വയനാട്ടിലെ കാണാകാഴ്ചകൾ കണ്ടുകൊണ്ടൊരു ദിവസം…

പൂപ്പൊലിയൊക്കെ കണ്ടുകഴിഞ്ഞ ശേഷം ഞങ്ങള്‍ വീണ്ടും കല്‍പ്പറ്റയിലേക്ക് യാത്രയായി. ഉച്ചയ്ക്ക് ബിരിയാണിയായിരുന്നു കഴിച്ചത്. വിലക്കുറവില്‍ നല്ലൊരു അടിപൊളി ഫുഡ്. വയര്‍ നിറച്ച് ക്ഷീണമൊക്കെ മാറ്റിയശേഷം വയനാടന്‍ കാഴ്ചകളൊക്കെ കാണുവാനായി ഞങ്ങള്‍ പുറപ്പെട്ടു. ഹൈനാസ് ഇക്കയുടെ താര്‍ ജീപ്പിലായിരുന്നു യാത്ര. പിണങ്ങോട് എന്ന സ്ഥലത്തു നിന്നും കുറച്ചു മാറിയുള്ള തേയിലത്തോട്ടങ്ങളിലേക്കായിരുന്നു ആദ്യം പോയത്.

വയനാടിന്‍റെ ആരും കാണാത്ത ചില ഭാവങ്ങള്‍ ആസ്വദിക്കുകയായിരുന്നു ഞങ്ങള്‍ അവിടെ. ചെറിയൊരു ഓഫ് റോഡ്‌ ആയിരുന്നു അവിടെക്കുള്ള വഴി. തേയിലത്തോട്ടങ്ങള്‍ക്കു സമീപത്തായി ഒരു ചെറിയ പുഴ ഒഴുകുന്നുണ്ടായിരുന്നു. ആ പുഴയ്ക്കു കുറുകെ ഒരു തൂക്കുപാലവും. തൂക്കുപാലം എന്നു പറഞ്ഞാല്‍ പണ്ടെങ്ങോ ബ്രിട്ടീഷുകാര്‍ പണിതതാണ്. ഒത്തനടുക്ക് ഈ പാലത്തിനു കൈവരികള്‍ ഇല്ലെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം. ശരിക്കും ഒന്നു പേടിച്ചുപോകും. ഇവിടെ വൈകുന്നേരം സമയങ്ങളില്‍ വരികയാണെങ്കില്‍ നന്നായി ആസ്വദിക്കുവാന്‍ സാധിക്കും.

അവിടമൊക്കെ ചുറ്റിയടിച്ച് ഞങ്ങള്‍ തിരിച്ച് പിണങ്ങോട്ടേക്ക് യാത്ര തിരിച്ചു. അവിടെ ഒരു ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് നടക്കുന്നുണ്ടായിരുന്നു. മലബാറിന്‍റെ തനതു കായികരൂപമാണല്ലോ ഫുട്ബോള്‍. അതുകൊണ്ട് നാട്ടുകാരും കുട്ടികളും ഒക്കെ നല്ല ആവേശത്തില്‍ ആയിരുന്നു. കുറച്ചുസമയം കളിയൊക്കെ കണ്ട ശേഷം ഞങ്ങള്‍ വില്ലയിലേക്ക് തിരികെ യാത്രയായി.

വില്ലയില്‍ തിരിച്ചെത്തിയപ്പോള്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍ അസ്തമിക്കുവാന്‍ തയ്യാറെടുക്കുകയായിരുന്നു. വില്ലയുടെ മുന്നില്‍ നിന്നും നന്നായി അസ്തമയം ആസ്വദിക്കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. അങ്ങനെ ഇരുട്ട് പരക്കുകയാണ്. ഇനിയൊന്നു മേല്‍കഴുകി ഫ്രെഷാകണം. രാത്രിയോടെ ഹൈനസ് ഇക്കയും ടീമും വരാമെന്ന് പറഞ്ഞിട്ടുള്ളതാണ്. രാത്രി ചെറിയൊരു ഡിജെ പാര്‍ട്ടിയും ക്യാമ്പ് ഫയറും പിന്നെ ഗ്രില്‍ഡ്‌ ചിക്കനും ഒക്കെ പ്ലാന്‍ ചെയ്തിട്ടുള്ളതാണ്‌. കഥപറഞ്ഞു അധികം പൊലിപ്പിക്കാന്‍ ലേശം ബുദ്ധിമുട്ടുള്ളതിനാല്‍ അതെല്ലാം നിങ്ങള്‍ വീഡിയോയില്‍ കണ്ട് ആസ്വദിക്കുക.

അബാഫ്റ്റ് വില്ല ബുക്ക് ചെയ്യാനായി വിളിക്കാം: 9072299665.