എവറസ്റ്റ് കൊടുമുടിയുടെ ലോകത്തിലേക്കുള്ള കാൽവയ്പ്.!!

Total
0
Shares

വിവരണം – ജസ്റ്റിൻ ജോസ്.

ജോലിയുമായി ബന്ധപ്പെട്ട ട്രെയിനിങ്ങിന് 2015 -ല്‍ ഡെറാഡൂണിലുള്ളപ്പോഴാണ് എവറസ്റ്റ് ബെയ്‌സ് ക്യാമ്പിനെ പറ്റി കേള്‍ക്കുന്നത്. രണ്ടു വര്‍ഷത്തിനിപ്പുറം, അടുത്തിടെ വിജയകരമായി പൂര്‍ത്തിയാക്കിയ എവറസ്റ്റ് കീഴടക്കല്‍ ദൗത്യത്തിന്റെ ഓറിയന്റേഷന്‍ ആയിരുന്നു സന്ദര്‍ഭം. സ്ഥാപനത്തില്‍ സഹവര്‍ത്തിത്വവും ആത്മവിശ്വാസവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഒരുക്കിയ പരിപാടി.

മുമ്പ് ചെയ്തിട്ടുള്ള ഒരു മണാലി യാത്ര ഒഴിച്ച് അന്ന് ഹിമാലയന്‍ യാത്രകളില്‍ ഒരു പൈതല്‍ മാത്രമായിരുന്നയാള്‍ക്ക് അതൊരു കൗതുകം മാത്രം. പിന്നീട് ആസാമിലേക്ക് സ്ഥലം മാറ്റം ആയെങ്കിലും ഡെറാഡൂണ്‍ ജീവിതം സമ്മാനിച്ച ഹിമാലയന്‍ യാത്രകള്‍ അതിനെ ഒരു ലഹരിയാക്കി മാറ്റി. അങ്ങനെ ഇരിക്കെ ഹിമവാന്റെ ഭൂമിയിലൂടെ ഒരു ദീര്‍ഘ ദൂര ട്രെക്കിംഗും നിനച്ചിരിക്കുംമ്പോഴാണ് സുഹൃത്ത് ടോണിയുടെ ( Tony Joseph) അഭിപ്രായം ‘അളിയാ നമുക്ക് എവറസ്റ്റ് ബെയ്‌സ് ക്യാമ്പ് ട്രെക്ക് ചെയ്താലോ?’ എന്ന്. പഴയ ഒരു എവറസ്റ്റ് സ്വപ്നം മനസ്സില്‍ കിടന്നതു കൊണ്ടാവാം ഉടനെ സമ്മതിച്ചു. സംഗതി ഗംഭീരം അണെന്ന് അറിയാവുന്നതിനാല്‍ ഇല്ലാത്ത കാശൊക്കെ ഒപ്പിച്ച് പ്രമുഖ ട്രാവല്‍ സൈറ്റ് വഴി ബുക്കിംഗ് നടത്തി. (അനുഭവത്തിൽ നിന്ന് Thrillophila, Adventure Nations, India hikes പോലുള്ളവ വഴി EBC ട്രെക്ക് ബുക്ക് ചെയ്താലുള്ള നഷ്ടത്തെ പറ്റി ഒടുവിൽ പറയാം).

തയ്യാറെടുപ്പുകള്‍ക്കായി ഏതാണ്ട് 3-4 ആഴ്ചകളേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. ദിവസേന ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും മൂന്നോ നാലോ ദിവസം കൂടുമ്പോഴൊക്കെ 4-6 കിലോമീറ്റര്‍ ഓടിയും എക്‌സര്‍സൈസ് ചെയ്തും കായിക ശേഷി ഉള്ളവരെന്ന് സ്വയം ബോധിപ്പിച്ചു. അടുത്തുള്ള ഡെക്കാത്‌ലോണില്‍ പോയി ട്രെക്കിങ്ങ് ഗിയേര്‍സ് വാങ്ങി. പുതിയ ട്രെക്കിങ്ങ് ഷൂസ് വാങ്ങിയപ്പോള്‍ മുതല്‍ തന്നെ ഉപയോഗിച്ച് തുടങ്ങി കാലുകള്‍ക്ക് പാകപ്പെടുത്തിയെടുത്തു. ഏതായാലും ഒരു വഴിക്ക് പോകുവല്ലേ.. ട്രെക്കിനു ശേഷം ബൈക്കില്‍ നേപ്പാള്‍ കൂടി കറങ്ങാം എന്നായി അടുത്ത തീരുമാനം. അങ്ങനെ ബൈക്ക് തിരുവനന്തപുരത്തു നിന്നു നന്നായി പാഴ്‌സല്‍ ചെയ്ത് അയച്ചു; രപ്തി സാഗര്‍ എക്‌സ്പ്രസില്‍ നേപ്പാള്‍ ചേര്‍ന്നുള്ള UP നഗരമായ ഗോരഖ്പൂറിലേക്ക്. ഇന്ത്യയുടെ തെക്കേ അറ്റത്തു നിന്നും 3253 കി.മി. താണ്ടി ചങ്കിനെ സുരക്ഷിതമായി ഗോരഖ്പൂറില എത്തിച്ചതിന് 4300 രൂപയോളം മാത്രമാണായത്; നന്ദി ഇന്ത്യന്‍ റെയില്‍വേ.

യഥാർത്ഥത്തിൽ ഞങ്ങളുടെ യാത്ര തുടങ്ങിയത് ഡെൽഹിയിൽ നിന്നാണ്. ഗോരഗ്ധാം എക്സ്പ്രസിൽ ദില്ലി ഓൾഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഗോരഖ്പൂറിലേക്ക് യാത്ര തുടങ്ങി. ഭാരിച്ച ലഗേജും താങ്ങി കാലു കുത്താൻ കൂടി ഇടമില്ലാതിരുന്ന സിറ്റിങ് കംപാർട്മെന്റിൽ ഞങ്ങളിൽ ഒരാളുടെ I-cards ഉം atm card ഉം അത്യാവശ്യം കാശും ഉണ്ടായിരുന്ന പേഴ്സും പോക്കറ്റടിക്കപ്പെട്ട് ഉറക്കവും ശരിയാകാതെ നടത്തിയ നീണ്ട 16 മണിക്കൂർ യാത്ര; അതൊരു ഗംഭീര യാത്ര തന്നെയായിരുന്നു. അപ്രതീക്ഷിതമായും അവിചാരിതമായും അതേ ട്രയിനിൽ യാത്ര ചെയ്തിരുന്ന അടുത്ത സുഹൃത്തായ അനുവിനേയും ( Anu GS ) കുടുംബത്തേയും കണ്ടതും ഒപ്പം യാത്ര ചെയ്തതും വേറിട്ട അനുഭവമായി.

ഏതാണ്ട് പിറ്റേന്ന് ഉച്ച തിരിഞ്ഞ് ഗോരഖ്പൂർ എത്തി. അവിടെ പാഴ്‌സലായി തലേന്ന് എത്തിയിരുന്ന ബുള്ളറ്റ് ഏറ്റുവാങ്ങി ലഗേജ് കാരിയറും പിടിപ്പിച്ച് ബാഗുകളും കെട്ടി 400 കി.മി. ദൂരെയുള്ള നേപ്പാളിന്റെ തലസ്ഥാന നഗരി കാഠ്മണ്ഡു ലക്ഷ്യമാക്കി യാത്ര തിരിച്ചു. (ഇന്ത്യയുടെ തെക്കേ അറ്റത്തു നിന്നും 3253 കി.മി. താണ്ടി ചങ്കിനെ സുരക്ഷിതമായി ഗോരഖ്പൂറിൽ എത്തിച്ചതിന് 4000 രൂപയോളം മാത്രമാണായത്; നന്ദി ഇന്ത്യൻ റെയിൽവേ.!!) അതിര്‍ത്തിയായ സനവാളില്‍ എത്തിയപ്പോഴേക്കും രാത്രി വൈകിയതിനാല്‍ അന്ന് അവിടെ തങ്ങി.

പുലര്‍ച്ചെ അതിര്‍ത്തികടന്ന് ബൈക്കിന് വേണ്ട പെര്‍മിറ്റും എടുത്ത് കൈയില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ പണം നേപ്പാളി രൂപയിലേക്ക് മാറ്റി യാത്ര തുടര്‍ന്നു. ഇന്ത്യയുടെ സുഹൃത് രാജ്യമായ നേപ്പാളിലെ ആളുകളും അങ്ങനെ തന്നെ. വളരെ സൗഹാര്‍ദ്ദപരമായ ഇടപെടല്‍. ഔദ്യോഗിക ഭാഷയല്ലെങ്കിലും അവിടെ എല്ലാര്‍ക്കും ഹിന്ദി അറിയാവുന്നത് കാര്യങ്ങള്‍ എളുപ്പമാക്കി. അടുത്തിടെ ഉണ്ടായ പ്രളയം തകര്‍ത്ത് തരിപ്പണമാക്കിയ നേപ്പാള്‍ റോഡുകളിലൂടെ ബൈക്ക് ഓടിക്കലായി അടുത്ത കടമ്പ. എന്തായാലും യാതൊരു പണിയും തരാതെ ആ റോഡായ തോടൊക്കെ നീന്തിക്കടന്ന ചങ്കിനു (RE-Thunderbird 350) നന്ദി. രാത്രി വൈകി കാഠ്മണ്ഡു എത്തിയ ഞങ്ങള്‍ക്ക് പാക്കേജിന്റെ ഭാഗമായി തമേല്‍ ഭാഗത്ത്താമസം ഒരുക്കിയിരുന്നു. അവിടെ തന്നെ ട്രെക്കിങ് ദിനങ്ങളില്‍ സൗജന്യമായി ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കിക്കിട്ടി.

ഞാനും ടോണിയും കൂടാതെ ഏജന്‍സി വഴി മുംബൈയില്‍ നിന്നുള്ള സാഞ്ചോയും ചേര്‍ന്ന് മൂന്ന് പേരാണ് ട്രെക്കിങ്ങ് ടീമിലുള്ളത്. അടുത്ത ദിവസം ഞങ്ങള്‍ ട്രെക്കിങ് ഓപ്പറേറ്ററായ സത്യവാന്‍ജിയുടെ Climb High ഓഫീസില്‍ പോയി. അവര്‍ വേണ്ടുന്ന പെര്‍മിറ്റും വിമാന ടിക്കറ്റുകളും ഒക്കെ ശരിയാക്കിയിരുന്നു. അതൊക്കെ വാങ്ങി വേണ്ട നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ചു സ്ലീപ്പിങ് ബാഗും റെന്റ് ചെയ്‌തെടുത്ത് ഇറങ്ങി. ട്രെക്കിങ്ങ് ഷോപ്പുകളും ഹിപ്പി മാര്‍ക്കറ്റും നേപ്പാള്‍ സ്‌പെഷ്യല്‍ ഫാന്‍സി ഷോപ്പുകളും ധാരാളം ദേശ-വിദേശ സഞ്ചാരികളുമൊക്കെയായി മുഴുവന്‍ വര്‍ണ്ണശബളമായ തമേല്‍ ഭാഗത്തൂടെ കറങ്ങി നടന്നു.

എവറസ്റ്റിന്റെ ലോകത്തിലേക്ക്- സാഗര്‍ മാതാ നാഷണല്‍ പാര്‍ക്ക്.!!! 18 സെപ്റ്റംബര്‍ രാവിലെ 8 നാണ് വിമാനം. കാഠ്മണ്ഡുവില്‍ നിന്നും ലുക്ലയിലേക്ക്. രാവിലെ തന്നെ കാഠ്മണ്ഡു വിമാനത്താവളത്തിലേക്ക്. യോദ്ധ സിനിമയില്‍ തൈപ്പറമ്പിലെ അശോകനും അക്കുസോട്ടുവും ഒക്കെ ആയി മോഹന്‍ലാല്‍ ബാഗും നഷ്ടപ്പെട്ടു തെക്ക് വടക്ക് ഓടിയ കാഠ്മണ്ഡു എയര്‍പോര്‍ട്ട് ഒക്കെ അതുപോലെ. കിഴക്കന്‍ നേപ്പാളിലെ ഹിമാലയത്തിന്റെ എവറസ്റ്റ് ഉള്‍പ്പെടുന്ന 1148 ചതുരശ്ര കിലോമീറ്ററോളം വിശ്രുതമായ സംരക്ഷിത മേഖലയാണ് സാഗര്‍ മാതാ നാഷണല്‍ പാര്‍ക്ക്. അവിടേക്കുള്ള ഗേറ്റ് വേ ആയാണ് ലുക്ലയിലെ വളരെ ചെറിയ എയര്‍പോര്‍ട്ട് (ടെന്‍സിങ്-ഹിലാരി എയര്‍പോര്‍ട്ട്) അറിയപ്പെടുന്നത്.

ശ്വാസമടക്കിപ്പിടിച്ച് താഴോട്ട് തന്നെ നോക്കി ഇരുന്ന് പോയ 30 മിനിറ്റ് കാഠ്മണ്ഡു-ലുക്ല വിമാനയാത്ര വമ്പന്‍ ഷോ തന്നെആയിരുന്നു. വലുതും ചെറുതുമായ അരുവികളും വന്മലകളും മലമടക്കുകളിലെ കുഞ്ഞു കുഞ്ഞു ഗ്രാമങ്ങളും മേഘങ്ങളും എല്ലാം കൂടി ആകാശത്തു നിന്നും ആശ്ചര്യജനകമായ കാഴ്ച. അവസാനം ബ്രേക്ക് പോയ വണ്ടി എവിടേലും ഇടിച്ചു നിര്‍ത്തുന്ന പോലെ വിമാനത്തിന്റെ അസാധാരണമായ ലാന്റിംഗ്. വളരെ നീളം കുറഞ്ഞ റണ്‍വേയുടെ ഒരറ്റം നല്ല മലയും മറ്റേ അറ്റം 2000 ഓളം അടി താഴ്ചയുള്ള താഴ്‌വാരവും. അങ്ങനെ സാഹസികമായ ലാന്റിംഗും ടേക്കോഫും ഇതിനെ മരണ എയര്‍പോര്‍ട്ട് ആക്കി മാറ്റുന്നു.

ലുക്ലയില്‍ ഞങ്ങളെ സ്വീകരിക്കാന്‍ ഗൈഡ് ചിറിങ്ങും പോര്‍ട്ടറായ നാംഗ്യാല്‍ജിയും എത്തിയിരുന്നു. ഒരു തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ചിറിങ് ആ മേഖലയിലെ 6000 മീറ്ററില്‍ കൂടുതല്‍ പൊക്കമുള്ള ഒട്ടു മിക്ക കൊടുമുടികളും പല തവണ കയറിയിട്ടുണ്ട്. മൗണ്ടനീറിങ് ഗൈഡ് ആയ ചിറിങ്ങിനെ കൂട്ടു കിട്ടിയത് ഭാഗ്യം തന്നെ. പിന്നെ നാംഗ്യാല്‍ജി. മൂന്ന് പേരുടേയും കൂടി 12 കിലോ വീതം 36 കിലോഗ്രാം ലഗേജ് അനായാസം ചുമന്ന് എല്ലാവരേക്കാളും ഇരട്ടി വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തി തളര്‍ന്നെത്തുന്ന ഞങ്ങളെ നിറഞ്ഞ ചിരിയോടെ വരവേറ്റിരുന്ന അദ്ദേഹമാണ് യഥാര്‍ഥത്തില്‍ ഹൃദയം കീഴടക്കിയത്.

എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ഉച്ചഭക്ഷണത്തിനായി ഒരു പ്രായമായ അമ്മച്ചി ഒറ്റയ്ക്ക് നടത്തുന്ന ടീ ഹൗസിലേക്ക്. ഈ യാത്രയിലെ എല്ലാ ദിവസത്തേയും താമസവും ഭക്ഷണവും ടീ ഹൗസ് എന്നു വിളിക്കുന്ന തടികൊണ്ട് നിര്‍മിക്കപ്പെട്ട വീടുകളിലാണ്. നേപ്പാളിലെ എവറസ്റ്റ്, അന്ന പൂര്‍ണ ട്രെക്കിങ്ങുകളുടെ പ്രത്യേകതയായ ഇത്തരം ടീ ഹൗസുകള്‍ ശുചിത്വം, രൂപകല്പന എന്നിവ കൊണ്ട് ആകര്‍ഷകമാണ്. നേപ്പാളിന്റെ സ്വന്തം ചോറും കറിയും ആയ ഡാല്‍-ഭാത്ത് കഴിച്ച് വയറും മനസ്സും നിറഞ്ഞപ്പോഴേക്കും നാംഗ്യാല്‍ജി ഞങ്ങള്‍ കൊണ്ട് വന്ന ലഗേജുകള്‍ തനിക്ക് ചുമക്കാന്‍ പാകത്തിന് കെട്ടി ശരിയാക്കിയിരുന്നു. ആദ്യ ദിന ലക്ഷ്യം ഫാഗ്ഡിങ്. 2850 മീറ്റര്‍ ഉയരമുള്ള ലുക്ല യില്‍ നിന്ന് 2650 മീറ്റര്‍ ഉയരമുള്ള ഫാഗ്ഡിങ് നടത്തം ഡൗണ്‍ ട്രെക്ക് ആണ്. മാനം മുട്ടെ നില്‍ക്കുന്ന മലകളും അവയെ മൂടാന്‍ ശ്രമിക്കുന്ന മേഘങ്ങളും അരുവികളും വെള്ളച്ചാട്ടങ്ങളും ഇളം കാറ്റിന്റെ സുഖവും.! ഇനിയുള്ള ദിനങ്ങളെ പറ്റി ഒട്ടേറെ പ്രതീക്ഷകള്‍ നല്‍കി 7-8 കി.മി. കയറി ഇറങ്ങി വൈകുന്നേരം ഫാഗ്ഡിങ് എത്തി.

ദൂത്‌കോശിക്കൊപ്പം നാംചെയിലേക്ക്.!!! പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി രണ്ടാം ദിനം. ഷെര്‍പ്പാ ക്യാപിറ്റല്‍ എന്നറിയപ്പെടുന്ന നാംചെയാണ് (3448m) ലക്ഷ്യം. 800 മീറ്റര്‍ ഉയരം താണ്ടാന്‍ 10 കി.മി. നടക്കേണ്ടതുണ്ട്. ഫാക്ഡിങ്ങില്‍ നിന്ന് തുടങ്ങി അല്പനേരത്തിനുള്ളില്‍ താളത്തില്‍ കുതിച്ചൊഴുകുന്ന ദൂത്‌കോശി (പാല്‍നദി) നദിക്ക് സമാന്തരമായ നടപ്പാതയില്‍ എത്തി. നദിയുടെ ഒഴുക്കിനെതിരെയുള്ള ദിശയിലാണ് നടത്തം. അംബരചുംബികളായ മരതക മലകളും പൂക്കളും അരുവികളും വെള്ളച്ചാട്ടങ്ങളും വലിയ ചരക്കുകളും കെട്ടി വച്ച് ഒന്നോ രണ്ടോ പേരാല്‍ തെളിയിച്ചു കൊണ്ട് വരുന്ന യാക്കിന്‍ കൂട്ടങ്ങളും വളരെ വലിയ ഭാണ്ഡങ്ങള്‍ മുതുകത്ത് പേറി വരുന്ന ഷെര്‍പ്പാകളും സഹയാത്രികരായി ഭൂലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ധാരാളം സംഘങ്ങളും; എല്ലാം കൂടി പ്രകൃതിയും മൃഗങ്ങളും മനുഷ്യനും ഒരുമിക്കുന്നതിന്റെ സുന്ദര മുഹൂര്‍ത്തങ്ങള്‍.

ജോന്‍സാലയിലെ ആദ്യ ചെക് പോസ്റ്റില്‍ എത്തി പെര്‍മിറ്റ് കാണിച്ചു ഔദ്യോഗികമായി സാഗര്‍മാതാ നാഷണല്‍ പാര്‍ക്കിലേക്ക്.ദൂത്‌കോശിക്ക് കുറുകെയുള്ള ഇളകിയാടുന്ന തൂക്കു പാലങ്ങള്‍ അതിന്റെ അതുല്യ ഭംഗിയാല്‍ ക്യാമറ ക്ലിക്കുകള്‍ മൗനമായി ആവശ്യപ്പെട്ടു. ഒരിടത്തെത്തിയപ്പോള്‍ മുകളിലും താഴെയും ആയി രണ്ടു തൂക്ക് പാലങ്ങള്‍. അതും കുതിച്ചു ഒഴുകുന്ന ദൂത്‌കോശിക്കും വളരെ ഉയരത്തിലായി. ഒന്നും പറയാന്‍ ഇല്ല. അതി മനോഹരം. ഇനിയാണ് കയറ്റം. മൂന്ന് കിലോമീറ്ററോളം കയറ്റം മാത്രം.

ചിറിങ്ങിന്റെ ഉപദേശം ഇങ്ങനെ.’മുന്നിലെ വഴിയെക്കുറിച്ച് ആലോചിക്കാതെ ഇരുവശവും ഉള്ള മനോഹര കാഴ്ചകള്‍ കണ്ട് മുന്നോട്ട് പോകുക, ബിസ്റ്റാരി ബിസ്റ്റാരി (നേപ്പാളിയില്‍ പതുക്കെ, പതുക്കെ)’. അങ്ങനെ കാഴ്ചകള്‍ ആസ്വദിച്ചു ഉച്ച തിരിഞ്ഞുള്ള മൂന്ന് മണിക്കൂറോളം കയറ്റം കയറിയത് ഒരു കണക്കിന് അറിഞ്ഞില്ല. ഒടുവില്‍ എത്തിച്ചേര്‍ന്നതു നാംചെ ബാസാര്‍ എന്ന ഗ്രാമത്തില്‍. വിചാരിച്ചതു പോലെ അല്ല. ഒരു റോഡ് പോലും ഇല്ലെങ്കിലും ഒരു മിനി സിറ്റിയില്‍ എത്തിയ അനുഭവം. ധാരാളം കടകള്‍, ഹോട്ടലുകള്‍, ഹോസ്പിറ്റല്‍, ബുദ്ധക്ഷേത്രങ്ങള്‍, കഫേകള്‍, ബാറുകള്‍….. മൊത്തം ഒരു ഹൈ ഫൈവ് ഫീല്‍.!!!

അവിസ്മരണീയമായ നാംചെ ദിവസം.!! തീര്‍ത്തും അവശരായ ഞങ്ങള്‍ക്കൊരു ഇടക്കാലാശ്വാസം പോലെ ആയി അടുത്ത ദിവസത്തെ നാംചെയില്‍ അക്ലൈമറ്റൈസേഷന്‍. (നല്ല ഉയരമുള്ള സ്ഥലത്ത് അവിടുത്തെ അന്തരീക്ഷത്തിനും ഓക്‌സിജന്റെ ലഭ്യതക്കും അനുസരിച്ച് ശരീരത്തെ പാകപ്പെടുത്തി എടുക്കാന്‍ ഒന്നോ അതിലധികമോ ദിവസം വിശ്രമിക്കുന്നതിനെയാണ് അക്ലൈമറ്റൈസേഷന്‍ എന്നു പറയുന്നത്.). വിശ്രമ ദിനത്തിലും പുല്‍മേടുകള്‍ നിറഞ്ഞ മല കയറി 3990 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് വ്യൂ ഹോട്ടലില്‍ എത്തി. അവിടെ നിന്നാല്‍ എവറസ്റ്റ് ഒരു പൊടിക്ക് കാണാമത്രേ.. ‘രണ്ട് മണിക്കൂര്‍ കാത്തിരുന്നിട്ടും മേഘങ്ങള്‍ കാരണം ‘ജ്യോതിയും വന്നില്ല ഒരു മണ്ണാംകട്ടയും വന്നില്ല’ എന്നയവസ്ഥയില്‍ എവറസ്റ്റ് കാഴ്ച കിട്ടാതെ ഓരോ ലെമണ്‍ ടീയും കുടിച്ച് ഇറങ്ങി. തിരിച്ചു നാംചെ എത്തി ഉച്ചഭക്ഷണത്തിന് ശേഷം നാംചെ ബുദ്ധമൊണാസ്ട്രിയിലും പോയി പ്രശസ്തമായ നാംച്ചേ ബസാറും ചുറ്റിക്കറങ്ങിക്കണ്ട് അക്ലൈമറ്റൈസേഷന്‍ ആയിരുന്ന മൂന്നാം ദിവസം ഞങ്ങള്‍ക്ക് അവിസ്മരണീയമായ നാംചെ ദിവസം ആയി മാറി.

നാലാം ദിവസം. പുലര്‍ച്ചെ മഴയുടെ ശബ്ദം കേട്ടാണ് എണീക്കുന്നത്. മണ്‍സൂണിന്റെ തിരിച്ചു വരവ് കാരണം ഇനി അങ്ങോട്ട് ഒരാഴ്ച മഴയാരിക്കുമത്രേ. മഴയായാല്‍ മേഘങ്ങള്‍ കാരണം കാഴ്ചകള്‍ നഷ്ടമാകും എന്നു മാത്രമല്ല മണ്ണിടിച്ചില്‍ കാരണം ട്രെക്കിങ് കൂടെ അനിശ്ചിതത്വത്തിലായേക്കാം. മഴ ചതിച്ചല്ലോ ആശാനേ എന്ന ഗദ്ഗദവുമായി റെയിന്‍ കോട്ടൊക്കെയിട്ട് ഇറങ്ങി. ഞങ്ങളുടെ സ്വന്തം ചിറിങ് ലായുടെ അനുഭവം- ‘I don’t believe in three W’s- Woman, Weather and Whisky’. എന്തായാലും പ്രകൃതി കനിയണേ എന്ന പ്രാര്‍ത്ഥനയോടെ നടന്നു തുടങ്ങി.

മുഴുവന്‍ ട്രെക്കും പരിഗണിച്ചാല്‍ പച്ചപ്പ് കൊണ്ട് ഏറ്റവും ഭംഗി ഉള്ള റൂട്ട് ആണ് ഇന്നത്തേത്. നാംചെ-തിങ്‌ബോചെ. എന്നാല്‍ ഞങ്ങള്‍ക്കൊരുക്കിരുന്ന കാഴ്ചകളില്‍ നല്ല പങ്കും മഴമേഘങ്ങള്‍ കവര്‍ന്നെടുത്തു. വൈകിട്ടോടെ തിങ്‌ബോചെയിലെത്തി. നന്നേ തളര്‍ന്നു പോയതിനാല്‍ മടക്കയാത്രയിലാകാം അവിടുത്തെ പ്രശസ്തമായ ബുദ്ധ മൊണാസ്ട്രി സന്ദര്‍ശനം എന്ന് തീരുമാനിച്ചു. കുറെക്കൂടി മുന്നിലേക്ക് നടന്ന് ശാന്തമായി ഒഴുകുന്ന ഇഞ്ജ ഖോലെ നദീ തീരത്ത് ഡിബൂചെ (3800m) യിലായി സ്റ്റേ. പിറ്റേന്ന് അതായത് അഞ്ചാം ദിവസം രാവിലെ എണീറ്റപ്പോഴേക്കും പ്രകൃതി കനിഞ്ഞിരുന്നു. നല്ല തെളിഞ്ഞ ആകാശം. മഴ പൂര്‍ണമായും മാറി. ചിറിങ്ങിന്റെ നടുക്കത്തെ W അതിന്റ സ്ഥാനം ഉപ്പിച്ചു. അതോടെ ഞങ്ങളുടെ പ്രതീക്ഷകളും സടകുടഞ്ഞ് എണീറ്റു.

അഞ്ചാം ദിവസം രാവിലെ നേരത്തെ തന്നെ നടത്തം ആരംഭിച്ചു. തലേന്നത്തെ മഴയുടേതാകാം ഇടവിട്ടുള്ള കാറ്റില്‍ മരം പൊഴിയുന്നുണ്ടായിരുന്നു. മുന്നോട്ട് പോകുന്തോറും മരങ്ങളുടെയൊക്കെ നീളം കുറഞ്ഞ് വന്നു. വന്‍കാടുകള്‍ മാറി പുല്‍മേടുകളായി തുടങ്ങി. വ്യത്യസ്ത തരം കിളികളുടെയും കാട്ട്ജീവികളുടെയും ഇടകലര്‍ന്ന ശബ്ദങ്ങള്‍ കുറയുന്നു. അതേ, സ്ഥലത്തിന്റെ ഉയരം കൂടുകയാണ്. ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയുമൊക്കെ ഇനങ്ങളും പ്രത്യേകതകളും മാറുകയാണ്. പകല്‍ വെയിലിന്റെ കാഠിന്യം കൂടി. കാഴ്ചകളും മാറുന്നു. അങ്ങങ്ങായി നാല് ദിക്കുകളിലും മഞ്ഞു മലകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കാഴ്ചകളുടെ പുതുമയുമായി ഉയരങ്ങള്‍ കാല്‍ച്ചുവട്ടില്‍ എത്തുകയായി.

മഞ്ഞു മലകളില്‍ ഏറ്റവും മനോഹരമായ Mother’s Necklace എന്നര്‍ത്ഥം വരുന്ന അമാ ദബ്ലാമിന് ഒരമ്മ തന്റെ കുഞ്ഞിനെ ചേര്‍ത്ത് പിടിക്കുന്ന രൂപ സാദൃശ്യം ഉണ്ട്. സൂര്യപ്രകാശം കൂടി പതിക്കുന്ന തോടെ കണ്ണഞ്ചിപ്പിക്കുന്ന വെള്ളിത്തിളക്കവും. അന്നത്തെ ലക്ഷ്യം ആയ ഡിങ്‌ബോചെ എത്തി. ഏതാണ്ട് 4500 മീറ്റര്‍ ഉയരം. വീണ്ടും ഏകദിന അക്ലൈമറ്റൈസേഷന്‍. ക്ഷീണവും ഉയരത്തിന്റേതായ തലവേദനയും. തലവേദനക്ക് ശമനം ഉണ്ടാകും എന്നാരോ പറഞ്ഞത് കേട്ട് വെളുത്തുള്ളി സൂപ്പ് കുടിച്ചു. സംഗതി സത്യം ആണെന്ന് പിന്നീടങ്ങോട്ട് ബോധ്യവും ആയി. അത്താഴം കഴിച്ച് നേരത്തെ ഉറങ്ങി. രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റപ്പോള്‍ എന്തെന്നില്ലാത്ത ഉന്മേഷം. ജനാല തുറന്നപ്പോള്‍ ലഭിച്ച കാഴ്ചയാണ് ഞെട്ടിച്ചത്. തലേന്ന് വൈകുന്നേരത്തെ മൂടല്‍മഞ്ഞൊക്കെ മാറി തെളിഞ്ഞ ആകാശം. റൂമിനു പുറത്ത് വന്നപ്പോള്‍ ചക്രവാളങ്ങളെല്ലാം മഞ്ഞ് പുതച്ച കൊടുമുടികളാണ്. ലോസേ (8516m), നുപ്‌സേ (7861 m), അമാ ദബ്ലാം (6170 m), ധം സേര്‍ക്കു (6608 m), കങ്‌ദേക്ക (6782m), ലബൂചെ (6119m)… അങ്ങനെ അനേകം മഞ്ഞുമലകള്‍.


.
അക്ലൈമറ്റൈസേഷന്റെ ഭാഗമായി ആറാം ദിവസം രാവിലെ ഏതാണ്ട് 300 മീറ്ററോളം ഉയരം താണ്ടി ഒരു മല കയറി. ഒരേ കാഴ്ചകളൊക്കെ കണ്ടുകണ്ടങ്ങ് മുകളില്‍ എത്തിയപ്പോള്‍ ഉള്ള പനോരമ… തികച്ചും മനോഹരം. പല ആകൃതിയിലുള്ള ധാരാളം കല്ലുകള്‍ അവിടെ ഉള്ളതിനാല്‍ തന്നെ മലതാണ്ടി മുകളിലെത്തിയവര്‍ കല്ലുകള്‍ക്ക് മുകളില്‍ കല്ലുകള്‍ വച്ച് Pebbles stacking ല്‍ ഏര്‍പ്പെടുന്നുണ്ടായിരുന്നു. ഫോട്ടോകള്‍ ധാരാളം എടുത്തു. കുറേയേറെ സമയം ആ മലമുകളില്‍ കാറ്റും കൊണ്ട് മനസ്സും ശൂന്യമാക്കി മഞ്ഞു മലകളും നോക്കി അങ്ങനെ ഇരിക്കുമ്പോള്‍ ഉള്ള അനുഭൂതി. അതൊന്ന് വേറെയാണ്. തിരിച്ചു ഡിങ്‌ബോച്ചയിലേക്ക്. ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമം. നല്ല തണുപ്പത്ത് തീയും കാഞ്ഞ് മലമൂട്ടില്‍ എന്റെ പ്രീയപ്പെട്ടതായി മാറിക്കഴിഞ്ഞ വെളുത്തുള്ളി സൂപ്പും കുടിച്ചിരിക്കുമ്പോള്‍ ഉള്ള സുഖം സായാഹ്നങ്ങളെ അതുല്യമാക്കി. രാത്രി 7 മണിയോടെ അത്താഴവും കഴിച്ച് നേരത്തെ ഉറങ്ങി. നാളത്തെ ലക്ഷ്യം 4950 മീറ്റര്‍ ഉയരമുള്ള ലബൂച്ചയാണ്.

ഏഴാം ദിവസം. കയ്യിലെ തണുപ്പ് പ്രതിരോധിക്കാന്‍ ഉണ്ടായിരുന്ന എല്ലാം എടുത്തണിഞ്ഞ് യാത്ര തുടര്‍ന്നു. ഹെലികോപ്റ്ററുകള്‍ ഇടവിട്ടിടവിട്ട് പറക്കുന്നുണ്ടായിരുന്നു. ഹൈ ഓള്‍ടിട്യൂഡ് സിക്ക്‌നസ് (എഎംഎസ്) പലര്‍ക്കും മരണത്തോളം വരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ ഹെലി റെസ്‌ക്യൂ ഇനിയങ്ങോട്ട് പതിവാണ്. മഞ്ഞുരുകിയ വെള്ളം മാത്രമുള്ള കുത്തിയൊഴുകുന്ന ലബൂചെ നദിയുടെ സമീപത്തു കൂടി ആയി നടത്തം. ദൃഢനിശ്ചയത്തോടെ ഇബിസി എത്തണം എന്ന ലക്ഷ്യത്തോടെ ഒരു ഗൈഡിന്റെയോ പോര്‍ട്ടറുടെയോ സഹായമില്ലാതെ ഒറ്റയ്ക്ക് മലകയറുന്ന വൃദ്ധയായ ഒരു ജപ്പാനീസ് സ്ത്രീയാണ് അത്ഭുതപ്പെടുത്തിയത്.

തുക്ല എന്ന സ്ഥലത്തുന്ന് ഉച്ചഭക്ഷണത്തിനു ശേഷം നടത്തം തുടര്‍ന്നു. വഴിയിലാണ് ‘ദുഗ്ല പാസ്’- എവറസ്റ്റിന്റെ മുകളിലേക്ക് ഇറങ്ങിത്തിരിച്ച് ജീവിതം ഉഴിയേണ്ടി വന്നവര്‍ക്കുള്ള സ്മാരകങ്ങള്‍ നിര്‍മിച്ചിരിക്കുന്ന ശാന്തമായ സ്ഥലം. ശിലകളില്‍ കൊത്തിക്കുറിക്കപ്പെട്ടിരുന്ന മണ്‍മറഞ്ഞുപോയവരുടെ നേട്ടങ്ങളും ചരിത്രങ്ങളും ഓരോ വ്യത്യസ്ത സംഭവങ്ങള്‍ ആണ്. ഉറച്ച ലക്ഷ്യത്തിനായി ജീവന്‍ പോലും ത്യജിക്കാന്‍ മടിയില്ലായിരുന്ന ചങ്കൂറ്റങ്ങളുടെ ഓര്‍മ്മക്കുറിപ്പുകള്‍. ആ ഊര്‍ജ്ജവും ഉള്‍ക്കൊണ്ട് ചെറിയ വിശ്രമത്തിന് ശേഷം പുറപ്പെട്ടു. അവിടുന്നുള്ള നടത്തം ശരിക്കും തളര്‍ത്തി. തലവേദന കൂടി വരുന്നു. ഓക്‌സിജന്റെ കുറവ്. വെള്ളം ധാരാളം കുടിച്ചു. കാഴ്ചകള്‍ നല്‍കിയ ലഹരി ശാരീരിക പ്രശ്‌നങ്ങളെ ഒതുക്കി. ഒടുവില്‍ ലബൂചെ. എന്തെന്നില്ലാത്ത ആവേശം. കാരണം മറ്റൊന്നുമല്ല. അടുത്ത ദിവസം ആണ് ഇബിസി .

ട്രക്കിംഗിന്റെ എട്ടാം ദിവസം. ഇന്നാണ് ഇബിസി യാത്ര. ആവേശവും ആകാംഷയും അത്ര തന്നെ ഉത്കണ്ഠയുമായി രാവിലെ തന്നെ ഹിമപ്പരപ്പുകളുടെ വശത്ത് കൂടി നടത്തം തുടങ്ങി. പൂര്‍ണമായും ഗ്ലേഷ്യര്‍ റൂട്ട് ആയിരുന്നു ഇത്. ചെറിയ കുറ്റിച്ചെടികളും പൂക്കളും ഒഴിച്ച് സസ്യലതാതികള്‍ തൊട്ടു തീണ്ടിയിട്ടില്ല. ധാരാളം വെള്ളം കുടിച്ചും ഊര്‍ജം നിലനിര്‍ത്താന്‍ ഉണക്കപ്പഴങ്ങള്‍ കഴിച്ചും നടത്തം തുടര്‍ന്നു കൊണ്ടിരുന്നു. ഉച്ചയോടെ ഗോരക്ഷേപ്. 5200 മീറ്റര്‍ ഉയരമുള്ള ആ കൊച്ചു ഗ്രാമത്തില്‍ താമസം ഉള്ളത് പത്തില്‍ താഴെ കുടുംബങ്ങള്‍ മാത്രം. ടൂറിസം മാത്രം ഉപജീവനമാക്കിയ ഈ മനുഷ്യര്‍ അതിജീവനത്തിന്റെ മറ്റൊരു കഥ പറയാതെ പറയുന്നു.

ഹൈ ഓള്‍ടിട്യൂഡ് ഡെസര്‍ട് ആയ ഇവിടുത്തെ അന്തരീക്ഷവുമായി ശരീരവും താദാത്മ്യം പ്രാപിക്കുന്നുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം നടന്ന് തുടങ്ങി ഇബിസിയിലേക്ക്. മുന്നോട്ട് വയ്ക്കുന്ന ഓരോ ചുവടുകളും സ്വപ്ന സാക്ഷാത്കാരത്തിന്റെ ഓരോ ഘട്ടങ്ങള്‍ പോലെ. ഏതു നിമിഷവും ഒരു പക്ഷെ എഎംഎസ് കാരണം തളര്‍ന്നു പോകാവുന്ന യാത്രയാണ് ഇതെന്ന് അനുഭവസ്ഥരായ ചിറിങ്ങിന്റെയും നാംഗ്യാല്‍ജിയുടെയും വാക്കുകള്‍ ഉത്കണ്ഠപ്പെടുത്തി. ശൈത്യകാലത്ത് മുഴുവന്‍ മഞ്ഞ് കട്ടകള്‍ കൊണ്ട് മൂടുന്ന വശങ്ങളിലെ കുംഭു ഗ്ലേഷ്യര്‍ ഭാഗങ്ങളൊക്കെ മഞ്ഞൊഴിഞ്ഞ് ചെറിയ ചെറിയ കുളങ്ങള്‍ പോലെ.

ഇവിടെ എപ്പോഴും ചെറുതും വലുതുമായ തോതില്‍ മണ്ണിടിച്ചില്‍ നടക്കുന്നുണ്ട്. ഈ വര്‍ഷത്തെ നടപ്പാത ആയിരിക്കില്ലത്രേ അടുത്ത വര്‍ഷത്തേത്. കാരണം ശൈത്യകാലത്ത് -30 ഡിഗ്രിയോളം താപനില താഴ്ന്ന് ഇവിടം മഞ്ഞ് കട്ടകളാല്‍ നിറയും. ശൈത്യകാലം മാറുമ്പോള്‍ മഞ്ഞുരുകി ഇവിടം മറ്റൊരു രൂപത്തിലാകുന്നു. നടത്തം തുടര്‍ന്നു കോണ്ടേയിരുന്നു. കൃത്യമായി ഏതാണ് നടപ്പാത എന്ന് മനസ്സിലാക്കാനും പ്രയാസം. മരവിച്ച് പോകും വിധം തണുപ്പും നല്ല കാറ്റും. മഞ്ഞ് മലകള്‍ ഒക്കെ നാലുപാടും വിസ്മയം തീര്‍ത്തിട്ടുണ്ട്.. പ്രകൃതിയുടെ ആ വ്യത്യസ്ത ഭംഗിയും ആസ്വദിച്ചു വളരെ പ്രയാസപ്പെട്ട് നാല് മണിക്കൂര്‍ ട്രക്ക് ചെയ്‌തെത്തുകയാണ്; എവറസ്റ്റ് ബെയ്‌സ് ക്യാംപ്.

എവറസ്റ്റാണ് ഏറ്റവും പൊക്കമുള്ള കൊടുമുടിയെന്ന് കണ്ടെത്തി 106 വര്‍ഷം കഴിഞ്ഞ് രേഖകള്‍ പ്രകാരം ആദ്യമായി ടെന്‍സിങ്-ഹിലാരി മാര്‍ അത് കീഴടക്കി. അവരുടെയൊക്കെ നിര്‍ണായക പ്രയാണം തുടങ്ങിയ അതേ സ്ഥലം. എവറസ്റ്റ് ബെയ്‌സ് ക്യാംപ്. എത്തിയപ്പോള്‍ മതിമറന്ന സന്തോഷം. അടുത്ത കാലത്തായി മനസ്സില്‍ കയറിക്കൂടിയതാണെങ്കിലും അതിന് അനേകം വര്‍ഷങ്ങളുടെ സ്വപ്ന സാഫല്ല്യത്തിന്റെ മാധുര്യം പോലെ. ഇതു സാക്ഷാത്കാരത്തിലേക്കെത്തിക്കും വരെ എല്ലാ സഹായങ്ങളുമായി കൂടെ ഉണ്ടായിരുന്ന ചിറിങ്ങിനോടും നാംഗ്യാല്‍ജിയോടും പ്രത്യേകം നന്ദിയും സ്‌നേഹവും. കടുത്ത പനിയും പൊള്ളുന്ന ചൂടും വച്ച് ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തോടെ പൂര്‍ത്തീകരിച്ച ടോണി ആയിരുന്നു താരം. ദൃഢനിശ്ചയത്തിന്റെ വിജയം. ചിറിങ്ങിനെയും നാംഗ്യാല്‍ജിയേം ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള അവന്റെ ഫോട്ടോയ്ക്ക് പോസ് ചെയ്യല്‍. മറക്കാനാവാത്ത നിമിഷങ്ങള്‍.!

‘എവറസ്റ്റ് ബേസ് ക്യാംപ്-2017’ എന്നെഴുതിയ കല്ലിന് സമീപം നിന്ന് ഫോട്ടോസ് എടുക്കാനാണ് ഏറെ തിരക്ക്. ധാരാളം ഫോട്ടോ എടുത്ത് ഊഴം കാത്തു നിന്ന മറ്റൊരു സംഘത്തിന് സ്ഥലം ഒഴിഞ്ഞു കൊടുത്തു. എവറസ്റ്റ് കൊടുമുടി കയറ്റക്കാര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന കുംഭു ഐസ്ഫാള്‍ ഭാഗങ്ങള്‍ ഒക്കെക്കണ്ട് കുറെ നേരം അവിടെ ചിലവഴിച്ചു. ഉണ്ടായിരുന്ന അല്ലറ ചില്ലറ പനിയും പ്രശ്‌നങ്ങളും ഇബിസിയുടെ ആഹ്ലാദത്തില്‍ എവിടോ മറഞ്ഞു. ”ബിസ്റ്റാരി ബിസ്റ്റാരി” ഗോരക്ഷേപിലെത്തി. വെളുത്തുള്ളി സൂപ്പും കഴിച്ച് നേരത്തേ അത്താഴവും അകത്താക്കി കിടന്നു. നാളെ രാവിലെ നാലു മണിക്കാണ് കാലാ പത്തറിലേക്ക് പോകേണ്ടത്. ഇബിസിയില്‍ നിന്നാല്‍ നുപ്‌സേ, ലോസേ പീക്കുകളാല്‍ മറയ്ക്കപ്പെടുന്നതിനാല്‍ എവറസ്റ്റ് കാണാന്‍ കാലാപത്തറിലേക്ക് തന്നെ പോണം.!!

എവറസ്റ്റ് ഒന്ന് നേരില്‍ കാണാനുള്ള അവസരം. എവറസ്റ്റ് മാത്രമല്ല, 8000 മീറ്ററിലധികം ഉയരമുള്ള നിരവധി കൊടുമുടികള്‍, അതായിരുന്നു കാലാപത്തറിലേക്ക് നയിച്ചത്. കടുത്ത പനി കാരണം ടോണി പിന്മാറിയിരുന്നു. ഉയര്‍ന്ന ഓള്‍ട്ടിട്യൂഡില്‍ എത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന തലവേദന എന്നെയും ബാധിച്ചിരുന്നെങ്കിലും ആവേശത്തിനു മുന്നില്‍ എല്ലാം മാറി നിന്നു. രാവിലെ 03:45 നു എണീറ്റു മുഖം കഴുകി ക്യാമറയും വെള്ളവും ബാഗും എടുത്തിറങ്ങി. രണ്ടു മിനിറ്റ് ഒരുക്കം. മലയെന്ന് പറഞ്ഞാല്‍ എന്തൊരു മല, ഹാ കുത്തനെ കിടക്കുന്നു.

തലേന്ന് മുതല്‍ കാണാന്‍ തുടങ്ങിയ മഞ്ഞൊഴിഞ്ഞ കുംഭൂ ഗ്ലേസിയര്‍ (ഹിമപ്പരപ്പ്) ഭാഗങ്ങളൊക്കെയും മൂടല്‍മഞ്ഞ് പുതച്ചിരുന്നു. അതും കാല്‍ച്ചുവട്ടില്‍. വളരെ വ്യത്യസ്തമായ, മനോഹരമായ കാഴ്ച. ഏറെ ദൂരം നടന്നു കഴിഞ്ഞപ്പോഴേക്കും വലതുവശത്തായി അവന്‍ വന്നു, തല ഉയര്‍ത്തി തന്നെ- എവറസ്റ്റ്. ആദ്യം കരുതി വേറെ ഏതോ കൊടുമുടി ആണെന്ന്. ആരോടെങ്കിലും ചോദിക്കാമെന്നു വെച്ചാല്‍ ഗൈഡ് ആയ ചിറിങ്ങാകട്ടെ സാന്‌ജോയെ സഹായിക്കാനായി വളരെ പിന്നിലായിരുന്നു. കാലാ പത്തര്‍ കയറി തിരിച്ചു വരുന്ന സംഘത്തോട് കാര്യം തിരക്കി ഉറപ്പിച്ചു. കണ്ടിട്ട് വിശ്വസിക്കാനാവുന്നില്ല. അത്രയ്ക്ക് തെളിഞ്ഞ ആകാശവും ദൃശ്യവും. അങ്ങനെ ‘സ്വര്‍ഗ്ഗത്തിലേക്കുള്ള കൊടുമുടിയും’ നോക്കി മലകയറ്റം തുടര്‍ന്നു.

ഏതാണ്ട് കാലാ പത്തര്‍ ദൂരെ കണ്ട് തുടങ്ങി. അപ്പോഴാണ് ആരോ പറഞ്ഞത് ഇനിയും ഉണ്ടത്രേ പകുതി കൂടി നടക്കാന്‍.! ശരിക്കും സ്വര്‍ഗം കണ്ട നിമിഷം. സാഞ്ചോയും പിന്മാറി തിരിച്ചു നടന്നിരുന്നു. ഓരോ ശ്വാസവും പുകക്കുഴലില്‍ കൂടി ഊതുമ്പോള്‍ ഉള്ള ശബ്ദം പോലെ തെളിഞ്ഞു കേള്‍ക്കാം. അതായിരുന്നു അവസ്ഥ. ഒട്ടേറെ ആള്‍ക്കാര്‍ പകുതിക്ക് വച്ച് നിര്‍ത്തി തിരിച്ചു പോകുന്നു. തന്നില്‍ വിശ്വസിക്കാന്‍ ഉള്‍വിളി ഉണ്ടായ പോലെ. നടക്കും എന്ന ദൃഢതയോടെ മുന്നോട്ട്. ട്രാഫിക് സിനിമയിലെ ഡയലോഗ് ആരുന്നു ഓര്‍മ്മ. തിരിച്ചു പോയാല്‍ ഒന്നും സംഭവിക്കില്ല. എന്നാല്‍ കാലാ പത്തര്‍ കേറിയാല്‍ അതൊരു ഊര്‍ജമാണ്. ഇതു പോലെ ഇനിയും പലതും ചെയ്യാന്‍ ഉള്ള ഊര്‍ജം. പതുക്കെ കയറി ക്കൊണ്ടിരുന്നു. മൗണ്ട് പ്യൂമോറിയാണ് കൂട്ടത്തില്‍ ഏറ്റവും സുന്ദരം. അത്രയ്ക്ക് അടുത്തായിരുന്നു അതിന്റെ സ്ഥാനം. പിന്നെ ഒട്ടേറെ കൊടുമുടികളും.

ഒടുവില്‍ രണ്ട് മണിക്കൂറോളം നടന്ന്് കാലാ പത്തറിനു ചുവട്ടിലായി എത്തി. കുറച്ചു കൂടി കയറിയാല്‍ മുകളിലെത്താം. ആവേശവും അതിന്റെ മലകയറി മുകളില്‍ എത്തിയിരുന്നതിനാല്‍ പെട്ടന്നു തന്നെ എത്തിച്ചേര്‍ന്നു. വ്യൂ എന്നാല്‍ ഒന്നൊന്നര വ്യൂ. സൂര്യന്‍ അങ്ങനെ ഉദിച്ചു എവറസ്റ്റിനു മുകളില്‍ നില്‍ക്കുന്ന കാഴ്ച. മഞ്ഞ നിറം കലര്‍ന്ന എവറസ്റ്റ്. ഏതോ ദേവലോകത്ത് എത്തിയ പ്രതീതി. ചുറ്റും പീക്കുകള്‍. നുപ്‌സേ, ലോസേ, ചാങ്‌സേ, അമാ ദബ്ലാം, ലിങ്‌ട്രേന്‍, കങ്‌ദേക്ക, ധം സിന്‍ക്കു.. അങ്ങനെ ഒട്ടേറെ മഞ്ഞ് മലകള്‍.

കാലാ പത്തറിന്റെ തന്നെ ഏറ്റവും അറ്റത്തെ മുനമ്പില്‍ മഞ്ഞ് കാരണം അപകടകരമായ തെറ്റല്‍ ഉള്ളതിനാല്‍ അങ്ങോട്ടേക്ക് ആരും പോകുന്നില്ലായിരുന്നു. റിസ്‌ക് കുറക്കാനായി കിടന്നും അള്ളിപ്പിടിച്ചും എങ്ങേെനാ കയറി. അവിടിരുന്നു കുറേ സമയം നാലുപാടും നോക്കിക്കൊണ്ട്. പറയാന്‍ പോയിട്ട് ചിന്തിക്കാന്‍ പോലും ആകാതെ വണ്ടറടിച്ചു പോയ അവസ്ഥ. ജീവിതത്തില്‍ തന്നെ വളരെ സന്തോഷം തോന്നിയ അവസരങ്ങളില്‍ ഒന്ന്. അങ്ങനെ ഇരുന്നവിടെ. അധ്വാനിച്ച് നേടിയ സ്വന്തം സ്ഥലം പോലെ. തിരിച്ചിറങ്ങാന്‍ മടി തോന്നി. മനസ്സില്ലാമനസ്സോടെ സാവധാനം ഇറങ്ങിപ്പോന്നു. മുനമ്പില്‍ നിന്ന് താഴെ എത്തി വീണ്ടും കുറെ ഫോട്ടോസ് എടുത്തു. ചിറിങ് അപ്പോഴേക്കും സാഞ്ചോയെ തിരിച്ച് മുറിയില്‍ കൊണ്ടുചെന്നാക്കി തിരികെയെത്തിയിരുന്നു. ധാരാളം ചിത്രങ്ങള്‍ പകര്‍ത്തി രണ്ടാളും തിരികെ ഗോരക്ഷേപിലേക്ക്.

പിന്നിട്ട വഴികളുടെ ഓര്‍മ്മകള്‍ പുതുക്കി കൊടുമുടികള്‍ക്കെല്ലാം ഉള്ളിന്റെയുള്ളില്‍ നിന്നും യാത്ര പറഞ്ഞു തിരിച്ചിറങ്ങി. പോയപ്പോള്‍ പിന്തുടര്‍ന്ന വഴിയില്‍ നിന്നും അല്പം തിരിഞ്ഞ് ഫെറൂച്ചെയായി അന്നത്തെ ലക്ഷ്യം. ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള സ്‌കോട്‌ലാന്‍ഡ് പുല്‍മേടുകളെ അനുസ്മരിപ്പിക്കും വിധം മനോഹരമായ വഴി. കാറ്റിന്റെ അകമ്പടിയോടെ ഓടി നടക്കുന്ന മേഘങ്ങള്‍ പച്ച പുതച്ച മലകളെ തഴുകി യും മൂടിയും ഓടിക്കളിക്കുമ്പോള്‍ കണ്ണുകള്‍ക്ക് ലഭിക്കുന്ന മനോഹാരിതക്കൊപ്പം കോച്ചിപിടിക്കുന്ന തണുപ്പും കൂടിയായപ്പോള്‍ കെങ്കേമം. ധാരാളം യാക്കുകള്‍ അവിടവിടെയായി പുല്ലു തിന്ന് നടക്കുന്നുണ്ടായിരുന്നു. വൈകിട്ട് 4700ഓളം മീറ്റര്‍ ഉയരമുള്ള ഫെറൂച്ചെ എത്തി. ഹോട്ടല്‍ ഹിമാലയയില്‍ താമസം. സ്വദേശമായ ബോംബേയില്‍ നിന്ന് കാടിന്റെയും ഉയര്‍ന്ന ഓള്‍ട്ടിട്യൂഡിന്റെയും വന്യത ഇഷ്ടപ്പെട്ട് ഇവിടുത്തെ ഹോട്ടല്‍ മാനേജരായി എത്തിയ അനിരുദ്ധായിരുന്നു ആതിഥേയന്‍. ഒരു വലിയ സ്വപ്നം സാക്ഷാത്കരിച്ച് എത്തിയ ആശ്വാസത്തോടെ ഒരു അയര്‍ലന്‍ഡ് സംഘത്തോടൊപ്പം തീ കാഞ്ഞും കത്തിയടിച്ചും ആ രാത്രി ശരിക്കും ആഘോഷിച്ചു.

പത്താം ദിവസം. പനി കുറഞ്ഞു ടോണി ആരോഗ്യ സ്ഥിതിയില്‍ എത്തിയിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയിരുന്ന itinerary ഉപേക്ഷിച്ചു. ഒരു ദിവസത്തെ അക്ലമറ്റൈസേഷന്‍ ഉള്‍പ്പെടെ മൂന്നു ദിവസം കൊണ്ട് കേറിയത് തിരിച്ച് ഒരു ദിവസം കൊണ്ടിറങ്ങി. ഉച്ചയോടെ ഡിബൂച്ചെ. ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം നടത്തം തുടങ്ങി തിങ്‌ബോച്ചെ എത്തി. അങ്ങോട്ട് പോയപ്പോള്‍ നടക്കാതെ പോയ കുംഭു ഭാഗത്തെ തന്നെ ഏറ്റവും പ്രശസ്തമായ തിങ്‌ബോച്ചെ മൊണാസ്ട്രി സന്ദര്‍ശിച്ചു. പൊതുവെ എല്ലാ ബുദ്ധ മൊണാസ്ട്രികളിലേയും പോലെ സമാധാന പൂരിതമായ അന്തരീക്ഷത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് നടത്തം തുടര്‍ന്നു. നാംചെയിലേക്ക്.

ബേസ് ക്യാമ്പിലേക്ക് പോകുമ്പോള്‍ മേഘങ്ങളും മഴയും കാരണം നഷ്ടപ്പെട്ട നാംചെ തിങ്‌ബോച്ചെ വഴിയിലെ സൗന്ദര്യം ഡൗണ്‍ ട്രെക്കില്‍ കിട്ടിത്തുടങ്ങി. സമയം 6 കഴിഞ്ഞു. നല്ല ഇരുട്ട്. ടോര്‍ച്ച് തെളിയിച്ചു. നാംചെ എത്താന്‍ ഇനിയും 12 മണിക്കൂര്‍. ആ കാറ്റൊക്കെ കൊണ്ട് രാത്രിയില്‍ കാട്ട് ജീവികളുടെ ഒച്ചപ്പാടിനിടയിലൂടെ നടന്നു നാംചെയില്‍ എത്തിച്ചേര്‍ന്നു. പഴയ അതേ ടീ ഹൗസില്‍ തന്നെ താമസം. ഫോണില്‍ നെറ്റ് വര്‍ക്ക് ഒക്കെ വന്നതോടെ നാല്‌ ദിവസത്തിന് ശേഷം വീട്ടിലേക്ക് വിളിച്ചു വിവരങ്ങള്‍ അറിയിച്ചു.

ട്രക്കിങ്ങിന്റെ പതിനൊന്നാം ദിവസം. രാവിലെ തന്നെ തുടങ്ങി ദൂത് കോശിക്കൊപ്പം ഉള്ള നടത്തം. നാംചെയിലുള്ള ചെക്‌പോസ്റ്റില്‍ നിന്നും 350 രൂപാ അടച്ച് SPCC (Sagarmatha Pollution Cotnrol Committee) യും SNPBZMC (Sagarmatha National Park Buffer Zone Management Committee) യും നല്‍കുന്ന ട്രെക്കിങ്ങ് സര്‍ട്ടിഫിക്കറ്റും വാങ്ങി യാത്ര തുടര്‍ന്നു. കാഴ്ചകളും കണ്ട് തുള്ളി കളിക്കുന്ന തൂക്ക് പാലങ്ങളും കടന്ന് അരുവികളില്‍ കാലും നനച്ചു ട്രെക്കിങ്ങിന്റെ ആവേശകരമായ അവസാനത്തിലേക്ക്.

വൈകുന്നേരത്തോടെ ലുക്ലയിലെ അമ്മച്ചി നടത്തുന്ന പഴയ ടീ ഹൗസില്‍. പിന്നിട്ട ഓര്‍മ്മകള്‍ അയവിറക്കി ചിറിങ് പങ്ക് വച്ച അദ്ദേഹത്തിന്റെ അടുത്ത പ്രോഗ്രാം ആയ Island peak climbing ന്റെ വിശദാംശങ്ങളും കേട്ട് അടുത്തത് ട്രക്കിങ് വേണോ നേരെ പീക്ക് ക്ലൈംബിങ് വേണോ എന്നൊക്കെ തമാശകളും പറഞ്ഞത് നോണ്‍ സ്‌റ്റോപ്പ് ആയി സ്വാദിഷ്ടമായ ആഹാരവും കഴിച്ചിരുന്നു ആ രാത്രി. അവിടെ മൂന്ന് കൊല്ലത്തിനു മുമ്പ് നിര്‍മിച്ച് മച്ചില്‍ സൂക്ഷിച്ചിരുന്ന സ്വാദിഷ്ടമായ നേപ്പാളി തോങ്ബയും കുടിച്ചു ഉറങ്ങാന്‍ കിടന്നു. അടുത്ത ദിവസത്തെ ലുക്ല കാഠ്മണ്ഡു വിമാനയാത്രയും അത് കഴിഞ്ഞ് കൊതി തീരും വരെ ധക്ധക് മുഴക്കത്തിന്റെ അകമ്പടിയില്‍ ചങ്കും ഓടിച്ച് നേപ്പാളും സിക്കിമും കറങ്ങി 10-11 ദിവസം കൊണ്ട് തിരിച്ചു അങ്ങ് കര്‍മമണ്ഡലമായ അസ്സാമിലേക്ക് എത്തുന്നതും സ്വപ്നം കണ്ട്..!

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post