കരയിലെ കാഴ്ചകള്‍ കണ്ടു ക്ഷീണിച്ചുവെങ്കില്‍ നമുക്ക് ഒന്നു റിലാക്സ് ചെയ്താലോ? അതിനു ഏറ്റവും ബെസ്റ്റ് ആലപ്പുഴയിലെ കായല്‍ യാത്രയാണ്. വള്ളത്തില്‍ കൂടിയും ബോട്ടില്‍ക്കൂടിയുമുള്ള യാത്രകള്‍ നമ്മള് ആസ്വദിച്ചിട്ടുണ്ട്. എന്നാല്‍പ്പിന്നെ ഒരു ഹൗസ് ബോട്ട് യാത്ര ആയാലോ? ആഡംബരപൂര്‍ണമായ ഹൗസ്ബോട്ടില്‍ ഒരു കായല്‍ യാത്രയെക്കുറിച്ചെന്തു പറയുന്നു?
മാസങ്ങള്‍ക്കു മുന്‍പ് ഞാന്‍ നടത്തിയ ഒരു ഹൗസ് ബോട്ട് യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാം. എന്റെ ഒരു സുഹൃത്ത് മുഖാന്തിരമാണ് ഞാന്‍ ഹൗസ് ബോട്ട് ബുക്ക് ചെയ്തത്. ഹൗസ് ബോട്ട് യാത്രയ്ക്കായി ഞാന്‍ പോയത് തണ്ണീര്‍മുക്കം ബണ്ടിലേക്ക് ആയിരുന്നു. വാഹനം അവിടെ പാര്‍ക്ക് ചെയ്തശേഷം ഒരു ചെറു ബോട്ടില്‍ ഞങ്ങള്‍ അവിടുന്ന് യാത്രയായി. ബോട്ട് പാര്‍ക്ക് ചെയ്തിരിക്കുന്നത് വേറെ ദ്വീപില്‍ ആയിരുന്നതിനാലാണ് ഇങ്ങനെ ചെയ്തത്.
ഒരു വീടിനു സമാനമായ സജ്ജീകരണങ്ങള്‍ അടങ്ങിയതായിരുന്നു ഞങ്ങള്‍ തിരഞ്ഞെടുത്ത ഹൌസ് ബോട്ട്. കൈനകരി റൗണ്ട് ട്രിപ്പ് ആയിരുന്നു ഞങ്ങളുടെ ഈ യാത്ര. പ്രീമിയം കാറ്റഗറിയില്‍പ്പെട്ട ബോട്ട് ആയതിനാല്‍ ഫുള്‍ എസി ആയിരുന്നു അതില്‍. ബോട്ടിലെ അടുക്കളയാണെങ്കില്‍ പറയുകയേ വേണ്ട.. അടിപൊളി തന്നെ… ബോട്ട് ഡ്രൈവര്‍ ബാബു ചേട്ടന് വളരെ ഹാപ്പിയായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടിന്റെ ദൃശ്യചാരുതയില്‍ മയങ്ങി ആദ്യം അലസമായി, പിന്നെ വികാരവായ്പോടെ ഒരു സഞ്ചാരം. കായലോരത്തെ ഗ്രാമജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ നേരിട്ടു കാണുവാനും ഇത്തരം യാത്രകളില്‍ നമുക്ക് സാധിക്കും.
ഉച്ചയായപ്പോള്‍ ഭക്ഷണം റെഡിയായി. നല്ല കരിമീന്‍ വറുത്തതും മീന്‍ കറിയും ഒക്കെ കൂട്ടി ഒരു അടിപൊളി ഊണ്. ശാപ്പാട് കുശാല്‍… രാത്രിയിലും ഇതുപോലെ ഭക്ഷണം ലഭിക്കും. മീന്‍ വിഭവങ്ങള്‍ ഇഷ്ടമുള്ളവര്‍ക്ക് നല്ല ലോട്ടറിയായിരിക്കും. ഭക്ഷണത്തിന് ശേഷം വീണ്ടും കായല്‍ക്കാഴ്ചകളിലേക്ക്. വൈകുന്നേരം ബോട്ടിലെ ബെഡ് റൂമില്‍ ഉറക്കം.. ആഹാ.. വളരെ നല്ലൊരു അനുഭവമായിരുന്നു അത്. രാവിലെ എഴുന്നേറ്റ് ആ തുരുത്തിലെ കാഴ്ചകള്‍ കാണുവാനായി ഒരല്പം നടത്തവും പാസ്സാക്കി. നടത്തത്തിനൊപ്പം നമ്മള് അവിടത്തെ ജനതയുടെ ജീവിതവും കൂടി അടുത്തറിയുകയാണ്. എന്തിനും ഏതിനും വള്ളങ്ങളെയും സര്‍ക്കാര്‍ ബോട്ടുകളെയും ആശ്രയിക്കുന്ന ഒരു ജനത… കറക്കത്തിനു ശേഷം ബോട്ടില്‍ വന്നു ഫ്രഷ് ആയി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. ഇനി തിരികെ മടക്കമാണ്. ആലപ്പുഴയില്‍ വന്നിട്ട് ഇതുപോലെ എന്ജോയ് ചെയ്ത ഒരു ദിവസം വേറെയുണ്ടാകില്ല എന്റെ ജീവിതത്തില്‍.
ഫാമിലിയായി ഒരു ദിവസം എന്ജോയ് ചെയ്യുവാന്‍ വരുന്നവര്‍ക്ക് വളരെ അനുഗ്രഹമാണ് ആലപ്പുഴയിലെ ഈ ഹൌസ് ബോട്ടുകള്‍.
ഇന്ന് ആലപ്പുഴയിലും പരിസരങ്ങളിലും ധാരാളം ഹൌസ് ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഹൌസ് ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നതിനായി പ്രത്യേകം ലൈസന്‍സ് ക്കേ അവര്‍ക്ക് ആവശ്യമാണ്. എന്നാല്‍ ഇത്തരത്തില്‍ ലൈസന്‍സ് ഇല്ലാതെ ചില ബോട്ടുകളും ഇവിടെ സര്‍വ്വീസ് നടത്തുന്നുണ്ടത്രേ. നിങ്ങള്‍ ബുക്ക് ചെയ്യുന്ന ഹൌസ് ബോട്ട് ലൈസന്‍സ് ഉള്ളതാണെന്ന് ഉറപ്പു വരുത്തുവാന്‍ ശ്രമിക്കുക. ബോട്ട് ബുക്ക് ചെയ്യുന്നത് വിശ്വാസമുള്ള അറിയപ്പെടുന്നവരില്‍ നിന്നും ആയിരിക്കുന്നതായിരിക്കും ഉത്തമം. വൈകുന്നേരം ആയാല്‍ ഹൌസ് ബോട്ടുകള്‍ സഞ്ചാരം മതിയാക്കി ഏതെങ്കിലും തുരുത്തില് കെട്ടിയിടും. പിന്നീട് അങ്ങോട്ട് കായലില്‍ മീന്‍ പിടുത്തക്കാരുടെ സമയമായിരിക്കും. ഈ സമയം സഞ്ചാരികള്‍ക്ക് ബോട്ടില്‍ നിന്നുകൊണ്ട് രാത്രിയുടെ കായല്‍ സൗന്ദര്യവും കാറ്റും ആസ്വദിക്കാം. ഹണിമൂണ്‍ കപ്പിള്‍സ് ആണെങ്കില്‍ പറയുകയേ വേണ്ട… നല്ല പ്രണയാതുരമായ അനുഭവങ്ങള്‍ ലഭിക്കും ഇവിടെ..
തിരക്കേറിയ നഗരജീവിതത്തില്‍ നിന്നും ഒന്ന് മാറി നില്ക്കുവാന് ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ആലപ്പുഴയില്‍ വരണം. പച്ചപ്പു നിറഞ്ഞ പരിശുദ്ധമായ കായലോരം നിങ്ങളെ മുഷിപ്പിക്കുകയില്ല. സൂര്യപ്രകാശം കൊച്ചോളങ്ങളില്‍ വന്നു പതിക്കുമ്പോള്‍ ഇരു തീരങ്ങളിലെയും തെങ്ങോലകള്‍ തഴുകി വരുന്ന ഇളം കാറ്റ് നിങ്ങള്‍ക്ക് സ്വാഗതം പറയും. ഒരു ഹൗസ് ബോട്ട് വാടകയ്ക്ക് എടുത്ത് യാത്ര ചെയ്തു നോക്കണം…ഹൌസ് ബോട്ട് ബുക്കിംഗിനായി വിളിക്കാം: 9847843843 (Cathay Holidays).