എറണാകുളത്തു നിന്നും രാമേശ്വരത്തേക്ക് സ്പെഷ്യൽ ട്രെയിൻ

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പട്ടണമാണ് രാമേശ്വരം. ശ്രീരാമനാൽ ശിവപ്രതിഷ്ഠ നടന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശമായ രാമേശ്വരം ഇന്നൊരു തീർത്ഥാടന കേന്ദ്രവും, ടൂറിസ്റ്റു കേന്ദ്രവും കൂടിയാണ്. സഞ്ചാരികൾക്കായി എറണാകുളത്തു നിന്നും രാമേശ്വരത്തേക്ക് നേരിട്ടുള്ള സ്പെഷ്യൽ ട്രെയിൻ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. 2020 ജനുവരി 9 മുതൽ ഫെബ്രുവരി 27 വരെയായിരിക്കും ഈ സ്‌പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുക.

വ്യാഴാഴ്ചകളിൽ എറണാകുളം സൗത്തിൽ (ജംഗ്‌ഷൻ) നിന്നും രാത്രി ഏഴു മണിക്ക് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം (വെള്ളി) രാവിലെ ഏഴരയോടെ രാമേശ്വരത്ത് എത്തിച്ചേരും. മടക്ക ട്രെയിൻ വെളളിയാഴ്ച വൈകിട്ട് നാലു മണിയ്ക്ക് രാമേശ്വരത്തു നിന്നും പുറപ്പെട്ടു ശനിയാഴ്ച വെളുപ്പിന് നാലരയോടെ എറണാകുളത്ത് എത്തും.

ആലുവ, തൃശൂര്‍, പാലക്കാട് ജം, പാലക്കാട് ടൗണ്‍, കൊല്ലങ്കോട്, പൊളളാച്ചി, ഉദുമല്‍പേട്ട്, പഴനി, ഒട്ടന്‍ഛത്രം, ഡിണ്ടിഗല്‍, മധുര, മാനാമധുര, പരമക്കുടി, രാമനാഥപുരം, ഉച്ചിപ്പുളി, മണ്ഡപം എന്നീ സ്റ്റേഷനുകളില്‍ ട്രെയിന് സ്റ്റോപ്പുണ്ട്. രാമേശ്വരത്തിനു പുറകേ, പഴനി, മധുര മീനാക്ഷി അമ്മന്‍ ക്ഷേത്രം, ഏര്‍വാടി ദര്‍ഗ എന്നിവിടങ്ങളിലേക്കുളള തീര്‍ഥാടകര്‍ക്കും ഈ സ്പെഷ്യൽ ട്രെയിൻ ഒരനുഗ്രഹമാകും.

ടിക്കറ്റ് നിരക്കുകൾ : എറണാകുളം – രാമേശ്വരം ജനറൽ – 164 രൂപ, സ്ലീപ്പര്‍ 420 രൂപ, തേഡ് എസി – 1150 രൂപ, സെക്കന്‍ഡ് എസി -1625 രൂപ. സെക്കന്‍ഡ് എസി – 1, തേഡ് എസി – 3, സ്ലീപ്പര്‍ – 11, ജനറല്‍ – 4 എന്നിങ്ങനെയാണു കോച്ചുകള്‍. എറണാകുളം – രാമേശ്വരം സ്പെഷ്യൽ ട്രെയിനിലേക്കുള്ള റിസർവ്വേഷനുകൾ ആരംഭിച്ചു കഴിഞ്ഞു. ഏ.പി.ജെ അബ്ദുള്‍ കലാം സ്മാരകം, രാമേശ്വരം ക്ഷേത്രം, ധനുഷ്‌കോടി, പാമ്പന്‍ പാലം എന്നിവ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന രീതിയിലാണ് ഈ ട്രെയിന്‍ സര്‍വീസ്.

പഴനി, മധുര, രാമേശ്വരം എന്നീ മൂന്നു തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള കേരളത്തിൽ നിന്നുള്ള ഏക സർവീസാണിത്. രാത്രിയിൽ സൗകര്യപ്രദമായ സമയത്തു ട്രെയിനില്ലാത്തതിനാൽ തെക്കൻ തമിഴ്നാട്ടിലേക്കുള്ള യാത്രക്കാർ ഇപ്പോൾ അമിതനിരക്കു നൽകി സ്വകാര്യബസുകളെയാണു ആശ്രയിക്കുന്നത്.

ഇന്ത്യയുടെ മുഖ്യഭൂമിയിൽനിന്നും പാമ്പൻ കനാലിനാൽ വേർതിരിക്കപ്പെട്ടിരിക്കുന്ന പാമ്പൻ ദ്വീപിലാണ് രാമേശ്വരം പട്ടണം സ്ഥിതിചെയ്യുന്നത്. ശ്രീലങ്കയിലെ മന്നാർ ദ്വീപിൽനിന്നും ഏകദേശം അൻപത് കിലോമീറ്റർ അകലെയാണ് പാമ്പൻ ദ്വീപ്. രാമേശ്വരം ദ്വീപ് എന്നും അറിയപ്പെടുന്ന പാമ്പൻ ദ്വീപ് ഇന്ത്യയുടെ മുഖ്യഭൂമിയുമായി പാമ്പൻ പാലത്തിനാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.