ട്രാൻസ് സൈബീരിയൻ ട്രെയിൻ യാത്രയെക്കുറിച്ചുള്ള ചരിത്രവും വിവരങ്ങളും കഴിഞ്ഞ ലേഖനത്തിൽ നിങ്ങളെല്ലാവരും വായിച്ചു കാണുമെന്ന് വിശ്വസിക്കുന്നു. അപ്പോൾ നമുക്ക് നമ്മുടെ ട്രെയിൻ യാത്ര തുടങ്ങാം. നാലു ദിവസം നീണ്ടു നിൽക്കുന്ന ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ട്രെയിൻ യാത്ര… റഷ്യയിലെ Yaroslavsky Rail Terminal ൽ നിന്നും Vladivostok എന്ന സ്ഥലത്തേക്കാണ് ട്രെയിനിന്റെ യാത്രയെങ്കിലും, ഞങ്ങൾ 5000 ത്തിലധികം കിലോമീറ്ററുകൾ പിന്നിട്ട് Irkutsk എന്ന സ്ഥലത്തേക്കായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്.
അങ്ങനെ ഞങ്ങൾ സ്റ്റേഷനിലെ സെക്യൂരിറ്റി ചെക്കിംഗുകളെല്ലാം കഴിഞ്ഞു Platform ലേക്ക് നീങ്ങി. അവിടെ ഞങ്ങളെ കാത്തുകിടക്കുകയായിരുന്നു ട്രാൻസ് സൈബീരിയൻ റൂട്ടിലൂടെ സർവ്വീസ് നടത്തുന്ന ട്രെയിൻ നമ്പർ 2. ആ ട്രെയിനിൽ രണ്ടു തരത്തിലുള്ള കോച്ചുകളായിരുന്നു ഉണ്ടായിരുന്നത്. സെക്കൻഡ് ക്ലാസ്സും, തേർഡ് ക്ളാസും. ഞങ്ങൾ യാത്ര ചെയ്യുവാനായി തിരഞ്ഞെടുത്തിരുന്നത് സെക്കൻഡ് ക്ളാസ്സ് കോച്ച് ആയിരുന്നു.
ഏകദേശം നമ്മുടെ രാജധാനി എക്സ്പ്രസിലെ ഫസ്റ്റ് ക്ളാസ് പോലെയിരിക്കും ഈ ട്രെയിനിലെ സെക്കൻഡ് ക്ളാസ്. ടോയ്ലറ്റിൻ്റെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട, നല്ല വൃത്തിയുള്ള ടോയ്ലറ്റുകൾക്ക് പുറമേ ഹോട്ടൽ റൂമുകളിലേതു പോലത്തെ ഷവർ അടക്കം കുളിക്കുവാനുള്ള സൗകര്യവും ട്രെയിനിലുണ്ട്. കൂടാതെ യാത്രക്കാർക്ക് നേരിട്ട് പണം നിക്ഷേപിച്ച് വാങ്ങുവാൻ സാധിക്കുന്ന തരത്തിലുള്ള കോഫീ മെഷീൻ, സ്നാക്സ് കിയോസ്ക്ക് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. ട്രെയിനിൽ നല്ല ശുദ്ധമായ, തണുത്തതും ചൂടുള്ളതുമായ വെള്ളം ഫ്രീയായി ലഭ്യമാണ്.
യാത്രക്കാർക്ക് ഭക്ഷണം കഴിക്കണമെങ്കിൽ ഒന്നുകിൽ ഏതെങ്കിലും സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുമ്പോൾ അവ വാങ്ങി വെക്കണം. അതല്ലെങ്കിൽ ട്രെയിനിൽ തന്നെ ഒരു റെസ്റ്റോറന്റ് കാർ സജ്ജീകരിച്ചിട്ടുണ്ട്. നല്ലൊരു റെസ്റ്റോറന്റിൽ ചെന്നിരുന്ന് ഭക്ഷണം കഴിക്കുന്ന ഫീൽ ആയിരിക്കും അവിടെ. ഈ റെസ്റ്റോറന്റിൽ ബാർ അടക്കമുള്ള സെറ്റപ്പുകളും ഉണ്ട് കെട്ടോ. അതുപോലെ തന്നെ യാത്രക്കാരുടെ കാര്യങ്ങൾ നോക്കുന്നതിനായി, വിമാനങ്ങളിലെ എയർ ഹോസ്റ്റസുമാരെപ്പോലെ ട്രെയിൻ അറ്റൻഡണ്ടും ഓരോ കോച്ചുകളിൽ സജീവമായിരിക്കും.
സെക്കൻഡ് ക്ലാസ്സ് കോച്ചുകളിൽ സാധാരണയായി ദീർഘദൂര യാത്രികരും നമ്മളെപ്പോലുള്ള സഞ്ചാരികളുമൊക്കെയായിരിക്കും യാത്ര ചെയ്യാറുള്ളത്. ചെറിയ ദൂരത്തേക്കുള്ള തദ്ദേശീയരായ യാത്രികരാണ് തേർഡ് ക്ളാസ് തിരഞ്ഞെടുക്കാറുള്ളത്. സത്യം പറഞ്ഞാൽ ചെറിയ ചെറിയ വ്യത്യാസങ്ങൾ മാത്രമേ ഈ രണ്ടു കാറ്റഗറികൾ തമ്മിലുള്ളൂ എന്നതും ശ്രദ്ധേയമാണ്. തേർഡ് ക്ലാസ്സ് ആണെന്നു കരുതി യാത്രക്കാരോട് റെയിൽവേയ്ക്കോ ജീവനക്കാർക്കോ വിവേചനങ്ങളൊന്നുമില്ല.
ട്രെയിനിൽ വൈഫൈ ലഭിക്കുമെങ്കിലും, നന്നായി ലഭിക്കണമെങ്കിൽ ട്രെയിൻ ഏതെങ്കിലും സ്റ്റേഷൻ എത്തണം. അതേപോലെ തന്നെ മറ്റൊരു കാര്യം എന്തെന്നാൽ ഇവിടെ ട്രെയിനുകളിൽ പുകവലി പാടില്ല. പുകവലിച്ചാൽ പണികിട്ടും. അതുകൊണ്ട് ഏതെങ്കിലും സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുമ്പോൾ പുകവലിയന്മാർ ചാടിയിറങ്ങി വലിതുടങ്ങും. എന്താല്ലേ, റെയിൽവേ സ്റ്റേഷനിലെ platform ൽ നിന്നുകൊണ്ട് നല്ല കൂളായി പുകവലിക്കുന്ന യാത്രക്കാർ.
ചില സ്റ്റേഷനുകളിൽ ട്രെയിൻ അധികസമയം നിർത്തിയിടാറുണ്ട്. ട്രെയിൻ എപ്പോൾ പുറപ്പെടുമെന്ന സമയവിവരങ്ങൾ platform ലെ ഡിജിറ്റൽ ബോർഡിൽ നമുക്ക് കാണാവുന്നതാണ്. അതനുസരിച്ച് റെയിൽവേ സ്റ്റേഷനു വെളിയിലേക്ക് ഇറങ്ങുകയോ, ചെറിയ രീതിയിൽ പർച്ചേസ് നടത്തുകയോ ഒക്കെയാകാം. ട്രെയിൻ വിടുന്നതിനു മുൻപായി platform ൽ എത്തണമെന്നു മാത്രം. പുറത്തിറങ്ങിയ യാത്രക്കാരെ തിരികെ കോച്ചുകളിലേക്ക് കയറ്റുക എന്നത് ഓരോ കോച്ച് അറ്റൻഡന്റുമാരുടെ ചുമതലയാണ്.
എന്തായാലും സാഹചര്യങ്ങൾ അനുക്കൂലമാക്കി, ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ഒന്നാണ് ട്രാൻസ് സൈബീരിയൻ റൂട്ടിലൂടെയുള്ള ഈ ട്രെയിൻ യാത്ര. ഫാമിലിയായും കൂട്ടുകാരുമൊക്കെയായി ഒരു ട്രെയിൻ തന്നെ ലോകമാക്കി കുറച്ചു ദിവസങ്ങൾ ചെലവഴിക്കാം.