എഴുത്ത് – Shafeek Subaida Hakkim.
ഏറെ നാളുകളായി എഴുണമെന്ന് കരുതിയതാണ് നമ്മട സര്‍ക്കാര്‍ ബസ് സര്‍വ്വീസിനെ കുറിച്ച്. കല്ലട പോലുള്ള വമ്പന്‍ ഗുണ്ടാ പ്രൈവറ്റുകാരുടെ തോന്ന്യാസം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുകയാണല്ലോ. കെ.എസ്.ആര്‍.ടി.സി എന്ന നമ്മുടെ സര്‍ക്കാര്‍ പൊതുഗതാഗത സംരംഭത്തിന് നിരവധിയായ പരിമിതികള്‍ നമ്മളെല്ലാവരും മനസ്സിലാക്കുന്ന കാര്യമാണ്. എന്നാല്‍ ആനവണ്ടി എന്ന് സ്‌നേഹപൂര്‍വ്വം നമ്മള്‍ വിളിക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ വില മനസ്സിലാകുന്നത് കോഴിക്കോടേക്ക് ജീവിതം മാറ്റി നട്ടതിന് ശേഷമാണ്. അന്നുമുതലിങ്ങോട്ടുള്ള ഓരോ ദിവസവും മലബാര്‍ മേഖലയില്‍ കെ.എസ്.ആര്‍.ടി.സി സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രമുഖമായെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്ന കാര്യങ്ങള്‍ ആണ് നടന്നു കൊണ്ടിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ട കാരണം സ്വകാര്യ ബസ് സര്‍വ്വീസുകളില്‍ പ്രധാനമായി കാണുന്ന അപകടകരമായ ചില സവിശേഷതകളാണ്.
ഒന്ന്, സ്വകാര്യ ബസ് സര്‍വ്വീസുകള്‍ അതില്‍ കയറുന്ന യാത്രക്കാരോടു പെരുമാറുന്നത് യാത്ര അവരുടെ ഔദാര്യം കൊണ്ട് സംഭവിക്കുന്ന ഒന്നാണ് എന്നാണ്. യാതൊരു മനുഷ്യത്വവും അവര്‍ പൊതുവില്‍ കാണിക്കാറില്ല. മാന്യമായി പെരുമാറാന്‍ പോലും അവര്‍ക്ക് അറിയില്ല എന്നതാണ് നേര്. കോഴിക്കോടുള്ള ഒരു സ്ഥിര അനുഭവം പറയാം. കണ്ണൂരേക്കുള്ള എല്‍.എസ് ബസ്സിലേയ്ക്ക് നിങ്ങളെയൊരിക്കലും ലിമിറ്റഡ് സ്റ്റോപ്പ് ആയ കൊയിലാണ്ടിയിലേയ്‌ക്കൊ അതുപോലുള്ള സ്ഥലത്തേക്കോ കയറാന്‍ അവര്‍ അനുവദിക്കാറില്ല. ബസ്സിന്റെ വാതിലുകള്‍ അടച്ചിട്ടിട്ട് ”എവിടേയ്ക്കാണ്” എന്ന് ചോദിച്ച് തലശ്ശേരി മുതലങ്ങോട്ടുള്ളവരെ മാത്രമേ കയറ്റുകയുള്ളു. അവര്‍ക്ക് സീറ്റുകള്‍ ഉറപ്പിച്ചിട്ട് ബാക്കിയുള്ള നിന്നുപോകാനുള്ള ഇടത്ത് ചിലപ്പോള്‍ വടകര വരെയുള്ളവരെ കയറ്റിയാലായി. അവരുടെ അവകാശവാദം അതിന് ഓര്‍ഡിനറി കൊയിലാണ്ടി ബസ്സുകളുണ്ടല്ലോ എന്നാണ്. നിരവധി സ്‌റ്റോപ്പുകളുള്ള ഓര്‍ഡിനറിയില്‍ കയറി കൊയിലാണ്ടിവരെ എത്തണം എന്നതാണ് സ്ഥിതി. ഇത് ആര് തീരുമാനിക്കും എന്നിടത്ത് ബസ് ജീവനക്കാര്‍ തീരുമാനിക്കും, അതും ഹുങ്കോടുകൂടി എന്ന് മനസിലാക്കാന്‍ സാധിക്കും. ഒന്നും ചോദിക്കാന്‍ സാധിക്കില്ല. സംഘടിതമായി കയ്യേറ്റം ചെയ്യും.
രണ്ട്. അമിതമായ ധൃതിയും അമിതമായ വേഗതയും. തൃശ്ശൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള ബസ്സുകളുടെ അവസ്ഥ ഇതാണ്. 5 മിനിറ്റില്‍ നിരവധി വാഹനങ്ങള്‍ക്കാണ് ഓരേ റൂട്ടിലേയ്ക്കുള്ള ലൈസന്‍സ്. അതുകാരണം തന്നെ അങ്ങേയറ്റത്തെ കോമ്പിറ്റീഷനാണ് ബസ്സുകള്‍ തമ്മില്‍. പരസ്പരം ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളും അലമ്പും സ്ഥിര സംഭവമാണ്. ഒരു സ്റ്റോപ്പില്‍ പോലും വൃത്തിക്ക് നിര്‍ത്തുകയോ ആളെ ഇറക്കുകയോ ചെയ്യില്ല. യാത്രക്കാര്‍ ഇറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ പുറകില്‍ പിടിച്ച് തള്ളി ഇറക്കുകയാണ് ഇവരുടെ സ്ഥിരം രീതി. അതിന്റെ പേരിലെത്ര വഴക്കിട്ടിരിക്കുന്നു. ഇങ്ങനെ ഇറക്കി വിടാനായി മാത്രം ഓരോ ബസ്സിലും രണ്ട് ജീവനക്കാര്‍ വാതിലുകളില്‍ ഉണ്ടായിരിക്കും. വേഗത നിയന്ത്രിക്കാനും ടിക്കറ്റ് നല്‍കാനും യാത്രക്കാരെ മെരുക്കാനുമായി ഡ്രൈവറടക്കം അഞ്ച് ജീവനക്കാര്‍ സ്വകാര്യ ബസ്സിലുണ്ടാകും.
മൂന്ന്. ഏറ്റവും മോശവും അപമാനവും തോന്നിയിട്ടുള്ളത് സ്വകാര്യ ബസ്സുകള്‍ വിദ്യാര്‍ത്ഥിസമൂഹത്തോട് കാണിക്കുന്ന ക്രൂരതയാണ്. സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ പാസുകള്‍ നിലവില്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അവരെ പലപ്പോഴും ബസ്സുകളില്‍ കയറ്റാറില്ല. പത്ത് വിദ്യാര്‍ത്ഥികള്‍ നില്‍ക്കുന്നുണ്ടെങ്കില്‍ എണ്ണിയെണ്ണി ഒരു മൂന്നുപേരെ ഒക്കെ കയറ്റിയിട്ട് ‘ബാക്കിയുള്ളവര്‍ പുറകില്‍ വരുന്ന ബസ്സില്‍ വന്നോളു” എന്ന് പറഞ്ഞ് ഇറക്കിവിടാറാണ് പതിവ്. ബസ്സില്‍ തന്നെ ആദ്യമേ കയറാന്‍ പാടില്ല. വരിവരിയായി ബസ്സിന്റെ വാതിലില്‍ ക്യൂ നില്‍ക്കണം. എല്ലാവരും കയറി കഴിഞ്ഞ് ഇടമുണ്ടെങ്കില്‍ നില്‍ക്കുന്ന ഇടത്തില്‍ അവരെ കയറ്റി നിര്‍ത്തും. പിന്നെ വാതില്‍ക്കല്‍ നില്‍ക്കുന്ന ക്ലീനേഴിസിന്റെ മുതല്‍ കണ്ടക്ടറുടെവരെ വായില്‍ ഇരിക്കുന്ന മുഴുവനും വിദ്യാര്‍ത്ഥികള്‍ കേള്‍ക്കണം.
നമ്മുടെ മക്കളാണ് അവരെന്ന ഒരു പരിഗണനയുമില്ലാതെ അങ്ങേയറ്റം നികൃഷ്ടമായ വാക്കുകള്‍ വെച്ചുള്ള ഭത്സനങ്ങളൊക്കെയും ആ മക്കള്‍ മിണ്ടാതെ നിന്ന് കേള്‍ക്കേണ്ടിവരും. ഒരിക്കല്‍ പോലും അവര്‍ക്ക് സീറ്റില്‍ ഇരിക്കാനുള്ള അവകാശമില്ല. നിന്നു തന്നെ യാത്ര ചെയ്യണം. അവര്‍ക്കുള്ള അവകാശങ്ങളൊന്നും തന്നെ വാഹനജീവനക്കാര്‍ പരിഗണിക്കുകയോ മാനിക്കുകയോ ഇല്ല. മനുഷ്യരായി പോലും പരിഗണിക്കാറില്ല. വിദ്യാര്‍ത്ഥി സംഘടനകള്‍ ഒട്ടുമുക്കാലും നിശബ്ദമാണ്. വല്ലപ്പോഴും അവര്‍ പ്രതികരിച്ചു എന്ന് വരുത്തിത്തീര്‍ത്താലായി. പലപ്പോഴും പെണ്‍കുട്ടികളോട് വാതില്‍ക്കല്‍ നില്‍ക്കുന്ന ജീവനക്കാരന്‍ അമാന്യമായി പെരുമാറുന്ന പരാതികളും ഉണ്ടാകാറുണ്ട്.
ഇങ്ങനെ എത്രയെത്ര കാരണങ്ങള്‍ ഉണ്ടെന്നോ.. ഇതൊക്കെ കണ്ടു തുടങ്ങിയപ്പോഴാണ് തെക്ക് കെ.എസ്.ആര്‍.ടി.സി സംവിധാനത്തില്‍ മാത്രം ജീവിതത്തില്‍ യാത്ര ചെയ്ത എനിക്ക് അതിന്റെ മഹത്വം മനസിലാകാന്‍ തുടങ്ങിയത്. ഒരിക്കല്‍ പോലും അത് നമ്മുടെ സ്വന്തമല്ലാത്തതായി തോന്നിയിട്ടേയില്ല. കോളേജില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമുള്ള (സ്റ്റുഡന്റ്‌സ് ഒന്‍ലി) ബസ്സിലായാലും അല്ലാത്തതിലായാലും സീറ്റില്‍ ഇരുന്നേ യാത്ര ചെയ്തിട്ടുള്ളു. കണ്‍സിഷന്‍ ടിക്കറ്റുണ്ടെങ്കില്‍ ഒരു ചോദ്യവും ആരില്‍ നിന്നും, മറ്റ് യാത്രക്കാരില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകില്ല. കണ്‍സിഷന്‍ ടിക്കറ്റ് പതിച്ച് തരുന്ന കണ്ടക്ടര്‍മാര്‍… പലപ്പോഴും സൗഹൃദത്തോടെയല്ലാതെ അവര്‍ പെരുമാറാറില്ല. ദുരനുഭവങ്ങള്‍ വളരെ കുറവാണ്. അപ്പോഴൊക്കെയും അവരോട് തര്‍ക്കിക്കാനൊക്കെ നമുക്ക് സാധിക്കും. നമ്മുടെ ഭാഗത്താണ് ന്യായമെങ്കില്‍ അവര്‍ മിണ്ടാതെ നിന്ന് കേള്‍ക്കുകയേ ഉള്ളു.
മരണപ്പാച്ചിലില്ല. വടക്കന്‍ ദേശങ്ങളില്‍ സ്വകാര്യ വാഹനങ്ങളുടെ അതിവേഗതയുമായി അവിടുത്തെ ജനങ്ങള്‍ താദാത്മ്യപ്പെട്ടെങ്കില്‍, അല്പം സ്പീഡ് കുറഞ്ഞാല്‍ അവര്‍ അസ്വസ്ഥരോ അനിഷ്ടം പ്രകടിപ്പിക്കുന്നവരോ ആയി മാറിയിട്ടുണ്ടെങ്കില്‍ തെക്ക് കെ.എസ്.ആര്‍.ടി.സിയുടെ സ്പീഡ് പരിമിതിയുമായി അവിടുത്തെ ജനങ്ങളും താദാത്മ്യപ്പെട്ടിട്ടുണ്ട്. അതിനനുസരിച്ച് അവര്‍ അവരുടെ ജീവിതം ചിട്ടപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്പീഡ് കുറവ് ഒരിക്കലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടില്ല എന്ന് മാത്രമല്ല ആരോഗ്യകരമായ യാത്രക്കും അത് ഗുണമായിട്ടുണ്ട്. എപ്പോഴെങ്കിലും അമിത സ്പീഡ് ആണെങ്കില്‍ യാത്രക്കാര്‍ തന്നെ പറഞ്ഞ് അത് കുറക്കാറുമുണ്ട്. അമിത സ്പീഡുമായി തെക്കുള്ളവര്‍ അത്രക്ക് പൊരുത്തപ്പെടാറില്ല എന്നതും ശ്രദ്ധേയമാണ്.
സര്‍ക്കാര്‍ വാഹനത്തില്‍ അമിതമായ സൗകര്യങ്ങളില്ലെങ്കിലും, പലപ്പോഴും പഴഞ്ചന്‍ ബസ്സുകളാണ് സര്‍വ്വീസ് നടത്തുന്നതെങ്കിലും സ്വകാര്യവാഹനത്തെ പോലെ അടുപ്പിച്ചടുപ്പിച്ച് സീറ്റുകള്‍ ക്രമപ്പെടുത്തിയിട്ടില്ല. മനുഷ്യന് നടുനിവര്‍ത്തി ഇരിക്കാന്‍ പാകത്തില്‍ അകലത്തിലാണ് സീറ്റുകള്‍ തമ്മിലുള്ള അകലം നല്‍കിയിട്ടുള്ളത്. ശാസ്ത്രീയമായാണ് ഇതിലെ, ഉള്ള സൗകര്യങ്ങളെങ്കിലും ചിട്ടപ്പെടുത്തിയിട്ടുള്ളത്. എപ്പോഴും യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കാനും സ്ത്രീ യാത്രക്കാരെ പരിഗണിക്കാനും അവര്‍ക്ക് റിസര്‍വ്വ് ചെയ്തിട്ടുള്ള സീറ്റുകള്‍ അവര്‍ക്ക് തന്നെ ഉറപ്പിക്കാനും ബസ് ജീവനക്കാര്‍ ശ്രദ്ധിക്കാറുമുണ്ട്.
മനുഷ്യത്വമുള്ള, സുരക്ഷിതത്വമുള്ള യാത്ര എപ്പോഴും അനുഭവിച്ചിരുന്നത് കെ.എസ്.ആര്‍.ടി.സിയില്‍ ആയിരുന്നു. ആ ഡിപ്പാര്‍ട്ട് മെന്റിനെ തകര്‍ത്തതില്‍ അതത് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പങ്കുണ്ട് എങ്കിലും അതിലെ ജീവനക്കാര്‍ക്ക് യാതൊരു പങ്കുമില്ല. ഉറക്കമില്ലാതെ അവര്‍ ജനങ്ങളെ സേവിക്കുന്നുണ്ട്, മറ്റേതൊരു സര്‍ക്കാര്‍ സംവിധാനത്തിലെ ജീവനക്കാരേക്കാളും എന്നാണ് തോന്നിയിട്ടുള്ളത്. മാത്രവുമല്ല, പബ്ലിക് അക്കൗണ്ടബിലിറ്റി അവര്‍ക്കുണ്ട്. തൊഴില്‍ ഒരു ചെറിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലും തെറിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് തന്നെ യാത്രക്കാരുമായി അവര്‍ അനാവശ്യമായി ഇടയാറില്ല. സ്‌റ്റോപ്പുകളിലേ അവര്‍ നിര്‍ത്താറുള്ളു. സ്റ്റോപ്പുകളില്‍ അവര്‍ നിര്‍ത്തിത്തരും, നമ്മള്‍ ഇറങ്ങുകയും കയറുകയും ചെയ്യുവോളം കാത്ത് നില്‍ക്കുകയും ചെയ്യും. ഒരാളെ ഉള്ളു യാത്രക്ക് എങ്കിലും പരിഭവമില്ല, ഏത് ഗ്രാമീണ മേഖലയിലേയ്ക്കും മടി കൂടാതെ യാത്ര ചെയ്യും.
ആലോചിക്കുമ്പോള്‍ നമ്മുടെ ആനവണ്ടിയോളം വരില്ല ഒരു സ്വകാര്യ ആഡംബര വാഹനവും. ഇപ്പോള്‍ സ്വകാര്യ വാഹനങ്ങളുടെ, വിശേഷിച്ചും ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ് സര്‍വ്വീസുകളുടെവരെ അപകടം പുറത്തുവന്ന /വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സി സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും കുറേക്കൂടി കാര്യക്ഷമമാകാനും ശ്രമിക്കണം എന്നാണ് ആഗ്രഹം. ഡിപ്പാര്‍ട്ടുമെന്റ് അവസരത്തിനൊത്ത് ഉയരണം. ബന്ധപ്പെട്ട മന്ത്രാലയം സര്‍വ്വീസുകള്‍ കൂട്ടാനും വടക്കന്‍ ജില്ലകളില്‍ കൂടി പ്രമുഖമായ ഇടം നേടിയെടുക്കാനുമുള്ള കാര്യമായ ഇടപെടലുകള്‍ നടത്തണം.
നമ്മുടെ, നമ്മള്‍ ജനങ്ങളുടെ സ്വന്തം സംരംഭമാണ് കെ.എസ്.ആര്‍.ടി.സി. അത്രക്കും സ്‌നേഹം തോന്നേണ്ട ഒരു ഡിപ്പാര്‍ട്ടുമെന്റും സര്‍വ്വീസുമാണ്. നമ്മള്‍ ഓരോരുത്തരും അഭിമാനത്തോടെ ആനവണ്ടിക്കൊപ്പം നില്‍ക്കുകയും പിന്തുണ നല്‍കുകയും ചെയ്യണം. നിരവധി ചെറുപ്പക്കാര്‍ക്ക് ഇനിയും തൊഴില്‍ നല്‍കാന്‍ സാധിക്കുന്ന, ജീവിതം നല്‍കാന്‍ സാധിക്കുന്ന സംരംഭമാണ്. അഭിമാനത്തോടെ ആനവണ്ടിയെ ചേര്‍ത്ത് പിടിക്കേണ്ടതുണ്ട്.