കുറിപ്പ് – ഹരിലാൽ രാജേന്ദ്രൻ.
ഇന്നലെ ഉച്ചയ്ക്ക് ദുബായ് എയർപോർട്ടിലെ ഡ്യൂട്ടിക്കിടയിൽ കണ്ടുപിരിഞ്ഞവർ കോഴിക്കോട്ട് വിമാനാപകടത്തിൽപ്പെട്ടുവെന്ന വാർത്ത കേൾക്കുന്നത് ഡ്യൂട്ടി കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് മടങ്ങുമ്പോഴാണ്. മണിക്കൂറുകൾക്ക് മുൻപ് കാണുകയും ചിരിക്കുകയും വർത്തമാനം പറയുകയും ചെയ്തിരുന്നവർ, കുസൃതികൾ കാട്ടി കണ്മുന്നിൽ കളിച്ചുനടന്ന കുഞ്ഞുങ്ങൾ.. അങ്ങനെ അപ്രതീക്ഷിതമായി ആശങ്കപ്പെടുത്തിക്കൊണ്ട് അവരിൽ പലരുടേയും മുഖങ്ങൾ ഓർമ്മയിലേക്ക് വരുന്നു. അവരൊക്കെ സുരക്ഷിതരായിരിക്കണേ എന്ന് പ്രാർത്ഥിക്കുന്നു.
കാണാമറയത്ത് നടക്കുന്ന വലുതും ചെറുതുമായ യുദ്ധങ്ങൾ, കലാപങ്ങൾ,അപകടങ്ങൾ എന്നിങ്ങനെ പലതും വാർത്തകളായി കേട്ടും വായിച്ചും മറവിയിലൊളിക്കാറാകും പതിവ്. ചിലപ്പോൾ അകാരണമായി ചില ചിത്രങ്ങൾ ബാക്കിയാകും. വാട്ട്സാപ്പിലൂടെ വന്ന നീല ഉടുപ്പിട്ട ഒരു കുഞ്ഞുമോളുടെ ചിത്രം ആശ്വാസത്തോടെയാണ് കണ്ടത്. അമ്മ വച്ചുകൊടുത്ത മാസ്ക് എന്തിനെന്നറിയാതെ ചവയ്ക്കുന്ന അവളെ കണ്മുന്നിൽ കണ്ടത് മറന്നിട്ടില്ല. ഒപ്പം ഉണ്ടായിരുന്ന പയ്യൻ (അനുജനാണെന്ന് തോന്നുന്നു) മറ്റൊരാളുടെ മടിയിൽ സുരക്ഷിതനായി ഇരിക്കുന്നതും വാട്ട്സാപ്പിൽ കണ്ടു. രക്ഷിതാക്കളും രക്ഷപ്പെട്ടിട്ടുണ്ടാവണേ!
പട്ടാമ്പിയിലേക്ക് പോകാനുള്ള ഒരു ചെറുപ്പക്കാരനും കണ്ണൂരേക്കുള്ള ഒരാളും പേരുകൾ ബാക്കിവയ്കാതെ ഓർമ്മയിലേക്ക് വരുന്നു. മധ്യത്തിലുള്ള സീറ്റ് ബുക്ക് ചെയ്തിരുന്നവർക്കേ വിമാനക്കമ്പനി PPE Kit നൽകുന്നുണ്ടായിരുന്നുള്ളൂ. അതിനാൽ സ്വന്തമായി കിറ്റ് വാങ്ങാൻ ഫാർമ്മസിയിലേക്ക് വന്നവരായിരുന്നു ചിലർ. നമ്മുടെ ജാഗ്രതയ്ക്കുമപ്പുറത്താണല്ലോ കാര്യങ്ങൾ.
എയർ ഇന്ത്യ എക്സ്പ്രസുകാർ ഹാൻഡ് ബാഗുകളുടെ ഭാരം കൃത്യമായി തൂക്കിനോക്കി അധികഭാരത്തിന് പണം വാങ്ങുകയോ പണമില്ലെങ്കിൽ സാധനങ്ങൾ അവിടെ ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയോ ചെയ്യും. പലരും വിഷമത്തോടെ സാധനങ്ങൾ മാറ്റിവച്ച് അളവ് കൃത്യമാക്കിയിട്ടാണ് വിമാനത്തിലേക്ക് നടന്നത്. ഒരമ്മാവൻ കയ്യിൽ തൂക്കിപ്പിടിച്ച ഒരു കവർ ചോക്കലേറ്റുമായി വരിയിൽ നിന്ന സ്ത്രീകളോടൊക്കെ ഇതൊന്ന് കയ്യിൽ വയ്ക്കാമോ എന്ന് ചോദിച്ച് നിരാശനായി അത് ഉപേക്ഷിക്കുന്നതു കണ്ടു. കൊച്ചുമക്കൾക്ക് ഇഷ്ടമാകുമെന്ന് കരുതി വാങ്ങിയതാവും. ഇതൊക്കെ നിത്യവും കാണുന്ന കാഴ്ചകളാണ്.
പക്ഷേ മുൻപൊരിക്കലും ഇതുപോലെ അവരുടെ മുഖങ്ങൾ ഓർമ്മയിലേക്ക് മടങ്ങിവന്ന് ആവലാതിയിലാക്കിയിട്ടില്ല. റ്റിവിയിലെ ഇരുളടഞ്ഞ അപകടദൃശ്യങ്ങൾക്ക് മേലെ, അവസാനിക്കാത്ത ഒരു ദുഃസ്വപ്നം പോലെ, പേരറിയാത്ത ആ ബന്ധുക്കളുടെ മുഖങ്ങൾ വന്നുപോകുന്നു. അപകടത്തിൽ പൊലിഞ്ഞുപോയ ജീവിതങ്ങൾക്കുമുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. മറ്റുള്ളവർ ഈ വേദനകൾ മറന്ന് മടങ്ങിവരണേയെന്ന് പ്രാർത്ഥനകളും.