ശ്രീലങ്കയിലെ കാൻഡിയിലെ റിസോർട്ടിലെ താമസത്തിനു ശേഷം രാവിലെ തന്നെ ഞങ്ങൾ അടുത്ത കാഴ്ചകൾ കാണുവാനായി യാത്രയായി. റിസോർട്ടിൽ നിന്നും ചെക്ക് ഔട്ട് ചെയ്യുന്ന സമയത്ത് അവർ ഞങ്ങൾക്ക് ഒരു ഗിഫ്റ്റ് കവർ സമ്മാനിക്കുകയുണ്ടായി. അങ്ങനെ അവരോട് യാത്രയും പറഞ്ഞുകൊണ്ട് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. ബുദ്ധന്റെ പല്ല് സൂക്ഷിച്ചു വെച്ച് പൂജ നടത്തുന്ന അപൂർവ്വം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് മധ്യ ശ്രീലങ്കയിലെ കാൻഡി നഗരത്തിലുള്ള ‘ടെമ്പിൾ ഓഫ് ടൂത്ത് റെലിക്’ കാണുവാനായാണ് ഞങ്ങൾ ആദ്യം പോയത്.
ഞങ്ങൾ ശ്രീ ദലാഡ മാലിഗവ എന്ന പേരിലറിയപ്പെടുന്ന ബുദ്ധക്ഷേത്രം ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു. അങ്ങനെ ഞങ്ങൾ കുറച്ചു സമയത്തിനകം അവിടെയെത്തിച്ചേർന്നു. അവിടെയുള്ള മനോഹരമായ തടാകം ഞങ്ങളെ നന്നായി ആകർഷിച്ചു. തടാകത്തിനരികിലായി പണ്ടുകാലത്തെ രാജ്ഞിമാർക്ക് കുളിക്കുവാനുള്ള കുളിക്കടവും ഉണ്ടായിരുന്നു. ശരിക്കും ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം പണ്ട് രാജകൊട്ടാരത്തിൻ്റെ ഭാഗമായിരുന്നു.
രാവിലെയായതിനാൽ അവിടെ വലിയതരത്തിലുള്ള തിരക്കുകളൊന്നും അനുഭവപ്പെട്ടിരുന്നില്ല. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുവാൻ വിദേശികൾക്ക് എൻട്രൻസ് ഫീയുണ്ട്. ഇന്ത്യക്കാർക്ക് 1500 ശ്രീലങ്കൻ രൂപയായിരുന്നു ചാർജ്ജ്. ശ്രീലങ്കക്കാർക്ക് ഏതൊരു ക്ഷേത്രത്തിലേതെന്നപോലെ അവിടെ ഫീസൊന്നും കൂടാതെ സന്ദർശിക്കാം. ക്ഷേത്രത്തിലേക്ക് കടക്കുവാനായി രണ്ടു മൂന്നു സ്ഥലങ്ങളിൽ കർശനമായ ചെക്കിംഗുകളുണ്ട്. ക്ഷേത്രത്തിനകത്ത് വീഡിയോ ഷൂട്ട് ചെയ്യുന്നതിനായി പെർമിഷൻ എടുക്കേണ്ടതായുണ്ട്. ഞങ്ങൾക്കായി പാക്കേജ് എടുത്തു തന്ന ടൂർ ഓപ്പറേറ്റിങ് കമ്പനിയായിരുന്നു ഈ പെർമിഷൻ എടുത്തു തന്നത്.
ക്ഷേത്രത്തിനകത്തേക്ക് കയറുന്നതിനു മുൻപായി സന്ദർശകർ ചെരിപ്പുകളൊക്കെ ഊരി പുറത്ത് സൂക്ഷിക്കുവാൻ കൊടുക്കണം. 1998 ൽ നടന്ന ആദ്യന്തര കലാപത്തെത്തുടർന്നു ഈ ക്ഷേത്രത്തിന്റെ ചില ഭാഗങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നുവെന്നു ഗൈഡായ ജനക പറഞ്ഞു തന്നു. അവയൊക്കെ പിന്നീട് നേരെയാക്കി.
ക്ഷേത്രത്തിന്റെ ഉൾവശം വളരെ മനോഹരമായിരുന്നു. ക്ഷേത്രത്തിനകത്ത് അതിമനോഹരമായ തടിയിൽ തീർത്ത കൊത്തുപണികൾ, ലോഹങ്ങൾ, കല്ലുകൾ, ആനക്കൊമ്പുകൾ, ബുദ്ധ പ്രതിമകൾ എന്നിവ കാണുവാൻ സാധിക്കും. രണ്ടു നിലകളായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുകളിലെ നിലയിലായിരുന്നു ബുദ്ധന്റെ പല്ല് സൂക്ഷിച്ചിരിക്കുന്നത്. ബുദ്ധന്റെ പല്ല് AD 371 ൽ ഇന്ത്യയിൽ നിന്നുമായിരുന്നു ശ്രീലങ്കയിലേക്ക് കൊണ്ടുവന്നത്. പിന്നീട് കൊട്ടാരത്തിൽ ഒരു ക്ഷേത്രം നിർമ്മിച്ച് അത് അവിടെ പ്രതിഷ്ഠിക്കുകയായിരുന്നു.
ക്ഷേത്രത്തിന്റെ ഒന്നാം നിലയിൽ ഒരു സ്തൂപത്തിന്റെ ആകൃതിയിൽ ഒരു സ്വർണ്ണ നിലവറയുണ്ട്. അതിലാണ് ബുദ്ധന്റെ ഈ പല്ല് സൂക്ഷിച്ചിരിക്കുന്നത്. ഈ പല്ലുകൾ മണിക്ക് നേരിട്ട് കാണാൻ സാധ്യമല്ല. സന്ദർശകർക്ക് അവിടെയുള്ള ഏഴു പെട്ടികളിൽ ഒരു പെട്ടി മാത്രമേ കാണിക്കുകയുള്ളൂ. എന്തായാലും അവിടത്തെ ആ ഒരു ആമ്പിയൻസ് ഒരു ഒന്നൊന്നര അനുഭവം തന്നെയാണ്.
ക്ഷേത്രത്തിനടുത്ത് ഒരു മണ്ഡപം സ്ഥിതി ചെയ്യുന്നുണ്ട്. ഒറ്റനോട്ടത്തിൽ ഒരു കൽമണ്ഡപം ആണെന്നു തോന്നിപ്പിക്കുമെങ്കിലും അത് യഥാർത്ഥത്തിൽ തടി കൊണ്ട് നിർമ്മിച്ചതായിരുന്നു. ക്ഷേത്രപരിസരത്തെ കുളത്തിൽ ധാരാളം മീനുകൾ തുള്ളിതുടിച്ചുകൊണ്ട് ചാടുന്ന കാഴ്ച ഏവരെയും ആകർഷിക്കുന്നതാണ്. അങ്ങനെ ഞങ്ങൾ ഒരു മണിക്കൂറോളം ക്ഷേത്രത്തിലും പരിസരങ്ങളിലുമായി ചെലവഴിച്ചു.
ശ്രീലങ്കയിൽ വരുന്ന സഞ്ചാരികൾക്ക് ഒരു മണിക്കൂറോളം ചെലവഴിച്ചു കാണുവാൻ സാധിക്കുന്ന ഒരു മനോഹരമായ സ്ഥലമാണ് ‘ടെമ്പിൾ ഓഫ് ടൂത്ത് റെലിക്.’ ക്ഷേത്രത്തിൽ നിന്നും ഇറങ്ങിയിട്ട് പിന്നെ ഞങ്ങൾ യാത്രതുടർന്നത് ശ്രീലങ്കയിലെ ‘മൂന്നാർ’ കാണുവാനായാണ്. ഞങ്ങൾ അങ്ങനൊരു വിശേഷണം കൊടുത്തുവെന്നേയുള്ളൂ. ശ്രീലങ്കയിലെ മനോഹരമായ ഒരു ഹിൽ സ്റ്റേഷനായ ‘നുവാറ ഏലിയാ’യ്ക്ക് ആ വിശേഷണം എന്തുകൊണ്ടും യോജിക്കും. അങ്ങനെ ഞങ്ങൾ അവിടേക്ക് യാത്രയായി. ആ വിശേഷങ്ങൾ ഇനി അടുത്ത എപ്പിസോഡിൽ കാണാം. For more details about Srilankan Trip Contact : Sri Lankan Airlines, Opp Maharajas College Ground, Ernakulam, 0484 236 2042, 43, 44.