വിവരണം – ദീപക് മേനോൻ.
ഒരു എത്യോപ്യൻ സുഹൃത്തിന്റെക്ഷണം സ്വീകരിച്ചാണ് ഞങൾ കറുത്ത ഭൂഖണ്ഡത്തിലെ , കാപ്പിരികളുടെ നാടായ എത്തിയോപ്യയിലേക്കു യാത്ര തിരിച്ചത് . ബഹറിനിൽ നിന്നും മൂന്ന് മണിക്കൂർ യാത്ര ചെയ്തു ആഡിസ് അബാബയിലെ ‘ബോലെ’ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവലാണ് . 50 ഡോളർ കൊടുത്താൽ 30 ദിവസത്തെ വിസ ലഭിക്കും. എല്ലാ തലസ്ഥാന നഗരങ്ങളിലേയും പോലെ വലിയ ബിൽഡിങ്ങുകളും , തിരക്കേറിയ തെരുവുകളും പിന്നിട്ട് ഞങൾ ബുക്ക് ചെയ്ത ഹോട്ടലിലെത്തി. സമയം രാവിലെ 9 മണിയായിരിക്കിന്നു , വലിയ യാത്രാക്ഷീണമൊന്നുമില്ലാത്തതിനാൽ നഗരം കാണാൻ ഇറങ്ങി.
ഗ്രേറ്റ് റിഫ്റ്റ് താഴ്വരയുടെ സമീപം സ്ഥിതിചെയ്യുന്ന വിശാലമായ തലസ്ഥാന നഗരമാണ് ‘ആഡിസ് അബാബ ‘. നമ്മുടെ സങ്കല്പത്തിലെ ആഫ്രിക്കൻ ദാരിദ്ര്യത്തിന്റെ ലക്ഷങ്ങളൊന്നും ഇവിടെ കാണുന്നില്ല , പഞ്ഞകാലത്തെ അതിജീവിച്ച് വാണിജ്യ, വ്യാവസായിക രംഗത് അതിവേഗം മുന്നേറുകയാണിവർ. ഇന്ത്യയുടെ മൂന്നിലൊന്നു വലിപ്പമുള്ള ഈ രാജ്യത്ത് 83 ഭാഷകൾ സംസാരിക്കുന്നു , അംഹാരിക്(Amharic) ഭാഷയാണ് കൂടുതൽ ആളുകൾ സംസാരിക്കുന്നത്. ബിർ ആണ് കറൻസി. 1 ബിർ ഏകദേശം നമ്മുടെ രണ്ടര രൂപവരും.
ഒരു നാടിന്റെ ചരിത്രം അറിയാനുള്ള എളുപ്പമാർഗം അവിടെത്തെ മ്യൂസിയമാണ് , അതിനാൽ ആഡിസ് അബാബ യൂണിവേഴ്സിറ്റിയിലെ ഗ്രാജ്വേറ്റ് സ്കൂളിന് സമീപമുള്ള നാഷണൽ മ്യൂസിയത്തിലേക്ക് യാത്രതിരിച്ചു. ഗുണമേന്മയുള്ള റോഡിലൂടെ, വഴിവാണിഭക്കാരെയും , യാചകരെയും പിന്നിട്ട് ഞങൾ മ്യൂസിയത്തിലെത്തി .
മനുഷ്യ പരിണാമത്തിന്റെ വലിയ പ്രദർശനവും വിവരണവുമുണ്ടിവിടെ. 3.2 ദശലക്ഷം വര്ഷങ്ങള്ക്കുമുൻബ് ജീവിച്ചിരുന്ന നമ്മുടെ മുത്തശ്ശിയായ ‘ലൂസി’ യുടെ അസ്ഥികൾ അത്ഭുതത്തോടെയതല്ലാതെ കാണാനാവില്ല . ദശലക്ഷകണക്കിനു വർഷങ്ങൾ പഴക്കമുള്ള ഫോസിലുകൾ, ആയുധങ്ങൾ , കാർഷിക ഉപകരണങ്ങൾ , പാത്രങ്ങൾ എന്നിവയെല്ലാം സന്ദർശകർക്കായി ഇവിടെ പ്രദർശിപ്പിക്കുന്നതിലൂടെ നമ്മുടെ പൂർവികർ ഇവിടെനിന്നുമാണെന്ന് ഓർമപ്പെടുത്തുന്നു. ഇവിടെ നിൽക്കുമ്പോൾ നൂറ്റാണ്ടുകൾ പിന്നോട്ടുപോയ അനുഭവം , ശിലായുഗവും , ലോഹയുഗവും നമുക്ക് മുന്നിലൂടെ കടന്നു പോകുന്നു.
മ്യൂസിയത്തിൽ നിന്നുമിറങ്ങി എത്തിയോപ്പിയയിലെ ഭൂരിപക്ഷം വരുന്ന ഓർത്തഡോക്സ് വിഭാവക്കാരുടെ ആരാധനാലയമായ ‘ഹോളി ട്രിനിറ്റി കത്തീഡ്രൽ’ കാണാനാണ് പോയത് , ഇറ്റാലിയൻ അധിനിവേശത്തിൽ നിന്ന് എത്യോപ്യയുടെ വിമോചനത്തിന്റെ സ്മരണാർത്ഥം നിർമിച്ചതാണിത്. വലിയ വിശ്വാസികളാണ് ഇന്നാട്ടുകാർ , പള്ളിയുടെ മതിലിലും , ഗേറ്റിലും ചുംബിച്ചു പ്രാർത്ഥിക്കുന്ന ഒരുപാടുപേരെ ഇവിടെ കാണാം. പഴമയുടെ പ്രൗഡിയുമായി നിൽക്കുന്ന പള്ളിയിൽനിന്നും നിന്നും പുറത്തിറങ്ങി നടപ്പു തുടർന്നു.
കോഫിയുടെ ജന്മനാടാണ് എത്യോപ്യ, ബുന്ന (Bunna) എന്നാണ് ഇവിടുത്തുകാർ ഇതിനെ വിളിക്കുന്നത്. ‘ബുന്ന’ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. സമ്പന്നനും, ദാരിദ്ര്യനും അതിഥികളെ സ്വീകരിക്കുന്നത് ബുന്ന കൊടുത്താണ്. ഇന്ന് പല പ്രമുഖ അന്താരാഷ്ട്ര കോഫി ബ്രാൻഡുകളും ഉപയോഗിക്കുന്നത് ഇവിടെ നിന്നും വരുന്ന കാപ്പികുരുവാണ്. ഇവിടുത്തെ കാപ്പിക്കുരു നമ്മുടെ മുന്നിൽവച്ചു വറുത്ത് പൊടിച്ചു കോഫിയുണ്ടാക്കിത്തരുന്ന കടയിൽനിന്നും ഒരു കോഫിയും കുടിച്ച് യാത്ര തുടർന്നു.
കാഴ്ചകൾ കണ്ടുനടക്കവേ ഇരുട്ടു വീണു തുടങ്ങി. നൈറ്റ് ലൈഫ് സജീവമാണിവിടെ, സന്ധ്യയാവുബോഴേക്കും ശരീര വില്പനക്കാരായ കറുത്ത സുന്ദരികളും, മയക്കു മരുന്ന് വില്പനക്കാരും തെരുവുകളിൽ നിറയുന്നു. ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനമുള്ളതുകൊണ്ട് മറ്റുള്ള ആഫ്രിക്കൻ രാജ്യങ്ങളെ അപേക്ഷിച് സുരക്ഷിതമാണ് ആഡിസ്, എങ്കിലും ഒരു നാട്ടുകാരൻ കൂടെയുള്ളത് ഗുണം ചെയ്യും. നല്ല വിശപ്പുതുടങ്ങിയതുകൊണ്ട് പൈതൃക കലകൾ പ്രദശിപ്പിക്കുന്ന ഭക്ഷണശാലയിലേക്കാണ് ഞങൾ പോയത്. എത്യോപ്യൻ പരമ്പരാഗത നൃത്ത രൂപങ്ങളും , ആയോധനകലകളും നമുക്കുവേണ്ടി അവതരിപ്പിക്കുന്നു. തെഫ് എന്ന ധാന്യം ഉപയോഗിച്ച് നമ്മുടെ ദോശ പോലെ ഉണ്ടാക്കുന്ന ‘ഇഞ്ചിറ’യും(Injera), കാളയിറച്ചിയുമാണ് ഇവിടെത്തെ പ്രധാന വിഭവം. ഒരുതരം മസാലപൊടിയിൽ മുക്കി കഴിക്കുന്ന പച്ച മാംസത്തിനും ആവശ്യക്കാരേറെയാണ്. രുചികരമായ അത്താഴത്തിനുശേഷം കലാപരിപാടികളും ആസ്വദിച്ച് വളരെ വൈകി ഹോട്ടലിലേക്ക് മടങ്ങി.
എത്യോപ്യൻ ഗ്രാമങ്ങൾ കാണാനുള്ള കാണാനുള്ള ആകാംക്ഷയോടെയാണ് അടുത്ത പ്രഭാതത്തിൽ ഉറക്കമുണർന്നത് . ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടതുകൊണ്ട് അതിരാവിലെതന്നെ ഒരു ഫോർ വീൽ വാഹനത്തിൽ വടക്കൻ എത്തിയോപ്പിയലിക്കു യാത്ര തിരിച്ചു. തലസ്ഥാന നഗരത്തിൽ നിന്നും അകലുംതോറും ദാരിദ്ര്യത്തിന്റെ ലക്ഷണം പ്രകടമാകുന്നു , കളിമൺ തേച്ച ഭിത്തിയിൽ തകര മേൽക്കൂരയുള്ള വീടുകൾ, കണ്ണെത്താദൂരംവരെയും പച്ചക്കറി പാടങ്ങൾ , ആടുമാടുകളെ തെളിച്ചുകൊണ്ട് പോകുന്ന മനുഷ്യർ , കുട്ടികളെ ശരീരത്തിൽ വച്ചുകെട്ടി ജോലിക്കു പോകുന്ന സ്ത്രീകൾ.
യാത്ര മദ്ധ്യേ ഞങൾ ഒരു ഗ്രാമ ചന്തയിൽ വണ്ടി നിർത്തി , എങ്ങും മാലിന്യം കുന്നുകൂടികിടക്കുന്നു , അഴുക്കുവെള്ളത്തിൽ കളിക്കുന്ന കുട്ടികൾ , അതിനു സമീപം കച്ചവടം പൊടിപൊടിക്കുന്നു , പച്ചക്കറികളും, നാടൻ കോഴികളും , ഇറച്ചിക്കടകളും, കലർപ്പില്ലാത്ത പ്രകൃതി വിഭവങ്ങളും സുലഭം , കുറച്ചു പഴങ്ങളും വാങ്ങി പൊടി പാറുന്ന ചെങ്കൽ പാതയിലൂടെ ഞങൾ യാത്ര തുടർന്നു. തെഫ് വിളഞ്ഞുനിൽക്കുന പാടങ്ങളും , പുൽമേടുകളും കടന്ന് 271 കിലോമീറ്ററുകൾ താണ്ടി അംഹര ( Amhara ) ഗ്രാമത്തിലെത്തി.
ടിഗ്രെ(Tigre) എന്ന പുരാതന ഗോത്രക്കാരാണ് ഇവിടെ താമസിക്കുന്നത് , പുറത്തുനിന്നുള്ള ഗവര്മെന്റിന്റെയോ , മതങ്ങളുടെയോ ഒരു കടന്നു കയറ്റവും ഇവർ അനുവദിക്കുന്നില്ല. ബലിഷ്ടരും ആകാര ഭംഗിയുള്ള സ്ത്രീ പുരുഷമാരാണ് ഇവിടെയുള്ളത്. ഗോത്രക്കാർക്ക് ഒരു തലവനുണ്ടാവും അയാളാണ് അന്നാട്ടിലെ പോലീസും കോടതിയുമെല്ലാം. ജലക്ഷാമം രൂക്ഷമാണെങ്കിലും കന്നുകാലി വളർത്തലും , കൃഷിയുമാണ് പ്രധാന തൊഴിൽ. ഭൂരിഭാഗം ഗ്രാമവാസികളും ക്രിസ്തുമത വിശ്വാസികളാണ്. ലോകത്തിന്റെ മത്സരയോട്ടത്തിൽ നിന്ന് വിട്ടുമാറി വ്യത്യസ്ത മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് വിചിത്രമായ ആചാരാനുഷ്ങ്ങളുമായി ഉണക്ക പുല്ലും , ചളിയും ചേർത്തുനിർമിച്ച കുടിലുകളിൽ ജീവിക്കുന്നു. അവരുടെ ജീവിത രീതിയും ആവാസവ്യവസ്ഥയും ഈ യാത്രയിൽ കൂടുതൽ മനസിലാക്കാൻ സാധിച്ചു.
അന്നത്തെ താമസം ഞങ്ങൾക്കുവേണ്ടി ഗ്രാമത്തിലൊരുക്കിയ കുടിലിലായിരുന്നു. പുതിയ സ്ഥലം , പുതിയ മനുഷ്യർ. രാത്രിയിൽ നല്ല തണപ്പാണ് . കയ്യിൽ കരുതിയ ഭക്ഷണവും കഴിച്ച് നിശബ്ദ താഴ്വരയിലെ കുടിലിൽ അവരിലൊരാളായി രാത്രി ചിലവഴിച്ചു അടുത്ത പ്രഭാതത്തിൽ വീണ്ടും ആഡിസ് അബാബയിലേക്ക് യാത്ര തിരിച്ചു.
രാത്രിയായാൽ ആഡിസ് ലഹരിയിലാണ് , എവിടെയും ഡിജെ ക്ലബ്ബുകളും , ഡാൻസ് ബാറുകളും , ആഫ്രിക്കയുടെ വന്യതാളത്തിൽ കറുത്ത സുന്ദരികൾ ആടിത്തിമിർക്കുന്നു. ഇറ്റാലിയൻ ഫ്രഞ്ച് കോളനി സംസ്കാരം എവിടെയും കാണാം ഒന്നിനും ഒരു വിലക്കുമില്ല, സമ്പന്നരായ നാട്ടുകാരും, സഞ്ചാരികളും ചേർന്ന് പുലരുവോളം ആഘോഷിക്കുന്നു.
ലോകം ഇങ്ങനെയാണ് വൈവിദ്ധ്യങ്ങൾകൊണ്ട് നമ്മളെ അത്ഭുതപെടുത്തികൊണ്ടിരിക്കും നാല് അവിസ്മരണീയമായ ദിവസങ്ങൾക്കു ശേഷം മുഖം മൂടിയില്ലാത്ത പച്ച മനുഷ്യരോട് വിട പറഞ്ഞ് ബഹ്റൈനിലേക്കു പറന്നു.