ഗ്ളാസ് ബോട്ട് യാത്രയ്ക്കിടെയാണ് കൽപ്പെട്ടി എന്നൊരു ആൾതാമസമില്ലാത്ത ദ്വീപിനെക്കുറിച്ച് കേട്ടത്. ബോട്ട് യാത്ര അവസാനിപ്പിക്കുന്നതിന് മുൻപ് ഞങ്ങൾ അവിടേക്ക് യാത്രയായി. കടലാമകളെ കാണാം എന്നതിനാൽ ബോട്ട് കരയുടെ അടുത്തു കൂടിയായിരുന്നു പൊയ്ക്കൊണ്ടിരുന്നത്. ഞങ്ങളുടെ നിഗമനം തെറ്റിയില്ല, വലിയ കടലാമകളെ ഞങ്ങൾക്ക് തെളിഞ്ഞ ജലത്തിലൂടെ കാണുവാൻ സാധിച്ചു. ബോട്ടിന്റെ ചലനം കാരണം അവയെല്ലാം പെട്ടെന്ന് നീന്തിയകന്നു.
അഗത്തി എയർപോർട്ടിന്റെ അടുത്തുകൂടി ഞങ്ങൾ കൽപ്പെട്ടി ഐലൻഡ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. സമയം ഏകദേശം വൈകീട്ട് അഞ്ചു മണി കഴിഞ്ഞു. സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമയം. ഞങ്ങൾ അപ്പോൾ കൽപ്പെട്ടി ദ്വീപിലേക്ക് അടുത്തുകൊണ്ടിരിക്കുകയായിരുന്നു.
ബോട്ട് ദ്വീപിനോട് ചേർത്ത് വെള്ളത്തിൽത്തന്നെ നിർത്തി. ദ്വീപിൽ ഇറങ്ങിയപ്പോൾത്തന്നെ ഒരു കടൽപ്പാമ്പ് ഞങ്ങൾക്ക് വരവേൽപ്പ് നൽകിക്കൊണ്ട് കടന്നുപോയി. പാമ്പിനെക്കണ്ട് ഞാൻ ഒരൽപം ഭയന്നു. കാരണം കടൽപ്പാമ്പിന് വിഷമുണ്ടെന്നാണ് കേട്ടിട്ടുള്ളത്. ഒന്ന് രണ്ടു ചുവട് വെച്ചപ്പോൾ അതാ അവിടവിടെയായി ചെറിയ ഞണ്ടുകൾ. ആൾത്താമസമില്ലാത്തതിനാൽ ധാരാളം കടൽജീവികൾ അവിടെ ഇടത്താവളമാക്കിയിരുന്നു. സത്യത്തിൽ അവർക്ക് ഞങ്ങൾ ഒരു ശല്യമാകുമോ എന്ന് ആശങ്കപ്പെട്ടാണ് ഞങ്ങൾ ദ്വീപിലൂടെ നടന്നത്.
കൽപ്പെട്ടി ദ്വീപിനു മുകളിലൂടെയാണ് അഗത്തി എയർപോർട്ടിലേക്ക് വിമാനം ലാൻഡ് ചെയ്യുന്നത്. എന്തായാലും വല്ലാത്തൊരു ഭീകരമായ നിശ്ശബ്ദതയായിരുന്നു ആ ദ്വീപിൽ ഞങ്ങൾക്ക് അനുഭവപ്പെട്ടത്. ദ്വീപിൽ ഇന്ത്യൻ സർക്കാരിൻ്റെ വക ഒരു സ്തൂപം സ്ഥിതി ചെയ്യുന്നുണ്ട്. കൽപ്പെട്ടി എന്ന ഈ ദ്വീപ് ഇന്ത്യ രാജ്യത്തിൽപ്പെട്ട ലക്ഷദ്വീപിന്റെ ഭാഗമാണ് എന്ന് ആ സ്തൂപത്തിൽ എഴുതിയിട്ടുണ്ട്.
അവിടെ നിന്നും ഞങ്ങൾ പിന്നീട് പോയത് ബീക്കുഞ്ഞിപ്പാറ എന്ന പേരിലറിയപ്പെടുന്ന ഒരു പാറ കാണുവാനായാണ്. ഈ പാറയ്ക്ക് ഇങ്ങനെയൊരു പേര് വന്നതെന്താണെന്നു ആദ്യം കേൾക്കുന്ന എല്ലാവർക്കും സംശയമുണ്ടാകും. പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത് ബ്രിട്ടീഷ് അതിക്രമങ്ങളിൽ നിന്നും രക്ഷനേടുവാൻ ബീക്കുഞ്ഞി എന്ന യുവതി ഈ പാറയിൽ കയറി ഒളിച്ചിരുന്നുവത്രേ. പിന്നീട് ഈ യുവതി ആ പാറയ്ക്കിടയിൽ നിന്നും പുറത്തേക്ക് വന്നിട്ടേയില്ല എന്നാണു പറയപ്പെടുന്നത്. ഇക്കാരണത്താലാണ് ഈ പാറയ്ക്ക് ബീക്കുഞ്ഞിപ്പാറ എന്ന പേര് ലഭിച്ചത്.
കൽപ്പെട്ടി ദ്വീപിനുള്ളിലേക്ക്, അവിടത്തെ കാടുപിടിച്ച വഴിയിലേക്ക് കയറി ഞങ്ങൾ ബീക്കുഞ്ഞിപ്പാറയിലേക്ക് നടത്തം തുടങ്ങി. പോകുന്ന വഴിയ്ക്ക് പലതരത്തിലുള്ള മരങ്ങളും അതിൽ പലതരത്തിലുള്ള ഫലങ്ങളുമൊക്കെ കണ്ടു. കടൽപ്പാമ്പുകൾ അല്ലാതെ ലക്ഷദ്വീപിൽ മറ്റു പാമ്പുകൾ ഇല്ലാത്തതിനാൽ കാട്ടിൽക്കൂടി ധൈര്യത്തോടെ നടക്കുവാൻ ഞങ്ങൾക്ക് സാധിച്ചു.
അങ്ങനെ നടന്നു നടന്ന് ഞങ്ങൾ കൽപ്പെട്ടി ദ്വീപിന്റെ മറുവശത്ത് എത്തിച്ചേർന്നു. അവിടെയാണ് ബീക്കുഞ്ഞിപ്പാറ സ്ഥിതി ചെയ്യുന്നത്. നമ്മൾ വിചാരിക്കുന്ന പോലെ ആനയുടെ രൂപമുള്ള കറുത്ത പാറയായിരുന്നില്ല അവിടെ. ശരിക്കും ആളുകൾക്ക് ഒളിച്ചിരിക്കുവാൻ പാകത്തിൽ വിടവുകളുള്ള പ്രത്യേകതരത്തിലുള്ള പാറക്കെട്ടുകൾ ആയിരുന്നു അവിടെ കാണുവാൻ സാധിച്ചത്.
ബീക്കുഞ്ഞി എന്ന ആ യുവതി ഇപ്പോഴും ആ പാറക്കെട്ടുകളിൽ ഉണ്ടാകുമോ? സംശയങ്ങൾ മനസ്സിൽ ബാക്കിയാക്കിക്കൊണ്ട് ഞങ്ങൾ ബോട്ട് നങ്കൂരമിട്ടിരുന്നയിടത്തേക്ക് തിരികെ നടന്നു. അപ്പോഴേക്കും സൂര്യൻ കടലിലേക്ക് മുങ്ങിത്താഴുവാൻ തുടങ്ങിയിരുന്നു. ഇരുട്ട് ബാധിക്കുന്നതിനും മുൻപ് ഞങ്ങൾ ബോട്ടിൽക്കയറി അഗത്തിയിൽ ഞങ്ങൾ താമസിച്ചിരുന്ന റിസോർട്ടിനു സമീപത്തേക്ക് യാത്രയായി. ലക്ഷദ്വീപ് യാത്രയുടെ കൂടുതൽ വിവരങ്ങൾക്ക്, Contact BONVO: 9446404216.