കുറച്ചു ദിവസം അസുഖം പിടിപെട്ടു കിടപ്പിലായിരുന്നതിനാൽ വീടിനു പുറത്തിറങ്ങുവാൻ വയ്യാത്ത അവസ്ഥയിലായിരുന്നു. അങ്ങനെ അസുഖമെല്ലാം ഒന്ന് ഭേദമായപ്പോൾ ഞാനും അനിയനും കൂടി ഞങ്ങളുടെ ടൂവീലറിൽ ഒന്നു പുറത്തേക്ക് ഇറങ്ങി. മഴക്കാലമാണ്… എങ്കിലും മഴ തോർന്ന സമയം നോക്കിയായിരുന്നു ഞങ്ങൾ ഇറങ്ങിയത്. അനിയനു പോലും അറിയാത്ത, ഒരാൾക്ക് മാത്രം നടന്നുപോകുവാൻ കഴിയുന്ന ഇടുങ്ങിയ വഴിയിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര. ആ വഴി പിന്നെ ചെന്ന് ഒരു മെയിൻ റോഡിൽ കയറി. അവിടുന്ന് ചെറുകോൽ എന്ന സ്ഥലത്തേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷൻ നടക്കുന്ന സ്ഥലമായതിനാൽ ഇവിടം അൽപ്പം പ്രശസ്തമാണ്. വർഷത്തിൽ ഏഴു ദിവസം മാത്രം KSRTC ബസ് സർവ്വീസ് നടത്തുന്ന ഒരു റൂട്ടാണ് ഇത്. ചെറുകോൽപ്പുഴയിൽ പമ്പാ നദീതീരത്തു 1912-മുതൽ എല്ലാ വർഷവും ഫെബ്രുവരിയിൽ ക്രമമായി നടന്നുവരുന്ന ഹിന്ദുമത കൺവെൻഷൻ ആണു അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് എന്നു അറിയപ്പെടുന്നത്. ചട്ടമ്പി സ്വാമിയുടെ അനുയായിയായ സ്വാമി തീർത്ഥപാദ പരമഹംസയാണു് ഈ കൺവെൻഷന് തുടക്കം കുറിച്ചത്. അങ്ങനെ ഞങ്ങൾ ചെറുകോൽപ്പുഴയുടെ അക്കരെ ഭാഗത്ത് എത്തിച്ചേർന്നു. മഴക്കാലം ആയതിനാൽ നദി കലങ്ങിയൊഴുകുകയായിരുന്നു. നദിക്കരയിൽ പ്രദേശവാസികളായ ചേട്ടന്മാർ ചൂണ്ടയിട്ടു നിൽക്കുന്നതും കാണാമായിരുന്നു.
പിന്നീട് ഞങ്ങൾ പോയത് ചെറുകോൽ പള്ളിയോടം കാണുവാനാണ്. ഇതുപോലുള്ള 51 പള്ളിയോടങ്ങൾ ആറന്മുള അമ്പലത്തിനോട് അടുത്തുള്ള ഇതുപോലത്തെ കരകളിൽ ഉണ്ട്. ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് പങ്കെടുക്കുന്ന വള്ളങ്ങളാണ് പള്ളിയോടങ്ങൾ എന്നറിയപ്പെടുന്നത്. കുട്ടനാട്ടിലെ ചുണ്ടൻവള്ളങ്ങളെ അപേക്ഷിച്ച് ഈ വള്ളങ്ങൾക്ക് 5-6 കോൽ നീളം കുറവായിരിക്കും. കുട്ടനാട്ടിലെ വള്ളങ്ങളുടെ അമരം(പിൻഭാഗം),കൂമ്പ്(മുൻഭാഗം) എന്നിവ വെള്ളത്തിനോട് ചേർന്നു കിടക്കുമ്പോൾ പള്ളിയോടങ്ങളുടെ മൂന്നിൽ രണ്ടു ഭാഗം മാത്രമേ ജലത്തിൽ സ്പർശിക്കുകയുള്ളൂ. അതുപോലെ തന്നെ വള്ളത്തിന്റെ ‘ഉടമ'(വീതി) കുട്ടനാടൻ വള്ളങ്ങളെ അപേക്ഷിച്ചു കൂടുതൽ ആയിരിക്കും. ഒരു വള്ളത്തിൽ 100-110 വരെ ആൾക്കാർ കയറും. 4 അമരക്കാർ, 10 നിലയാൾ, ബാക്കി തുഴക്കാർ എന്നാണ് കണക്ക്. ഒരു വള്ളം നിർമ്മിക്കുന്നതിന് ഏക്ദേശം 40 – 45 ലക്ഷം രൂപ ചെലവാകും.
ആറന്മുള വള്ളംകളിയിലെ പള്ളിയോടങ്ങൾ : 1. ചെന്നിത്തല, 2. കടപ്ര, 3. വെൺപാല-കദളിമങ്കലം, 4. വന്മഴി, 5. പ്രയാർ, 6. കീഴുവന്മഴി, 7. മുതവഴി, 8. ഉമയാറ്റുകര, 9. മുണ്ടങ്കാവ്, 10.കോടിയാട്ടുകര, 11.തൈമറവുംകര, 12.കീഴ്ചേരിമേൽ, 13.മംഗലം, 14.ഓതറ, 15.പുതുകുളങ്ങര, 16.കിഴക്കനോതര- കുന്നെക്കാട്, 17.ഇടനാട്, 18.ആറാട്ടുപുഴ, 19.കോയിപ്രം, 20.മാലക്കര, 21.നെല്ലിക്കൽ, 22.ഇടയാറന്മുള, 23.ഇടയാറന്മുള കിഴക്ക്, 24.ളാക ഇടയാറന്മുള, 25.പൂവത്തൂർ പടിഞ്ഞാറ്, 26.പൂവത്തൂർ കിഴക്ക്, 27.തോട്ടപ്പുഴശ്ശേരി, 28.ഇടശ്ശേരിമല, 29.ഇടശ്ശേരിമല കിഴക്ക്, 30.മല്ലപ്പുഴശ്ശേരി, 31.മാരാമൺ, 32.മാരാമൺ കിഴക്ക്, 33.വരയന്നൂർ, 34.പുന്നംത്തോട്ടം, 35.തെക്കേമുറി, 36.തെക്കേമുറി കിഴക്ക്, 37.മേലുകര, 38.കീഴുകര, 39.നെടുമ്പ്രയാർ, 40.കോഴഞ്ചേരി, 41.അയിരൂർ, 42.ചെറുകോൽ, 43.കുറിയന്നൂർ, 44.കോറ്റാത്തൂർ, 45.കീകൊഴൂർ, 46.കാട്ടൂർ, 47.ഇടപ്പാവൂർ-പേരൂർ, 48.ഇടപ്പാവൂർ, 49.റാന്നി, 50.ഇടക്കുളം, 51.പുല്ലുപ്രം. കണ്ടില്ലേ 51 പള്ളിയോടങ്ങളുണ്ട്. ഇവയുടെ പേരുകളെല്ലാം ഒന്ന് ഓർത്തിരുന്നോളൂ.
പള്ളിയോടത്തിന്റെ വിശേഷങ്ങളും മനസ്സിലാക്കി ഞങ്ങൾ പിന്നീട് പോയത് ഇവിടെയുള്ള ഒരു അക്വഡേറ്റിലേക്ക് ആണ്. പമ്പാ നദിക്കരയിലൂടെ ഞങ്ങൾ യാത്ര തുടർന്നു. പോകുന്ന വഴിയിൽ ഒരു വളർത്താനയെ കുളിപ്പിക്കുന്ന കാഴ്ച കണ്ടു. ആനപ്പാപ്പാൻ എൻ്റെയൊരു സുഹൃത്ത് ആയിരുന്നു. പാർവ്വതി എന്ന് പേരുള്ള പിടിയാനയായിരുന്നു അത്. ആനക്കുളിയൊക്കെ കണ്ടുകൊണ്ട് ഞങ്ങൾ കുറച്ചുനേരം അവിടെ നിന്നു. കുറച്ചു സമയത്തിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. സത്യത്തിൽ കുറെ നാളായി ഞാൻ ഇതുവഴിയൊക്കെ വന്നിട്ട്. പണ്ട് ക്രിക്കറ്റ് കളിക്കാനൊക്കെ വരുന്ന സ്ഥലങ്ങളായിരുന്നു ഇതൊക്കെ. വീണ്ടും അതിലൂടെ പോയപ്പോൾ പഴയകാലത്തെ ഓർമ്മകൾ മനസ്സിൽ വീണ്ടും പൊങ്ങിവന്നു.
കുറച്ചു ദൂരം ചെന്നപ്പോൾ നേരത്തെ പറഞ്ഞ അക്വഡേറ്റ്(ചെറു പാലം) എത്തിച്ചേർന്നു. പമ്പാനദിക്ക് കുറുകെയാണ് ഈ ചെറുപാലം നിലകൊള്ളുന്നത്. ചെറിയ കാറുകൾക്ക് വരെ ഇതിലൂടെ സഞ്ചരിക്കുവാനായി കഴിയും. ഇതിന്റെ വീതി കുറഞ്ഞ രൂപമാണ് നമ്മൾ ‘പ്രേമം’ സിനിമയിൽ കണ്ടത്. അത് ആലുവയ്ക്ക് അടുത്തുള്ള ഒരു അക്വഡേറ്റ് ആയിരുന്നു. അങ്ങനെ ഞങ്ങൾ പാലത്തിലൂടെ വണ്ടിയോടിച്ച് നടുക്ക് ഭാഗത്ത് എത്തി. ചെറുകോൽ – വാഴക്കുന്നം എന്നീ കരകളെ തമ്മിലാണ് ഈ പാലം ബന്ധിപ്പിച്ചിരിക്കുന്നത്. താഴെ പമ്പാ നദി കവിഞ്ഞൊഴുകിക്കൊണ്ടിരിക്കുകയാണ്. കുറച്ചു സമയം ഞങ്ങൾ അക്വഡേറ്റിൽ ചെലവഴിച്ചു. അതിനിടയിൽ എന്റെ ചില സുഹൃത്തുക്കളെയും അവിടെവെച്ച് കണ്ടുമുട്ടി. മഴ പൊടിഞ്ഞു തുടങ്ങിയപ്പോൾ ഞങ്ങൾ അവിടെ നിന്നും പതിയെ സ്‌കൂട്ടറിൽ എസ്കേപ്പ് ആയി.
പിന്നീട് ഞങ്ങൾ ചെറുകോൽപ്പുഴ കൺവെൻഷൻ നടക്കാറുള്ള സ്ഥലത്തേക്ക് പോയി. അവിടെയെല്ലാം മൊത്തം വെള്ളം കയറിയിരുന്നു. ഞങ്ങൾ ചെന്നപാടെ മഴയുടെ ശക്തി കൂടി. അതോടെ വന്നപോലെ തന്നെ ഞങ്ങൾ തിരികെ ഓടി. മഴയിൽ നിന്നും രക്ഷപ്പെടുവാനായി ഞങ്ങൾ കുറച്ചു നേരം ഒരു കടയുടെ തിണ്ണയിൽ കയറി നിന്നു. മഴ തോർന്നപ്പോൾ പതിയെ ഞങ്ങൾ അവിടെനിന്നും നീങ്ങി. ഇനി നേരെ വീട്ടിലേക്ക്… കുറേക്കാലത്തിനു ശേഷം വീടിനു തൊട്ടടുത്തുകൂടെ ഇങ്ങനെ ഫ്രീയായി സഞ്ചരിച്ചപ്പോൾ എന്തോ ഒരു പോസിറ്റിവ് എനർജി. നിങ്ങളുടെ നാട്ടിലുമുണ്ടാകും ഇതുപോലുള്ള നല്ല കാഴ്ചകൾ. ജീവിതത്തിലെ തിരക്കുകളൊക്കെ മാറ്റിവെച്ച് ഒരു ദിവസം അവിടെയൊക്കെ ഒന്നു പോയി നോക്കൂ. മൊത്തത്തിൽ ഒരു റിലാക്സേഷൻ അനുഭവപ്പെടും. ഉറപ്പ്…