കേരളത്തിൽ കായലും കടലും യോജിക്കുന്ന ഒരേയൊരു പ്രധാനപ്പെട്ട ടൂറിസ്റ്റു കേന്ദ്രമാണ് അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചി. ആലപ്പുഴയിലേതിൽ നിന്നും വ്യത്യസ്തമാണ് കൊച്ചിയിലെ കായൽ സഞ്ചാരം. സർക്കാർ ബോട്ടുകൾ മുതൽ കടലിലേക്ക് പോകുന്ന സാഗരറാണി നൗക വരെ പൂണ്ടു വിളയാടുന്ന കൊച്ചി കായലിലേക്ക് ഇതാ പുതിയ ഒരതിഥി കൂടി എത്തുകയാണ്. പേരു കേട്ടാൽ ഒന്നമ്പരക്കും – ‘നെഫെർടിറ്റി’. ഒരു ഈജിപ്ഷ്യൻ റാണിയുടെ പേരാണിത്. Kochi Shipping and Inland Navigation Corporation (KSINC) നിർമ്മിച്ച ഈ നൗകയിൽ ഈജിപ്ഷ്യൻ തീം ആണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഇതിന് ഈജിപ്ഷ്യൻ റാണിയായ ‘നെഫെർടിറ്റി’യുടെ പേര് നൽകിയതും.
ബോട്ടിന്റെ പണികൾ പൂർത്തിയായിട്ട് നാളുകൾ കുറച്ചായെങ്കിലും ഇപ്പോഴാണ് സർവ്വീസ് നടത്തുന്നതിനായുള്ള അനുമതി ലഭിച്ചത്. ഡിസംബർ 16 നാണു നെഫെർടിറ്റിയുടെ കന്നിയാത്ര. 90 പേരടങ്ങുന്ന സംഘത്തിനായി കാനറാ ബാങ്ക് ആണ് ആദ്യത്തെ ബുക്കിംഗ് നടത്തിയിരിക്കുന്നത്. കൊച്ചിയിൽ നിന്നും അറബിക്കടലിലേക്ക് ഏകദേശം 12 നോട്ടിക്കൽ ദൂരത്തേക്ക് വരെ ഈ 4 സ്റ്റാർ ക്രൂയിസ് ബോട്ട് പോകും. അഞ്ചു മണിക്കൂറോളം എടുക്കുന്ന യാത്രയായിരിക്കും ഇത്.
KSINC യുടെ തന്നെ ‘സാഗരരാണി എന്ന ക്രൂയിസ് ബോട്ട് കൊച്ചിയിൽ വിജയകരമായി ഓടുന്നുണ്ട്. കൊച്ചിയിൽ നിന്നും കടലിലേക്ക് പോകുന്ന ഒരേയൊരു ക്രൂയിസ് ബോട്ട് സർവ്വീസാണിത്. സാഗരറാണിയിലെ ചാർജ്ജുകൾ സാധാരണക്കാർക്കു കൂടി താങ്ങുവാൻ കഴിയുന്ന തരത്തിലുള്ളവയാണ്. കോൺഫറൻസ് ഹാളും, ഡിജെ പാർട്ടിയും ഭക്ഷണവുമൊക്കെയുള്ള സാഗരറാണിയിൽ ഒരു ട്രിപ്പിൽ 40 പേർക്ക് യാത്ര ചെയ്യുവാൻ സാധിക്കും. എന്നാൽ നെഫെർടിറ്റിയ്ക്ക് ഫോർ സ്റ്റാർ പദവിയൊക്കെ ഉള്ളതിനാൽ സാധാരണക്കാരായ ആളുകൾക്ക് പറ്റിയ ചാർജ്ജ് ആയിരിക്കില്ല ഇതിലേത്.
ആഡംബരം അൽപം കൂടിയതുകൊണ്ട് ഒരൽപം നല്ല തുക ചെലവാക്കേണ്ടി വരും നെഫെർടിറ്റിയിൽ കയറി എല്ലാം ഒന്നാസ്വദിക്കുവാൻ. ഏകദേശം 200 പേർക്ക് സഞ്ചരിക്കാവുന്ന ഈ നൗകയിൽ 125 പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് നാലര ലക്ഷം രൂപയാണ് പാക്കേജ് ചാർജ്ജ്. 125 നു മുകളിൽ വരുന്ന ഓരോ ആളുകൾക്കും പിന്നീട് 1000 രൂപ വീതം നൽകിയാൽ മതി. കയ്യിൽ കാശുണ്ടെങ്കിൽ കയറി അടിച്ചുപൊളിക്കാം എന്നു സാരം.
ഭക്ഷണത്തോടൊപ്പം കഥകളി, തിരുവാതിരകളി, കൂടിയാട്ടം തുടങ്ങിയ കേരളീയ കലാരൂപങ്ങളും നൗകയിൽ അണിനിരക്കും. വിവാഹ റിസപ്‌ഷനുകൾ, കോർപ്പറേറ്റ് കമ്പനി മീറ്റിങ്ങുകൾ, ഗെറ്റ് ടുഗെതറുകൾ തുടങ്ങിയ പരിപാടികൾ ലക്ഷ്യമിട്ടാണ് നെഫെർടിറ്റി ഒരുങ്ങുന്നത്. ഇതുകൂടാതെ ദിവസേന രണ്ടു ട്രിപ്പുകൾ എന്ന ക്രമത്തിൽ വിനോദ സഞ്ചാരികൾക്കായി ഉല്ലാസയാത്രയും ഉണ്ടായിരിക്കും.
വിവരങ്ങൾക്ക് കടപ്പാട് – മാതൃഭൂമി. ചിത്രങ്ങൾ കടപ്പാട് – Respected Photographers.