അതി ഗംഭീരമായ മസിനഗുഡി- ഊട്ടി- മുള്ളി യാത്രയ്‌ക്കൊടുവിൽ ഞങ്ങൾ കേരളം – തമിഴ്‌നാട് അതിർത്തിപ്രദേശമായ ആനക്കട്ടിയിൽ എത്തിച്ചേർന്നു. അവിടെ ഒരു കിടിലൻ ജംഗിൾ റിസോർട്ടിനെക്കുറിച്ച് മുൻപ് കേട്ടിരുന്നു. എന്നാൽപ്പിന്നെ ഇത്തവണ അവിടെയൊന്നു താമസിച്ചിട്ടു തന്നെ കാര്യമെന്ന് ഞാനും വിചാരിച്ചു. 15 ഏക്കറിൽ കൃത്രിമ വനം നിർമ്മിച്ച് ഉണ്ടാക്കിയെടുത്ത എസ് ആർ ജങ്കിൾ റിസോർട്ടിന്റെ കാര്യമാണ് ഞാൻ ഈ പറഞ്ഞു വരുന്നത്. കോയമ്പത്തൂരിൽ നിന്നും 28 കി.മി മാറി കേരളാ തമിഴ്‌നാട് ബോർഡറായ ആനക്കട്ടി എന്ന സ്ഥലത്താണ് ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഒരു റിസോർട്ട് മാത്രമല്ല ഒരു പഞ്ചായത്ത് തന്നെയാണെന്ന് ഇവിടെ വന്നു നേരിട്ട് കണ്ടാൽ നമുക്ക് തോന്നിപ്പോകും.
ബാച്ചിലേഴ്‌സിനും ഫാമിലിയ്ക്കും പ്രത്യേകം ഏരിയകൾ ഉണ്ടെന്നുള്ളതാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. വില്ല മോഡലിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. രണ്ടു സ്വിമ്മിങ് പൂളുകളും താമസക്കാർക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ റിസോർട്ട് മുഴുവനായും ഓടിനടന്നു കാണുവാനായി ഏകദേശം രണ്ടുമണിക്കൂറോളം സമയം വേണ്ടി വരും. റിസോർട്ടിനു ചുറ്റും കൊടുംകാടാണ്. റിസോർട്ടിൽ എത്തിയപ്പോൾ ഞാനും സുഹൃത്ത് ആന്റണിയും ശരിക്കും ഞെട്ടിപ്പോയി. ഒരിക്കലും ഞങ്ങൾ ഇങ്ങനെയൊന്നു പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. കിടിലൻ എന്ന് പറഞ്ഞാൽ മാത്രം പോരാ… ശരിക്കും തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിലൂടെ നടക്കുന്ന ഓർ ഫീൽ ആണ് റിസോർട്ടിനുള്ളിലൂടെ നടക്കുമ്പോൾ നമുക്ക് അനുഭവപ്പെടുന്നത്.
അങ്ങനെ ഞങ്ങൾ റിസപ്‌ഷനിലേക്ക് ചെന്നു. ചെക്ക് ഇൻ നടപടിക്രമങ്ങൾക്കു ശേഷം റിസപ്‌ഷനിൽ ഇരുന്ന ജീവനക്കാരൻ ഞങ്ങൾക്ക് ഒരു സ്ലിപ്പ് നൽകി. ഭക്ഷണത്തിനായുള്ള കൂപ്പണുകൾ ആയിരുന്നു അത്. അവിടത്തെ എല്ലാ ആക്ടിവിറ്റികളും കോ ഓർഡിനേറ്റ് ചെയ്യുന്നത് സലീഷ് എന്ന മലയാളിയായ ജീവനക്കാരനാണ്. അദ്ദേഹത്തെ ഞങ്ങൾ പരിചയപ്പെട്ടു. അടുത്ത മൂന്നു ദിവസം ഞങ്ങൾ അവിടെ താമസിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. വൈകീട്ട് 7.30 നു സ്റ്റേജ് ആക്ടിവിറ്റികൾ എന്നൊരു സംഭവം ഉണ്ടെന്നു സലീഷ് പറഞ്ഞു അറിയുവാൻ സാധിച്ചു. പാട്ടും ഡാൻസും പിന്നെ എല്ലാ റൂമുകളിലെയും ഗസ്റ്റുകൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള ചാൻസും ഉണ്ടത്രേ. ഇവിടത്തെ ജീവനക്കാരിൽ സലീഷും പിന്നെ സുരേഷ് എന്നൊരാളും മാത്രമേ മലയാളികളായിട്ടുള്ളൂ.
ഞങ്ങൾക്ക് താമസിക്കുവാനുള്ള ‘ഹണി ഡ്രോപ്‌സ്’ എന്നു പേരുള്ള കോട്ടേജിൽ എത്തിച്ചേർന്നു. നല്ല വലിയ കോട്ടേജ് തന്നെയായിരുന്നു അത്. വരാന്തയിൽ രണ്ടു നെയ്ത്തു കട്ടിലുകൾ ഇട്ടിരിക്കുന്നു. പഞ്ചാബി ധാബയിലോക്കെ കാണുന്ന പോലത്തെ കട്ടിൽ ഇല്ലേ.. അതുതന്നെ സാധനം. കോട്ടേജിനകത്ത് എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരുന്നു. ജംഗിൾ വ്യൂ സാധ്യമായ കോട്ടജായിരുന്നു ഞങ്ങളുടേത്. അവിടെ വരാന്തയിൽ ഇരുന്നാൽ മാനുകൾ, പന്നികൾ, കാട്ടുപോത്തുകൾ, ആന മുതലായ മൃഗങ്ങളെ കാണുവാൻ സാധിക്കും. കൂടുതലും രാത്രിയിലും അതിരാവിലെയുമായിരിക്കും ഇവരുടെ ആഗമനം. ഞങ്ങളെ റൂമിൽ ആക്കിയിട്ടു സലീഷ് പോയി.
ഇവിടെ വരുന്നവർ ഒരു ദിവസം മാത്രം താമസിച്ചാൽ ഒന്നും മുഴുവനായി കാണുവാൻ സാധിക്കില്ല. രണ്ടോ മൂന്നോ ദിവസം താമസിച്ചു ഉല്ലസിച്ചിട്ടു വേണം പോകുവാൻ. കുറച്ചു സമയം വിശ്രമിച്ചിട്ടു ഞങ്ങൾ റൊസോർട്ടിലെ കാഴ്ചകൾ കാണുവാനായി ഇറങ്ങി. റിസോർട്ടിന്റെ മുൻ ഭാഗത്തുതന്നെയായി ഒരു കോൺഫറൻസ് ഹാൾ ഉണ്ട്. അതിനടുത്തായി ഇൻഡോർ ഗെയിമുകൾക്കായുള്ള ഒരു ഹാളും സജ്ജീകരിച്ചിട്ടുണ്ട്. റിസപ്‌ഷനു മുന്നിൽത്തന്നെ കോപ്പർ എന്നു പേരുള്ള ഒരു റെസ്റ്റോറന്റ് ഉണ്ട്. വെജ് ഭക്ഷണങ്ങൾ മാത്രം ലഭിക്കുന്ന റെസ്റ്റോറന്റ് ആയിരുന്നു അത്. അതിനടുത്തായി കോഫീ കുടിൽ എന്ന് പേരുള്ള ഒരു ചായക്കട സെറ്റപ്പും ഉണ്ട്. ഇവിടെ ചായയും കാപ്പിയുമൊക്കെ ലഭിക്കും. അവിടത്തെ മരംകൊണ്ടുള്ള വാഷ് ബേസിനൊക്കെ കാണാൻ വല്ലാത്ത പുതുമയായിരുന്നു.
അതിഭയങ്കരമായ കാടിന്റെയടുത്തയതിനാൽ ഇവിടെ വരുന്ന ഗസ്റ്റുകൾക്ക് നല്ല പ്രൈവസി ലഭിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പിന്നെ പ്രധാനപ്പെട്ട ഒരു കാര്യം എന്തെന്നാൽ വലിയ ഗ്രൂപ്പുകളായി വരുന്നവർക്ക് കിടിലൻ ഡോർമിറ്ററികൾ ഇവിടെയുണ്ട് എന്നതാണ്. ‘ഹണ്ടിംഗ് ടൈഗർ’ എന്നു പേരുള്ള ഒരു ഡോര്മിറ്ററിയിൽ 31 പേർക്ക് താമസിക്കുവാനുള്ള സൗകര്യങ്ങളുണ്ട്. എസിയും, ഫാനും നല്ല കിടിലൻ ബെഡുകളും ഒക്കെയായി അതിമനോഹരമാണ് ഇത്. ഒരാൾക്ക് ആയിരം രൂപയാണ് ഈ ഡോർമിറ്ററിയുടെ ചാർജ്ജ്. മിനിമം 25 പേരുള്ള ഒരു ഗ്രൂപ്പാണെങ്കിൽ മാത്രമേ ഡോർമിറ്ററി സൗകര്യം ലഭിക്കുകയുള്ളൂ. ഡോർമിറ്ററിയിലെ താമസവും ഭക്ഷണവും ആക്ടിവിറ്റികളും ഒപ്പം വേണമെങ്കിൽ ഒരാൾക്ക് 2500 രൂപയുടെ പാക്കേജ് എടുത്താൽ മതിയാകും. ഗ്രൂപ്പായി വരുന്നവർക്ക് വളരെ ലാഭകരമാണ് ഇത്. 31 ബെഡുകൾക്കായി മാത്രം ഇവിടെ 6 കുളിമുറികളും 6 ടോയ്‌ലറ്റുകളും ഉണ്ട്. ഫാമിലിയ്ക്കും കോർപ്പറേറ്റ് ട്രിപ്പുകാർക്കും വളരെ അനുയോജ്യമാണ് ഈ ഡോർമിറ്ററി.
12 ആളുകൾക്ക് താമസിക്കുവാനായി ‘ബാഡ് മങ്കി’ എന്നു പേരുള്ള മറ്റൊരു ചെറിയ ഡോർമിറ്ററി കൂടിയുണ്ട് ഇവിടെ. 12000 രൂപയാണ് ഇതിന്റെ വാടക. ചെറിയ ഗ്രൂപ്പുകളായി വരുന്നവർക്ക് ഈ ഡോർമിറ്ററി തിരഞ്ഞെടുക്കാവുന്നതാണ്. ഇവിടെയും ഒരാൾക്ക് 2500 രൂപയുടെ പാക്കേജ് എടുക്കാവുന്നതാണ്. അതുതന്നെയായിരിക്കും ലാഭവും.
അതുപോലെ തന്നെ കിംഗ് ഓഫ് ജംഗിൾ എന്ന് പേരുള്ള സ്യൂട്ട് റൂമുകളുടെ ഒരു ബിൽഡിംഗും അവിടെയുണ്ട്. ബാച്ചിലേഴ്സിനു പറ്റിയ ഇടമാണ് ഇത്. രണ്ടുപേർക്ക് ഒരു റൂം എന്ന രീതിയിലായിരിക്കും ഇവിടെ താമസം. ഇതിനടുത്തായി ‘തണ്ണികുടിൽ’ എന്ന പേരിൽ ബാച്ചിലേഴ്സിനു മദ്യപിക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തൊട്ടടുത്തായി സ്വിമ്മിങ് പൂളും ഉണ്ട്. ഒരു ഓളം ലഭിക്കുവാനായി വേണമെങ്കിൽ റിസോർട്ടുകാർ നല്ല കിടിലൻ പാട്ടുകളും വെച്ചുതരും. പക്ഷെ പാട്ടും മദ്യവും കൂത്തുമൊക്കെ കരയിൽ മാത്രം. സ്വിമ്മിങ് പൂളിൽ കിടന്നു മദ്യപിക്കാനോ ഭക്ഷണം കഴിക്കാനോ അനുവദിക്കുന്നതായിരിക്കില്ല. അതുപോലെ തന്നെ ഈ ഏരിയയിൽ താമസിക്കുന്നവർക്ക് ഫാമിലി പൂളിൽ ഇറങ്ങുവാൻ അനുവാദമില്ല. ബാച്ചിലേഴ്‌സിനു മാത്രമായി ഒരു ഏരിയ തന്നെ ഒരിക്കിയിരിക്കുന്നതിനാൽ ഫാമിലി പൂളിൽ പോകേണ്ട ആവശ്യവും ഇല്ലല്ലോ.
രണ്ടോ മൂന്നോ ഫാമിലിയായി വരുന്നവർക്ക് പ്രത്യേകം ഒറ്റപ്പെട്ടു കിട്ടുന്ന വില്ലകളും ഇവിടെ ലഭ്യമാണ്. മൂന്നു കുടുംബങ്ങൾക്ക് വരെ ഇത്തരത്തിലുള്ള വില്ലകളിൽ താമസിക്കാവുന്നതാണ്. അതുപോലെതന്നെ ഹണിമൂൺ ആഘോഷിക്കുവാനായി വരുന്ന ദമ്പതികൾക്കായി പ്രത്യേകം ഹണിമൂൺ സ്യൂട്ടുകൾ ഇവിടെയുണ്ട്. ചുറ്റിനും മലകളും കിടിലൻ കാഴ്ചകളും ഒക്കെയായി പ്രണയാതുരമായ ഒരു മൂഡ് ആയിരിക്കും നിങ്ങൾക്ക് ഈ ഏരിയയിൽ വന്നാൽ തോന്നുന്നത്. ഹണിമൂൺ സ്യൂട്ടിനു താഴെയായിട്ടു ഒരു സ്വിമ്മിങ് പൂള് ഉണ്ട്. ഇതാണ് ഫാമിലി പൂൾ. കുടുംബമായി താമസിക്കുവാൻ വരുന്നവർക്ക് അനുയോജ്യമായ ഏരിയയാണ് ഇത്. അങ്ങനെ റിസോർട്ട് ഒന്ന് ചുറ്റിക്കണ്ടപ്പോൾ നാലു മണിക്കൂർ കടന്നുപോയത് അറിഞ്ഞതേയില്ല. നടന്നുനടന്ന് ഞങ്ങൾ ക്ഷീണിച്ചിരുന്നതിനാൽ വീണ്ടും കോട്ടേജിലേക്ക് നീങ്ങി. റിസോർട്ട് കാഴ്ചകൾ ഇനി കാണുവാൻ ഇരിക്കുന്നതേയുള്ളൂ. ഏതായാലും ഇപ്പോൾ ഞങ്ങൾ ഒന്നു വിശ്രമിക്കട്ടെ.. ബാക്കി വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ കാണാം…
5000 രൂപ മുതൽ മുറികളും ആയിരം രൂപ മുതൽ ഡോർമിറ്ററി സൗകര്യവും ലഭ്യമായ ഈ റിസോട്ടിലെ ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക: 8973950555.