മസ്‌കറ്റിലെ അനന്തപുരി റെസ്റ്റോറന്റിലെ വിശേഷങ്ങൾ കണ്ടറിഞ്ഞ ശേഷം റെസ്റ്റോറന്റിന്റെ ഉടമ ജേക്കബ് സാറും ഞാനും സുഹൃത്തായ ജിജോയും കൂടി കാഴ്ചകൾ കാണുവാനായി പുറത്തേക്ക് ഇറങ്ങി. ബിനാത്തി എന്ന് പേരുള്ള ഒരു ഒമാനി റെസ്റ്റോറന്റിലേക്കാണ് ഞങ്ങൾ ആദ്യം പോയത്. മരത്തിന്റെ ഭിത്തികളുള്ള ആ റെസ്റ്റോറന്റിൽ ചെരിപ്പുകൾ ഒക്കെ അഴിച്ചു വെച്ച് ഒമാനി സ്റ്റൈലിൽ നിലത്തിരുന്നാണ് ഭക്ഷണം കഴിക്കേണ്ടത്. അത് എനിക്കൊരു പുതുമയായി തോന്നി. നമ്മുടെ വീടുകളിൽ കുടുംബവുമായി ഭക്ഷണം ഷെയർ ചെയ്തു കഴിക്കുന്ന ആ ഒരു ഫീൽ..
ഞങ്ങൾ വിവിധതരം ഒമാൻ വിഭവങ്ങൾ ഓർഡർ ചെയ്തു. റെസ്റ്റോറന്റ് ഒമാനി ആണെങ്കിലും നമ്മുടെ മലയാളികൾ ഉൾപ്പെടെയുള്ളവർ അവിടെ ജോലിചെയ്യുന്നുണ്ട്. ഞങ്ങൾക്ക് ഭക്ഷണം സെർവ് ചെയ്യാനെത്തിയത് മലയാളിയായ ബിനു എന്നൊരു ചേട്ടനായിരുന്നു. ഫുഡ് ഒക്കെ നല്ല രുചിയുള്ളവയായിരുന്നു. അങ്ങനെ ഭക്ഷണത്തിനു ശേഷം ഞങ്ങൾ വീണ്ടും പുറത്തേക്ക് ഇറങ്ങി. പറയാൻ മറന്നു. ജേക്കബ് സാറിന്റെ റേഞ്ച് റോവറിലായിരുന്നു ഞങ്ങളുടെ യാത്ര.
ഒമാനിലെ ലാൻഡ്സ്‌കേപ്പുകൾ ഒക്കെ ഒന്നു കാണുവാനാണ് പിന്നീട് ഞങ്ങൾ പോയത്. റേഞ്ച് റോവറിലെ യാത്ര വളരെ രസകരമായിരുന്നു. അധികം തിരക്കില്ലാത്ത നല്ല അടിപൊളി റോഡുകൾ. ദുബായ് പോലെ അംബരചുംബികളായ കെട്ടിടങ്ങൾ ഒമാനിൽ കാണുവാൻ സാധിക്കില്ല. ഞങ്ങൾ പൊയ്ക്കൊണ്ടിരുന്ന വഴിയുടെ ഇരുവശത്തുമായി വലിയ മലകളായിരുന്നു. മലകൾ എന്നു പറയുമ്പോൾ നമ്മുടെ നാട്ടിലെ പച്ചപ്പ് നിറഞ്ഞ മലകൾ അല്ല കേട്ടോ. മണ്ണിന്റെ നിറമുള്ള മലകളായിരുന്നു അവിടെ കാണുവാൻ സാധിച്ചത്. തിരക്കു കുറഞ്ഞ ഒരിടം നോക്കി ഞങ്ങൾ വണ്ടി നിർത്തി. മരുഭൂമിയൊന്നും ഇല്ലാത്തതിനാൽ ഇതുപോലുള്ള ലാൻഡ്സ്‌കേപ്പ് കാഴ്ചകളാണ് മസ്കറ്റിൽ കാണുവാൻ സാധിക്കുക. മലകളുടെ ഇടയിലൂടെ കടൽ കാണാമായിരുന്നു. ശാന്തമായ നല്ല നീലനിറത്തിലുള്ള കടൽ. കടൽക്കരയിൽ ഒരു റിസോർട്ടും തലയുയർത്തി നിൽക്കുന്നത് കണ്ടു.
പുറത്ത് നല്ല ചൂട് ഉണ്ടായിരുന്നതിനാൽ അധികസമയം ഞങ്ങൾക്ക് പുറത്ത് നിൽക്കുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല. നേരത്തെ കണ്ട റിസോർട്ടിനു സമീപത്തേക്ക് ഞങ്ങൾ വണ്ടിയോടിച്ചു കൊണ്ട് നീങ്ങി. ഈന്തപ്പനകൾക്കിടയിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര. അങ്ങനെ ഞങ്ങൾ ബീച്ച് റിസോർട്ടിൽ കയറി കുറച്ചു സമയം ജ്യൂസ് ഒക്കെ കുടിച്ചു വിശ്രമിച്ചു. ഒരു അടിപൊളി ബീച്ച് റിസോർട്ട് ആയിരുന്നു അത്. ബീച്ച് പരിസരത്ത് വോളിബോൾ കളിക്കാനുള്ള സൗകര്യം അവിടെ ഞങ്ങൾ കണ്ടിരുന്നു. റിസോർട്ടിൽ വിദേശികൾ മാത്രമേ ഞങ്ങളെക്കൂടാതെ ഉണ്ടായിരുന്നുള്ളൂ. അല്ലാ.. ഞങ്ങളും വിദേശികൾ ആണല്ലോ.. ആ കാര്യം മറന്നുപോയി സോറി.. അങ്ങനെ കുറച്ചു സമയം അവിടെ ചെലവഴിച്ച ശേഷം ഞങ്ങൾ അവിടെ നിന്നും യാത്രയായി.
പിന്നെയും കുറെ സ്ഥലങ്ങളിൽ ഞങ്ങൾ കറങ്ങിയടിച്ചു കാഴ്ചകൾ കണ്ടു നടന്നു. നേരം ഇരുട്ടിയപ്പോഴാണ് പിന്നീട് ഞങ്ങൾ കറക്കം മതിയാക്കി തിരിച്ചത്. വരുന്ന വഴിക്ക് ഡീസൽ അടിക്കുവാനായി ഞങ്ങൾ ഒരു പമ്പിൽ കയറി. അവിടെ പെട്രോളിനു 36 രൂപയാണ് ലിറ്ററിന് ചാർജ്ജ്. ഹോ.. കണ്ടിട്ട് കൊതിയായിപ്പോയി. അവിടത്തെ പെട്രോൾ പമ്പുകളിൽ എന്നെ ആകർഷിച്ച ഒരു കാര്യം എന്തെന്നാൽ അവിടെ പമ്പുകളിൽ ഒരു ഫുഡ് കോർട്ട്, സൂപ്പർമാർക്കറ്റ്, വണ്ടി കഴുകുന്നതിനുള്ള സംവിധാനം, പഞ്ചർ ഒട്ടിക്കുന്നതിനുള്ള സംവിധാനം എന്നിവ ഉണ്ടായിരിക്കും എന്നതാണ്. പൊതുവെ GCC രാജ്യങ്ങളിൽ ഇങ്ങനെയാണ് എന്നാണു എൻ്റെ അറിവ്.
അങ്ങനെ ആ പമ്പിൽ നിന്നും റേഞ്ച് റോവറിൽ 93 ലിറ്റർ ഡീസൽ അടിച്ചു. ഇത്രയും ഡീസൽ അടിച്ചതിനു ഏകദേശം 3500 ഇന്ത്യൻ രൂപയേ ആയുള്ളൂ എന്ന കാര്യവും എന്നെ കോരിത്തരിപ്പിച്ചു. എന്നെങ്കിലും ഇതുപോലൊക്കെ നമ്മുടെ നാട്ടിലും കണ്ടിട്ടു മരിച്ചാൽ മതിയാർന്നു. ഇതൊക്കെയോർത്ത് ഡീസൽ അടിച്ചതിനു ശേഷം ഞങ്ങൾ പിന്നീട് മസ്‌കറ്റിലെ രാത്രിക്കാഴ്ചകൾ കാണുവാനായി പതിയെ നീങ്ങി. ആ വിശേഷങ്ങൾ നമുക്ക് അടുത്ത എപ്പിസോഡിൽ കാണാം.