തലേദിവസത്തെ യാത്രാക്ഷീണത്തിൻ്റെ ആലസ്യത്തിൽ നിന്നും വിട്ടുമാറിയത് ഹോട്ടൽ റൂമിലെ നല്ല ഉറക്കത്തിനു ശേഷമായിരുന്നു. രാവിലെ ഞങ്ങൾ (ഞാനും ഇബാദ് ഇക്കയും) എഴുന്നേറ്റപാടെ ഹോട്ടൽ റൂമിലെ ജനാലയ്ക്കരികിലേക്ക് ഓടി. പകൽ വെളിച്ചത്തിലെ ദുബായ് കാണുവാൻ അത്രയ്ക്ക് കൊതിയായിരുന്നു. 16 ആം നിലയിലായിരുന്നു ഞങ്ങളുടെ റൂം. ജനലിലൂടെ ഞങ്ങൾ കണ്ട കാഴ്ച അതിമനോഹരമായിരുന്നു.
കേട്ടറിഞ്ഞതുപോലെ നല്ല കിടിലൻ നഗരം… താഴെ നീലനിറത്തിലുള്ള ദുബായ് മെട്രോ ഓടുന്നു… ചുറ്റിനും മനോഹരമായ വലിയ കെട്ടിടങ്ങൾ.. റോഡിലൂടെ വരിവരിയായി പോകുന്ന വാഹനങ്ങൾ… കുറച്ചുനേരം കാഴ്ചകൾ കണ്ടശേഷം ഞങ്ങൾ റെഡിയായി ഹോട്ടലിലെ റെസ്റ്റോറന്റിലേക്ക് ബ്രെക്ക്ഫാസ്റ്റ് കഴിക്കുവാനായി പോയി. പത്തൊന്പതാമത്തെ നിലയിലായിരുന്നു റെസ്റ്റോറന്റ്. അവിടെ നിന്നാൽ ദുബായ് നഗരത്തിന്റെ നല്ല കിടിലൻ വ്യൂ കിട്ടുമായിരുന്നു. അങ്ങകലെ ബുർജ് ഖലീഫയും ദുബായ് ഫ്രയിമും ഒക്കെ കാണാമായിരുന്നു. റെസ്റ്റോറന്റിൽ വെച്ച് ഹോട്ടലിലെ മലയാളി ഷെഫ് ആയ തിരുവനന്തപുരം സ്വദേശി ദീപുവിനെ പരിചയപ്പെട്ടു. അദ്ദേഹം എൻ്റെ ഫേസ്‌ബുക്ക് സുഹൃത്ത് കൂടിയായിരുന്നു.
ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിഞ്ഞ ശേഷം ഞങ്ങൾ ഹോട്ടലിൽ നിന്നും പുറത്തേക്ക് ഇറങ്ങി. ദുബായിലെ ഏഷ്യാനെറ്റ് AM ലേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. അവിടെ ഞങ്ങൾക്ക് ഒരു ഇൻ്റർവ്യൂ ഉണ്ടായിരുന്നു. ജോലിക്കുവേണ്ടിയുള്ള ഇൻ്റർവ്യൂ അല്ലകെട്ടോ. റേഡിയോ ചാനലിൽ ഞങ്ങളെ ഇൻ്റർവ്യൂ ചെയ്യുന്നു… ആ ഇൻ്റർവ്യൂവിനെക്കുറിച്ചാണ് പറഞ്ഞത്. ഷെയ്ക്ക് സായിദ് റോഡിലൂടെയായിരുന്നു ഞങ്ങൾ സഞ്ചരിച്ചത്. ഒരു സൈഡിൽ തന്നെ ഏഴു വരിയുള്ള നല്ല കിടിലൻ റോഡ് ആയിരുന്നു അത്. ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല ഇതുപോലെ മനോഹരമായ ഒരു റോഡ്. ദുബായിൽ ആദ്യമായതുകൊണ്ട് ഞാൻ വളരെ അന്തംവിട്ട അവസ്ഥയിൽ ആയിരുന്നു. ഒരു സ്വപ്ന നഗരം തന്നെയാണ് ദുബായ് എന്നെനിക്ക് മനസ്സിലായ നിമിഷങ്ങൾ ആയിരുന്നു അത്. പക്ഷെ നമ്മുടെ നാടിനെ അപേക്ഷിച്ച് നല്ല ചൂട് ആയിരുന്നു അവിടെ.
ഗതാഗത നിയമങ്ങളെല്ലാം വല്ല കർശനമായി അനുസരിക്കുന്ന ഒരു ജനതയെയാണ് ദുബായിൽ എനിക്ക് കാണുവാൻ സാധിച്ചത്. ഇതുപോലെയൊക്കെ നമ്മുടെ നാട് എന്ന് മാറും എന്തോ? അങ്ങനെ ഞങ്ങൾ ഏഷ്യാനെറ്റ് AM ൽ എത്തിച്ചേർന്നു. കാർഡ് ഉപയോഗിച്ച് പാർക്കിംഗ് ഫീ പേ ചെയ്തശേഷം ഞങ്ങൾ അകത്തേക്ക് കയറി.
റേഡിയോയിലൂടെ പ്രവാസികൾക്ക് സുപരിചിതനായ രമേഷ് പയ്യന്നൂരുമായിട്ടായിരുന്നു ഞങ്ങളുടെ ഇൻ്റർവ്യൂ. ഗൾഫിനെ സംബന്ധിച്ചിടത്തോളം റേഡിയോ എന്നു പറയുന്നത് ഏറ്റവും കൂടുതലാളുകൾ ആശ്രയിക്കുന്ന ഒരു മീഡിയയാണ്. നമ്മുടെ നാട്ടിൽ നിന്നും തികച്ചും വ്യത്യസ്തമായിട്ടുള്ള ജോലി സംസ്‌കാരമുള്ള ഒരു സ്ഥലമായതിനാൽ ആളുകൾക്ക് ഇപ്പോഴും ഉപയോഗിക്കാവുന്ന ഒന്നാണ് റേഡിയോ. മലയാളികൾ ധാരാളമുള്ള സ്ഥലമായതിനാൽ ധാരാളം മലയാളി റേഡിയോ ചാനലുകളും ഇവിടെയുണ്ട്. ഏഷ്യാനെറ്റ് റേഡിയോയുടെ വിശേഷങ്ങൾ ശ്രീ. രമേഷ് പയ്യന്നൂർ ഞങ്ങൾക്ക് വിശദീകരിച്ചു തന്നു. അങ്ങനെ ഏഷ്യാനെറ്റ് റേഡിയോയിലും ഞങ്ങൾ ലൈവ് താരങ്ങളായി (ചുമ്മാ പറഞ്ഞതാട്ടോ.. അഹങ്കാരമൊന്നുമില്ല). വളരെ സന്തോഷമുള്ള ഒരു സന്ദർഭമായിരുന്നു ഞങ്ങൾക്ക് അത്.
അങ്ങനെ ഏഷ്യാനെറ്റിൽ നിന്നും യാത്രപറഞ്ഞു ഞങ്ങൾ ഇറങ്ങി. അപ്പോൾ സമയം ഉച്ചയായിരുന്നു. ഭക്ഷണം കഴിക്കുക എന്നതായിരുന്നു ഞങ്ങളുടെ അടുത്ത പ്ലാൻ. നല്ല ചൂട് ആയിരുന്നു ആ സമയത്തും. വൈഡ് റേഞ്ച് എന്ന റെസ്റ്റോറന്റിൽ ആയിരുന്നു ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കുവാനായി കയറിയത്. നമ്മുടെ നാടൻ ഭക്ഷണം തന്നെയായിരുന്നു ഞങ്ങൾ ഓർഡർ ചെയ്തത്. വാഴയിലയിൽ ആയിരുന്നു ഊണ്. ഗംഭീരമായ ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങൾ ഒരു സൂപ്പർ മാർക്കറ്റിലേക്ക് ആയിരുന്നു പോയത്. കുറച്ചു കൂൾ ഡ്രിങ്ക്സ് ഒക്കെ പർചേസ് ചെയ്ത ശേഷം ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.
പിന്നീട് ഞങ്ങൾ പോയത് ദുബായിലെ പ്രശസ്തമായ പാം ജുമൈറയിലേക്ക് ആയിരുന്നു. ഈന്തപ്പനയുടെ ആകൃതിയിൽ കടൽ നികത്തി ദുബായിൽ ഉണ്ടാക്കിയിരിക്കുന്ന മൂന്നു കൃതിമദ്വീപുകളാണ് പാം ദ്വീപുകൾ. ജുമൈറ, ജെബീൽ അലി, ദയ്റ എന്നിവിടങ്ങളിലായി ഡച്ച് കമ്പനിയായ ഫാൻ ഉർദ്ദ് ഡ്രെഡ്ജിങ് ആണ് ദ്വീപ് നിർമ്മിച്ചിരിക്കുന്നത്. ഇവിടേക്ക് കടലിനടിയിലൂടെയുള്ള തുരങ്കത്തിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. അവിസ്മരണീയമായ ഒരു അനുഭവമായി മാറി അത്. വല്ലാത്ത ചൂട് കാരണം ഞങ്ങൾ അധികസമയം അവിടെ നിന്നില്ല.
പിന്നീട് ഞങ്ങൾ പോയത് ഞങ്ങളുടെ വർക്ക്‌ഷോപ്പ് നടക്കുന്ന ഹയാത് റീജൻസി ഹോട്ടലിലേക്ക് ആയിരുന്നു. അടുത്ത ദിവസമാണ് ഞങ്ങളുടെ ഡിജിറ്റൽ മാർക്കറ്റിങ് വിഷയസംബന്ധമായ വർക്ക് ഷോപ്പ് നടക്കുന്നത്. ഹോട്ടലിൽ വെച്ച് ചില മലയാളികൾ ഞങ്ങളുടെ അടുത്തു വന്നു പരിചയപ്പെടുകയുണ്ടായി. അവരെല്ലാം ഞങ്ങളുടെ വീഡിയോസ് കാണുന്നവരായിരുന്നു. ദുബായിലും ഞങ്ങളെ തിരിച്ചറിയുന്നു എന്നത് വളരെ സന്തോഷമുളവാക്കിയ കാര്യമാണ്. പിറ്റേദിവസത്തെ പരിപാടിയ്ക്കായുള്ള ഒരുക്കങ്ങളെല്ലാം ഹോട്ടലിലെ വലിയ കോൺഫറൻസ് റൂമിൽ ഒരുക്കിയിരുന്നു. അടിപൊളി…
അങ്ങനെ ഞങ്ങൾ സന്തോഷത്തോടെ താമസിക്കുന്ന ഹോട്ടലിലേക്ക് തിരികെ യാത്രയായി. ഇനി അടുത്ത ദിവസം മുഴുവൻ വർക്ക്ഷോപ്പിന്റെ തിരക്കിലായിരിക്കും. അതിനടുത്ത ദിവസം ഒന്നൂടെ ദുബായ് ചുറ്റിക്കറങ്ങണം എന്നാണു ഞങ്ങളുടെ പ്ലാൻ. ആ വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ പറയാം. അതുവരെ ബൈ.. ബൈ…