ബഹ്‌റൈനിലെ അധികമാരും കാണാത്തതും പറയാത്തതുമായ കാഴ്ചകൾ

കൊച്ചിയിൽ നിന്നും കൊളംബോ വഴിയായിരുന്നു ബഹ്‌റൈനിലേക്ക് ഞങ്ങളുടെ യാത്ര. രാത്രിയോടെയായിരുന്നു ഞങ്ങൾ അവിടെ എത്തിച്ചേർന്നത്. എയർപോർട്ടിൽ ഇറങ്ങിയശേഷം ഞങ്ങൾ വേറെങ്ങും പോകുവാൻ നിക്കാതെ നേരെ ശ്വേതയുടെ അവിടത്തെ വീട്ടിലേക്ക് പോയി. അന്നത്തെ രാത്രി യാത്രാക്ഷീണം കാരണം ഞങ്ങൾ സുഖമായി ഉറങ്ങി.

പിറ്റേദിവസമായിരുന്നു ഞങ്ങളുടെ ബഹ്‌റൈൻ കറക്കം ആരംഭിച്ചത്. മലയാളികൾ തിങ്ങി പാർക്കുന്ന ഒരു ചെറിയ രാജ്യമാണ് ബഹ്‌റൈൻ. എവിടെ പോയാലും മലയാളി സാന്നിധ്യം. വൈകുന്നേരത്തോടെ ഞങ്ങളോടൊപ്പം കറങ്ങുവാനായി ബഹ്‌റൈനിലുള്ള സുഹൃത്ത് വിഷ്ണുവും ഫാമിലിയും ഉണ്ടായിരുന്നു. കരാനാ ഫോർട്ട് എന്ന സ്ഥലത്തേക്ക് ആയിരുന്നു ഞങ്ങൾ പോയത്. ഒട്ടേറെ പ്രാധാന്യമുള്ള ഒരു സ്ഥലമായിരുന്നു അത്. പഴയൊരു കോട്ടയുടെ അവശിഷ്ടങ്ങളാണ് അവിടെ കാണുവാൻ ഉണ്ടായിരുന്നത്. വൈകുന്നേരങ്ങളിൽ സന്ദർശിക്കുവാൻ പറ്റിയ ഒരു സ്ഥലമാണ് ഇത്. സഞ്ചാരികളുടെ തിരക്കുകളൊന്നും അവിടെ കാണുവാൻ സാധിച്ചിരുന്നില്ല. ഫാമിലിയായി വരുന്നവരായിരുന്നു അവിടെ കണ്ടതിൽ അധികവും.

കുറച്ചു സമയം ഫോർട്ടിൽ ചെലവഴിച്ച ശേഷം ഞങ്ങൾ മനാമ സിറ്റിയിലേക്ക് യാത്രയായി. വളരെ മനോഹരമായ ഒരു സ്ട്രീറ്റ് ആയിരുന്നു അത്. ബഹ്റൈൻ രാജ്യത്തിന്റെ തലസ്ഥാനവും രാജ്യത്തിലെ ഏറ്റവും വലിയ നഗരവുമാണ് മനാമ. വളരെ വർഷങ്ങളായി പേർഷ്യൻ ഗൾഫ് മേഖലയിലെ ഒരു പ്രധാന വ്യാപാരകേന്ദ്രമാണ് ഇവിടം.

ദുബായ്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു ബഹ്‌റൈനിലെ കാഴ്ചകൾ. സിറ്റിയിൽ യാത്ര ചെയ്യുവാനായി ധാരാളം ബസ് സർവ്വീസുകൾ അവിടെ ലഭ്യമാണ്. മൂന്നു ബഹ്‌റൈൻ ദിനാർ കൊടുത്ത് പാസ്സ് എടുത്താൽ ഒരാഴ്ചത്തേക്ക് ഇവിടത്തെ ബസ്സുകളിൽ അൺലിമിറ്റഡ് യാത്ര ചെയ്യുവാൻ സാധിക്കും. പബ്ലിക് ട്രാൻസ്പോർട്ടേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ പാസ്സ്. ഇതുപോലൊരു സിസ്റ്റം ബെംഗളൂരുവിലെ BMTC യിലും ഞാൻ കണ്ടിട്ടുണ്ട്.

സിറ്റിയിലെ കാഴ്ചകൾ ആസ്വദിച്ച ശേഷം ഞങ്ങൾ മനാമ സൂക്കിലെക്ക് നീങ്ങി. ഒത്തിരി വ്യത്യസ്തങ്ങളായ കച്ചവട സ്ഥാപനങ്ങൾ അവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഒരു മൂലയിൽ പഴയ ചേതക് സ്‌കൂട്ടർ കണ്ടപ്പോൾ ഞാൻ അതിനടുത്തേക്ക് ചെന്നു. നമ്പർ പ്ലേറ്റ് കണ്ടപ്പോഴാണ് ആശാൻ ഇപ്പോഴും ഇന്ത്യൻ ആണെന്ന് മനസ്സിലായത്. ഡൽഹി രജിസ്ട്രേഷനിൽ ഉള്ളതായിരുന്നു ആ സ്‌കൂട്ടർ. അതിനടുത്തായി പലതരം കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകളുണ്ടായിരുന്നു.മിക്കതും അറേബ്യൻ സംസ്കാരം വിളിച്ചോതുന്നവയായിരുന്നു.

തൊട്ടപ്പുറത്തായി വിവിധയിനം ലൈറ്റുകൾ വിൽക്കുന്ന ഒരു കടയാണ് ഞങ്ങൾക്ക് കാണുവാൻ സാധിച്ചത്. നേരം ഇരുട്ടിയിരുന്നതിനാൽ വളരെ മനോഹരമായിരുന്നു ആ കട കാണുവാൻ. ആ കാഴ്ചകൾ കണ്ട് ഞങ്ങൾ ആസ്വദിച്ചു നടന്നു. ഈ കടകൾക്കിടയിൽ എന്നെ ഞെട്ടിച്ച ഒരു കാര്യം നമ്മുടെ SBI യുടെ ഒരു എടിഎം ആയിരുന്നു. ഒരുനിമിഷം ഞങ്ങൾ ഇന്ത്യയിൽ തന്നെയാണോ നിൽക്കുന്നതെന്ന് ചിന്തിച്ചു പോയി.

കുറച്ചു നടന്നപ്പോൾ പിന്നീട് തുണിത്തരങ്ങളുടെ കടകളായി. അതിലൊന്നിൽ ഞങ്ങൾ ചുമ്മാ കയറി നോക്കിയപ്പോൾ കടക്കാരൻ ഒരു കണ്ണൂർക്കാരൻ. നമ്മുടെ ചാനലിന്റെ ഒരു ഫോളോവർ കൂടിയായിരുന്നു അദ്ദേഹം. അവിടെ വിൽപ്പനയ്ക്ക് വിവിധയിനം തുണിത്തരങ്ങളെക്കുറിച്ച് അദ്ദേഹം ഞങ്ങൾക്ക് വിവരിക്കുകയുണ്ടായി. കുറച്ചുസമയം അദ്ദേഹവുമായി കുശലം പറഞ്ഞശേഷം ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.

പിന്നീട് ഞങ്ങൾ പോയത് അവിടെ അടുത്തുള്ള ഒരു ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ആയിരുന്നു. മനോഹരമായി അലങ്കരിച്ചിരുന്ന നോർത്ത് ഇന്ത്യൻ രീതിയിലുള്ള ഒരു ക്ഷേത്രമായിരുന്നു അത്. ക്ഷേത്രത്തിനകത്ത് ഭജൻ നടക്കുന്നുണ്ടായിരുന്നു. ചുമരുകളിൽ മനോഹരമായ ചിത്രങ്ങളും ഉണ്ടായിരുന്നു. ക്ഷേത്രത്തിനു സമീപത്തായി നമ്മുടെ നാട്ടിൽ കാണുന്നതുപോലത്തെ പൂക്കടകളും പൂജ സാധനങ്ങൾ വിൽക്കുന്ന കടകളും ഒക്കെയുണ്ടായിരുന്നു.

ലിറ്റിൽ ഇന്ത്യ സ്ട്രീറ്റ് എന്നായിരുന്നു അവിടം അറിയപ്പെട്ടിരുന്നത്. കച്ചവടക്കാരും വാങ്ങാൻ വരുന്നവരും കറങ്ങി നടക്കുന്നതും അങ്ങനെയങ്ങനെ അവിടെ നോക്കിയാലും ഇന്ത്യക്കാർ തന്നെ… ഡൽഹിയിലോ മുംബൈയിലോ ഒക്കെ പോയപോലത്തെ ഒരു ഫീൽ. ഒരു വിദേശ രാജ്യത്ത് നമ്മുടെ രാജ്യത്തിന്റെ ചെറിയ പതിപ്പ് കാണുവാൻ സാധിക്കുന്നത് ഏതൊരിന്ത്യക്കാരനും അഭിമാനം നൽകുന്ന ഒന്നാണ്. ഇത്രയും സമയവും ഞങ്ങളുടെ കൂടെ വിഷ്ണുവും ഭാര്യ സൗമ്യയും കുട്ടിയും ഉണ്ടായിരുന്നു. കുറെ സമയം ഞങ്ങൾ അവിടെ കറങ്ങിയടിച്ചശേഷം പരസ്പരം ബൈ പറഞ്ഞുകൊണ്ട് തിരികെ വീട്ടിലേക്ക് യാത്രയായി.