മധുരയിലെ ഞങ്ങളുടെ ആദ്യത്തെ ദിനം പുലർന്നു. കഴിഞ്ഞ ദിവസത്തെ യാത്രയുടെ ക്ഷീണം കാരണം രാവിലെ എഴുന്നേറ്റപ്പോൾ വൈകിയിരുന്നു. പിന്നീട് ഞങ്ങളെല്ലാം റെഡിയായി ഹോട്ടലിനു പുറത്തേക്കിറങ്ങി. മധുര എന്നു കേൾക്കുമ്പോൾ മലയാളികൾക്ക് മധുര മീനാക്ഷി ക്ഷേത്രമാണ് ഓർമ്മ വരുന്നത്. ഇവിടെ വരുന്നവർ ക്ഷേത്ര ദർശനത്തിനു ശേഷം തിരികെ നാട്ടിലേക്ക് മടങ്ങാറാണ് പതിവ്. എന്നാൽ മധുരയിൽ ധാരാളം സ്ട്രീറ്റ് ഫുഡ് എക്‌സ്‌പ്ലോർ ചെയ്യുവാനുള്ള സൗകര്യങ്ങൾ ഉണ്ടെന്ന കാര്യം അധികമാർക്കും അറിയില്ല. ഇത്തവണത്തെ ഞങ്ങളുടെ മധുര യാത്ര ഭക്ഷണത്തിനു വേണ്ടിയുള്ളതായിരുന്നു. Foodies Day Out എന്ന പേരിൽ മധുരയിൽ ഫുഡ് എക്‌സ്‌പ്ലോർ ടൂറുകൾ നടത്തുന്ന മുകുന്ദൻ, പ്രവീണ, പാണ്ഢ്യൻ എന്നിവർ ആയിരുന്നു മധുരയിൽ ഞങ്ങളോടൊപ്പം ചേർന്നത്.
ആദ്യം ഞങ്ങൾ പോയത് മധുരയിലെ കെ.കെ.നഗറിലേക്ക് ആയിരുന്നു. അവിടെയുള്ള പ്ളേറ്റ് കട എന്ന പേരിൽ അറിയപ്പെടുന്ന ഒരു സ്നാക്സ് കടയിലെ രുചികൾ പരീക്ഷിക്കുക എന്നതായിരുന്നു ഞങ്ങളുടെ ആദ്യം ലക്‌ഷ്യം. പലതരം വടകൾ, ബോണ്ടകൾ, മുട്ട എന്നിവയൊക്കെ ചേർത്ത് മിക്സ് ചെയ്തു തയ്യാറാക്കി തരുന്ന ‘പ്ലേറ്റ്’ എന്നറിയപ്പെടുന്ന ഒരു വ്യത്യസ്ത ഐറ്റമാണ് ഇവിടത്തെ സ്പെഷ്യൽ. ഈ വിഭവത്തിന്റെ പേരിലാണ് ഈ കട, പ്ലേറ്റ് കട എന്ന പേരിൽ പ്രശസ്തമായത്. നമ്മൾ ചാറ്റ് മസാലയൊക്കെ വാങ്ങിക്കഴിക്കാറില്ലേ? അതുപോലൊരു ഐറ്റമായിരുന്നു ഇതും. സംഭവം കിടിലൻ തന്നെയായിരുന്നു. പ്ലേറ്റ് കടയിലെ രുചികൾ ബോധിച്ചതിനു ശേഷം ഞങ്ങൾ പിന്നീട് പോയത് ഹോട്ടൽ മീനാക്ഷി ഭവനിലേക്ക് ആയിരുന്നു. അണ്ണാ ബസ് സ്റ്റാൻഡിനു സമീപത്തായാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. മധുരയിൽ ഏറ്റവും ബെസ്റ്റ് ചെട്ടിനാട് സ്പെഷ്യൽ വിഭവങ്ങൾ ലഭിക്കുന്ന സ്ഥലമാണിത്.
മീനാക്ഷി ഭവനിൽ നിന്നും ഞങ്ങൾ ആദ്യം ഓർഡർ ചെയ്തത് അവിടത്തെ സ്പെഷ്യൽ ശർക്കര ഉണ്ണിയപ്പവും പണിയാരവും ആയിരുന്നു. അനിയൻ അഭിയായിരുന്നു ഉണ്ണിയപ്പം ആദ്യമായി രുചിച്ചു നോക്കിയത്. ഭക്ഷണം ഒരിക്കലും പലസ്ഥലത്തെ രുചികളുടെ പേരിൽ താരതമ്യം ചെയ്യരുതെന്ന് മുൻപ് ഒരു സുഹൃത്ത് പറഞ്ഞിരുന്നു. അതുകൊണ്ട് അത് ചെയ്യുന്നില്ല. ഉണ്ണിയപ്പം ഒരു പ്ളേറ്റിനു 35 രൂപയായിരുന്നു വില. പണിയാരത്തിനു 60 രൂപയും. ഭക്ഷണം കഴിച്ചതിനു ശേഷം മീനാക്ഷി ഭവൻ ഹോട്ടലിന്റെ കിച്ചണിൽ കയറുവാനുള്ള അവസരവും ഞങ്ങൾക്ക് ഉണ്ടായി. വളരെ വൃത്തിയുള്ള കിച്ചനായിരുന്നു അവിടെ ഞങ്ങൾക്ക് സാധിച്ചത്. അവിടെ വെച്ച് സ്പെഷ്യൽ റവ ദോശയൊക്കെ ഉണ്ടാക്കുന്നത് ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. നെയ് ഒക്കെ ഇട്ടു മൊരിഞ്ഞു വളരെ നേർത്ത രീതിയിലുള്ളതായിരുന്നു റവ ദോഷം. നല്ല കറുമുറാന്നു ഐറ്റം. കൂടെ കഴിക്കുവാൻ സാമ്പാറും ചമ്മന്തിയുമൊക്കെ. എന്തായാലും സംഭവം ഉഷാർ തന്നെ. 55 രൂപയായിരുന്നു ഇതിന്റെ വില.
മീനാക്ഷി ഭവനിൽ നിന്നും ഞങ്ങൾ പിന്നീട് പോയത് വഴിയരികിൽ പ്രവർത്തിക്കുന്ന ഒരു കൊച്ചു കടയിലേക്ക് ആയിരുന്നു. മധുരയിൽ ഏറ്റവും വ്യത്യസ്തമായ വടകൾ ലഭിക്കുന്ന സ്ഥലമായിരുന്നു അത്. ജീവ എന്നു പേരുള്ള ഒരു ചേച്ചിയായിരുന്നു ആ കടയുടെ നടത്തിപ്പുകാരി.അവിടെ നിന്നും ഞങ്ങൾ ഇതുവരെ കഴിക്കാത്ത ചില രുചികൾ അനുഭവിച്ചറിയുകയുണ്ടായി. അങ്ങനെ അവിടെ നിന്നും ഫുഡൊക്കെ കഴിച്ചു മനസ്സു നിറഞ്ഞു പുറത്തിറങ്ങിയപ്പോൾ നേരം രാത്രിയായിരുന്നു. അങ്ങനെ മധുരയിലെ ഞങ്ങളുടെ ആദ്യ ദിനം അടിപൊളിയായിത്തന്നെ അവസാനിച്ചിരിക്കുകയാണ്. ഇനി അടുത്ത ദിവസവും ഇതുപോലുള്ള വ്യത്യസ്തമായ ചില വിഭവങ്ങൾ രുചിച്ചറിയുന്നതിനായി ഞങ്ങൾക്ക് ഇറങ്ങേണ്ടതാണ്.ആ വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ കാണാം.