ഈ കൊറോണക്കാലത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും ഡ്യൂട്ടിയിൽ പോകേണ്ടി വന്ന കെഎസ്ആർടിസി കണ്ടക്ടറുടെ അനുഭവങ്ങൾ വിവരിക്കുകയാണ് വനിതാ കണ്ടക്ടറായ ഷൈനി സുജിത്ത്. ഷൈനിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് താഴെ കൊടുക്കുന്നു.
കുറേ ദിവസങ്ങൾക്കിപ്പുറം പിന്നെയും യൂണിഫോമിന്റെ ഉള്ളിൽ കയറിപ്പറ്റി ഡ്യൂട്ടിക്ക് പോകാൻ ഇറങ്ങുമ്പോൾ അച്ഛൻ ചോദിച്ചു. “പോകാതിരിക്കാൻ കഴിയില്ലേ. നിർബന്ധമായും പോകണം എന്നുണ്ടോ മോളെ”? ഒരു 70 വയസുകാരന്റെ ആധിയോടെ ഉള്ള ചോദ്യം. തൊട്ടപ്പുറത്ത് ഒരു 7 വയസുകാരൻ കൂടി ഇരിക്കുന്നു. “രണ്ടോ മൂന്നോ ദിവസം എന്തായാലും പോയെ തീരൂ അച്ഛാ. ഇപ്പൊ തന്നെ ഡ്രൈവർമാർ എല്ലാവരും ഡ്യൂട്ടി ചെയ്യുന്നുണ്ട്.”
തിരിഞ്ഞ് നോക്കാൻ നിൽക്കാതെ ഒരു മണിക്കൂർ വണ്ടി ഓടിച്ചു ഡിപ്പോയിലേക്ക്. റാക്കും മഷീനും കൈ നീട്ടി വങ്ങുമ്പോ ഉള്ളിലൊരു ആന്തൽ. ബസ് മാത്രമേ ഡ്യൂട്ടി കഴിയുമ്പോ അണുവിമുക്തമാക്കുന്നുള്ളു. ബാക്കി എല്ലാം ഇന്നലെ ഉപയോഗിച്ചത് തന്നെ ആണ്. ഒന്നും സംഭവിക്കില്ല എന്ന് പതിവ് ആത്മവിശ്വാസത്തോടെ വണ്ടിയിലേക്ക്.
സഹപ്രവർത്തകർ കുറച്ചു പേരൊക്കെ ഉണ്ട്. ആരെയും കണ്ടിട്ട് മനസ്സിലാകുന്നില്ല. കണ്ണുകളിൽ ഒരു പുഞ്ചിരി സമ്മാനിച്ച് ചിലർ.
സീറ്റ് മുഴുവൻ നിറഞ്ഞിരിക്കുന്നു. ഡബിൾ ബെൽ കൊടുതപ്പോഴേക്കും 5 അതിഥി തൊഴിലാളികൾ ഓടി വന്നു. സീറ്റ് ഇല്ല എന്ന് പറഞ്ഞപ്പോഴേക്കും അവർ കയറി കഴിഞ്ഞിരുന്നു. സീറ്റ് ഞങ്ങൾക് വേണ്ട എന്നവർ പറഞ്ഞു. അടുത്ത ബസിന് വരൂ എന്ന് പറഞ്ഞു എല്ലാവരെയും ഇറക്കി. യാത്രക്കാരിൽ ചിലർ ആശ്വാസത്തിന്റെ ദീർഘ നിശ്വാസം അയച്ചു.
ആദ്യത്തെ ചോദ്യം വന്നു.”സീറ്റ് ഇല്ലെങ്കിൽ കൊണ്ട് പോകാൻ പാടില്ലേ മാഡം?”. “പറ്റില്ല”. മറുപടി ഒറ്റ വാക്കിൽ ഒതുക്കി. മാസ്ക് ധരിച്ചതിന്റെ പരിമിതികളിൽ നിന്ന് വേണം സംസാരിക്കാൻ. “പിന്നെങ്ങനെ ഗതി പിടിക്കാൻ ആണ്. തുലഞ്ഞ് പോകുകയെ ഉള്ളൂ.” 8 രൂപ ദൂരമുളള സ്ഥലത്തിന്റെ പേര് പറഞ്ഞു ചേട്ടൻ 500 രൂപ നോട്ടെടുത് നീട്ടി. “ചില്ലറ ഉണ്ടാകുമോ ചേട്ടാ” എന്ന ചോദ്യത്തിന് കേൾക്കാതെ തിരിഞ്ഞിരുന്നു അടുത്ത ആളോട് ksrtc എങ്ങനെ ലാഭത്തിൽ ആക്കാം എന്ന് പഠിപ്പിക്കാൻ തുടങ്ങി. ഇടയ്ക്ക് അടുത്ത ആൾക് കേൾക്കുന്നില്ല എന്ന് തോന്നുമ്പോൾ മാസ്ക് ഒക്കെ അഴിച്ചാണ് സുദീർഘമായ സംസാരം. ബാക്കി എല്ലാവർക്കും ടിക്കറ്റ് കൊടുത്ത് വന്നിട്ട് ഇദ്ദേഹത്തിന് ബാക്കി കൊടുക്കാം എന്ന് കരുതി മുന്നോട്ട് നടന്നു. “ഞാൻ 500 ആണ് തന്നത് കേട്ടോ മറക്കണ്ട. നിങ്ങളെ അല്ല കണ്ടക്ടർമാർ ബാക്കി തരാൻ മറക്കും അത് കൊണ്ട് പറഞ്ഞതാണ്.” തുടക്കം തന്നെ ഗംഭീരം.
സത്യം പറയണമല്ലോ, ബാക്കി ഉള്ളവർ എല്ലാം അത്യാവശ്യമായ മര്യാദകൾ പാലിച്ചു കൊണ്ട് തന്നെ യാത്ര ചെയ്യുന്നുണ്ട്. മട്ടന്നൂർ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ തൊട്ടടുത്ത് ഒരു KSRTC നിർത്തിയിരിക്കുന്നു. നിറയെ യാത്രക്കാർ നിന്നിട്ടും ഉണ്ട്. കണ്ടക്ടർ പോലീസിനെയും കൂട്ടി വരുന്നു. പോലീസ് പറഞ്ഞിട്ടും കുറച്ചു പേര് മാത്രം ഇറങ്ങി. മുന്നിലൊരു ചേച്ചി പോലീസ് കാണാതെ തല പതുക്കെ ഡ്രൈവറുടെ സീറ്റിന്റെ അടുത്തേക്ക് പിടിച്ചു ഒളിച്ചു നിൽക്കുന്നു. ഇറങ്ങിയാൽ മാത്രേ വണ്ടി എടുക്കു എന്ന ജീവനക്കാരുടെ നിർബന്ധത്തിൽ ചിലർ ക്ഷുഭിതരായി സംസാരിക്കുന്നു.
ഞങ്ങളുടെ ബസ് കുറച്ചു കാലി ആയി. അവിടെ നിന്ന് കയറിയ കുറച്ചു പേര് പിന്നെയും എന്തിനാ ഇങ്ങനെ നഷ്ടത്തിൽ ഓടുന്നത് എന്ന് ചോദിക്കാൻ തുടങ്ങിയിരുന്നു. ഇതിനിടയിൽ ബസ് ഒരു സ്റ്റോപ്പിൽ നിർത്തിയപ്പോൾ എന്തിനാ ചേച്ചി ഇങ്ങനെ ഓടുന്നത് എന്ന് കൈ കൊണ്ടും കാലു കൊണ്ടും ആംഗ്യം കാണിച്ചു ചോദിക്കുന്നുണ്ട്. ചിലർ കുറെ നാളുകൾക്ക് ശേഷം കണ്ടത് കൊണ്ട് സ്നേഹത്തോടെ കൈ ഉയർത്തുന്നുണ്ട്.
പ്രായമായ ഒരു യാത്രക്കാരൻ ഇരിക്കാൻ പോകുമ്പോ അവിടെ ഇരുന്നാൽ അദ്ദേഹം സെയ്ഫ് ആയിരിക്കുമോ എന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ബാഗിൽ ഒന്ന് വലിച്ച് ഇറങ്ങണം നിർത്തൂ എന്ന് പറയുന്നു ഒരു യാത്രക്കാരൻ എന്നെ സുബോധത്തിലേക്ക് കൊണ്ട് വരും. നമ്മളെ മുട്ടിയുരുമ്മി അവർ ഇറങ്ങാൻ തിരക്ക് കൂട്ടുമ്പോൾ എന്റെ വീട്ടിലെ 7 വയസുകാരനും 70 വയസുകാരനും എന്റെ ബോധ മനസ്സിലേക്ക് തീ കോരി ഇടും.
ഏറ്റവും പുതിയതായി ഞങ്ങളുടെ സഹപ്രവർത്തകനും കോവിഡ് ബാധിതനായി എന്ന വാർത്ത ആണ് പുറത്ത് വരുന്നത്. എന്റെ കൂടെ ഉണ്ടായിരുന്ന ഡ്രൈവർ അദ്ദേഹം അല്ല എന്ന് പറഞ്ഞിട്ടും അച്ഛൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടെ ഇരിക്കുന്നു.
പ്രത്യേകിച്ച് ഒരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെ ജോലി ചെയ്യുന്ന ഞങ്ങളിൽ കൂടി അത് നിങ്ങളുടെ വീടുകളിലേക്ക് എത്താൻ പാടില്ലെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. യാത്രചെയ്യാൻ KSRTC തിരഞ്ഞെടുക്കുമ്പോൾ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ sanitiser ഉപയോഗിച്ച് വൃത്തി ആക്കുക, ലാഭ നഷ്ട കണക്കുകൾ പറയാതെ ഇരിക്കുക.
സ്വജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന എല്ലാവരെയും അഭിനന്ദിക്കുന്നതിനൊപ്പം നമ്മുടെ സഹപ്രവർത്തകന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയും ചെയ്യുന്നു. ഈ കാലത്തെയും അതിജീവിച്ചല്ലെ മതിയാവൂ.