കാട്ടിനുള്ളിലൂടെ സഞ്ചരിക്കുവാൻ എല്ലാവര്ക്കും ഇഷ്ടമാണല്ലോ അല്ലേ? മൃഗങ്ങളെ അടുത്തു കാണാം, ശുദ്ധമായ വായു ശ്വസിക്കാം അങ്ങനെ വനയാത്ര ഇഷ്ടപ്പെടുവാൻ കാരണങ്ങൾ ഏറെയാണ്. എന്നാൽപ്പിന്നെ കൊടുംകാട്ടിനുള്ളിലൂടെ കെഎസ്ആർടിസി ബസ്സിൽ ഒരു യാത്ര പോയാലോ? കേരളത്തിനുള്ളിൽ വന്യമൃഗങ്ങൾ നിറഞ്ഞ ഭീതിജനകമായ കൊടുംകാട്ടിനുള്ളിലൂടെയുള്ള കെഎസ്ആർടിസിയുടെ പ്രധാനപ്പെട്ട റൂട്ടുകൾ ഏതൊക്കെയെന്നു നമുക്ക് നോക്കാം.
മുത്തങ്ങ (വയനാട് ജില്ല) – വയനാട് ജില്ലയിലെ വയനാട് വന്യജീവി സങ്കേതത്തിലുള്ള ഒരു ഗ്രാമമാണ് മുത്തങ്ങ. സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ. മുത്തങ്ങ വന്യജീവികളുടെ സുരക്ഷിത മേഖലയായിട്ടാണ് കണക്കാക്കുന്നത്. കർണാടകത്തിലെ ബന്ദിപ്പൂർ, തമിഴ്‌നാട്ടിലെ മുതുമല എന്നീ കടുവസങ്കേതങ്ങൾ മുത്തങ്ങയോട് ചേർന്നുകിടക്കുന്നു. വിശാലമായ ഈ മേഖല കടുവയുടെയും പുലിയുടെയും അവയുടെ ഇരകളുടെയും സമ്പന്ന മേഖലയാണ്. സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും നൂറുകണക്കിന് സഞ്ചാരികളാണ് മുത്തങ്ങയുടെ വന്യ സൗന്ദര്യം ആസ്വദിക്കാനും മൃഗങ്ങളെ കാണാനുമായി എത്തുന്നത്.
മുത്തങ്ങയിൽ വിനോദസഞ്ചാരത്തിനായി താമസ സൗകര്യങ്ങളും മരങ്ങളിൽ ഏറുമാടങ്ങളും ഉണ്ട്. മുത്തങ്ങയ്ക്ക് അടുത്തുള്ള ചുണ്ട എന്ന ഗ്രാമവും വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. കാട്ടിൽ മലകയറ്റത്തിനു പോകുവാനുള്ള സൗകര്യം ഉണ്ട്. ബെംഗളൂരു, മൈസൂർ, ഗുണ്ടൽപെട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസിയുടെ ബസ് സർവ്വീസുകൾ ഇതുവഴി പോകുന്നുണ്ട്. രാത്രി 9.30 മുതൽ രാവിലെ 6 മണിവരെ ഇവിടെ വനപാത അടച്ചിടും. പിന്നീട് പ്രത്യേകം പാസ്സുള്ള കേരള – കർണാടക ആർടിസി ബസ്സുകൾ മാത്രമേ ഇതുവഴി പോകുകയുള്ളൂ. അതും വിരലിലെണ്ണാവുന്നവ മാത്രം. ഇതുവഴി പോകുന്ന ബസ്സുകളുടെ സമയവിവരങ്ങൾ അറിയുവാനായി www.aanavandi.com സന്ദർശിക്കുക.
തോൽപ്പെട്ടി കാടുകളും കടന്നു കുട്ടയിലേക്ക് (വയനാട് ജില്ല) : മൈസൂർ, ബെംഗളൂരു ഭാഗങ്ങളിലേക്ക് പോകുവാനുള്ള മറ്റൊരു റൂട്ടാണ് ഇത്. മുത്തങ്ങയിലെ പോലെ വാഹനങ്ങളുടെ തിരക്ക് ഇവിടെ താരതമ്യേന കുറവായിരിക്കും. ഇവിടെ രാത്രികാല യാത്രാ നിരോധനം നിലവിലില്ലാത്തതിനാൽ മുത്തങ്ങ – ബന്ദിപ്പൂർ വനപാത അടച്ചു കഴിഞ്ഞാൽ കേരള ആർടിസിയുടെ അടക്കം ചില ബസ് സർവ്വീസുകൾ ഇതുവഴിയായിരിക്കും കടന്നുപോകുന്നത്.
കുട്ട എന്നു പറയുന്നത് കേരള – കർണാടക അതിർത്തിയിലെ ഒരു ഗ്രാമമാണ്. തോൽപ്പെട്ടി വനത്തിലൂടെയുള്ള യാത്ര കഴിഞ്ഞു നമ്മൾ എത്തിച്ചേരുന്നത് കുട്ടയിലേക്ക് ആണ്. പകൽ സമയത്ത് മാനന്തവാടിയിൽ നിന്നും കുട്ടയിലേക്ക് ഇതുവഴി കെഎസ്ആർടിസി ബസ് സർവ്വീസുകൾ നടത്തുന്നുണ്ട്. ഇതുവഴി കടന്നുപോകുന്ന കെഎസ്ആർടിസി ബസ്സുകളുടെ വിശദവിവരങ്ങൾക്ക് – CLICK HERE.
ബാവലി റൂട്ട് (വയനാട് ജില്ല) : മാനന്തവാടി താലൂക്കിൽ തിരുനെല്ലി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ബാവലി. മാനന്തവാടിയിൽ നിന്നു പതിനാറ് കിലോമീറ്റർ അകലെയുളള ഈ ഗ്രാമം കേരള-കർണ്ണാടക അതിർത്തിയാണ്. മൂന്നു ഭാഗവും വനവും ഒരു ഭാഗം പുഴയുമാണ് അതിര്. ബാവലി പുഴയ്ക്ക് കുറുകെ കെട്ടിയിരിക്കുന്ന പാലം കടന്നാൽ കർണ്ണാടകയാണ്. അന്തര്‍ സംസ്‌ഥാന പാതയായ മാനന്തവാടി – ബാവലി – മൈസൂര്‍ റൂട്ടില്‍ രാത്രികാല യാത്രനിരോധനം നിലവിലുണ്ട്. വൈകീട്ട് ആറുമുതല്‍ രാവിലെ ആറുവരെയാണ് യാത്രാ നിരോധനം.
ബാവലി മുതല്‍ രാജിവ് ഗാന്ധി ദേശീയ ഉദ്യാനം ഉള്‍പ്പെടുന്ന 31 കിലോമീറ്റര്‍ ദൂരം വനപാതയിലൂടെയുള്ള വാഹന ഗതാഗതം വന്യജീവികളുടെ സ്വൈര്യവിഹാരത്തിന് തടസ്സമാകുമെന്ന കാരണത്താലാണ് യാത്രാനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി പകൽ പോയാലും വന്യമൃഗങ്ങളെ കാണാനാകും എന്നാണു അനുഭവസ്ഥർ പറയുന്നത്. കെഎസ്ആർടിസിയുടെ മാനന്തവാടി – ബൈരക്കുപ്പ, കൽപ്പറ്റ – മാനന്തവാടി – മൈസൂർ, തൊട്ടിൽപ്പാലം – ബെംഗളൂരു തുടങ്ങിയ ബസ് സർവ്വീസുകൾ ഇതുവഴിയാണ് കടന്നു പോകുന്നത്. വിശദവിവരങ്ങൾക്ക് – CLICK HERE.
ചാലക്കുടി – മലക്കപ്പാറ (തൃശ്ശൂർ ജില്ല) : തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ സ്ഥിതിചെയ്യുന്നതും അതിരപ്പള്ളി പഞ്ചായത്തിനു കീഴിലുള്ളതുമായ ഒരു ചെറുഗ്രാമമാണ് മലക്കപ്പാറ അഥവാ മാലാഖപ്പാറ (Malakkappara). കേരളം – തമിഴ്‌നാട് അതിർത്തി കൂടിയാണ് ഈ സ്ഥലം. ഏറെ ജനശ്രദ്ധ ആകർഷിച്ചിട്ടില്ലാത്ത ഒരു വിനോദസഞ്ചാരകേന്ദ്രമായ മലക്കപ്പാറയിലേയ്ക്ക് ചാലക്കുടിയിൽ നിന്ന് സംസ്ഥാന ഹൈവേ-21 ലൂടെ തുമ്പൂർമൂഴി, അതിരപ്പള്ളി, വാഴച്ചാൽ, ഷോലയാർ വഴി 86 കിലോമീറ്റർ ദൂരമുണ്ട്. വാഴച്ചാൽ കഴിഞ്ഞു കുറച്ചുകൂടി മുന്നോട്ടു പോയാൽ പിന്നെ ജനവാസകേന്ദ്രങ്ങൾ കഴിയും. പിന്നീട് പേടിപ്പെടുത്തുന്ന നിബിഡ വനത്തിലൂടെയായിരിക്കും യാത്ര. എല്ലായ്പ്പോഴും ആനയിറങ്ങുന്ന ഈ റൂട്ടിലൂടെ ചെറു വാഹനങ്ങളിൽ പോകുന്നത് വളരെ സൂക്ഷിച്ചു വേണമെന്ന് ഫോറസ്റ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകുന്നുണ്ട്.
അധികം വീതിയില്ലാത്ത വഴിയായതിനാൽ ഇവിടെ മൃഗങ്ങൾക്ക് പെട്ടെന്ന് റോഡിലേക്ക് ഇറങ്ങുവാൻ കഴിയും. യാത്രക്കാരാണെങ്കിൽ പെട്ടെന്ന് ഇത് ശ്രദ്ധിക്കുകയും ഇല്ല. ആനയെക്കൂടാതെ ഉപദ്രവകാരികളായ പുലികൾ ഇറങ്ങുന്ന ഏരിയയും കൂടിയാണിത്. ആയതിനാൽ ഇതുവഴി ബസ്സിൽ യാത്ര ചെയ്യുന്നതാണ് കൂടുതൽ സുരക്ഷിതം. ചാലക്കുടിയിൽ നിന്നും മലക്കപ്പാറ വരെ രാവിലെയും വൈകീട്ടും കെഎസ്ആർടിസിയുടെ ബസ് സർവ്വീസ് ലഭ്യമാണ്. ഇതിൽ വൈകീട്ട് പോകുന്ന ബസ് മലക്കപ്പാറയിൽ സ്റ്റേ ചെയ്യും. ബസ്സുകളുടെ സമയവിവരങ്ങൾ അറിയുവാനായി – CLICK HERE. കെഎസ്ആർടിസിയെ കൂടാതെ തോട്ടത്തിൽ (എയ്ഞ്ചൽ ഡോൺ) എന്ന രണ്ടു പ്രൈവറ്റ് ബസ്സുകളും ഇതുവഴി സർവ്വീസ് നടത്തുന്നുണ്ട്. കെഎസ്ആർടിസി മലക്കപ്പാറ വരേയുള്ളൂവെങ്കിൽ ഇവ വാൽപ്പാറ വരെയുണ്ട്. ചാലക്കുടി ബസ് സ്റ്റാൻഡിൽ നിന്നുമാണ് ഇവയും സർവ്വീസ് നടത്തുന്നത്. ഏതൊരു സഞ്ചാരിയും പോയിരിക്കേണ്ട റൂട്ടുകളിൽ ഒന്നാണിത്. ഈ റൂട്ടിലും രാത്രിയാത്രാ നിരോധനം നിലവിലുണ്ട്.
മൂന്നാർ – ഉടുമൽപേട്ട് (ഇടുക്കി ജില്ല) : മൂന്നാറിൽ നിന്നും ഉടുമൽപേട്ടിലേക്ക് യാത്ര ചെയ്തിട്ടുണ്ടോ? മറയൂർ, ചിന്നാർ വഴിയാണ് മനോഹരമായ ഈ യാത്ര. മറയൂർ കഴിഞ്ഞാൽ പിന്നെ കേരള – തമിഴ്‌നാട് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വനത്തിലൂടെയാണ് യാത്ര. കേരള ഭാഗത്ത് ഈ കാടിന് ചിന്നാർ എന്നും തമിഴ്‌നാട് ഭാഗത്ത് ഈ കാടിന് ആനമല (കടുവാ സംരക്ഷണ കേന്ദ്രം) എന്നുമാണ് പേര്. സാധാരണ കാടുകളിൽ നിന്നും വ്യത്യസ്തമായി മുള്‍വ്യക്ഷങ്ങള്‍ നിറഞ്ഞ കാടുകളാണ് ചിന്നാര്‍ സാങ്ച്വറിയുടെ പ്രത്യേകത. പശ്ചിമഘട്ടത്തിലെ മഴനിഴല്‍ പ്രദേശത്തുള്ള ചിന്നാറില്‍ വര്‍ഷത്തില്‍ രണ്ടു മാസം മാത്രമേ മഴ ലഭിക്കാറുളളൂ. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സ്ഥലമാണ് ഇത്.
മൂന്നാറില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ ദൂരെയാണ് ചിന്നാർ. പകൽ വന്യമൃഗങ്ങളെ പൊതുവെ വളരെ കുറവായിരിക്കും ഇതുവഴി കടന്നുപോകുമ്പോൾ കാണുക. എന്നാൽ രാത്രിയിൽ ആന, മ്ലാവ്, കാട്ടുപോത്ത് റോഡിൽ ഇറങ്ങി നടക്കുന്നതൊക്കെ കാണാം. വാഹനങ്ങൾ കുറവായ ഈ റൂട്ടിലൂടെ പോകുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു പേടി തോന്നുമെന്നുള്ളത് സത്യമാണ്. അവിടത്തെ അന്തരീക്ഷത്തിന്റെ പ്രത്യേകതയാണിത്. ഒറ്റയ്ക്ക് ടൂവീലറിൽ ഇതുവഴിയുള്ള യാത്ര കഴിവതും ഒഴിവാക്കുക. മൂന്നാറിൽ നിന്നും ഈ റൂട്ടിലൂടെ കെഎസ്ആർടിസിയുടെ ബസ് സർവ്വീസുകൾ നടത്തുന്നുണ്ട്. മൂന്നാർ – ഉദുമൽപെട്ട്, കൊട്ടാരക്കര – പഴനി തുടങ്ങിയ സർവീസുകളാണ് ഇതുവഴി കടന്നുപോകുന്നത്. ബസ്സുകളുടെ സമയവിവരങ്ങൾ അറിയുവാനായി CLICK HERE.
പത്തനംതിട്ട – ഗവി – കുമളി (പത്തനംതിട്ട ജില്ല) : ഓർഡിനറി എന്ന സിനിമ കാരണം പ്രശസ്തമായ ഒരു കെഎസ്ആർടിസി റൂട്ടാണ് ഗവി. പത്തനംതിട്ടയിൽ നിന്നും കുമളിയിൽ നിന്നും ഇതുവഴി രണ്ടു ബസ്സുകൾ ദിവസേന മൊത്തം നാല് ട്രിപ്പുകൾ നടത്തുന്നുണ്ട്. ഇതിൽ അതിരാവിലെയുള്ള ട്രിപ്പ് ആയിരിക്കും സഞ്ചാരികളെ കൂടുതലും ആകർഷിക്കുന്നത്. ഗവിയുടെ പച്ചപ്പും തണുപ്പും തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. വെളിച്ചം മരങ്ങളെ കീറിമുറിച്ചു കാടിനുള്ളിലെക്ക് വരാൻ കൊതിക്കുന്ന കോട പെയ്യുന്ന ഗവി കാട്ടിലെ കട്ട ഓഫ്‌റോഡ് ഡ്രൈവ് ഒക്കെ ആണ് കെ.എസ്.ആർ.ടി.സി നമുക്ക് തരുന്നത്.
വന്യത ആസ്വദിച്ചുകൊണ്ട് കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് നവ്യാനുഭവമായിരിക്കും നൽകുക. പശ്ചിമ ഘട്ടത്തിലെ പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ ഇവിടേക്ക് സ്വകാര്യവാഹനങ്ങൾ ഒരു പരിധിയിൽ കഴിഞ്ഞു കടത്തിവിടുന്നതല്ല. അതുകൊണ്ടുതന്നെ കെ.എസ്.ആർ.ടി.സി സർവ്വീസിനാണ് ഈ റൂട്ടിൽ പ്രാമുഖ്യം. മിക്കവാറും ഇതുവഴിയുള്ള യാത്രയ്ക്കിടെ ആനയെ കാണുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ചില സമയങ്ങളിൽ മരമോ മറ്റോ വീണ് വഴി അടഞ്ഞുപോകുന്ന സാഹചര്യങ്ങൾ വന്നാൽ അവ തരണം ചെയ്യുന്നതിനായി കെഎസ്ആർടിസി ജീവനക്കാരുടെ കയ്യിൽ വെട്ടുകത്തിയും മറ്റ് ആയുധങ്ങളും ഒക്കെയുണ്ടായിരിക്കും. ഗവി വഴി കടന്നുപോകുന്ന ബസ് സമയങ്ങൾ അറിയുവാൻ – CLICK HERE.
എന്താ ഈ റൂട്ടുകളിലൂടെ കെഎസ്ആർടിസി ബസ്സിൽ ഒരു യാത്ര പോകണം എന്ന് തോന്നുന്നുണ്ടോ? എങ്കിൽ ഇനി ഒട്ടും താമസിക്കേണ്ട ബാഗും പാക്ക് ചെയ്ത് നേരെ വിട്ടോളൂ. സമയവിവരങ്ങൾക്ക് www.aanavandi.com നിങ്ങളുടെ വിരൽത്തുമ്പിൽ തന്നെയുണ്ട്.
ചിത്രങ്ങൾക്ക് കടപ്പാട് – ആൽബിൻ പാലക്കാട് (മുത്തങ്ങ ചിത്രം),റിയാസ് റഷീദ് (മലക്കപ്പാറ ചിത്രം), ജസ്റ്റിൻ ജോസ് (കവർ ചിത്രം).
2 comments
kannur/payannur — iritti– virajpet — mysuru– bangalore root vanathiloode alle pokunne….??…Ath ivde paramarsichilla??
കണ്ണൂർ/പയ്യന്നൂർ – ഇരിട്ടി – വിരാജ് പേട്ട -മൈസൂർ-ബാംഗ്ലൂർ റൂട്ട് വനത്തിലൂടെയല്ലേ പോകുന്നത് ????