കളമശ്ശേരിയിൽ നിന്നും എളുപ്പത്തിൽ എറണാകുളം ഹൈക്കോർട്ടിന് സമീപത്ത് എത്തുവാൻ സാധിക്കുന്ന കണ്ടെയ്‌നർ റോഡ് എല്ലാവർക്കും ഇന്നൊരു അനുഗ്രഹം തന്നെയാണ്. ഗുരുവായൂർ – എറണാകുളം ബസ്സുകൾ അടക്കമുള്ള വാഹനങ്ങളെല്ലാം ഇപ്പോൾ ഇതുവഴിയാണ് പോകുന്നത്. വീതിയുള്ള, മികച്ച റോഡും, തുടരെത്തുടരെയുള്ള ‘യു – ടേൺ’ പോയിന്റുകൾ ഇല്ലാത്തതുമാണ് കണ്ടെയ്‌നർ റോഡിനെ ഡ്രൈവർമാർക്കിടയിൽ പ്രിയങ്കരമാക്കി നിർത്തുന്നത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും രാത്രി വൈകിയാൽ കണ്ടെയ്‌നർ റോഡിലൂടെയുള്ള യാത്ര റിസ്ക്ക് ആണെന്നാണ് ഈ അടുത്തിടെയുണ്ടായ ചില സംഭവങ്ങൾ തെളിയിക്കുന്നത്. രാത്രിയായാൽ ഇതിലൂടെയുള്ള വാഹനങ്ങളുടെ തിരക്ക് കുറയുകയും അവിടം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറുകയുമാണ് ഇപ്പോൾ. ഇരുചക്രവാഹന യാത്രക്കാർക്കാണ് ഇവരെക്കൊണ്ട് കൂടുതൽ ഭീഷണി. ഇത്തരത്തിൽ തനിക്കുണ്ടായ ഒരു ദുരനുഭവം വിവരിക്കുകയാണ് നാടൻപാട്ട് കലാകാരനും മുളവുകാട് സ്വദേശിയുമായ രജീഷ് പാണ്ഡവാസ്. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ…
“സാമൂഹ്യവിരുദ്ധരുടെ ശല്യം മൂലം എറണാകുളം കണ്ടെയ്നർ റോഡിലൂടെ സ്ത്രീകൾക്ക് കുടുംബസമേതവും അല്ലാതെയുമുള്ള രാത്രികാല യാത്ര വളരെ ദുസ്സഹം ആയിരിക്കുകയാണ്. 28/04/2019 നു പാണ്ഡവാസ് കൊച്ചിയുടെ നാടൻപാട്ട് പരിപാടി കിഴക്കേ കടുങ്ങല്ലൂർ ആയിരുന്നു. പരിപാടിയ്ക്ക് ശേഷം അർദ്ധരാത്രി ഞാനും എന്റെ ഭാര്യയുമായി ബൈക്കിൽ വീട്ടിലേക്കുള്ള യാത്രയിൽ, പാതാളം പഴയ ആനവാതിൽ എത്തിയപ്പോൾ ഒരു ബ്ലൂ കളർ സ്വിഫ്റ്റ് കാർ (KL-07 BZ -6497) ഞങ്ങളെ അപകടപ്പെടുത്തുന്ന വിധം പിന്തുടരുകയുണ്ടായി. ഇവരുടെ ശല്ല്യം സഹിക്കവയ്യാതെ ഞാൻ വണ്ടി യൂടേൺ എടുത്ത് പലതവണ രക്ഷപ്പെടാൻ ശ്രമിക്കുകയുണ്ടായി. അത്രയും തവണ അവരും, ഭാര്യയെ അസഭ്യം പറഞ്ഞുകൊണ്ടും അപകടപ്പെടുത്തുവാൻ ശ്രമിച്ചുകൊണ്ടും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഞങ്ങളെ വിടാതെ പിൻതുടരുകയുണ്ടായി.
ഭയത്താൽ എന്റെ ബൈക്കിന്റെ നിയന്ത്രണം പലവണ നഷ്ടപ്പെട്ടു. തുടർന്ന് FACT പുതിയ ആനവാതിൽ സെക്യൂരിറ്റി ക്യാബിനിലേക്ക് ഭാര്യയുമായി ഒരുവിധത്തിൽ ഓടിരക്ഷപ്പെടുകയാണുണ്ടായത്. സെക്യൂരിറ്റി ഗാർഡിന്റെ സഹായത്താൽ ഞാൻ പുറത്തിറങ്ങിയപ്പോൾ, അവർ വണ്ടി നിർത്തി ഞങ്ങളെ ആക്രമിക്കാൻ ഒരുങ്ങുകയായിരുന്നു. പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചപ്പോൾ ലൈൻ ബിസിയായിരുന്നു.
ഞാൻ ആ സമയം മൊബൈൽ ക്യാമറയിൽ അവരുടെ വണ്ടി നമ്പർ ഫോട്ടോ എടുത്തപ്പോൾ വീണ്ടും അസഭ്യം പറഞ്ഞു കൊണ്ട് എന്നെ വണ്ടി ഇടിപ്പിക്കുവാൻ ശ്രമിച്ചു. ഞാൻ ചാടി ഒഴിഞ്ഞു മാറിയതു കൊണ്ട് അപകടത്തിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചു. തുടർന്ന് അവർ വളരെ വേഗതയിൽ വണ്ടി ഓടിച്ചു പോവുകയായിരുന്നു. ഇതിനുമുൻപും സമാന സംഭവം പാണ്ഡവാസ് കലാകാരികൾക്ക് നേരെയും, മറ്റ് യാത്രക്കാർക്കും നേരെ അരങ്ങേറിയിട്ടുണ്ട്. സാമൂഹ്യ വിരുദ്ധരുടെ ഇത്തരം പ്രവൃത്തികൾ പൊതുജനങ്ങൾക്ക് ഒത്തിരി ബുദ്ധിമുട്ട് നേരിട്ടു കൊണ്ടിരിക്കുന്നു. ഇന്ന് എനിക്ക് നേരീട്ട ഈ ദുരവസ്ഥ നാളെ നിങ്ങൾക്കും വന്നേക്കാം.”