ബന്ദിപ്പൂരിലും ഗുണ്ടൽപേട്ടിലും വരുന്നവർക്ക് സന്ദർശിക്കാൻ പറ്റിയ ഒരു ക്ഷേത്രം..

കുറെ നാളുകളായി പോകണം പോകണം എന്നു വിചാരിച്ചിരുന്ന ഒരു സ്ഥലമുണ്ട്. കർണാടകയിലെ ഗുണ്ടൽപെട്ടിനു സമീപത്തുള്ള ഗോപാൽസ്വാമി ബേട്ട എന്ന മലമുകളിലെ ക്ഷേത്രം. ഗുണ്ടല്‍പേട്ടയില്‍ നിന്ന് ഊട്ടി റോഡിലൂടെ എട്ട് കിലോമീറ്റര്‍
പോയാല്‍ ശ്രീഹങ്കളയാണ്. ഇവിടെ നിന്നാണ് ഗോപാൽ‌സ്വാമിബേട്ടയിലേക്ക് തിരിയേണ്ടത്.

ഗുണ്ടല്‍പേട്ട നിന്ന് 20 കിലോമീറ്റർ സഞ്ചരിച്ചാല്‍ ഗോപാല്‍സ്വാമി ബെട്ട എത്തും. ഇതുവഴി കൂടാതെ ഗൂഡല്ലൂർ, മുതുമല വഴിയും ഇവിടേക്ക് പോകാവുന്നതാണ്. സീസൺ സമയമാകുമ്പോൾ ഗോപാൽസ്വാമി ഹിൽസിലേക്കുള്ള വഴിയുടെ ഇരുവശങ്ങളിലും പൂക്കളുടെ മേളമായിരിക്കും. ഒപ്പം കന്നുകാലികളെ നടുറോഡിലൂടെ മേയ്ച്ചു കൊടുനടക്കുന്ന നാഗരികത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഗ്രാമീണരും.

ബന്ദിപ്പൂർ വനത്തിനുള്ളിലെ താമസത്തിനു ശേഷം ഞങ്ങൾ പോയത് ഇവിടേക്ക് ആയിരുന്നു. പോകുന്ന വഴിയിൽ ധാരാളം മൃഗങ്ങളെയും വഴിക്കിരുവശവും കണ്ടിരുന്നു. ഗോപാൽസ്വാമി ഹിൽസിനു താഴ്വാരത്തായി നമ്മുടെ വാഹനങ്ങൾ പാർക്ക് ചെയ്യണം. നീലഗിരി മലനിരകള്‍ അതിരിടുന്ന ഗോപാല്‍സ്വാമി ബേട്ട ഒരു നിഴല്‍ ചിത്രമായി മുന്നില്‍ക്കാണാം. പിന്നീട് മുകളിലേക്കുള്ള യാത്ര കർണാടക ആർടിസിയുടെ മിനി ബസ്സിലാണ്. ഇരുപതു രൂപയാണ് ഒരാൾക്ക് ചാർജ്ജ്.

ഏകദേശം അരമണിക്കൂർ സമയമെടുക്കും ഹെയർപിൻ വളവുകളൊക്കെ തിരിഞ്ഞു കയറി മുകളിലെത്തുവാൻ. ഒരു കടുകുമണി വ്യത്യാസത്തിൽ ഒന്നു അങ്ങോട്ടോ ഒന്നു ഇങ്ങോട്ടോ മാറിയാൽ ദാ താഴെ പോയി കിടക്കും. അത്രയ്ക്ക് ചെറിയ വഴിയാണ്. അതുകൊണ്ടു തന്നെയായിരിക്കാം ഇപ്പോൾ മറ്റു വാഹനങ്ങൾ ഒന്നുംതന്നെ ഇവിടേക്ക് കടത്തിവിടാത്തതും. ചെറിയ റോഡിലൂടെ കൊടും വളവുകൾ തിരിഞ്ഞ് ബസ് ഇരച്ചിരച്ചു മുകളിലേക്കു പോകുമ്പോള്‍ ദൂരെ താഴ്‌വാരത്തിന്റെ കാഴ്ച അതിമനോഹരമാണ്.

കര്‍ണ്ണാടക വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഈ പ്രാചീന ക്ഷേത്രത്തിന്റെ പരിസരങ്ങള്‍.സമുദ്ര നിരപ്പില്‍നിന്നും രണ്ടായിരത്തിലധികം അടി ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മിക്കവാറും ദിവസങ്ങളിൽ ഇവിടെ കോടമഞ്ഞു മൂടിക്കിടക്കുകയായിരിക്കും. ചുട്ടുപൊള്ളുന്ന കര്‍ണ്ണാകയിലെ കാലവസ്ഥയില്‍ നിന്നും വിഭിന്നമാണ് ഈ മലമുകളിലെ അന്തരീക്ഷം. തൊട്ടടുത്ത നീലഗിരിയില്‍ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റാണ് ഗോപാല്‍സ്വാമി ബേട്ടയെ കുളിരണിയിക്കുന്നത്.

ക്ഷേത്രത്തിനു നിന്നും താഴെ താഴ്വാരത്തേക്ക് നോക്കിയാൽ ചിലപ്പോൾ ആന, കാട്ടുപോത്ത് മുതലായ മൃഗങ്ങൾ മേയുന്നതു കാണാം. ക്ഷേത്രത്തിനു പിന്നിൽ കാടാണ്. രാവിലെ 8.30 മുതൽ വൈകീട്ട് 4.30 വരെയാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശന സമയം. ക്ഷേത്രത്തിൽ ജാതിമത ഭേദമന്യേ എല്ലാവര്ക്കും കയറാവുന്നതാണ്.

മഞ്ഞ കളര്‍‍ അടിച്ച ശ്രീകോവില്‍‍, ചുമപ്പും വെള്ളയും അടിച്ചു ഭംഗി ആക്കിയിരിക്കുന്ന മതില്‍കെട്ട് . ഏ.ഡി. 1315ല്‍ ചോളരാജാക്കന്മാതരുടെ കാലത്ത് നിര്മിറക്കപ്പെട്ടതാണു ഈ ക്ഷേത്രം എന്നു ചരിത്രങ്ങൾ പറയുന്നു. ഓടക്കുഴലുമായി നില്ക്കുന്ന ശ്രീകൃഷ്ണനാണ് പ്രതിഷ്ഠ. വിഗ്രഹത്തിന് മുകളില്‍ സദാ തുഷാരബിന്ദുക്കള്‍ തങ്ങി നിൽക്കുന്നതിനാലാണത്രേ ഹിമവദ് എന്ന പേര് ലഭിച്ചത്. അഗസ്ത്യ മുനി തപസ്സ് ചെയ്ത് വിഷ്ണുഭഗവാനെ പ്രത്യക്ഷനാക്കി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണത്രേ ഇത്.

ക്ഷേത്രത്തിന് ചുറ്റും 77 ദിവ്യജലസ്രോതസ്സുണ്ടെന്നാണ് ഐതിഹ്യം. ഇവിടത്തെ ഹംസതീര്ത്ഥണവും തൊട്ടില്‍ തീര്ത്ഥവും ഏറെ പേര് കേട്ടതാണ്. ഒരു കാക്ക വന്നു കുളിച്ചപ്പോള്‍ ഹംസമായി മാറിയെന്നാണ് ഐതിഹ്യം.മഞ്ചണ്ഡ രാജാവ് സഹോദരായ ശത്രുക്കളില്‍ നിന്നും കുതിരപ്പുറത്ത് കയറി ഭയന്നോടി ഈ മലയുടെ മുകളില്‍ നിന്നും ചാടി ആത്മഹത്യചെയ്തു എന്ന ചരിത്രവുമുണ്ട്.മാധവ ദണ്ഡനായകന്‍ ഇതിന്റെ വിഷമം തീര്‍ക്കാന്‍ കൂടിയാണ് മലമുകളില്‍ ദൈവപ്രതിഷ്ഠ നടത്തിയത്.

സത്യമംഗലം കാടുകളെ അടക്കിഭരിച്ച സാക്ഷാൽ വീരപ്പൻ ഇവിടുത്തെ സ്ഥിരം സന്ദർശകനായിരുന്നു. പൊലീസ് ഇവിടെ വിരിച്ച വല പൊട്ടിച്ച് പലവട്ടം അയാൾ രക്ഷപ്പെട്ടിട്ടുമുണ്ട്. തന്നെ രക്ഷപ്പെടുത്തുന്നത് സാക്ഷാൽ കൃഷ്ണനാണെന്ന് അയാൾ വിശ്വസിച്ചിരുന്നത്രേ. ഇതുപോലെ തന്നെ മലമുകളിലെ കൃഷ്ണൻ അഭീഷ്ടവരദായകനാണെന്നതിന് കന്നഡിഗരും മലയാളികളുമായ ധാരാളം ഭക്തർ സാക്ഷ്യം പറയും.

ശനി, ഞായർ ദിവസങ്ങളിൽ ഇവിടെ സന്ദർശകരുടെ തിരക്ക് ഏറും. ഇവിടേക്ക് അതിരാവിലെ വരുന്നതാണ് ഏറ്റവും ഉത്തമം. കാരണം അപ്പോൾ ആയിരിക്കും കൂടുതൽ കോടമഞ്ഞിറങ്ങുന്നത്. രാത്രികാലങ്ങളിൽ ഇവിടെ ആനയിറങ്ങും എന്ന് മുകളിൽ ചെന്നുകഴിയുമ്പോൾ തന്നെ മനസ്സിലാകും. എന്തെന്നാൽ അവിടെ ആനപ്പിണ്ടങ്ങൾ കാണാവുന്നതാണ്. ബന്ദിപ്പൂർ ടൈഗർ റിസർവ്വിന്റെ ഭാഗമാണ് ഈ സ്ഥലങ്ങളെല്ലാം. മലമുകളില്‍ ഹോട്ടലോ ചായക്കടയോ ഒന്നുമില്ല. ഭക്ഷണം വേണമെങ്കിൽ താഴെനിന്നും കരുതണം. വൈകിട്ട് 5 മണിയോടുകൂടി ക്ഷേത്രവും അടച്ച് പൂജാരിയുംഅവസാന ബസ്സും മലയിറങ്ങിയാൽ പിന്നെ അമ്പലവും പരിസരവും വന്യമൃഗങ്ങൾക്ക് മാത്രം.