പാലക്കാടൻ വിശേഷങ്ങൾ തുടരുകയാണ്. അഹല്യ ക്യാംപസിലെ പരിപാടികൾ കഴിഞ്ഞു ഞങ്ങൾ ധോണി എന്ന സ്ഥലത്തേക്ക് ലഷ്യമാക്കി യാത്രയാരംഭിച്ചു. മലമ്പുഴ വഴിയായിരുന്നു ഞങ്ങൾ ധോണിയിലേക്ക് പോകുവാനായി തിരഞ്ഞെടുത്തത്. അഹല്യയിൽ നിന്നും ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾത്തന്നെ അതിമനോഹരമായ ഒരു സ്ഥലം കണ്ട് ഞങ്ങൾ അവിടെ വണ്ടി നിർത്തുകയും ഫോട്ടോസ് എടുക്കുകയുമൊക്കെയുണ്ടായി. അങ്ങനെ ഞങ്ങൾ ധോണി ലക്ഷ്യമാക്കി നീങ്ങി.
പാലക്കാട് – വാളയാർ ഹൈവേയിൽ കയറിയശേഷം ഒരിടത്തു നിന്നും യു ടേൺ എടുത്ത് ഞങ്ങൾ മലമ്പുഴയിലേക്കുള്ള റോഡിലേക്ക് കയറി. പോകുന്ന വഴിയിൽ ഒരു ലെവൽക്രോസ്സ് കടക്കേണ്ടതായുണ്ടായിരുന്നു. അവിടെയെത്തിയപ്പോൾ ട്രെയിൻ പോകുന്നതിനായി ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. അവിടെ ഇറങ്ങി ട്രെയിൻ പോകുന്ന ദൃശ്യങ്ങളൊക്കെ പകർത്തുന്നതിനിടെയാണ് ഗേറ്റ്കീപ്പറായ ചേച്ചിയെ പരിചയപ്പെടുന്നത്. ആ ചേച്ചി നമ്മുടെ ഒരു ഫോളോവർ കൂടിയാണെന്ന അറിവ് സത്യത്തിൽ സന്തോഷമുണ്ടാക്കി. എങ്ങനെയാണ് ട്രെയിൻ കടന്നുപോകുവാനായി എത്തുന്ന കാര്യം ഗേറ്റ് കീപ്പർമാർ അറിയുന്നതെന്നൊക്കെയുള്ള സംശയങ്ങൾ ഞാൻ ചേച്ചിയോട് ചോദിച്ചു മനസ്സിലാക്കുകയുണ്ടായി.
ലെവൽക്രോസ്സും കടന്നു ഞങ്ങൾ വീണ്ടും യാത്രയായി. പോകുന്ന വഴിയുടെ ഇരുവശത്തും അതിമനോഹരമായ ദൃശ്യഭംഗിയായിരുന്നു. എവിടെ ക്യാമറ വെച്ചാലും കിടിലൻ ഫ്രെയിം. കിഴക്കുഭാഗത്ത് സഹ്യപർവ്വതനിരകൾ മഞ്ഞുമൂടി തലയുയർത്തി നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അവിടെയൊക്കെ വണ്ടി നിർത്തി ചിത്രങ്ങളെടുത്ത് ആസ്വദിച്ചു തന്നെയായിരുന്നു പോയത്. യാത്രയ്ക്കിടയിൽ ധാരാളം ഫോളോവേഴ്‌സിനെ പരിചയപ്പെടുകയുണ്ടായി. പിന്നീട് കാറിന്റെ സൺറൂഫ് തുറന്നു ഞങ്ങൾ അതിലൂടെ എഴുന്നേറ്റു നിന്നുകൊണ്ട് കാഴ്ചകൾ ആസ്വദിക്കുകയും വീഡിയോ പകർത്തുകയുമൊക്കെ ചെയ്തു. ആളുകൾ ഞങ്ങളെ “ഇതെന്തു കൂത്ത്” എന്ന രീതിയിൽ അതിശയത്തോടെ നോക്കുന്നുണ്ടായിരുന്നു.
അങ്ങനെ ഞങ്ങൾ മലമ്പുഴയും കടന്നു ധോണി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന LEAD കോളേജിൽ എത്തിച്ചേർന്നു. അവിടെ വിദ്യാർത്ഥികളും അധ്യാപകരുമെല്ലാം ഞങ്ങളെ വരവേൽക്കുവാനായി കാത്തുനിൽക്കുകയായിരുന്നു. ചെന്നിറങ്ങിയപാടെ കുട്ടികളെല്ലാം അടുത്ത് വന്നു വിശേഷങ്ങൾ തിരക്കുകയും ഫോട്ടോസ് എടുക്കുകയുമുണ്ടായി. വല്ലാത്തൊരു എനർജ്ജിയായിരുന്നു അവിടത്തെ വിദ്യാർത്ഥികളിൽ കണ്ടിരുന്നത്.
LEAD കോളേജിനെക്കുറിച്ച് പറയുവാനാണെങ്കിൽ കുറെയുണ്ട്. സത്യത്തിൽ ഇതൊരു കോളേജ് മാത്രമല്ല, അവിടത്തെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ വീട് കൂടിയാണ്. കോളേജിന്റെ ഡയറക്ടർ ഡോ.തോമസ് ജോർജ്ജ് ആണ് ശരിക്കും അവിടത്തെ താരം. സാധാരണ കോളേജുകളിൽ ഡയറക്ടർമാരെ “സർ” എന്നായിരിക്കും എല്ലാവരും അഭിസംബോധന ചെയ്യുന്നത്. എന്നാൽ ഇവിടെ ഡയറക്ടറെ വിദ്യാർത്ഥികളും മറ്റെല്ലാവരും വിളിക്കുന്നത് “തൊമ്മൻ” എന്നാണ്.
കോളേജിലെ വിദ്യാർത്ഥികളുമായുള്ള ടോക്-ഷോയ്ക്ക് ശേഷം ഞങ്ങൾക്ക് ക്യാംപസിൽ തന്നെ അവർ താമസസൗകര്യങ്ങൾ ഒരുക്കിയിരുന്നു, ഒപ്പം വിഭവസമൃദ്ധമായ ഡിന്നറും. ആ സമയത്ത് വിദ്യാർത്ഥികളുടെ ആഘോഷങ്ങൾ അവിടെ പൊടിപൊടിക്കുകയായിരുന്നു. ഡിജെ പാർട്ടിയും മറ്റും കഴിഞ്ഞു അവരെല്ലാം പിന്നീട് പോയത് ക്യാമ്പസിനകത്തെ സ്വിമ്മിംഗ് പൂളിലേക്ക് ആയിരുന്നു. പിന്നീട് അവിടെയായി അവരുടെ അടിച്ചുപൊളിക്കൽ.
ഒരു നിമിഷം ഇതൊരു ക്യാംപസ് ആണോ അതോ ഒരു റിസോർട്ട് ആണോയെന്നു വരെ തോന്നിപ്പോയി. ഡിന്നറൊക്കെ കഴിഞ്ഞു പുലർച്ചെ ഒരുമണിയോടെ ഞങ്ങൾ കിടക്കുവാൻ തയ്യാറെടുക്കുമ്പോൾ താഴെ തൊമ്മൻ സാർ ക്ലാസ്സ് തുടങ്ങിയിരുന്നു. ഇപ്പോൾത്തന്നെ മനസിലായില്ലേ ഒരു ഒന്നൊന്നര കോളേജ് ആണെന്ന്. LEAD കോളേജിനെക്കുറിച്ച് പറഞ്ഞാൽ പെട്ടെന്നൊന്നും തീരില്ല. അതുകൊണ്ട് കൂടുതൽ വിശേഷങ്ങൾ മറ്റൊരിക്കൽ പറയാം.
1 comment
നിങ്ങളെ പ്പോലെ ഒരു സഞ്ചാരി ആവണം എനിക്കും
love quotes in malayalam