ബസ് ജീവനക്കാരുടെ കഷ്ടപ്പാടുകൾ ഒട്ടുമിക്കയാളുകൾക്കും അറിയാവുന്നതാണ്. പല സ്വഭാവത്തിലുള്ള ആളുകളെയാണ് ദിവസേന ഇവർക്ക് കണ്ടുമുട്ടേണ്ടി വരുന്നത്. അത്തരത്തിലുള്ളവരെയെല്ലാം ഇവർക്ക് മെരുക്കേണ്ടിയും വരാറുണ്ട്. ചില സമയങ്ങളിൽ ജീവനക്കാർക്ക് യാത്രക്കാരിൽ നിന്നുള്ള മോശം പെരുമാറ്റങ്ങൾക്ക് അനുഭവസ്ഥരാകേണ്ടി വരുന്ന അവസ്ഥയുണ്ടാകാറുണ്ട്. സീറ്റ് മാറി ഇരിക്കുക, ലേഡീസ് സീറ്റിൽ ഇരിക്കുക, ടിക്കറ്റ് എടുക്കുവാൻ മടി കാണിക്കുക, മദ്യപിച്ചു ബഹളമുണ്ടാക്കുക തുടങ്ങിയ കലാപരിപാടികളൊക്കെ ചില യാത്രക്കാർ പുറത്തെടുക്കുമ്പോൾ ക്ഷമ നശിക്കുന്ന ജീവനക്കാരും തിരികെ പ്രതികരിക്കും. ജീവനക്കാർ ഇത്തരത്തിൽ പ്രതികരിക്കുമ്പോൾ തെറ്റു ചെയ്തയാളായ പ്രസ്തുത യാത്രക്കാരനു ജീവനക്കാരോട് ദേഷ്യം തോന്നുക സ്വാഭാവികം.
കെഎസ്ആർടിസി ജീവനക്കാരോടുള്ള ദേഷ്യം തീർക്കുവാൻ ഇവർ ഉപയോഗിക്കുന്നത് സോഷ്യൽ മീഡിയയെയാണ്. തനിക്ക് യാത്രയിൽ നേരിട്ട ദൗർഭാഗ്യകരമായ ഒരനുഭവം എന്ന നിലയ്ക്ക് ആ ജീവനക്കാർക്കെതിരെ ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിൽ പോസ്റ്റ് ഇടുകയും ഇവരുടെ സുഹൃത്തുക്കൾ അത് ഷെയർ ചെയ്ത് വൈറലാക്കുകയും ചെയ്യും. എന്നാൽ മിക്കവാറും ഇത്തരം സംഭവങ്ങളുടെ യാഥാർഥ്യം ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ സജീവമായ ആനവണ്ടി പ്രേമികൾ തിരക്കുകയും യാത്രക്കാരൻ ഇട്ട പോസ്റ്റ് വ്യാജമാണെങ്കിൽ അതിനെതിരെ പ്രതികരിക്കുകയും ചെയ്യും. അത്തരത്തിൽ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് ഇനി പറയുവാൻ പോകുന്നത്. ഇത്തരത്തിലൊരു വ്യാജപോസ്റ്റ് കാരണം മറ്റുള്ളവരുടെ ആക്ഷേപങ്ങൾക്കും തെറിവിളികൾക്കും ഇരയായ ഒരു കെഎസ്ആർടിസി ജീവനക്കാരന്റെ കുറിപ്പ് ഇങ്ങനെ..
“പ്രിയ KSRTC സ്നേഹിതരെ, സുഹൃത്തുക്കളെ, ജീവനക്കാരെ, കഴിഞ്ഞ ദിവസം എനിക്കും എന്റെ സഹപ്രവര്‍ത്തകനും ഞങ്ങളുടെ ബാംഗ്ലൂര്‍ – തൃശ്ശൂർ ഡ്യൂട്ടിയില്‍ സംഭവിച്ച വളരെ വിഷമകരമായ അവസ്ഥയാണ് കുറിക്കുന്നത്. ഒരു ചെറുപ്പക്കാരനായ യാത്രക്കാരൻ ബാംഗ്ലൂര്‍ സാറ്റലെെറ്റില് നിന്ന് കയറുകയും അയാളുടെ സീറ്റ് ആയ സീറ്റ് നമ്പര്‍ 30 ല്‍ തന്റെ ബാഗ് വയ്ക്കുകയും തിരികെ എത്തി സീറ്റ് നമ്പര്‍ 2, അതായത് കണ്ടക്ടര്‍ സീറ്റിനടുത്ത സീറ്റില്‍ വന്നിരുന്നു സംസാരിക്കുകയും ചെയ്തു. അത്യാവശ്യം ഫോമിലായ അദ്ദേഹത്തിന്റെ സംസാരം അരോജകമായപ്പോള് എന്റെ സഹപ്രവര്‍ത്തകനായ കണ്ടക്ടര്‍ ഇന്ന് ബസ് ഫുള്‍ ആണ് താങ്കളുടെ സീറ്റില്‍ പോയിരിക്കുവാനും പറഞ്ഞു. പക്ഷെ ആ ബഹുമാന്യ യാത്രക്കാരന് മാറാന്‍ തയ്യാറായില്ല. അതെ സീറ്റില്‍ നിലയുറപ്പിച്ചു.
“അടുത്ത ബോര്‍ഡിങ്ങ് പോയന്റ് വരുമ്പോള്‍ സീറ്റ് നമ്പര്‍ 2 ൽ യാത്രക്കാരന് വരും. തിങ്കളുടെ സീറ്റില്‍ പോയ് ഇരിക്കുക” എന്ന് കണ്ടക്ടർ വീണ്ടും പറഞ്ഞു. പലതവണ പറഞ്ഞിട്ടും മാറാതിരുന്നപ്പോള്‍ ക്ഷമ നശിച്ച കണ്ടക്ടർക്ക് “നീ നിന്റെ സീറ്റില്‍ പോയി ഇരിയടാ” എന്ന് ദേഷ്യത്തോടെ പറയണ്ട അവസ്ഥ വന്നു. ഉടനെ ആക്രോശനായ് എഴുന്നേല്ക്കയും കണ്ടക്ടറുടെ അനുവാദം ഇല്ലാതെ മൊബെെലില്‍ അദ്ദേഹത്തിന്റെ ഫോട്ടൊ എടുക്കുകയും, “ഞാന്‍ വലിയ ആനവണ്ടിപ്രേമി ആണ്. കാണിച്ച് തരാം” എന്നും പറഞ്ഞ് പുറകിലേക്ക് പോകുകയും ചെയ്തു. മദ്യലഹരിയില്‍ ആവാം എന്ന് കരുതി ഞങ്ങള്‍ ആ വിഷയം വിട്ട് ഞങ്ങളുടെ ജോലി തുടര്‍ന്നു.
അതേവേളയില്‍ കണ്ടക്ടര്‍ സീറ്റില്‍ നിന്ന് മാറിയിരിക്ക് എന്ന് തെറി വിളിച്ച് ഓടിച്ചു എന്ന കുറിപ്പോടെ അയാള്‍ അത് Facebook ല്‍ പോസ്റ്റും ചെയ്തു. അത് വളരെ ചര്‍ച്ച ആവുകയും KSRTC ജീവനക്കാരെ തെറിവിളിക്കുന്ന രീതിയില്‍ പല കമന്റും പോസ്റ്റുകളും വരികയും ചെയ്തു. സത്യം അറിയാതെ ഒരു ലക്ഷത്തിലേറെ ആളുകള്‍ ഉള്ള ഈ ഗ്രൂപ്പില്‍ എന്നേയും എന്റെ സഹ പ്രവര്‍ത്തകനേയും തെറിവിളിച്ചു എന്ന് പറഞ്ഞ് അടച്ചാക്ഷേപിച്ച് പലരും കമന്റിട്ടു. നവ മാധ്യമങ്ങളിലൂടെ KSRTC യേയും ജീവനക്കാരായ ഞങ്ങളെയും അവഹേളിക്കയും അപകീര്‍ത്തിപെടുത്തുകയും ചെയ്തതിനാല്‍ സെെബര്‍ നിയമ പ്രകാരമുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്.”
കണ്ടില്ലേ? ഇതാണ് സംഭവം. ജീവനക്കാർക്ക് നൈസായി ഒരു പണികൊടുക്കാം എന്നു വിചാരിച്ചുകൊണ്ട് പൊടിപ്പും തൊങ്ങലും വെച്ച് ഒരു പോസ്റ്റ് ഇട്ട ആ യാത്രക്കാരൻ ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല ആനവണ്ടി പ്രേമികൾ ഈ സംഭവത്തിന്റെ യാഥാർഥ്യം കണ്ടെത്തി പൊളിച്ചടക്കുമെന്നും ജീവനക്കാർ നിയമനടപടികൾ എടുക്കുമെന്നും. എന്തായാലും കെഎസ്ആർടിസി ജീവനക്കാർക്കെതിരെ വ്യാജ ആരോപണവുമായി ഇനിയാരും ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ഇതുപോലെ വരില്ലെന്നാണ് പ്രതീക്ഷ.