കടൽത്തീരങ്ങളുടെ പറുദീസയായ ഗോകർണത്തേക്ക് ഒരു യാത്ര പോകാം.. കര്‍ണാടകത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോകര്‍ണം. ധാരാളം ബീച്ചുകളുള്ള ഈ സ്ഥലം ഒരു ടൂറിസ്റ്റുകേന്ദ്രം കൂടിയാണ്. വേണമെങ്കിൽ ഒരു കൊച്ചു കോവളം എന്നു വിശേഷിപ്പിക്കാം. ഗംഗാവലി, അഹനാശിനി നദികളുടെ സംഗമ സ്ഥലമായ ഗോകര്‍ണം ശിവഭഗവാന്‍ ഗോമാതാവിന്റെ കര്‍ണത്തില്‍ നിന്ന് ഭൂജാതനായ പുണ്യസ്ഥലമാണ് എന്നാണു ഐതിഹ്യം. നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തിന് പശുച്ചെവിയുടെ ആകൃതിയാണ് അതുകൊണ്ടാണ് ഇതിന് ഗോകര്‍ണം എന്ന പേരുവീണത്.
മംഗലാപുരത്തു നിന്നും 240 കിലോമീറ്റര്‍ വടക്കു ഭാഗത്തായി അറബിക്കടലിന്റെ കര്‍വാര്‍ തീരത്തു സ്ഥിതി ചെയ്യുന്ന ഗോകർണ്ണത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രം മഹാബലേശ്വര ശിവക്ഷേത്രമാണ്. ശിവഭഗവാന്‍ ആത്മലിംഗ രൂപത്തില്‍ കുടികൊള്ളുന്നു ഗോകര്‍ണത്തെ ഈ ശ്രീ മഹാബലേശ്വര ക്ഷേത്രത്തില്‍. ഇവിടുത്തെ പ്രതിഷ്ഠ “പ്രാണലിംഗം” എന്നപേരിലാണ് അറിയപ്പെടുന്നത്. ആത്മീയതയുടെ തീരം തേടി ഇവിടെയെത്തുന്നവര്‍ക്ക് മോക്ഷം ലഭിച്ച മനസ്സോടെ ഇവിടുന്നു മടങ്ങാം. കാഴ്‌ചയുടെ ഭംഗിയേക്കാള്‍ അനുഭവങ്ങളുടെ അപാരതയാണ് നമുക്ക് ഗോകര്‍ണം പകര്‍ന്നു നല്‍കുന്നത്. ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും ശിവഭക്തന്മാര്‍ ഇവിടെ എത്താറുണ്ട്. പ്രശസ്തരായ തമിഴ് കവികളായ അപ്പാറിന്റെയും സാമ്പന്ദറുടെയും ഭക്തിഗീതങ്ങളില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് പറയുന്നുണ്ട്. ഉത്തര കാശി വാരണാസിയാണങ്കിൽ, ഗോകർണ്ണം ദക്ഷിണ കാശിയായി അറിയപ്പെടുന്നു.
വിജയനഗര രാജാവ് ഇവിടെ ക്ഷേത്രദർശനം നടത്തുകയും, സ്വർണ്ണത്തിൽ തന്റെ തുലാഭാരം നടത്തുകയും ചെയ്തിട്ടുണ്ട്. 1665-ൽ മറാട്ടാ ചക്രവർത്തി ഛത്രപതി ശിവജി ഇവിടെ ക്ഷേത്രദർശനം നടത്തിയെന്നതും ചരിത്രമാണ്. ഇവിടുത്തെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് ശിവരാത്രി. അന്നേദിവസം ഇവിടെ നടത്താറുള്ള രഥോത്സവം വളരെ പ്രസിദ്ധമാണ്. മഹാഗണപതിക്ഷേത്രത്തിൽ നിന്നുമാണ് രഥോത്സവം ആരംഭിക്കുന്നത്. ക്ഷേത്രത്തോട് ചേർന്ന് കോടിതീർത്ഥം എന്ന് പേരുള്ള ഒരു ക്ഷേത്രക്കുളമുണ്ട്. ഇവിടെ സ്നാനം ചെയ്താൽ കോടിപുണ്യങ്ങൾ സിദ്ധിക്കും എന്നാണ് ഭക്തരുടെ വിശ്വാസം.
കുഡ്‌ലെ ബീച്ച്, ഗോകര്‍ണ ബീച്ച്, ഹാഫ് മൂണ്‍ ബീച്ച്, പാരഡൈസ് ബീച്ച്, ഓം ബീച്ച് എന്നിവയാണ് ഗോകർണത്തെ പ്രധാനപ്പെട്ട ബീച്ചുകൾ. ഗോകര്‍ണം നഗരത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലത്തിലാണ് കുഡ്‌ലെ ബീച്ച്. ഇവിടത്തെ ഏറ്റവും വലിപ്പമേറിയ ബീച്ച് ഇതാണ്. ഓരോ ബീച്ചിനും ഇടയിൽ ഓരോ മലകളുണ്ട്.അത് കയറിയിറങ്ങിയിട്ടു വേണം ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് പോകുവാൻ. ഇവിടത്തെ ബീച്ചുകളിൽ പരിചയമില്ലാതെ ഇറങ്ങി നീന്തിക്കുളിക്കുന്നത് അൽപ്പം അപകടം പിടിച്ച പണിയാണ്. അത്തരം സാഹസിക പ്രകടനങ്ങൾ ദയവുചെയ്ത് പുറത്തെടുക്കാതിരിക്കുന്നതായിരിക്കും ഉത്തമം.
കുഡ്‌ലെ ബീച്ചിൽ നിന്നും കുറച്ചു ദൂരം നടന്നാൽ പാരഡൈസ് ബീച്ചിൽ എത്തിച്ചേരാം. ഹിപ്പികളുടെ ഇന്ത്യയിലെ പ്രധാന താവളമായ ഗോകർണയിലെ പാരഡൈസ് ബീച്ചിലാണ് ഇവർ കൂടുതലായും ക്യാമ്പടിക്കാറുള്ളത്. ഒരു മല കയറി വേണം ഓം ബീച്ചിൽ എത്താൽ. ഓം ആകൃതിയാൽ കാണപ്പെടുന്ന ബീച്ചായതിനാൽ ആണ് ഓം ബീച്ച് എന്ന് പേരു വരാൻ കാരണം. ഇവിടത്തെ ഏറ്റവും ജനപ്രിയമായ ബീച്ച് ഓം ബീച്ചാണ്. ഓം ബീച്ചില് നിന്നും ചെറിയ മല കയറി ഏകദേശം അരമണിക്കൂർ നടന്നാല്‍ ഹാഫ് മൂണ്‍ ബീച്ചിലെത്താം. അർദ്ധ ചന്ദ്രാകൃതിയിൽ ഉള്ള ബീച്ചായതുകൊണ്ടാണ് ഇതിനെ ഹാഫ് മൂൺ ബീച്ച് എന്ന് വിളിക്കുന്നത്.ഓം ബീച്ചില് നിന്നും ബോട്ടു മാർഗ്ഗവും ഇവിടെയെത്താം. ഒരു ഭാഗത്ത് അറബിക്കടലും മറുഭാഗത്ത് പശ്ചിമഘട്ടവും ഒരുക്കുന്ന വ്യത്യസ്തമായ കാഴ്ചാനുഭവമാണ് ഗോകർണം ബീച്ചിലേത്.
ബീച്ചുകളോടൊപ്പം ബാറുകളും ബിയര്‍ പാര്‍ലറുകളും അനവധിയുണ്ട് ഗോകര്‍ണത്ത്. കടല്‍ത്തീരത്തിനടുത്തുള്ള മിക്ക കടകളിലും ഇവ ലഭ്യമാണ്. യോഗ, മസ്സാജ്, ധ്യാനം തുടങ്ങിയവ ഗോകര്‍ണത്തെ ഇന്ന് ഒരു സ്പിരിച്വല്‍ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റി കഴിഞ്ഞിരിക്കുന്നു. വിദേശവിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ തേടിയെത്തുന്ന പ്രമുഖ കേന്ദ്രമായി ഗോകര്‍ണം മാറിയതോടെ നിരവധി ഹോട്ടലുകളും റിസോർട്ടുകളും ഇവിടെ ഉയർന്നു വന്നു.
കൊങ്കണ്‍ റെയില്‍ പാതയില്‍ ഗോകര്‍ണറോഡ് സ്‌റ്റേഷനിലിറങ്ങി 15 മിനിട്ട് യാത്രചെയ്താല്‍ ഗോകര്‍ണം പട്ടണമായി. കുംത, അങ്കോള റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്ന് 25 കിലോമീറ്റര്‍ യാത്ര ചെയ്തും ഗോകര്‍ണത്ത് എത്താം. കൂടുതൽ ട്രെയിനുകൾ നിർത്തുന്നത് കുംതയിൽ ആയതിനാൽ അവിടെ ഇറങ്ങുന്നതായിരിക്കും കൂടുതൽ നല്ലത്. അവിടെ നിന്നും ഗോകർണത്തേക്ക് ബസ്സുകൾ ലഭിക്കും.