വാട്ടിയ വാഴയിലയിൽ സ്നേഹത്തിൻ്റെ പൊതിച്ചോറ്; ഒരു അനുഭവക്കുറിപ്പ്

അനുഭവക്കുറിപ്പ് – അരുൺ നെമ്മാറ.

ചില സമയങ്ങളിൽ ചിലർ ദൈവത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടാം. അതിന്റ വ്യക്തമായ ഉദാഹരണങ്ങളാണ് ഈ കൊറോണക്കാലം. ഡോക്ടേർസ്, നേഴ്‌സുമാർ, പോലീസുകാർ അങ്ങനെ പലതരത്തിലും നമ്മളെ സഹായിക്കുന്നവരെ നമ്മൾ ദൈവത്തിന് തുല്യമായി കാണുന്നു. ആ ഒരു സഹായം നമ്മൾക്ക് കിട്ടുമ്പോൾ ആണ് അതിന്റ ഒരു ഫീൽ മനസ്സിലാവുന്നത്.
പതിവുപോലെ ഡ്യൂട്ടി ചെയ്യുന്നതിനിടയിൽ ആണ് സാർ പറയുന്നത് “നാളെ ഷൊർണുർ പോവണം അവിടെന്ന് കുറച്ചു സാധനങ്ങൾ കൊണ്ട് വരാനുണ്ട്. നാളെ രാവിലെ വരുമ്പോൾ ബാഗ് റെഡി ആക്കിയിട്ട് വന്നോളൂ.” ഞാൻ ഓക്കേ പറഞ്ഞു.

അടുത്ത ദിവസം രാവിലെ നേരത്തെ തന്നെ ബാഗും എടുത്ത് ഓഫീസിൽ എത്തി. അപ്പോഴാണ് അറിയുന്നത് കൊങ്കൺ റെയിൽവേയിൽ മണ്ണിടിഞ്ഞത് കാരണം ട്രെയിൻ എല്ലാം റൂട്ട് മാറ്റി വിട്ടിരിക്കുന്നു. മംഗളാ എക്സ്പ്രസ്സ്‌ 7 മണിക്കൂറോളം വൈകി ഓടുന്നതിനാൽ കാസറഗോഡ് റെയിൽവേ സ്റ്റേഷനിലെത്താൻ 11 മണി കഴിഞ്ഞു. കൂടെ വേറെ ഡിപ്പാർട്മെന്റിലെ അവിടെയുള്ള ഒരു സ്റ്റാഫ്‌ ഉണ്ടായിരുന്നു. അവൻ നാട്ടിൽ പോവുന്നത് കൊണ്ട് എനിക്ക് ഒരു കമ്പനി ആയി. കോഴിക്കോട് വരെ ഞങ്ങൾ മുന്നിലുള്ള SLR കോച്ചിൽ കയറിയിരുന്നു. അടുത്ത കംപാർട്മെന്റിൽ തന്നെ 3 RPF സ്റ്റാഫ് ഉണ്ടായിരുന്നു.

2 മണി ആയിക്കാണും ട്രെയിൻ കോഴിക്കോട് എത്തി കൂടെ ഉണ്ടായിരുന്ന സ്റ്റാഫ് ഇറങ്ങിപോയതോടുകൂടി ഞാൻ വീണ്ടും ഒറ്റയ്ക്കായി. കേരളത്തിന്‌ പുറത്തു നിന്ന് വരുന്ന ട്രെയിൻ ആയതു കൊണ്ട് പുറത്തു അവിടെ ഇറങ്ങുന്ന ആളുകളെ മെഡിക്കൽ സ്റ്റാഫ്‌ ചെക്ക് ചെയ്യുന്നുണ്ടായിരുന്നു. ഞാൻ ട്രെയിനിൽ നിന്ന് ഇറങ്ങിനിന്നു. ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്യാൻ ദിവസേന വരുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇപ്പൊ കുറച്ചു സ്റ്റാഫുകൾ മാത്രം. പിന്നെ ഇപ്പൊ ട്രെയിനിൽ നിന്ന് ഇറങ്ങിയ ആളുകളും.

കാറ്ററിംഗ് സ്റ്റാളുകൾ എല്ലാം അടച്ചിട്ടു മാസങ്ങൾ ആയി അതിനകത്ത് എലികളും മറ്റു ജീവികളും സഹവാസം തുടങ്ങിക്കഴിഞ്ഞിരുന്നു. എനിക്കാണേൽ നല്ല വിശപ്പ് തുടങ്ങിയിരുന്നു. റൂമിൽ നിന്ന് വരുമ്പോൾ ഭക്ഷണം എടുക്കാത്തത് കൊണ്ട് ഞാൻ എന്നെ തന്നെ തെറി വിളിച്ചു. കൊറോണ ആയതുകൊണ്ട് റെയിൽവേ കാന്റീൻ പൂട്ടിക്കിടക്കുന്നു. അങ്ങനെ പുറത്തു നോക്കി നിൽക്കുമ്പോൾ ആണ് അടുത്ത കോച്ചിൽ ഉണ്ടായിരുന്ന RPF മാർ ഭക്ഷണം കഴിച്ചു കൈ കഴുകുവാൻ പുറത്തു ഇറങ്ങി വരുന്നത്.

അവർ കൈ കഴുകി വരുമ്പോൾ എന്നോട് ഒരാൾ “മോനെ ഭക്ഷണം കഴിച്ചോ.” “ആ കഴിച്ചു” ചുമ്മാ നുണ പറഞ്ഞു. “വേറെ ആരെങ്കിലും കഴിക്കാൻ ഉണ്ടോ? ഞങ്ങളുടെ കയ്യിൽ ഒരു പൊതിച്ചോർ ഉണ്ട്‌” എന്ന് പറഞ്ഞു. ഞാൻ കയറിയ കോച്ചിൽ വേറെ ആരും ഇല്ല. എനിക്കാണെങ്കിൽ നല്ല വിശപ്പും ഞാൻ മെല്ലെ പറഞ്ഞു “സാർ ഞാൻ കഴിച്ചിട്ടില്ല.” ആ സാർ എന്റടുത്ത്‌ വന്ന് “മോനെ ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു മടിയും കാണിക്കരുത്. വിശപ്പുണ്ടേൽ ചോദിച്ചു വാങ്ങണം” എന്ന് പറഞ്ഞു കൊണ്ട് എനിക്ക് ഒരു പൊതിച്ചോർ തന്നു. ഞാൻ ഒരു നന്ദി പറഞ്ഞു കൊണ്ട് ട്രെയിനിനക്കത്ത്‌ കയറി.

ന്യൂസ് പേപ്പറിൽ പൊതിഞ്ഞ ഭക്ഷണപൊതി അഴിക്കാൻ തുടങ്ങി. അതിനകത്ത്‌ വാട്ടിയ വാഴയിലയിൽ നല്ല മട്ടയരി ചോറും, രണ്ടുകൂട്ടം കറിയും, അച്ചാറും, സാമ്പാറും. ഇതുവരെ കഴിച്ചതിൽ എനിക്ക് ഏറ്റവും കൂടുതൽ ടേസ്റ്റ് ചോറിന് തോന്നിയത് അന്നാണെന്ന് തന്നെ പറയാം. എന്റെ വിശപ്പും ആ സാറിന്റെ സ്നേഹത്തോടു കൂടിയുള്ള പെരുമാറ്റവും എല്ലാം എന്റെ മനസ്സും വയറും നിറഞ്ഞു.

ഷൊർണുർ എത്തി ഇറങ്ങി അവരുടെ കൂടെ നടക്കുമ്പോൾ പറഞ്ഞു അദ്ദേഹം ഷൊർണുർ സ്റ്റേഷനിലെ RPF ആണെന്ന്. സ്റ്റേഷന് പുറത്തു പോവുമ്പോൾ വീണ്ടും നന്ദി പറഞ്ഞു. പിന്നെ കാണാം എന്നും അദ്ദേഹം പോയി. ആ നല്ല മനുഷ്യന്റെ പേര് ചോദിക്കാൻ മറന്നു പോയി എന്ന വിഷമത്തിൽ പുറത്തു ഇറങ്ങുമ്പോൾ ആലോചിച്ചു ഇങ്ങനെ ഉള്ള ആളുകൾ ഒരുപാട് ഉണ്ടാവണെ എന്ന്.

എത്രയോ ആളുകൾ ഒരു നേരത്തെ ഭക്ഷണം ഇല്ലാതെ അലയുന്നു. അതിനേക്കാൾ എത്രയോ പേർ ഭക്ഷണം ആവശ്യമില്ലാതെ കളയുന്നു. ഓർക്കുക, നമ്മൾക്കും ഈ ഒരു അവസ്ഥ എപ്പോഴാ വരുന്നത് എന്ന് പറയാൻ കഴിയില്ല. ഈ കൊറോണ സമയത്ത്‌ ഒരുപാട് പേർ ജോലിയില്ലാതെ ഒരു നേരത്തെ ഭക്ഷണം കിട്ടാതെ നടക്കുന്നുണ്ട്. ഇതെല്ലാം കണ്ട് കണ്ണ് അടച്ചു നടക്കാതെ നമ്മളാൽ കഴിയുന്നത് ചെയ്യും എന്ന് നമ്മളെ ബോധ്യപ്പെടുത്തണം.