പാലക്കാടിന്‍റെ ഊട്ടിയായ ഷോളയൂരിലേക്ക് പോകാം..

കേരളത്തില്‍ മഴ തകര്‍ത്തു പെയ്യുന്ന സമയം. ഞാനും ബെംഗലൂരുവിലെ എന്‍റെ കൂട്ടുകാരും കൂടി ഒന്നു കറങ്ങാന്‍ പോകാന്‍ തീരുമാനിച്ചു. പോയത് കേരള – തമിഴ്‌നാട് അതിര്‍ത്തിയിലുള്ള SR ജംഗിള്‍ റിസോര്‍ട്ടിലേക്ക് ആയിരുന്നു. രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ അവിടെ പോയതാണ്, എങ്കിലും ഇത്തവണ എന്‍റെ കൂട്ടുകാര്‍ക്ക് വേണ്ടിയായിരുന്നു എന്‍റെ യാത്ര. ഒപ്പം റിസോര്‍ട്ടിലെ മാനേജരും സുഹൃത്തുമായ സലീഷിനെ കാണുകയും ചെയ്യാം. അങ്ങനെ ഞങ്ങള്‍ SR ജംഗിള്‍ റിസോര്‍ട്ടില്‍ അടിച്ചുപൊളിച്ചു താമസം തുടങ്ങി.

കുറച്ചു തണുപ്പുള്ള ഒരു കിടിലന്‍ ഏരിയ കാണിച്ചു തരാമെന്നു സലീഷ് ഞങ്ങള്‍ക്ക് ഉറപ്പു നല്‍കുകയും ഞങ്ങള്‍ പോകാമെന്ന് തീരുമാനിക്കുകയും ചെയ്തു. ഷോലയൂര്‍ എന്ന സ്ഥലത്തേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. ഞങ്ങള്‍ താമസിക്കുന്ന റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലും ഞങ്ങള്‍ ഇപ്പോള്‍ പോകുന്ന ഷോളയൂര്‍ കേരളത്തിലും ആണ്. പോകുന്ന വഴിയില്‍ പതിവുപോലെ സലീഷ് ഈ സ്ഥലങ്ങളെക്കുറിച്ചും അവിടത്തെ മൃഗങ്ങളെക്കുറിച്ചും വാചാലനായി.

ഇനി ഷോളയൂരിനെക്കുറിച്ച് പ്രധാനപ്പെട്ട വിവരങ്ങള്‍ പറയാം – പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ അട്ടപ്പാടി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് ഷോളയൂർ . 150.76 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്താണിത്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് അഗളി പഞ്ചായത്ത്, തമിഴ്‌നാട്, കിഴക്ക് തമിഴ്‌നാട്, തെക്ക് അഗളി പഞ്ചായത്ത്, പടിഞ്ഞാറ് അഗളി പഞ്ചായത്ത് എന്നിവയാണ്. ശിരുവാണി മലനിരകളും മലനിരകളുടെ തെക്കു വടക്കൻ ചെരിവുകളും കുന്നുകളും ചേർന്ന നീലഗിരി കുന്നുകളുടെ താഴ്വര വരെ നീണ്ടുകിടക്കുന്ന വിസ്തൃതമായ ഭൂപ്രദേശമാണ് ഷോളയൂർ. പാലക്കാടിന്‍റെ ഊട്ടി എന്നു വേണമെങ്കില്‍ ഈ പ്രദേശത്തെ വിളിക്കാം. അത്രയ്ക്ക് തണുപ്പും മഞ്ഞും മനോഹാരിതയുമാണ് ഇവിടം.

പോകുന്ന വഴിയില്‍ കാറ്റാടി യന്ത്രങ്ങള്‍ അടുത്തായി കാണുവാന്‍ പറ്റുമായിരുന്നു. കുറച്ചുനേരം ഞങ്ങള്‍ അതിനടുത്ത് ഇറങ്ങി നിന്നു എല്ലാം ആസ്വദിച്ചു. ഹോ… അതി ശക്തമായ കാറ്റായിരുന്നു അവിടെ. മനുഷ്യനെ വരെ എടുത്തുകൊണ്ട് പോകുന്ന തരത്തിലുള്ള കൂറ്റന്‍ കാറ്റ്.. വല്ല നാനോ കാറുമായിട്ടാണ് ഇവിടേക്ക് പോയിരുന്നതെങ്കില്‍ കാറും കൂടി കാറ്റ് കൊണ്ടുപോയേനെ. അതിനു ഇവിടേക്ക് കാര്‍ വരില്ല കേട്ടോ. നല്ല ഓഫ് റോഡ്‌ ആയതിനാല്‍ ജീപ്പിനു മാത്രമേ ഇവിടേക്ക് വരാന്‍ കഴിയുള്ളൂ. ഞങ്ങള്‍ പോയത് സലീഷിന്റെ ഥാര്‍ ജീപ്പിലായിരുന്നു. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ കോടമഞ്ഞ്‌ ഞങ്ങളെ പൊതിയുവാന്‍ തുടങ്ങി. കാറ്റും മഞ്ഞും ഒരുമിച്ചു വന്ന ആ സമയം ഞങ്ങള്‍ സ്വര്‍ഗ്ഗത്തിലെന്ന പോലെ അവിടെ നിന്നുപോയി.

അവിടത്തെ കാഴ്ചകളെല്ലാം കണ്ടു മതിയായില്ലായിരുന്നു, എങ്കിലും അടുത്ത സ്ഥലം തേടി ഞങ്ങള്‍ അവിടെ നിന്നും യാത്രയായി. ഇത്തവണ ഒരു കിടിലന്‍ വ്യൂ പോയിന്റിലേക്ക് ആയിരുന്നു സലീഷ് ഞങ്ങളെ കൊണ്ടുപോയത്. സത്യത്തില്‍ അട്ടപ്പാടി എന്നൊക്കെ പറയുമ്പോള്‍ മിക്കയാളുകളുടെയും വിചാരം ഒന്നിനും കൊള്ളാത്ത ഒരിടം ആണെന്നാണ്‌. എന്നാല്‍ നിങ്ങള്‍ ഒന്നു മനസ്സിലാക്കുക. കേരളത്തിലെ ഒട്ടും മലിനീകരണമില്ലാത്ത ചില സ്ഥലങ്ങളില്‍ ഒന്നാണ് അട്ടപ്പാടി. ഒരിക്കല്‍ അവിടെ പോയിട്ടുള്ളവര്‍ വീണ്ടും വീണ്ടും പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലം.

വ്യൂപോയിന്റിലെ കാഴ്ചകള്‍ കണ്ടശേഷം ഞങ്ങള്‍ ഷോളയൂര്‍ പഞ്ചായത്തില്‍പ്പെട്ട മൂളഗംഗല്‍ എന്ന ഗ്രാമത്തിലേക്കായിരുന്നു പിന്നീട് ഞങ്ങള്‍ പോയത്. ഈ ഗ്രാമത്തിന്‍റെ തോട്ടപ്പുറം തമിഴ്‌നാട് ആണ്. അതിനാല്‍ തമിഴ് സംസ്ക്കാരം കടംകൊണ്ടിട്ടുല്ലവരാന് ഇവിടത്തെ ഗ്രാമവാസികള്‍. ഗ്രാമത്തില്‍ ഒരിടത്ത് ഞങ്ങള്‍ വണ്ടി നിര്‍ത്തിയശേഷം നടക്കുവാന്‍ തുടങ്ങി.കേരളത്തിനെയും തമിഴ്നാടിനെയും വേര്‍തിരിക്കുന്ന ഒരു പാറയും അതിലൂടെ ഒഴുകുന്ന ഒരു കൊച്ചരുവിയും… എന്താല്ലേ? രണ്ടു സംസ്ഥാനങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്നത് ഒരു കൊച്ചരുവിയാണ് ഇവിടെ. അതും നമ്മുടെ കാനകളുടെ അത്രയുമുള്ള ഒരു അരുവി. അതിമനോഹരമായ ഡിസൈനുകള്‍ ആയിരുന്നു അതിര്‍ത്തിയിലെ ആ പാറയില്‍. കാലാകാലങ്ങളായി വെള്ളം ഒഴുകിയാണ് ഈ ഡിസൈനുകള്‍ ഉണ്ടായതെന്ന് സലീഷ് പറഞ്ഞു.

അതിര്‍ത്തിക്കാഴ്ചകള്‍ കണ്ടശേഷം ഞങ്ങള്‍ ആദിവാസി മൂപ്പനെ കാണുവാനായി അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് യാത്രയായി. മൂപ്പന്റെ വീട്ടില്‍ ധാരാളം വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ മൂപ്പന്‍ സ്ഥലത്തുണ്ടായിരുന്നില്ല. പുള്ളി രാത്രിയോടെയേ സ്ഥലത്തെത്തൂ എന്നു അറിയുവാന്‍ കഴിഞ്ഞു. അത്രയും സമയം ഞങ്ങള്‍ക്ക് അവിടെ നില്‍ക്കുവാന്‍ സമയമില്ലാത്തതിനാല്‍ മൂപ്പനുമായുള്ള കൂടിക്കാഴ്ച പിന്നീട് ആകാമെന്ന് തീരുമാനിച്ചുകൊണ്ട് ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി. നടക്കുന്നതിനിടെ ആ കാട്ടുവഴിയിലൂടെ ഒരു കുട്ടി കെഎസ്ആര്‍ടിസി ബസ് അവിടെ എത്തിച്ചേര്‍ന്നു. വരുന്ന വഴി വഴിയില്‍ ആനയെ കണ്ടിരുന്നു എന്നു ബസ് ജീവനക്കാര്‍ ഞങ്ങളോട് പറഞ്ഞു. പോകുന്ന വഴിയില്‍ ആനയെ കാണാമെന്ന മോഹത്തോടെ (പേടിയോടെ) ഞങ്ങള്‍ തിരികെ റിസോര്‍ട്ടിലേക്ക് യാത്രയായി. തിരികെ വരുന്നതിനിടെ മേയാന്‍ വിട്ട ആട്, പശു എന്നീ മൃഗങ്ങളെയും കൊണ്ട് ആളുകള്‍ വീടുകളിലേക്ക് പോകുന്ന കാഴ്ച കാണുവാനായി.

കിടിലന്‍ ഒരു യാത്ര സമ്മാനിച്ച സലീഷിനോട് ഞങ്ങള്‍ നന്ദി പറഞ്ഞു.

15 ഏക്കറിൽ കൃത്രിമ വനം നിർമ്മിച്ച് ഉണ്ടാക്കിയെടുത്ത എസ് ആർ ജങ്കിൾ റിസോർട്ടില്‍ താമസിച്ചുകൊണ്ട് നിങ്ങള്‍ക്ക് ഈ കാഴ്ചകൾ കാണാം. കോയമ്പത്തൂരിൽ നിന്നും 28 കി.മി മാറി കേരളാ തമിഴ്‌നാട് ബോർഡറായ ആനക്കട്ടി എന്ന സ്ഥലത്താണ് ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. 5000 രൂപ മുതൽ മുറികളും ആയിരം രൂപ മുതൽ ഡോർമിറ്ററി സൗകര്യവും ലഭ്യമാണ്. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക: 09698050555, 9659850555.