മാലിദ്വീപിൽ കുറച്ചു ദിവസങ്ങൾ അടിച്ചുപൊളിച്ച ശേഷം ഞാൻ പിന്നീട് റഷ്യയിലേക്കായിരുന്നു യാത്ര പുറപ്പെട്ടത്. മാലിദ്വീപിൽ നിന്നും നേരിട്ട് റഷ്യയിലേക്ക് വിമാനസർവീസ് ഉണ്ടായിരുന്നുവെങ്കിലും ദുബായ് വഴി പോകുവാനായിരുന്നു എൻ്റെ തീരുമാനം. അതിനു രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്ന് ദുബായ് വഴി പോകുമ്പോൾ ടിക്കറ്റ് ചാർജ്ജ് കുറയും എന്നതും രണ്ടാമത്തേത് എൻ്റെ സഹയാത്രികനായ സഹീർഭായ്ക്ക് ദുബായിൽ നിന്നും എന്നോടൊപ്പം ചേരുവാൻ കഴിയും എന്നതുമാണ്.
മാലിദ്വീപിൽ നിന്നും ദുബായിലേക്ക് എമിറേറ്റ്സിൻ്റെ ബോയിങ് 777 വിമാനത്തിലായിരുന്നു യാത്ര. നല്ല കിടിലൻ വിമാനമായിരുന്നു. യാത്രയ്ക്കിടയിൽ ഞാൻ നന്നായി ഒന്നുറങ്ങുകയും ചെയ്തു. അങ്ങനെ യുഎഇ സമയം ഉച്ചയ്ക്ക് 2 മണിയോടെ വിമാനം ദുബായ് എയർപോർട്ടിൽ ലാൻഡ് ചെയ്തു. ദുബായിൽ നിന്നും മറ്റൊരു വിമാനത്തിലാണ് റഷ്യൻ തലസ്ഥാനമായ മോസ്‌ക്കോയിലേക്ക് പോകുന്നത്. അതുവരെയുള്ള സമയം ദുബായ് എയർപോർട്ടിൽ ചെലവഴിക്കണം. അതിനിടെ സഹീർ ഭായിയും എത്തിച്ചേർന്നു.
ദുബായിൽ നിന്നും മോസ്‌ക്കോയിലേക്കുള്ള യാത്ര എനിക്ക് ഏറെ ആകാംക്ഷ നിറഞ്ഞതായിരുന്നു. കാരണം മറ്റൊന്നുമല്ല, ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ വിമാനമായ എയർബസ് A380 എന്ന ഡബിൾഡക്കർ വിമാനത്തിലായിരുന്നു മോസ്‌ക്കോയിലേക്കുള്ള ഞങ്ങളുടെ യാത്ര. ഈ വിമാനത്തെക്കുറിച്ച് പറയുവാനാണെങ്കിൽ ഏറെയുണ്ട്. എങ്കിലും പ്രധാനപ്പെട്ടവ ചുരുക്കിപ്പറയാം.
ലോകത്തിലെ പ്രമുഖ വിമാന നിർമ്മാണ കമ്പനിയായ ‘എയർബസ്’ നിർമ്മിച്ച A 380 എന്ന മോഡലാണ് ഇന്ന് സർവ്വീസ് നടത്തുന്നവയിൽ ഏറ്റവും വലിയ മോഡൽ വിമാനം. നമ്മൾ കണ്ടിട്ടുള്ള സാധാരണ വിമാനങ്ങളെ അപേക്ഷിച്ച് രണ്ടു നിലകൾ ഉണ്ടെന്നുള്ളതാണ് ഇതിന്റെ എടുത്തു പറയേണ്ട ഒരു സവിശേഷത. 2007 ൽ പുറത്തിറങ്ങിയ ഈ ഇരുനില ഭീമൻ വിമാനത്തെ ആദ്യമായി സ്വന്തമാക്കിയത് സിംഗപ്പൂർ എയർലൈൻസായിരുന്നു.
യാത്രക്കാർ ഏറ്റവും കൂടുതൽ സഞ്ചരിക്കുവാൻ ഇഷ്ടപ്പെടുന്ന വിമാന മോഡലാണ് A 380. സീറ്റുകൾക്കിടയിലെ നല്ല ലെഗ് സ്‌പേസും മികച്ച സൗകര്യങ്ങളുമുള്ള ഈ വിമാനത്തിന്റെ ഉൾവശം കണ്ടാൽ ഒരു മിനി തിയേറ്റർ ആണെന്നേ തോന്നൂ. ദീർഘദൂര സർവ്വീസുകൾക്കാണ് ഈ മോഡൽ വിമാനങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നത്. പക്ഷേ ജനപ്രിയമായിട്ടും ഈ മോഡലുകളുടെ നിർമ്മാണം അവസാനിപ്പിക്കുവാൻ പോകുകയാണ് എയർബസ് കമ്പനി. കാരണം മറ്റൊന്നുമല്ല പ്രതീക്ഷിച്ച പോലെ ഈ മോഡലുകൾ ഒന്നും വിറ്റു പോകുന്നില്ല.
സൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും ഈ മോഡൽ ഉപയോഗിച്ചു സർവ്വീസ് നടത്തുന്നതിനുള്ള അധിക ചെലവുകളാണ് എയർലൈനുകളെ മറ്റു മോഡലുകൾ വാങ്ങുന്നതിലേക്കുള്ള തീരുമാനങ്ങളിലേക്ക് എത്തിച്ചത്. A 380 വെച്ച് നടത്തുന്ന സർവീസുകളിൽ ഒരു സീറ്റ് ഒഴിഞ്ഞു കിടന്നാൽ എയര്ലൈനുകൾക്ക് അതുമൂലമുണ്ടാകുന്ന നഷ്ടം ഏറെയാണ്. മികച്ച യാത്രാ സൗകര്യങ്ങൾ വാഗ്ദാനം തരുന്നുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് ഉയർന്നതായതിനാൽ സാധാരണക്കാരായ യാത്രക്കാർ മറ്റു വിമാനങ്ങളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. ഇതാണ് ഇതിൽ യാത്രക്കാർ കുറയുവാൻ കാരണവും. നീളം കുറഞ്ഞ റൺവേകളുള്ള എയർപോർട്ടുകളിൽ ഇറക്കുവാൻ സാധ്യമല്ലാത്തതും ഈ മോഡലിന്റെ ഡിമാൻഡ് കുറയുവാൻ ഇടയാക്കി.
എയർ ഫ്രാൻസ്, ബ്രിട്ടീഷ് എയർവേയ്‌സ്, ഏഷ്യാന എയർലൈൻസ്, ചൈന സതേൺ എയർലൈൻസ്, എമിറേറ്റ്സ്, ഇത്തിഹാദ്, കൊറിയൻ എയർ, ലുഫ്താൻസ, മലേഷ്യ എയർലൈൻസ്, ക്വാണ്ടാസ്, ഖത്തർ എയർവേയ്‌സ്, സിംഗപ്പൂർ എയർലൈൻസ്, തായ് എയർവേയ്‌സ് എന്നീ എയർലൈനുകളാണ് നിലവിൽ A 380 മോഡൽ വിമാനങ്ങൾ ഉപയോഗിച്ച് സർവ്വീസ് നടത്തുന്നത്.
അതുപോലെത്തന്നെ ഏറ്റവും കൂടുതൽ A380 വിമാനങ്ങൾ സ്വന്തമായുള്ളത് എമിറേറ്റ്സിനാണ്.
അങ്ങനെ എൻ്റെ ആദ്യത്തെ A380 യാത്ര വിജയകരമായി പൂർത്തിയാക്കി. നീണ്ട യാത്രയ്ക്ക് ശേഷം ഇന്ത്യൻ സമയം 12 മണിയോടടുപ്പിച്ച് ഞങ്ങളുടെ വിമാനം മോസ്‌കോയിൽ ലാൻഡ് ചെയ്തു. ഇനി ഇമിഗ്രെഷൻ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി പുറത്തേക്കിറങ്ങണം. എന്നിട്ട് മോസ്‌കോയിൽ ബുക്ക് ചെയ്ത ഹോട്ടലിലേക്ക് പോകണം. ഇങ്ങനെ സന്തോഷത്തിൽ നിന്നിരുന്ന എനിക്ക് കിട്ടിയത് നല്ലൊരു നൈസ് പണിയായിരുന്നു. അക്കാര്യം അടുത്ത പാർട്ടിൽ വിവരിക്കാം.