണ് ഒരു മലയാളി ദമ്പതികളെ ഞങ്ങൾ കണ്ടുമുട്ടുന്നത്. ഡോ. കിരണും ഭാര്യ മാനസിയുമായിരുന്നു അവർ. സത്യത്തിൽ അവിചാരിതമായി ഉണ്ടായ കണ്ടുമുട്ടലായിരുന്നില്ല അത്. അഞ്ചു വർഷത്തോളമായി റഷ്യയിൽ താമസിക്കുന്ന കിരണും മാനസിയും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അർബാത് സ്ട്രീറ്റിൽ വന്ന് ഞങ്ങളെ മീറ്റ് ചെയ്യുകയായിരുന്നു.
അങ്ങനെ ഞങ്ങൾ അവിടെയടുത്തു കണ്ട StarBucks ൽ കയറി ഒന്നിച്ചിരുന്നു കോഫി കുടിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തു. എനിക്കും സഹീർ ഭായിക്കും സമ്മാനവുമൊക്കെയായിട്ടായിരുന്നു അവർ വന്നത്. ശരിക്കും ഞങ്ങൾക്ക് സന്തോഷമായി. സമ്മാനം കിട്ടിയതുകൊണ്ട് മാത്രമല്ല കേട്ടോ, റഷ്യയിൽ വന്നിട്ട് നമ്മുടെ നാട്ടുകാരെ കണ്ടല്ലോ എന്നുള്ള സന്തോഷം. അങ്ങനെ കുറച്ചു സമയം വിശേഷങ്ങൾ പങ്കുവെച്ചിരുന്ന ശേഷം അവർ ബൈ പറഞ്ഞു യാത്രയായി.
അങ്ങനെ വീണ്ടും ഞാനും സഹീർഭായിയും മാത്രമായി. അവിടത്തെ രാത്രിക്കാഴ്ചകൾ കണ്ടുകൊണ്ടും തെരുവുഗായകരുടെ പാട്ടുകൾ കേട്ടുമൊക്കെ ഞങ്ങൾ മതിമറന്നു നടന്നു. ശരിക്കും അവിടത്തെ ആ തണുപ്പും, തിരക്കൊഴിഞ്ഞ വീഥികളുമൊക്കെ ഒരു ആശ്വാസകരമായ അവസ്ഥയാണുളവാക്കിയത്. ഇതിനിടെ ഞങ്ങൾ ചെറിയ രീതിയിൽ ഷോപ്പിംഗ് ചെയ്യുവാനും മറന്നില്ല.
ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു ഞങ്ങൾ ഡിന്നർ കഴിക്കുവാനായി ഒരു റെസ്റ്റോറന്റ് കം ബാറിൽ കയറി. അവിടെയാണെങ്കിൽ കിടിലൻ പാട്ടും, ഡിജെയും, ഡാൻസുമൊക്കെയായി അടിച്ചുപൊളി മൂഡ് ആയിരുന്നു. ഭക്ഷണത്തിനു ശേഷം ഞങ്ങൾ അവരോടൊപ്പം പാട്ടിലും ഡാൻസിലുമൊക്കെ പങ്കുചേർന്നു. ആഹാ അടിപൊളി തന്നെ…
പാട്ടും ഡാൻസുമൊക്കെ കഴിഞ്ഞു ഞങ്ങൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ സമയം വെളുപ്പിന് 1.30 ആയിരുന്നു. അപ്പോഴത്തെ കാലാവസ്ഥയാണെങ്കിൽ 7 ഡിഗ്രിയായിരുന്നു. ആ തണുപ്പ് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. തണുത്തു വിറച്ചുകൊണ്ട് ഞങ്ങൾ ഒരു ടാക്സി വിളിച്ച് നേരെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് യാത്രയായി. റൂമിലെത്തിയപ്പോഴാണ് ആശ്വാസമായത്. അവിടെ ഹീറ്ററൊക്കെ ഉണ്ടായിരുന്നതിനാൽ തണുപ്പിനെ നന്നായി പ്രതിരോധിക്കുവാൻ സാധിക്കുന്നുണ്ടായിരുന്നു. അത്യാവശ്യം കറങ്ങി ക്ഷീണിച്ചിരുന്നതിനാൽ ഞങ്ങൾ വൈകാതെ തന്നെ ഉറങ്ങാൻ കിടക്കുകയും ചെയ്തു.