എഴുത്ത് – പ്രശാന്ത് പി-പറവൂർ.
1997 കാലഘട്ടം… അനിയത്തിപ്രാവും മൈഡിയർ കുട്ടിച്ചാത്തൻ (Re Release) 3D യും റിലീസായ സമയം. മുതിർന്നവർ പറഞ്ഞു മാത്രം കേട്ടിട്ടുള്ള 3D സിനിമ കാണുവാനുള്ള അവസരം വീണ്ടും… കുട്ടിച്ചാത്തൻ കാണുവാനായി ഞാൻ വീട്ടിൽ വാശിയായി. അച്ഛൻ ഗൾഫിലായിരുന്നതിനാൽ സിനിമയ്ക്ക് പോക്ക് നടക്കില്ലെന്നുറപ്പായി.
അങ്ങനെ ഒടുവിൽ കൊച്ചിയിൽ അമ്മയുടെ വീട്ടിൽ പോയപ്പോൾ കുട്ടിച്ചാത്തന് പോകാമെന്ന് പ്ലാനിട്ടു. പക്ഷേ പോകാമെന്നു പറഞ്ഞ ദിവസം എല്ലാവരും ഒരുങ്ങി ഇറങ്ങുവാൻ തയ്യാറായപ്പോൾ മാറ്റിനിയ്ക്ക് എത്തില്ല എന്നുറപ്പായി. ഞങ്ങൾ പിള്ളേർ സെറ്റ് കുട്ടിച്ചാത്തൻ തന്നെ കാണണമെന്ന് വാശിയുമായി. ഒടുവിൽ ചാച്ചൻ (അമ്മയുടെ ചേച്ചിയുടെ Hus) ഞങ്ങളെ സമാധാനിപ്പിക്കുവാനായി മറ്റൊരു സിനിമയ്ക്ക് പോകാമെന്നു പറഞ്ഞു.
ഞാനാണെങ്കിൽ ജീവിതത്തിൽ ആകെ കണ്ടിട്ടുള്ളത് മമ്മൂട്ടിയുടെ പാഥേയം ആണ്. അതും വളരെക്കാലം മുൻപ് എറണാകുളം മേനക തിയേറ്ററിൽ. പടം കണ്ട ചെറിയ ഓർമ്മയുണ്ടെങ്കിലും കഥയും തിയേറ്റർ എക്സ്പീരിയൻസുമൊക്കെ മറന്നുപോയിരുന്നു. അങ്ങനെ ഞങ്ങളെല്ലാവരും കൂടി അന്ന് കൊച്ചി സൂയി തിയേറ്ററിൽ (ഇന്നത്തെ EVM) ഫസ്റ്റ് ഷോയ്ക്ക് പോയി. അന്ന് കണ്ടത് ദിലീപ് – മഞ്ജു വാര്യർ അഭിനയിച്ച ഈ പുഴയും കടന്ന് ആയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ എൻ്റെ ജീവിതത്തിലെ ഓർമ്മ വെച്ച സമയത്തുള്ള ആദ്യത്തെ തിയേറ്റർ അനുഭവം.
ഇതുകഴിഞ്ഞു കുറേനാൾക്കു ശേഷം മാമൻ (അമ്മയുടെ സഹോദരൻ) ഞങ്ങളെ മൈഡിയർ കുട്ടിച്ചാത്തൻ കാണിച്ചു. A ക്ലാസ്സും, B ക്ലാസ്സും മാറി വന്ന് അന്നത്തെ ഒരു C ക്‌ളാസ്സ് തിയേറ്ററായ പള്ളുരുത്തി പ്രതീക്ഷയിൽ. പിന്നീട് അമ്മയുടെ വീട്ടിൽ നിന്നും കുറെ സിനിമകൾ കാണുവാൻ കഴിഞ്ഞു. കൊച്ചി സൂയി ആയിരുന്നു ഞങ്ങളുടെ സ്ഥിരം ഫാമിലി തിയേറ്റർ. Titanic, അയാൾ കഥയെഴുതുകയാണ്, നരസിംഹം, നമ്മൾ അങ്ങനെ കുറെ സിനിമകൾ സൂയിയിൽ ഞങ്ങൾ കണ്ടു.
അവസാനമായി സൂയിയിൽ കണ്ടത് ക്രോണിക് ബാച്ചിലർ ആയിരുന്നു. പിന്നെ സൂയി EVM ഗ്രൂപ്പ് ഏറ്റെടുക്കുകയും പേര് EVM എന്നാക്കി മാറ്റുകയും ചെയ്തു. പണ്ട് കുട്ടിച്ചാത്തൻ കാണാ പോയ, അന്നത്തെ C ക്‌ളാസ് തിയേറ്ററായിരുന്ന പള്ളുരുത്തിയിലെ പ്രതീക്ഷ പിന്നീട് Renovate ചെയ്തു മികച്ചതാക്കി.